ശനിയാഴ്‌ച, നവംബർ 01, 2014

മൂന്ന് പെണ്ണുങ്ങൾ!ശാന്തം

ജൂണിൽ സ്കൂളുകളെല്ലാം തുറന്നിട്ടും ഒഴിഞ്ഞുപോകാൻ കൂട്ടാക്കാതെ നിൽക്കുന്ന വേനൽക്കാലം

"നമ്മുടെ സ്കൂളൊക്കെ തുറക്കണ സമയത്ത് എന്തായിരുന്നൂലെ മഴ. നനയാത്ത ഒരു ദിവസം പോലൂണ്ടാവില്യ" റോഡിലൂടെ പോകുന്ന കുട്ടികളെ നോക്കി ചേച്ചി ഓർമ്മകളുടെ ഭാണ്ഡക്കെട്ടഴിച്ചു.

"കഴിഞ്ഞ വർഷത്തേക്കാൾ ഇപ്രാവശ്യം മഴ വൈകുമെന്നാണ് പറഞ്ഞേക്കണത്" പേപ്പറൊക്കെ വായിക്കാറുണ്ടെന്ന അഹങ്കാരത്തിൽ അനിയനും ചർച്ചയിൽ കയറി.

"ഓഹ്, ഇവട്യല്ലെ മഴയില്ലാതുള്ളു, അങ്ങ് ദുഫായീലും അഫുദാവീലുമൊക്കെ ഇപ്പൊ ദിവസോം മഴയാന്നെ" എൻറത്ര ലോകവിവരം നിനക്കായിട്ടില്ലെന്ന മട്ടിൽ ഞാൻ കേരളത്തിലെ കാലവർഷത്തെ അന്താരഷ്ട്ര തലത്തിലേക്ക് വലിച്ചിട്ടു.

"അതെങ്ങനാ? ഇവിടെ ഉള്ള കാടും കുന്നുമൊക്കെ വെട്ടി നിരത്തുവല്ലെ! അവ്ടെ അറബ്യോള് മരുഭൂമിയിലൊക്കെ മരങ്ങള് വച്ച് കാട് ഉണ്ടാക്കി എടുക്കേം! അപ്പൊ അവ്ടേം മഴ പെയ്തൂന്ന് വരും"

"അളിയനെ വിളിക്കുമ്പൊ ഇത് തന്ന്യാ പറയണെ. എന്നും മഴതന്നെ, എന്നും മഴ! നാട്ടിൽ വന്നത് പോലാണത്രെ അളിയനിപ്പൊ അവിടെ. രാവിലേം മഴ, രാത്രീലും മഴ. ഇടീം വെട്ടി മഴ."

"അല്ലേച്ചീ, അപ്പൊ അവിടൊക്കെ ഇത്രേം നാളില്ലാത്ത മഴ പെയ്യാൻ ശരിക്കും എന്താകും കാരണം?" വിഷയത്തിൻറെ ആഴത്തിലേക്ക് ഊളിയിടാൻ അനിയൻ തയ്യാറെടുത്തു

"ഒക്കേം അമേരിക്കേടെ കളിയാടാ"

"ന്തൂട്ട്! അമേരിക്ക്യോ?“ കളിയാക്കി പറഞ്ഞതാണെങ്കിലും ഇനിയിപ്പൊ അമേരിക്ക കളിക്കണുണ്ടോന്ന് അവനൊരു സംശയം.

ഇത്രേം നാളും ഇല്ലാത്ത ഓയലിപ്പൊ ഇന്ത്യേടെ കടലീന്ന് കിട്ടുംന്നല്ലെ പറേണെ. അങനങനെ ഓരോന്നും മാറീം മറിഞ്ഞും വരുമായിരിക്കും. ഇവിടെ എണ്ണപ്പാടം, അവ്ടെ പാടോം നദീം, കാടും അങനങ്ങനെ....

ചർച്ചകൾ കളിയായും കാര്യമായും അങ്ങനെ നടക്കുന്നതിനിടയിലാണ് അതുവരെ അടുക്കളയിലെ പണികൾക്കിടയിൽ ചർച്ചാവിഷയം കേട്ടിരുന്ന അമ്മ ശാന്തയായി ഇടയിലേക്ക് കയറി വന്നത്.

മൂന്നിനേം സ്കൂളിലയച്ച് പഠിപ്പിച്ചിട്ടും ഒരു കാര്യോം ഉണ്ടായില്ലല്ലൊ ഈശ്വരാ എന്ന ആവലാതിയോടെ അമ്മ,

"അപ്പൊ നിങ്ങളു തന്നല്ലെ മക്കളെ പണ്ട് ഇവിടിരുന്ന് വായിച്ച് പഠിക്കാറുള്ളത്.........ഭൂമി അച്ചുതണ്ടിൽ സ്വയം കറങ്ങികൊണ്ടിരിക്ക്യാണെന്ന്"

"അതെ, അതിന്...? മുന്ന് പേരും ആസ് കോറസ്.

"അങനെ കറങ്ങി കറങ്ങി പണ്ട് ഇവിടെ പെയ്തിരുന്ന ആകാശം ഇപ്പൊ ഗൾഫിൻറെ മുകളിൽ അയിട്ടുണ്ടാവും. ഇനീം കറങ്ങുമ്പൊ തിരിച്ച് ഇവിടെ തന്നെ വന്ന് മഴ പെയ്യും!"

ശ്ശ്യൊ..!

അടുക്കളേൽ ആണെങ്കിലും, പണ്ട് പരീക്ഷ പാസ്സാവാൻമാത്രം നമ്മ കഷ്ടപെട്ട് വായിച്ചതൊക്കെ കേട്ട് ഓർത്ത് വച്ചേക്കുവാ!

ഈ അമ്മ!

****************************

കരുണം


"അമ്മാാാാാാാാാ................. ഈ ചേച്ചി!!!"

അവൻ കുളിമുറീടെ വാതിലിൽ തട്ടാൻ തുടങ്ങീട്ട് നേരം കുറേ ആയി.

അവൻ തട്ടുന്നുണ്ടല്ലൊ എന്ന സമാധാനത്തിലാണ് ഞാൻ തട്ടാതെ നിൽക്കുന്നത്. അല്ലേലിപ്പൊ കാണാർന്ന്...

"അവളൊന്ന് കുളിച്ചിറങ്ങട്ടടാ, ന്താ നിനക്കിന്ന് പതിവില്ലാത്ത ധൃതി?"

"അകത്ത് കുളിക്ക്യൊന്ന്വല്ലമ്മാ, വെള്ളം വീഴണൊന്നൂല്യ. ഇന്ന് സ്കൂളീ പോവാൻ വൈകുംട്ടാ"

"ചേച്ച്യേ....#്(%^##്(%^# എറങ്ങണുണ്ടാ പൊറത്ത്ക്ക്!" ഞാൻ ദേഷ്യം വന്ന് അലറി വിളിച്ച് ചോദിച്ചെങ്കിലും മറുപടിക്ക് വെറും ലോ ഫ്രീക്വൻസി മാത്രമെ ഉണ്ടാരുന്നുള്ളു.

"ഇല്യ"

"രണ്ടും കിണറ്റിങ്കരേൽ പോയി കുളിക്കടാ, ഞാൻ മോട്ടറടിച്ച് തരാം"

"അമ്മെ!" ഓപ്പൺ സ്പേസിൽ കുളിക്കാനൊ, നോ.... നെവർ..... ഞങ്ങടെ മാനത്തിന് വിലയൊന്നൂലെ!

"ഞങ്ങളെന്നാല് കുളത്തിൽ പോയി കുളിച്ച് വരാം" വാട്ടേൻ ഐഡിയ!

"രണ്ടിൻറേം മുട്ടുകാലു ഞാൻ തല്ലിയൊടിക്കും. കുളത്തിൽ കുളിക്കാൻ പോണുപോലും"

കുളത്തിൽ പോകാനുള്ള വഴീം അടഞ്ഞതോടെ അനിയൻ വാതിലിൽ തട്ടുന്നത് നിർത്തി.

ചവിട്ട് തുടങ്ങി.!

ചവിട്ടുവിൻ തുറക്കപ്പെടും എന്നതുപോലെ കുളിമുറിയുടെ വാതിൽ തുറക്കപ്പെട്ടു. ചേച്ചിയുടെ മുഖത്ത് എന്തോ ഭീകര ടെൻഷൻ.

"ആരും ഇപ്പൊ അകത്ത് കേറണ്ട, നീയാ ടോർച്ചും കുറച്ച് ഈർക്കിലീം എടുത്ത് വേഗം വാ" വാതിൽ ബ്ലോക്ക് ചെയ്ത് ചേച്ചി

അകത്തെന്തോ പന്തിയല്ലാത്തത് നടക്കുന്നുണ്ടെന്ന് മനസ്സിലായ ഞാൻ സ്വകാര്യമായി അമ്മക്ക് റിപ്പോർട്ട് കൊടുത്തു.

((((("അമ്മാ, ചേച്ചി ഇത് വരേം കുളിച്ചിട്ടില്യ, ഇപ്പൊ ദേ ടോർച്ചും ഈർക്കിലീം ഒക്കെ എടുത്ത് പിന്നേം കുളിമുറീൽ കേറി. )))))))

വാട്ട് ദ ഹെൽ എന്ന മട്ടിൽ അമ്മേടെ നെറ്റീൽ ചുളിവുകൾ വീണു. യെസ്! ഇപ്പൊ അമ്മക്കും അതേ സംശയം.... അകത്തെന്തോ നടക്കുന്നുണ്ട്!

"ടീ, നീയിത് വരെ കുളിച്ചില്ലെ! നീയെന്തിനാ ടോർച്ചും ഈർക്കിലീം എടുത്ത് അകത്ത് കേറീരിക്കണെ? നീയെന്താ അവിടെ കാട്ടണെ" ഒന്നിനു പുറകെ ഒന്നൊന്നായി ചോദ്യശരങ്ങളെയ്ത് അമ്മ.

അകത്ത് പതിഞ്ഞ സംസാരം. ബട്ട്...........ആരോട്........!?

"വാതിലു തുറന്നെ. മതി നിൻറെ കുളി" അമ്മക്ക് ദേഷ്യം കേറി വരുന്നുണ്ട്. നന്നായി.

ഇനീപ്പൊ ഞങ്ങൾക്ക് കാര്യായ റോളൊന്നും ഇല്ലാത്തതിനാൽ ഞാനും അനിയനും ഗ്യാലറിയിൽ കേറി. അമ്മിപ്പുറത്ത് ഇരുപ്പുറപ്പിച്ചു.

"ആ കത്തിയിങ്ങെടുത്തേടാ"

വാട്ട്? നോ അമ്മ, കടുംകയ്യൊന്നും കാണിക്കല്ലെ, ഒന്നൂലേലും മ്മടെ ചേച്ച്യല്ലെ. എന്നൊക്കെ പറയണമെന്ന് ഞാൻ ആലോചിക്കുമ്പോഴേക്കും കത്തിയെടുത്തോണ്ട് അനിയൻ ഓടിയെത്തി.

"ഡോൺ ഡൂ അമ്മാ, ഡോണ്ടൂ ദിസ്" പക്ഷെ വൈകിപോയിരിന്നു.

കതകിനിടയിലൂടെ കത്തി കടത്തി അമ്മ വാതിലിൻറെ കൊളുത്ത് തട്ടിയൂരി. "ശോ! ഇതിനായിരുന്നൊ..... ഞാനെന്തൊക്യോ കരുതി.

അകത്ത്..........

ക്ലോസറ്റിൽ കുത്തി നിർത്തിയിരിക്കുന്ന മൂന്ന് ഈർക്കിലികൾ, അതിനുള്ളിലേക്ക് ടോർച്ചടിച്ച് എന്തോ സംഭവിക്കാൻ കാത്തു നിൽക്കുന്ന ചേച്ചി. സോപ്പ് യഥാസ്ഥാനത്ത് ഇരിക്കുന്നുണ്ട്, അപ്പൊ പിന്നെ ഇവളിതിനകത്ത് എന്തോന്നാണ് നോക്കുന്നതെന്നറിയാതെ അമ്മ.

"ഹാവൂ...കിട്ടി!" ചേച്ചി ഈർക്കിലികൾ മൂന്നും കൂടി പൊക്കിയെടുത്തു. മുഖത്ത് ആദ്യം കണ്ട ടെൻഷൻ മാറി സന്തോഷം കളിയാടി നിൽക്കുന്നു.

"നീയെന്തോന്നാടി ഈ കാണിക്കണത്"

ദേ ഇത് കണ്ടൊ? ഉയർത്തി പിടിച്ച ഈർക്കിലികളിൽ ഒരിടത്ത് ചേച്ചി ചൂണ്ടി കാണിച്ചു.

ഏകദേശം ഒരു മണിക്കൂറോളം കഷ്ട്ടപെട്ട്.....ബുദ്ധിമുട്ടി....ചേച്ചി രക്ഷിച്ചെടുത്തിട്ടും ഒരു നന്ദി പോലും കാണിക്കാതെ എങ്ങോട്ടോ തിരക്കിട്ട് എത്താനുള്ളത് പോലെ പാഞ്ഞുപോകുന്ന.............ഒരു കുഞ്ഞ്യേ.........ഉറുമ്പ്..!

"ഉടുപ്പേല് ഇരുന്നതാ ഇവൻ, ഞാൻ തട്ടിയപ്പൊ ക്ലോസറ്റിലേക്കാ വീണെ. ശ്ശൊ!"

വന്ന കലി കടിച്ചിറക്കി അമ്മ അകത്തോട്ട് പോയി, അനിയൻ അപ്പോഴും അകത്ത് കുളിമുറിയിൽ എന്തോ തിരഞ്ഞുകൊണ്ടിരുന്നു.

അല്ലാ.....ഇനിയിപ്പൊ പിരി വല്ലതും ലൂസായി......!!!

*************************

വീരം


"യു നൊ ചേട്ടായി? അനിയത്തി കൂടെയുള്ള ആണുങ്ങളെ മറ്റു പെങ്കുട്ട്യോള് കൂടുതൽ ശ്രദ്ധിക്കും. തിരിച്ച് ചേട്ടായി അവരെ വായ് നോക്കി നടന്നാലും നെഗറ്റീവായി ഫീലില്യ. ഐ മീൻ, ചേട്ടായീടെ തനി സൊവാവം അവർക്ക് മനസ്സിലാവില്യാന്ന്!"

ഉപദേശാണ്. തികച്ചും സൗജന്യം, ഐ എസ് ഐ ഹോൾ മാർക്ക്, ണൈൻ വൺ സിസ്ക്, ആവശ്യം വന്നാൽ റീ പ്ലെയ്സ്മെൻറ് ഗ്യാരണ്ടിയും. എന്ന്വച്ചാൽ, അവളുടെ ഉപദേശം കേട്ട് എവിടുന്നേലും തല്ല് കിട്ട്യാൽ ഉടനെ തന്നെ പഴേ ഉപദേശം തിരിച്ചെടുത്ത് പുത്യേത് തരും. സത്യം!

സംഭവം അത്യാവശ്യം തല്ലുകൊള്ളിത്തരവും, തൊട്ടാൽ മുറിയുന്ന നാക്കിലെ വാക്കും ഒക്കെ ഉണ്ടായിരുന്നെങ്കിലും ഞെട്ടിക്കുന്ന വാർത്തകളാണ് അവളുടെ ഭർത്തൃഗ്രഹത്തിൽ നിന്നും അറിഞ്ഞുകൊണ്ടിരുന്നത്.

നല്ല സ്വഭാവശുദ്ധിയുള്ള കുട്ടി. നല്ല അടക്കം, ഒതുക്കം. ദിവസോം ആറിനെണീക്കും, രണ്ടു നേരോം കുളിക്കും, അമ്മായിഅമ്മേടൊപ്പം പള്ളീൽ പോകും, ഇതൊക്കെ പോരാഞ്ഞ് അടുക്കളേൽ കേറാറും ഉണ്ടത്രെ.......പാചകം ചെയ്യാൻ!!

അൺവിശ്വസിക്കബിൾ!

കഴിഞ്ഞ ദിവസം കയറിവന്നൊരു പാസ്റ്റർ പ്രസംഗിച്ചത് അമ്മാമേടെ ഓർമ്മയിൽ വന്നു. "ഇതു വരെ കാണാത്ത പലതും ഭൂമിയിൽ സംഭവിക്കുമ്പോൾ മനസ്സിലാക്കികൊൾക...അന്ത്യനാളുകൾ അടുക്കാറായെന്ന്!!

പക്ഷെ....ആരുടെ അന്ത്യനാളുകൾ എന്നതായിരുന്നു ഞങ്ങൾടെ സംശയം. അത്ര വിളഞ്ഞ വിത്താണത്.

എന്തൊക്കെ പറഞ്ഞാലും, ഇത്രേം പാവം മരുമോളെ കിട്ടിയത് ഏതൊക്കെയോ ജന്മത്തിലെ സുകൃതമാണെന്ന് അവർ.

അങ്ങനൊരു ദിവസം കെട്ട്യോനോടൊപ്പം പർച്ചേസിങ്ങും കഴിഞ്ഞ് വീട്ടിൽൽ വന്ന് കേറുന്നൊരു ശുഭസായാഹ്നം.

അമ്മായമ്മേം മൂന്ന് നാലു അയൽവാസി പെണ്ണുങ്ങളും പുറത്ത് കൂട്ടം കൂടി നിൽക്കുന്നു.

"വല്യൊരു പാമ്പ്........അകത്ത്............ കോണീടെ ചോട്ടില്........." അമ്മായമ്മ ഓടി വന്ന് വിവരം ധരിപ്പിച്ചു.

യ്യോ, ന്നിട്ട്...?

"നീ പോയി ആരേലും വിളിച്ചോണ്ട് വാ. അപ്പനുണ്ട് അകത്ത്, പാമ്പ് എങ്ങോട്ടേലും പോണുണ്ടോന്ന് നോക്കി നിക്ക്വാ. വേഗം ചെല്ലെടാ"

ദേ വരണൂന്ന് പറഞ്ഞ് കെട്ട്യോൻ ആളെ വിളിക്കാൻ പാഞ്ഞു.

"ന്തൂട്ട് പാമ്പാ അമ്മെ?" കയ്യിലൊരു വടീം പിടിച്ച് മരുമോള്

"എന്ത് പാമ്പാന്നൊന്നും അറീല്യ, കണ്ടതും ഞാനോടി പുറത്തിറങ്ങി. നീയാ വടി താ, അപ്പനു കൊടുക്കാം."

ഞാൻ കൊടുത്തോളാം എന്നും പറഞ്ഞ് അവൾ വടിയുമായി അകത്ത് കേറി. ആളെ വിളിക്കാൻ പോയ മോനെ നോക്കി അമ്മായിയമ്മ റോഡിലേക്കും.

പിന്നെ കേട്ടത് അകത്ത് അടിയുടെ പൂരമായിരുന്നു. ഒക്കെ കണ്ട് ഞെട്ടി നിന്ന അപ്പനു മുന്നിലൂടെ പാമ്പിനെ വടിയിൽ തൂക്കിയെടുത്ത് പുറത്ത് കൊണ്ടുവന്നിട്ടു.

"ഓ, അണലിയാന്നെ. വിചാരിച്ച പോലെ അവൻ ഓടിയൊന്നൂല്യ. കൊല്ലണ്ടായിരുന്നു." മരുമോൾ റോക്ക്‌സ്!

കെട്ട്യോനോടൊപ്പം ഓടി വന്ന നാട്ടുകാരുടേയും മറ്റും മുന്നിലൂടെ സ്ലോമോഷനിൽ നടക്കാൻ അവൾക്ക് തോന്നിയെങ്കിലും....ചെയ്തില്യ അവളങ്ങ് കണ്ട്രോളി.

വൈകീട്ട് വീട്ടിൽ പാമ്പ് കയറിയതും മരുമോൾ ധീരമായി ഇടപ്പെട്ടതും ഞങ്ങളെ ഫോൺ വിളിച്ച് വിസ്തരിച്ച് പറഞ്ഞ് കേൾപ്പിക്കുന്ന തിരക്കിലായിരുന്നു അമ്മായമ്മ.

ഓഹ്, പാമ്പിനെ കണ്ടപ്പോൾ അവളതിനെ അമ്മായിഅമ്മയായി സങ്കൽപ്പിച്ചുകാണും എന്ന് പറയാൻ തോന്നി.

യ്യോ....അമ്മാാാാാാാാാ........... ന്നൊരു നിലവിളി കേട്ടതോടെയാണ് അമ്മായമ്മയുടെ ഫോൺ വിളി നിന്നത്.

കുളിക്കാൻ കയറിയ മരുമോള് പേടിച്ച് വിറച്ച് പുറത്ത് നിൽക്കുന്നു.

"എന്താ....എന്താ മോളെ??"

"അകത്ത്........"

അകത്തേക്ക് ചൂണ്ടി കാണിച്ച് നിൽക്കുന്ന മരുമോൾടെ മുഖത്തെ പേടി കണ്ടപ്പോൾ അമ്മായമ്മ ഉറപ്പിച്ചു. പാമ്പ്.!

നേരത്തെ ഒരെണ്ണത്തിനെ കൊന്നതാ, പക്ഷെ പെട്ടെന്ന് കണ്ടപ്പൊ മോള് പേടിച്ചു കാണും എന്ന് കരുതി അമ്മ പിന്നേം വടിയെടുക്കാൻ പാഞ്ഞു.

അപ്പനും കെട്ട്യോനും വടീം കൊണ്ട് അകത്ത് കേറീട്ടും പാമ്പ് പോയിട്ട് പല്ലിയെ പോലും കാണാനില്യ അവടൊന്നും.

അപ്പൊ പിന്നെ എന്തിനാ മോള് കരഞ്ഞെ? എന്താ മോളെ? ഇനി ആരേലും ജനലിലൂടെ......................??

അല്ല, വാ എന്നും പറഞ്ഞ് ചുമരിനോട് ചേർന്ന് കിടന്ന വാതിൽ പതുക്കെ മാറ്റി ചൂണ്ടി കാണിച്ചു.

ദേ.......ആ പാറ്റ!!

*******************************************വെർതെ ചില ഓർമ്മകൾ.

ബുധനാഴ്‌ച, ഓഗസ്റ്റ് 24, 2011

അരക്കില്ലങ്ങളില്‍ നിന്ന്...!!

രണം വിളികളുമായി റോഡിലൂടെ കടന്നുപോകുന്ന അയ്യപ്പ ഭക്തര്‍. വെളിച്ചം വീഴും മുന്നേ ഈ മഞ്ഞും തണുപ്പും  കുളിരുമൊന്നും വകവക്കാതെ അമ്പലകുളത്തിലേക്കുള്ള പോക്കാണ്. മകരം കഴിയണവരേം കാണും ഇതെല്ലാം.  ഈ മഞ്ഞത്ത് പുറത്തിറങ്ങണ്ടാന്ന് ഉമ്മ പറഞ്ഞതാണ്. ഉമ്മക്കറിയില്ലല്ലോ ഇതിന്‍‌റെ സുഖം.

കൈരണ്ടും നല്ലവണ്ണം കൂട്ടിതിരുമ്മി കക്ഷത്തില്‍ വച്ച്കെട്ടി റോഡിലിറങ്ങി. രാത്രി മഴചാറിയ നനവ്. വഴിയിലെല്ലാം വെളിച്ചം വീഴുന്നേയുള്ളൂ.  അകലെ നിന്നും മിനിമോള് വരുന്നു, ഇന്നല്പം നേരത്തേയാണ് കക്ഷി. എത്ര നേരത്തെയാണെങ്കിലും അതിരാവിലെയുള്ള ഓട്ടത്തില്‍ നിറയെ ആള്‍ക്കാരുണ്ടാവും. കൂടുതലും വാര്‍ക്കപണിക്കാര്‍. ലൈറ്റിട്ട് അതിവേഗം വന്ന് ഒരു ചാറ്റലടിപ്പിച്ച് അവള്‍ കടന്നുപോയി. ബസ്സ് പിടിക്കാനെന്നവണ്ണം ഊടുവഴിയില്‍ നിന്നും രണ്ട് നായ്ക്കലിറങ്ങി അവള്‍ പോയ ദിശയില്‍ ഓടുന്നു.

മണിചേച്ചിയുടെ ചായകടയിലെത്തിയപ്പോഴാണ് മനസ്സിലായത്, സമയം തെറ്റിയത് മിനിമോള്‍ക്കല്ല, വൈകിയത് താനാണ്. സാധാരണ സുകുവും, വറീതേട്ടനും താനുമാണ് ആദ്യം എത്താറ്. ഇതിപ്പൊ ആള് കൂടി. ഇന്നത്തെ വാര്‍ത്താവായന കുളമായത് തന്നെ.

"ആ....ഈ ചെക്കന്‍ അടുത്തൊന്നും ചാവില്ല! വറീതേട്ടന്‍ ദേ ഇപ്പൊതന്നെ ചോദിച്ചേള്ളോ, റഹീമെടുത്ത്വോന്ന്"

"തണുപ്പല്ലേ മണ്യേച്ചേ, പുതപ്പ് മേത്ത്‌ന്ന് മാറ്റാന്‍ തോന്നണില്ല"

"ഇനീം എത്രനാളാടാ നീയീ പുതപ്പിട്ട് തണുപ്പ് മാറ്റണത്, ആ കൊച്ചിനെ വീട്ടില്‍ വിളിച്ച് കൊണ്ടരരുതോ"

പെട്ടു.! ദിവാകരേട്ടന്‍ തന്നെക്കാള്‍ മുന്നേ എത്തിയ കാര്യം ഓര്‍ത്തില്ല. ആളുടെ മുന്നില്‍ സൂക്ഷിച്ച് സംസാരിച്ചില്ലെങ്കിലുള്ള പ്രശ്നം ഇതാണ്. അപ്പുറത്തിരുന്ന് സുകു തന്‍‌റെ മുഖത്ത് നോക്കി 'ഇനിയിപ്പൊ അനുഭവിച്ചോ' എന്നര്‍ത്ഥത്തില്‍ തലയാട്ടുന്നു.

ആളുടെ മുഖത്ത് നോക്കി ചുമ്മാ ഒന്ന് ചിരിച്ചു, "മണ്യേച്ചേ മ്മടെ ചായ"!

ചായകിട്ടാതെ ഇനി തണുപ്പ് മാറാതിരിക്കണ്ടെന്ന ഡയലോഗോടെ ഒന്നരമീറ്റര്‍ ചായ മുന്നില്‍.

ചൂട്ചായ മൊത്തികുടിച്ച് അടുത്തിരിക്കുന്ന വറീതേട്ടന്‍‌റെ കയ്യിലെ പേപ്പറിലേക്ക് ഏന്തിവലിഞ്ഞ് നോക്കുമ്പോഴാണ് അടുത്ത കമന്‍‌റ് "അവള് വന്നാല്‍ പിന്നെ ചെക്കനെ ചായകുടിക്കാനെന്നും പറഞ്ഞ് ഈ സമയത്ത് വിട്വോ, ഒരു ചായകുറയൂലോ മണീ"

അത്രേം നേരം പേപ്പറില്‍ നോക്കിയിരുന്ന വറീതേട്ടന്‍ വായനവിട്ട് സംസാരത്തിലേക്ക് തിരിഞ്ഞു.
"അല്ല റഹീമേ, നിന്‍‌റെ സമുദായക്കാര് വല്യ ബഹളൊക്കെ ഉണ്ടാക്കീട്ട് എന്തായി. അതിനെ കെട്ടണെങ്കി നിങ്ങടെ കൂട്ടത്തില് ചേരണംന്നല്ലേ പറഞ്ഞേക്കണത്"

"അതിന് അവനെവ്ട്യാ മാപ്ലേ കൂട്ടം. പള്ളീം നിസ്കാരോം ഒന്നൂലാതെ ചൊമന്ന കൊടീം കൊണ്ട് നടക്ക്വല്ലേ" മണ്യേച്ചി.

ഇനിരക്ഷയില്ല, ഇവര്‍ക്ക് ഇന്ന് സംസാരിക്കാന്‍ കിട്ടിയ വിഷയം താനാണ്. താന്‍ പോയാലും ഇല്ലെങ്കിലും ഇനിയീവിഷയം കത്തികയറും.

"ഏയ്, അല്പം ഇഷ്ടകേടുണ്ടെങ്കിലും രണ്ട്കൂട്ടരും സമ്മതിച്ചമട്ടാണ്.  അവളുടെ പഠിപ്പൊക്കെയൊന്ന് കഴിയട്ടെ, അപ്പോഴേക്കും വര്‍ക്ക്‌ഷോപ്പും ഒന്ന് വലുതാക്കിയെടുക്കണം, ആ....സമയംണ്ട്" എന്ന് പറഞ്ഞ് എണീറ്റു. സുകുവിനേയും കൂട്ടി കവലയിലെത്തുമ്പോഴേക്കും വഴിയിലെല്ലാം തിരക്ക് വീണുതുടങ്ങിയിരുന്നു.

-------------------

ല്ലാ...ഹു അക്ബര്‍ അല്ലാ.........ഹു അക്ബര്‍
അഷ്-ഹദു അന്‍..ല....ഇലാഹ ഇല്ലള്ളാ........

ബാങ്കിന്‍‌റെ ഉച്ചത്തിലുള്ള ശബ്ദം കേട്ടാണ് ഞെട്ടിയുണര്‍ന്നത്. രാത്രിയെന്നോ പകലെന്നോ ഇല്ലാ‍തെ ഓടിതളര്‍ന്ന എ സിയുടെ മൂളലും, ബാങ്കിന്‍‌റെ ഒച്ചയും കൂടിചേര്‍ന്ന് തലച്ചോറില്‍ തുളച്ചുകയറുന്നതുപോലെ. രണ്ടുകൈകൊണ്ടും ചെവി പൊത്തിപിടിച്ചു. ഉറക്കെ മൂളിയും തലയാട്ടിയും എഴുന്നേറ്റു. ഇപ്പൊ തന്‍‌റെ ശബ്ദത്തിന്‍‌റെ മുഴക്കമല്ലാതെ പുറമെ നിന്നൊന്നും കേള്‍ക്കണ്ട.

പരിസരബോധം വന്നപ്പൊ മനസ്സിലൊരു വിങ്ങല്‍ ഉയരുന്നത് അറിഞ്ഞു. കൂടെ സുകുവില്ല,  ലോകവാര്‍ത്തകളില്‍ തുടങ്ങുന്ന പ്രഭാതമോ,  നാട്ടുവഴിയിലെ കുളിരോ തനിക്കുചുറ്റുമില്ല.

താനൊരു സ്വപ്നം കാണുകയാണ്, ഇതിനവസാനം നാട്ടിലെ പ്രഭാതത്തിലേക്കായിരിക്കും താന്‍ ഉണരുന്നത്. അങ്ങനെ ആയിരുന്നെങ്കില്‍ എന്ന് ആശിച്ചുപോയി. ഈ ചുരുങ്ങിയ കാലം കൊണ്ട് അത്രമാത്രം വെറുത്തുപോയിരിക്കുന്നു ഇവിടം.

ഒരിക്കലും താന്‍ ആഗ്രഹിച്ചതല്ല ഇത്. സാഹചര്യങ്ങള്‍ ഇവിടെ എത്തിക്കുകയായിരുന്നു എന്ന് വേണം പറയാന്‍. അപ്രതീക്ഷിതമായി ഏറ്റെടുക്കേണ്ടി വന്ന ഉത്തരവാദിത്വങ്ങള്‍. എന്നും കുടും‌ബത്തിലെ നെടുംതുണായി ഉപ്പ ഉണ്ടാകുമെന്ന് കരുതിയിരുന്നു. മതത്തിന്‍‌റെ ചട്ടകൂടിനു പുറത്ത് മനുഷ്യനായി ജീവിക്കാന്‍ ശ്രമിച്ച, ഈശ്വരന്‍ എന്ന ശക്തിയെ മതത്തിന്‍‌റെ പുറം കുപ്പായമില്ലാതെ വിശ്വസിച്ച താന്‍ കാരണം സമുദായം ഒറ്റപ്പെടുത്തിയത് കുടുംബത്തെകൂടിയായിരുന്നു.

നാടറിഞ്ഞ് കൊണ്ടുനടന്നിരുന്ന തന്‍‌റെ പ്രണയം. ഹിന്ദു കുടുംബത്തില്‍ നിന്നുമായിരുന്നിട്ടും അധികം എതിര്‍പ്പുകളൊന്നുമില്ലാതെ വിവാഹം വരെയെത്തിയ ആ ബന്ധവും അവസാനിക്കാന്‍ അധികം നാളുകള്‍ വേണ്ടി വന്നില്ല. ന്യായീകരണങ്ങളും, ക്ഷമാപണങ്ങളും കേട്ട് നില്‍ക്കാനേ കഴിഞ്ഞുള്ളൂ. തന്നോടുതന്നെ വെറുപ്പ് തോന്നിയ നാളുകള്‍. ഉമ്മയുടേയും, അടുത്ത സുഹൃത്തുക്കളുടേയും നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങേണ്ടത് ഇപ്പൊ തന്‍‌റെകൂടി ആവശ്യമാണെന്ന് തോന്നി. വര്‍ക്ക്ഷോപ്പ് കൂട്ടുകാരെ ഏല്പിച്ച് ഇവ്ടെയെത്തിയിട്ട് നാലുമാസമാകുന്നു.

നാലുമാസത്തിനിടയില്‍ താമസിക്കാനിത് അഞ്ചാമത്തെ റൂമാണ്. റൂമിന്‍‌റെ കുറവ് കാരണം ലീവില്‍ പോകുന്നവരുടെ ഒഴിവിലാണ് താമസം. ചെല്ലുന്നിടത്ത് എല്ലാവരുമായി ഒന്ന് പരിചയമാകുമ്പോഴേക്കും മറ്റൊരിടത്തേക്. പല ദേശക്കാര്‍, പല ഭാഷക്കാര്‍, മനം മടുപ്പിക്കുന്ന റൂമിലെ അന്തരീക്ഷം. വല്ലാത്തൊരു അരക്ഷിതാവസ്ഥ.  അനുവാദമില്ലാതെ കടന്നുവന്നവനോടെന്ന പോലെയുള്ള പെരുമാറ്റമാണ് ഓരോറൂമിലും ലഭിക്കുന്നത്. നാടിനേക്കാള്‍ ചേരിതിരിവുകള്‍ ഇവ്ടെയാണെന്ന് തോന്നി.

ആദ്യവരവില്‍ മിക്കവര്‍ക്കും സംഭവിക്കാവുന്നതെന്ന്  കരുതി ഒതുങ്ങികഴിയാന്‍ ശ്രമിച്ചു. പക്ഷേ ഈയിടെയായി എല്ലാത്തിനോടും പ്രതികരിച്ചുപോകുന്നു. നിയന്ത്രിക്കാനാകാത്ത വിധത്തില്‍ ദേഷ്യപെടുന്നു,  കോപംകൊണ്ട് എന്തൊക്കെയോ പുലമ്പുന്നു. മെക്കാനിക്കായി തന്നെ ഇവിടേയും ജോലിയില്‍ പ്രവേശിച്ചെങ്കിലും പുതിയവനെന്ന അവഗണന സ്ഥിരമായപ്പോളാണ് ആദ്യമായി പണിസ്ഥലത്ത് ബഹളമുണ്ടാക്കിയത്. ആ ഒരു അവസ്ഥയില്‍‌ അറിയാതെ സംഭവിച്ചെങ്കിലും  അത് തനിക്കൊരു ധൈര്യമായി.

ഉണ്ണുകയും, ഉറങ്ങുകയും, വിയര്‍പ്പൊഴുക്കി പണിയെടുക്കുകയും ചെയ്യുന്നൊരു വെറും ശരീരം മാത്രമാണ് താന്‍. അതിനുള്ളിലെ മനസ്സും ചിന്തകളും തന്നോടൊപ്പം നില്‍ക്കാന്‍ കൂട്ടാക്കുന്നില്ലെന്ന് തോന്നി. പണിക്കിടയിലും, തിരികെ റൂമിലെത്തിയാലും നാട്ടിലെ ചിന്തകളിലൂടെയാകും മനസ്സിന്‍‌റെ സഞ്ചാരം. സുഹൃത്തുക്കളുമായുള്ള നിമിഷങ്ങളും, നഷ്ടപെട്ടുപോയ സൌഭാഗ്യങ്ങളും കരച്ചിലായും ചിരിയായുമൊക്കെ മുഖത്ത് പ്രകടമായികൊണ്ടിരുന്നു.  ടെലിവിഷനിലെ ക്യാമറകണ്ണുകളിലൂടെ കാണുന്ന നാടിനെ ഒരു കൊച്ചുകുട്ടിയുടെ കൌതുകത്തോടെ ആസ്വദിക്കുകയായിരുന്നു. അതിന് തടസ്സമായി വന്നവരെയെല്ലാം ചീത്തവിളിച്ചും ഭീഷണിപെടുത്തിയും അടക്കിനിര്‍ത്തുവാന്‍ തനിക്കായി. കോപം നല്ലൊരു ആയുധമാണെന്ന് തിരിച്ചറിവ് .

റൂമില്‍ നിന്ന് ഒഴിഞ്ഞുകൊടുക്കണം എന്ന ആവശ്യവുമായി വന്ന അറബിയും തന്‍‌റെ വാക്കിന്‍‌റെ മൂര്‍ച്ചയറിഞ്ഞു. താനില്ലാത്ത സമയം നോക്കി അനുവാദമില്ലാതെ തന്‍‌റെ സാധനങ്ങള്‍ പുറത്തിറക്കി വക്കുന്നതുകണ്ടപ്പോളാണ് ആദ്യമായി ഒരാളുടെ ദേഹത്ത് കരുത്ത് കാണിച്ചത്. തിരികെ എല്ലാം റുമില്‍‌ വച്ച്  ജോലിസ്ഥലത്ത് പോലും പോകാതെ കാവലിരുന്നു. കൂട്ടം കൂടി തന്നെ പരിഹസിക്കുന്ന കുറേ മുഖങ്ങള്‍. ഒരുമുറിയില്‍ കഴിയുന്ന മറ്റുള്ളവരെല്ലാം തന്നെ പുറത്താക്കാന്‍ നോക്കുന്ന ശത്രുക്കളാണെന്ന തോന്നല്‍. ഉറക്കത്തില്‍‌ പോലും ഇടക്കെഴുന്നേറ്റ് എല്ലാം ഭദ്രമാണെന്നുറപ്പിച്ച് പിന്നേം കിടക്കും. സ്വയരക്ഷക്കായി ഒളിപ്പിച്ച് വച്ചിരുന്ന ആയുധം ഇന്നലെ കാണാനില്ലായിരുന്നു. അതുകൊണ്ട് തന്നെ എല്ലാവരും ഉറക്കമാകുന്നത് വരെയും കാത്തിരിക്കുകയായിരുന്നു. പിന്നെയെപ്പോഴാണ് താന്‍ ഉറങ്ങിയത്. അബദ്ധം സംഭവിച്ചെന്ന തോന്നലില്‍‌ ചാടിയെഴുന്നേറ്റു.

റൂമില്‍ പതിവിലും കൂടുതല്‍ പ്രകാശമുണ്ട്. ചുമരിലെ ക്ലോക്കില്‍ നോക്കിയപ്പോഴാണ്,  എത്രമാത്രം വൈകിയാണ് ഉണര്‍‌ന്നതെന്ന ബോധമുണ്ടായത്. ഇത് പ്രഭാതമല്ല. ളു‌ഹ്‌ര്‍ നമസ്കാരത്തിനുള്ള ബാങ്കായിരുന്നു താന്‍ കേട്ടത്. ഇതിനുമുമ്പൊരിക്കലും നട്ടുച്ചവരെയൊന്നും ഇങ്ങനെ ബോധം കെട്ട് ഉറങ്ങിയിട്ടില്ല. എന്നിട്ടും നല്ല ക്ഷീണം . തലക്കുള്ളിലൊക്കെ ആകെയൊരു തരിപ്പനുഭവപ്പെടുന്നു. റൂമില്‍ മറ്റാരെയും കാണുന്നില്ല. ആരെങ്കിലും വരുന്നതിനുമുമ്പേ മെസ്സില്‍ പോയി അല്പം ഭക്ഷണം കൊണ്ടുവരാം. മുഖം കഴുകി, സാധനങ്ങളെല്ലാം തലേന്ന് വച്ചത്പോലെ തന്നെയുണ്ട് എന്ന് ഉറപ്പുവരുത്തി.

പുറത്തിറങ്ങാന്‍ വാതില്‍‌ ലോക്കാണ്. സാധാരണ രാത്രി മാത്രമേ അത് പൂട്ടാറുള്ളൂ. തന്‍‌റെ കൈവശമുള്ള താക്കോല്‍‌കൂട്ടമെടുത്തു. വാതിലിന്‍‌റെ താക്കോല്‍‌ മാത്രം ആ കൂട്ടത്തില്‍ കാണുന്നില്ല. ഇനിയിപ്പൊ പുറത്തിറങ്ങാന്‍‌ അവരാരെങ്കിലും വരണം. അല്ലാതെ വേറെ വഴിയില്ല. പക്ഷേ തന്‍‌റെ താക്കോല്‍‌കൂട്ടത്തിലെ താക്കോലെവ്ടെ! അത് മാത്രമായി ആരെടുക്കാന്‍. ഇനിയിപ്പൊ  ഇതിനുള്ളില്‍ മനഃപൂര്‍വ്വം പൂട്ടിയിട്ട് പ്രതികാരം തീര്‍ത്തതായിരിക്കുമോ.  വീണ്ടും വീണ്ടും ലോക്കില്‍ പിടിച്ച് തിരിച്ചു നോക്കി. വാതിലില്‍ ആഞ്ഞ് മുട്ടിയാല്‍ ആരെങ്കിലും കേട്ട് വരുമെന്ന് തോന്നി. നേരം വൈകുംതോറും ദേഷ്യവും വിഷമവും കൂടി വരുന്നു. സ്വയം നിയന്ത്രിക്കാന്‍ കഴിയുന്നില്ല. എല്ലാവരോടുമുള്ള പ്രതികാരം ചെയ്യാനുള്ളൊരു ആവേശം. കണ്ണില്‍‌ കണ്ടതും കയ്യില്‍‌ കിട്ടിയതുമെല്ലാം തല്ലിയുടച്ച് കലിയടക്കാന്‍ നോക്കി. സമയം ഒരുപാട് കടന്നുപോയിട്ടും ഒന്നും സംഭവിച്ചില്ല. വിശപ്പുകൊണ്ട് വീണ്ടും തളര്‍ന്നുകിടക്കുമ്പോഴും ആരോടൊക്കെയോ ഉള്ള അടങ്ങാത്ത പകയായിരുന്നു ഉള്ളില്‍.
----------------

(ഒരു സൌഹൃദസംഭാഷണം)

അസലാമലൈക്കും....

വ അലൈക്കുമുസ്സലാം.... എന്തുവാടേയ് രാവിലെ  ഒരു അളിഞ്ഞ ചിരി.

ഹ, നീയൊന്നും അറിഞ്ഞില്ലേ? നിന്‍‌റെ കൂട്ടുകാരനെ പോലീസ് പൊക്കീലോ!

ഏത് കൂട്ടുകാരന്‍? എന്താ സംഭവം

നിന്‍‌റെ പഴയ സഹമുറിയന്‍ ആയിരുന്നില്ലേ ആ പുതീത് വന്ന മെക്കാനിക്ക്. എന്‍‌റെതൊട്ടടുത്ത മുറിയിലെ ലീവ് വേക്കന്‍സിയില്‍ ആയിരുന്നു ഇത്ര നാളും. അവനെ തന്നെ

ആ... അവനോ, പോലീസ് പൊക്കാന്‍ മാത്രം എന്ത് കുരുത്തക്കേടാ അങ്ങേരൊപ്പിച്ചത്?

അവന് വട്ടായിരുന്നെടാ. നല്ല മുഴുത്ത വട്ട്. ആ അതെങ്ങിനാ...... നിന്‍‌റെയൊക്കെ കൂടെയല്ലേ ആദ്യം തന്നെ വന്ന് പെട്ടത്.

കര്‍ത്താവേ, വട്ടോ!! നീ കാര്യായിട്ടാണോ

പിന്നല്ലാതെ, കുറേ നാളായിട്ട് പണിക്ക്യൊന്നും പോണില്ലായിരുന്നൂന്നേ. റൂമില്‍ എല്ലാവന്മാരായും സ്ഥിരം വഴക്കും വക്കാണവും. ആദ്യൊക്കെ നല്ല കോമഡി ആയിരുന്നു. ടീവീലൊക്കെ നോക്കിയിരുന്ന് ചുമ്മാതങ്ങ് ചിരിക്കണത് കാണാം. പിന്നെ കുറേ നേരം ചത്ത പോലെയാവും.  രാത്രിയൊക്കെ ഇരുട്ടത്ത് ഒറ്റക്ക് കിടന്ന് ചിരിതന്നെ ചിരി. പിന്നെ ചിലപ്പോ കരച്ചിലും. നേരത്തെ കിടന്നുറങ്ങും. മറ്റുള്ളോര് കിടന്നാല്‍ പിന്നെ ലൈറ്റിട്ട് ഇരിക്കുവാണത്രെ.

ഇതൊക്കെ വട്ടാണോഡേ!  

ആ..... നിനക്കങ്ങനെ തോന്നില്ല. നീയും ആ കൂട്ടത്തില്‍ പെട്ടതല്ലേ

പോഡേയ് പോഡേയ്

മാത്രല്ല. അവന്‍‌റെ ബെഡ്ഡേലോ സാധങ്ങളിലോ തൊട്ടാല്‍‌ കൊന്ന് കളയും എന്ന് പറഞ്ഞ് കത്തിയും തലയണക്കടില്‍ വച്ചാണത്രേ കുറച്ചായിട്ട് ഉറക്കം. എല്ലാവരും കൂടി ക്യാം‌ബോസിന് കംബ്ലൈന്‍‌റ് കൊടുത്തു. ക്യാം ബോസ് വന്നപ്പൊ ആള്‍ക്കും കിട്ടി നല്ല മുട്ടന്‍‌തെറി. അതോടെ കാര്യത്തിനൊരു തീരുമാനമായി.
ഇന്നലെ മറ്റുള്ളോരൊക്കെ പല റൂമിലാ രാത്രി ഉറങ്ങീത്. അവനെ അകത്തിട്ട് പൂട്ടി, പുറത്ത് സെക്യൂരിറ്റിയേം നിര്‍ത്തീരുന്നു. എന്ത് ബഹളായിരുന്നു അകത്ത്. ഉച്ച കഴിഞ്ഞ് പോലീസ് വന്നപ്പൊ റൂമിലുള്ള സകല സാധങ്ങളും വാരി വലിച്ചിട്ടിരിക്കണു. രണ്ട് കമ്പ്യൂട്ടറും ടീവീം ഒക്കേം പോയി. എന്തായാലും ആളെ ക്യാന്‍സല്‍ ചെയ്യാന്‍ പറഞ്ഞു കമ്പനിയോട്. രണ്ട് ദിവസത്തിനുള്ളില്‍ കേറ്റി വിടുമായിരിക്കും.

അപ്പൊ ഒരാത്മാവുകൂടി ഇവ്ടുന്ന് രക്ഷപെട്ടു. 

ഹ്മം.....അതെയതെ, ഒടുക്കത്തെ രക്ഷപെടലായിപോയി. 

അള്ളാ കാക്കട്ടെ. കാണാം ബായ്!
****************************

സിന്ദഗീമേം യെ ഫസ്റ്റാമത്തെ കഥാശ്രമം. 
ഉള്ള മരുന്നൊക്ക് നിറച്ച് തിരി കൊളുത്തുന്നു.  
ഒന്ന്  ചീറ്റുവെങ്കിലും ചെയ്താല്‍, അല്പം പുകയെങ്കിലും കണ്ടാല്‍ നോം കൃതാര്‍ത്ഥനായി.  

 ലേലുഅല്ലു, ലേലുഅല്ലു, ലേലുഅല്ലൂ...കൊല്ലരുത്! :(

ശനിയാഴ്‌ച, ജൂലൈ 16, 2011

മഴയിലൂടൊരു യാത്ര

കയ്യെത്തും ദൂരേ...ഒരു കുട്ടികാലം..
മഴവെള്ളം പോലെ ഒരു കുട്ടികാലം..

മഴയെകുറിച്ചും, കുട്ടികാലത്തെ കുറിച്ചും ഓര്‍ക്കുമ്പോള്‍ എപ്പോഴും ആദ്യം മനസ്സില്‍ വരുന്നത് ഈ വരികളാണ്. മഴയോര്‍മ്മകള്‍ കൂടുതല്‍ തെളിഞ്ഞു നില്‍ക്കുന്നത് ബാല്യത്തിലായതിനാലാവാം. നാട്ടില്‍ മഴ തുടങ്ങിയത് മുതല്‍ എവ്ടെ നോക്കിയാലും, മഴകവിതയും, മഴക്കാലവും, ഓര്‍മ്മകളും, ഫോട്ടോകളും അങ്ങനങ്ങനെ ആകെ മഴ മയം. അതൊക്കെ കണ്ടാല്‍ പിന്നെ ബാക്കിയുള്ളോര് അടങ്ങിയൊതുങ്ങി ഇരിക്കണതെങ്ങനെ. പെരുമഴ ആയില്ലെങ്കിലും ചെറുത് ചെറിയൊരു ചാറ്റ‌ല്‍മഴ ആവാന്‍ പറ്റുമോന്ന് നോക്കട്ടെ.

മഴയെ കുറിച്ച് പറയുമ്പോഴെല്ലാം ഓര്‍ക്കുന്നൊരു മുഖമാണിത്. വിക്ടര്‍ ജോര്‍ജ്ജ്.  മലയാള മനോരമയിലെ ഫോട്ടോ ജേര്‍ണലിസ്റ്റായ വിക്ടറിനെ കുറിച്ച് കൂടുതല്‍ അറിയുന്നതും അദ്ദേഹത്തിന്‍‌റെ മരണത്തിനു ശേഷമാണ്. കൃത്യമായി പറഞ്ഞാല്‍ അദ്ദേഹത്തിന്‍‌റെ മരണവാര്‍ത്തകളില്‍ നിന്ന്. മഴയെ ഒരുപാട് സ്നേഹിച്ച്, മഴയുടെ വ്യത്യസ്തങ്ങളായ ഭാവങ്ങള്‍ തന്‍‌റെ ക്യാമറകണ്ണിലൂടെ ഒപ്പിയെടുത്ത് സ്വന്തമാക്കിയിരുന്ന മഴയുടെ കാമുകന്‍. ഏത് നല്ല മഴചിത്രങ്ങള്‍ കണ്ടാലും ഉടനേ മനസ്സില്‍ തോന്നുക “ഇത് വിക്ടറുടെ തന്നെയാവും” എന്ന ചിന്തയായിരുന്നു. അത്രയേറെ മഴയെ അടുത്തറിഞ്ഞ് നല്‍കിയ വശ്യമനോഹരചിത്രങ്ങള്‍ ഒരു വ്യത്യസ്ത അനുഭവം കൂടിയാണ് പകര്‍ന്ന് തന്നിരുന്നത്. ഇതുപോലൊരു കര്‍ക്കിടകമാസത്തിലെ മഴയിലാണ് വിക്ടര്‍ ഓര്‍മ്മയാകുന്നത്. ഇടുക്കിയിലെ വെണ്ണിയാനിമലയിലെ ഉരുള്‍പൊട്ടലില്‍.... മഴയെ അത്രമാത്രം സ്നേഹിച്ച വിക്ടര്‍ തന്‍‌റെ കാമുകിയുടെ രൌദ്രഭാവത്തില്‍ അലിഞ്ഞില്ലാതായത് ഒരു പതിറ്റാണ്ട് മുമ്പായിരുന്നു. 2001 ജൂലൈ 9 ന്. അദ്ദേഹത്തിന്‍‌റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം!

കാലം തെറ്റാതെ പതിവായെത്തുന്ന പണ്ടത്തെ മഴക്കാലം. എല്ലാവരേയും പോലെതന്നെ ഒരു കയ്യില്‍ അമ്മയുടെ വിരലും മറുകയ്യില്‍ പുള്ളികളുള്ള കുഞ്ഞികുടയുമായി മഴയത്ത് ആദ്യത്തെ നഴ്സറി യാത്ര. അതിനും പുറകിലേക്ക് മഴയെകുറിച്ച് ഒന്നും തെളിഞ്ഞുവരുന്നില്ല.

അമ്മടീച്ചറുടെ അടുത്താക്കിയിട്ട് അമ്മ പടികടന്നു പോകുന്നത് കണ്ട് ഒരൊറ്റ ഓട്ടമായിരുന്നു മഴയിലൂടെ. ആദ്യമായി മഴനനഞ്ഞതും അന്ന് തന്നെ എന്നാണ് ഓര്‍മ്മ. ആകെ നനഞ്ഞതുകൊണ്ടാകാം ആദ്യദിവസം തന്നെ 'ക്ലാസ്സ് കട്ട്'. പിറ്റേന്ന് മുതല്‍ മിഠായിയും, ഇടവിട്ട് അമ്മടീച്ചര്‍ വായിലിട്ട് തരുന്ന വറുത്തഗോതമ്പും, നാലുമണിയിലെ പാലും, ഉപ്പുമാവും, പുതിയകൂട്ടുകാരുമൊക്കെയായി നഴ്സറി ഇഷ്ടപെട്ടുതുടങ്ങി. മഴയുണ്ടെങ്കിലെ കുടകിട്ടൂ എന്നതിനാലാവാം അന്നൊക്കെ മഴയെ ഇഷ്ടപെട്ടത്.

വേനലും വര്‍ഷവും മാറി വന്നു, ഓരോ വര്‍ഷവും പുതിയ താമസസ്ഥലം, പുതിയ വിദ്യാലയം, പുതിയ കൂട്ടുകാര്‍. വര്‍ണ്ണങ്ങള്‍ നിറഞ്ഞ പുള്ളികള്‍ മാഞ്ഞ്, ശീലകളില്‍ ഇരുട്ട്‌ വീണനാളുകള്‍. അക്കാലത്തെ ഓര്‍മ്മകളില്‍ മഴപൊഴിഞ്ഞ നാളുകള്‍ ഇല്ലായിരുന്നെന്ന് തോന്നുന്നു, അഥവാ ഓര്‍ക്കാനിഷ്ടപെടാത്ത, കുളിരനുഭവപെടാത്തൊരു പെരുമഴക്കാലം!

മഴയെ അറിയാനും, മനസ്സറിഞ്ഞ് ഇഷ്ടപെടാനും തുടങ്ങിയത് അമ്മവീട്ടിലെ പഠനക്കാലം മുതലായിരിക്കണം. വാഹനങ്ങളുടെ ഇരമ്പലില്‍ നിന്നും, തിരക്കുകളില്‍ നിന്നുമൊക്കെയകന്ന്, വയലുകളും, കുന്നുകളും, തോടും, കുളങ്ങളും നിറഞ്ഞ മറ്റൊരു ലോകം. വെയിലും, മഞ്ഞും, കാറ്റും പോലെ തന്നെയാണ് മഴയെന്നും, അതിനെ പേടിച്ച് അകത്തിരിക്കേണ്ടെന്നും പറഞ്ഞത് അമ്മയുടെ ആങ്ങളമാരാണ്. നനഞ്ഞതുണികള്‍ ഉണക്കിയെടുക്കാനുള്ള വിഷമം കാരണമാകാം, ആ സംഭവത്തോട് അമ്മക്കല്പം അലോഹ്യം ഉണ്ടായിരുന്നെങ്കിലും അമ്മാവന്മാരുടെ ധൈര്യത്തില്‍ മഴ നനയല്‍ ഒരു ശീലം ആയി. മഴയുള്ളപ്പോള്‍ കണ്ടത്തില്‍ പോയി ഏറ്പന്ത് കളിക്കല്‍, ഞവിഞ്ഞി പെറുക്കല്‍, കുളത്തില്‍ കുളി, പുതുമഴയിലെ തവളപിടുത്തം, രാത്രിമഴയിലെ നല്ലതണുപ്പിലും, കലങ്ങിമറിഞ്ഞൊഴുകുന്ന തോട്ടില്‍ അമ്മാവന്മാര്‍ക്കൊപ്പം പോയി വലവച്ച് മീന്‍പിടിക്കല്‍, എന്നിങ്ങനെയുള്ള പലതും മഴക്കാലത്തെ ആവേശമായിരുന്നു; അന്നും ഇന്നും.

മണ്‍റോഡ് നിറഞ്ഞ് താഴേക്കൊലിക്കുന്ന മഴവെള്ളത്തില്‍ കൊടികുത്തിയ വഞ്ചികളിറക്കിയുള്ള മത്സരക്കളിയില്‍ അങ്ങാടിയിലെ മിക്ക തലതെറിച്ചവന്മാരും കാണും. മഴതോര്‍ന്നാല്‍ റോഡിലെ കുഴികളിലെ വെള്ളത്തില്‍ കാലുകൊണ്ട് പ്രത്യേകതരത്തിലടിച്ച് പടക്കം പൊട്ടുന്ന പോലുള്ള ശബ്ദം ഉണ്ടാക്കല്‍, മഴതുള്ളികള്‍ നിറഞ്ഞ് നില്‍ക്കുന്ന ചില്ലകള്‍ കുലുക്കി പിന്നില്‍ വരുന്നവരെ നനപ്പിക്കല്‍, പച്ച ഈര്‍ക്കിലില്‍ കുടുക്കുണ്ടാക്കി കെട്ടികിടക്കുന്ന വെള്ളത്തില്‍ നിന്ന് തവളയെ കുടുക്കിപിടിച്ച് ചാടിച്ച് നടത്തല്‍, ഓടിനിടയിലൂടെ ചോര്‍ന്ന്  അകത്തെ തറയില്‍ കെട്ടികിടക്കുന്ന വെള്ളം വിരല്‍ കൊണ്ട് ഏറ്റവും ദൂരത്തേക്ക് ചാലിട്ടൊഴുക്കല്‍, അകലേ കുന്നിന്‍‌ചെരുവിലെ കുളത്തില്‍ നിന്നും താഴെ പാടത്തേക്ക് വീടിനുമുന്നിലൂടെ ഒഴുകിപോകുന്ന നല്ല തെളിഞ്ഞവെള്ളത്തില്‍ നിന്നും കൈകൊണ്ട് തടവച്ച് മീന്‍‌കുഞ്ഞുങ്ങളെ പിടിച്ച് കിണറ്റിലിടല്‍ തുടങ്ങിയവയായിരുന്നു അന്നത്തെ പ്രധാന നേരം‌പോക്കുകള്‍!

മഴക്കാലത്തെ മറ്റൊരു ഓര്‍മ്മയാണ് പാരിജാതപൂക്കള്‍. കുനുകുനുന്നനെ നല്ല വെളുത്ത പാരിജാതപൂക്കള്‍ നിറഞ്ഞമരം വീടിനു പുറകിലായിട്ടാണ്. അതിരില്‍ നിന്നിരുന്ന ആ മരത്തിനോടുള്ള ഇഷ്ടം കാരണമാവാം അയല്പക്കത്തെ മാഷ് മരത്തെ ഒഴിവാക്കിതന്ന് മതില്‍ വളച്ച് കെട്ടിയത്. നല്ല ഉയരത്തില്‍ വളര്‍ന്നു നില്‍ക്കുന്ന മരത്തില്‍ നിന്നും മഴക്കൊപ്പം പൊഴിയുന്ന പാരിജാതപൂക്കള്‍ക്ക് മോഹിപ്പിക്കുന്നൊരു സുഗന്ധമുണ്ട്. ഇന്നും സൗരഭ്യം പരത്തികൊണ്ട്, കൈയെത്താദൂരത്തില്‍ നിറയെ പൂക്കളുമായി അതവ്ടെ തന്നെ നില്‍ക്കുന്നു.

പള്ളിക്കൂടവും, വീടും നാടുമൊക്കെ വിട്ട് കൊച്ചിയില്‍ എത്തിപെട്ടപ്പോഴാണ് മഴയുടെ മറുമുഖം കാണുന്നത്. ഒരു മഴപെയ്താല്‍ വെള്ളം നിറയുന്ന റോഡുകളും, ഒറ്റപെട്ടുപോകുന്ന തെരുവുകളും, കിടക്കാനുള്ള കുടിലുകള്‍ നഷ്ടപെട്ട് ബസ്റ്റാന്‍‌റിലും മറ്റും കഴിയുന്ന ചേരികളിലെ കുടുംബങ്ങളുമൊക്കെയാണ് അന്നത്തെ മഴക്കാഴ്ചകള്‍. കാല്‍തുടവരെ നിറഞ്ഞ് നില്‍ക്കുന്ന അഴുക്കുകലര്‍ന്ന റോഡിലെ വെള്ളത്തിലേക്ക് മഴ നനഞ്ഞിറങ്ങിയിരുന്നത് മിക്കപ്പോഴും കാനകളില്‍ വീഴുന്ന വഴിയാത്രക്കാരേയും വാഹനങ്ങളുമൊക്കെ ഉയര്‍ത്തിയെടുക്കാനായിരുന്നു.

വീട്ടുവളപ്പിലേയും, വയലിലേയും മഴയില്‍നിന്നെല്ലാം തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നു കൊച്ചിയിലെ ജീവിതം സമ്മാനിച്ചത്. അക്കാലത്തെ തോണിയാത്രകളിലാണ് കായലിലെ മഴയുടെ സൗന്ദര്യമറിയുന്നത്. മഴനനഞ്ഞ് നില്‍ക്കുന്ന മറൈന്‍ഡ്രൈവിലെ സായാഹ്നവും, കലിതുള്ളുന്ന ഫോര്‍ട്ട്‌കൊച്ചിയിലെ കടല്‍ക്കരയും, ‍ മൂന്നാറിലെ മൊട്ടക്കുന്നുകളിലെയും, തേയിലതോട്ടങ്ങളിലേയും, കുമളിയിലെ കാടുകള്‍ക്കുള്ളില്‍ പെയ്തിറങ്ങുന്ന വര്‍ഷവും മഴയോര്‍മ്മകളില്‍ കുളിര് നിറക്കുന്ന അനുഭവമാണ്. മഴക്കാലയാത്രകളില്‍ കുടയെ പാടെ അവഗണിച്ചിരുന്നതിനാല്‍, മഴപൊഴിയുമ്പോള്‍ നെട്ടോടമോടുന്ന കൂട്ടുകാര്‍ക്കിടയില്‍ അന്നൊക്കെ ഒരു "മഴവട്ടന്‍" ഇമേജായിരുന്നു.

പ്രവാസജീവിതത്തിലേക്കെത്തിപെട്ടപ്പോള്‍ മിക്കവരുടേയും പോലെതന്നെ ഏറ്റവുമധികം നഷ്ടപെടുന്നതും ആ വര്‍ഷക്കാലം തന്നെ. സൈബര്‍ലോകത്തില്‍ കുറേ കൂട്ടുകാര്‍ ചേര്‍ന്നൊരുക്കിയ മഴഗ്രാമത്തില്‍ മഴയെകുറിച്ച് പറഞ്ഞും, പാടിയും, പങ്കുവച്ചും ഒരു മഴത്തുള്ളിയായി പൊഴിഞ്ഞ കുറേ നല്ല നാളുകളിലൂടെ ലഭിച്ചത് ഒരുപാട് മഴചിത്രങ്ങളുടേയും, മഴപ്പാട്ടുകളുടേയും നല്ലൊരു ശേഖരമായിരുന്നു. ദേഹമോ വസ്ത്രമോ നനച്ചില്ലെങ്കിലും ആ മഴക്കുമൊരു കുളിരുണ്ടായിരുന്നു. മനസ്സിനെ നനച്ച് പെയ്തിറങ്ങുന്ന സൗഹൃദത്തിന്‍‌റെ കുളിര്.

ഇന്ന് വര്‍ഷത്തിലൊരിക്കല്‍ ഒരു അതിഥിയെ പോലെ വന്ന് പോകുന്ന മരുഭൂമിയിലെ മഴ. ഇത്‌വരെ അനുഭവിച്ചതുപോലൊരു കുളിരുണ്ടായിരുന്നില്ല ആ മഴക്ക്. ദേഹം നനയുമ്പോഴും എന്തെല്ലാമോ നഷ്ടപെടുന്നതിന്‍‌റെ, മോഹഭംഗങ്ങളുടെ, വിരഹത്തിന്‍‌റെ കണ്ണീരിന്‍‌റെ ചൂടായിരുന്നു ആ മഴയിലാകെ പടര്‍ന്നിരുന്നത്.
-------------------------------------------------------------------------------------------------
സമര്‍പ്പണം: മഴയുടെ വ്യത്യസ്ത ഭാവങ്ങള്‍ പകര്‍ന്ന് നല്‍കിയ മഴയുടെ പ്രിയതോഴന്.
------------------------------------------------------------------------------------------------

വെറുതേ കുറേ മഴയോര്‍മ്മകള്‍.
മഴയെപറ്റി വാതോരാതെ പറയുകയും, മഴ നനയേണ്ടി വന്നാല്‍ അതേ മഴയെ പ്രാകുകയും ചെയ്യുന്ന ചിലരെങ്കിലും ഉണ്ട്. അതുകൊണ്ട് തന്നെ കുടയെ പണ്ടേക്ക് പണ്ടേ ഉപേക്ഷിക്കുകയും, ആവോളം മഴകൊള്ളുകയും ചെയ്തതിന്‍‌റെ അഹങ്കാരം ചെറുത് മറയില്ലാതെ പ്രകടിപ്പിക്കുന്നു. ഹല്ലപിന്നെ ;)

ഞായറാഴ്‌ച, ജൂൺ 26, 2011

ജോപ്പന്‍‌റെ ആദ്യകുമ്പസാരം..!!

കുമ്പസാരം. കൂദാശകളില്‍ ഏറ്റവും രഹസ്യസ്വഭാവമുള്ള ഒന്ന്. വൈദികനോട് ഏറ്റ്പറഞ്ഞ് പശ്ചാത്താപിച്ച കുമ്പസാര രഹസ്യം മൂന്നാമതൊരാള്‍ അറിയാന്‍ ഇടവരുന്നതിനേക്കാള്‍ മരണമാണ് വൈദികന് കല്പിച്ചിരിക്കുന്നത്. അതിന് വേണ്ടി പീഡനം സഹിച്ച് രക്തസാക്ഷിയായ വൈദികരും ലോകത്തിന് പരിചയംതന്നെ. അങ്ങനെയൊക്കെ ആണെങ്കിലും, ജോപ്പന്‍‌ കുമ്പസാരത്തില്‍ ഏറ്റ് പറഞ്ഞ പാപം ഇന്ന് ഇടവകയില്‍ അങ്ങാടി പാട്ടാണ്. അതിനുത്തരവാദി ആരാണെന്ന് ചോദിച്ചാല്‍ അപ്പനെ നോക്കി ജോപ്പന്‍ പല്ലിറുമ്മും.

പതിവുപോലെ കഴിഞ്ഞ അവധിക്കാലത്തും ഇടവകയിലെ പ്രായമായ കുട്ടികള്‍ക്ക് കുര്‍ബാനസ്വീകരണത്തിനുള്ള ക്ലാസ്സുകള്‍ നടന്നു. ജോപ്പന്‍ അപ്പനോട് കെഞ്ചി പറഞ്ഞു നോക്കി, തന്നെയും ക്ലാസ്സില്‍ ചേര്‍ക്കാന്‍. അപ്പനൊന്ന് പരിശ്രമിക്കുകയും ചെയ്തതാണ്. പക്ഷേ..... ജോപ്പനെ കുറിച്ച് ശരിക്കും അറിയാവുന്ന വികാരിയച്ചന്‍ "അവനിപ്പഴും കൊച്ചല്യോ അന്തോണീ, തിരക്ക് പിടിച്ച് ചെയ്യാനുള്ളതൊന്നും അല്ല ഇത്, എന്തായാലും ഈ കൊല്ലം അവന്‍ കൂദാശയെ കുറിച്ചൊക്കെ പഠിക്കട്ടെ, അടുത്ത കൊല്ലം നമുക്ക് അവനേം കൂടി ചേര്‍ക്കാം" എന്നും പറഞ്ഞ് പിടിച്ച് നിര്‍ത്തി. അങ്ങനെ ഒരു കാര്യോം ഇല്ലാതെ വന്നിരുന്ന ക്ലാസ്സില്‍ നിന്ന് കുമ്പസാരത്തെകുറിച്ചും, പാപത്തെകുറിച്ചുമൊക്കെ ജോപ്പന് ഏകദേശ ധാരണ കിട്ടി.

ദിവസവും കുര്‍ബാനയില്‍ വരിവരിയായി വന്നവര്‍ക്ക് വൈദീകന്‍ വീഞ്ഞില്‍ മുക്കിയ അപ്പം നാവില്‍ വച്ചുകൊടുക്കുന്നത് മുന്‍‌നിരയില്‍ നിന്ന് എന്നും കണ്ടുകൊണ്ടിരിക്കണ ജോപ്പന് അടുത്ത വെക്കേഷന്‍ വരെ പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല. കുമ്പസാരിക്കാതെ അപ്പം സ്വീകരിക്കുന്നത് നേരെ നരകത്തിലേക്ക് പോകാനുള്ള ടിക്കറ്റെടുക്കുന്നതിന് തുല്യമാണെന്ന് കൊച്ചച്ചന്‍ പറഞ്ഞിട്ടുള്ളത് ഓര്‍മ്മയില്‍ ഉള്ളത്കൊണ്ട് മാത്രമാണ് ഇത്ര നാളും പിടിച്ച് നിന്നത്. പക്ഷേ....വിലക്കപെട്ടത് ഭക്ഷിക്കാനുള്ള ആ ഒരു ത്വര!

ഈസ്റ്റര്‍ അടുക്കുന്നതുകൊണ്ട് അന്ന് കുര്‍ബാനക്ക് ശേഷം പതിവിലും കൂടുതല്‍ പാപികള്‍ കുമ്പസാരത്തിനായി പള്ളിക്കകത്ത് അച്ഛനെ കാത്തിരിക്കുന്നു. ഈ തിരക്കിനിടയില്‍ ഒരു കുമ്പസാരം നടത്തികിട്ടിയാല്‍ തനിക്കും മറ്റുള്ളവരെപോലെ നാളത്തെ കുര്‍ബാനയില്‍ അപ്പം സ്വീകരിക്കാം. ഐഡിയ! രണ്ടും കല്പിച്ച് ആദ്യകുമ്പസാരം നടത്താന്‍ തന്നെ ജോപ്പന്‍ തീരുമാനിച്ചു. മുമ്പ് പങ്കെടുത്ത ക്ലാസ്സില്‍ നിന്ന് കിട്ടിയ പുസ്തകം തപ്പിയെടുത്ത് കുമ്പസാരത്തിന് മുമ്പ് ചൊല്ലേണ്ട പ്രാര്‍ത്ഥനകള്‍ പള്ളിക്കകത്ത് ഒരു മൂലയില്‍ വന്നിരുന്ന് ചൊല്ലിതീര്‍ത്തു. ശേഷം ചെയ്തുപോയ പാപങ്ങള്‍ ഓരോന്നായി മനസ്സില്‍ ഒരുക്കൂട്ടണം. വൈദികനോട് ഏറ്റുപറയുമ്പോള്‍ "അച്ഛോ, ഒറ്റ മിനിറ്റേ, ഒന്ന് ആലോചിക്കട്ടെട്ടാ" എന്നൊന്നും പറയാന്‍ പറ്റില്ലല്ലോ!

പാപങ്ങളോരോന്നായി ഓര്‍ത്തെടുത്തിട്ടും ജോപ്പനൊരു തൃപ്തിയാവണില്ല. ആദ്യത്തെ കുമ്പസാരമാണ്. എന്തേലും 'കിടിലന്‍' പാപം പറഞ്ഞില്ലെങ്കില്‍ ചിലപ്പൊ അച്ഛന് പുച്ഛം തോന്നിയാലോ. അല്ലേലും ജോപ്പന് വകതിരിവ് ആയിട്ടില്ല, ഇപ്പഴും കുട്ടികളി എന്നൊക്കെയാണ് അച്ഛന് തന്നെപറ്റി അഭിപ്രായം. അത് ഇതോടെ മാറ്റണം. വീണ്ടും പുസ്തകം പരതി. പാപത്തില്‍ തന്നെ മാരകപാപങ്ങള്‍ എന്നൊന്ന് ഉണ്ടെന്നും, പത്ത് കല്പനകളുടെ ലംഘനമാണ് മാരകപാപം എന്നും ജോപ്പന്‍ കണ്ടെത്തി.

ഇനിയിപ്പൊ സംഭവം ഈസിയാണ്. ഈ പത്തെണ്ണത്തില്‍ ഏതെങ്കിലും ഒരെണ്ണം ലംഘിച്ചാല്‍ മാരകപാപം തനിക്ക് സ്വന്തം. അത് പോയി വൈദികനോട് പറഞ്ഞാല്‍ അച്ഛന്‍ ഞെട്ടുമെന്നുള്ളകാര്യം തീര്‍ച്ച. ഏറ്റ് പറയുന്നതോടെ പാപമോചനം,  അച്ഛന്‍ പറയുന്ന പ്രാശ്ചിത്തം, തനിക്ക് നാളെതന്നെ വരിയില്‍ നില്‍ക്കാം, നെഞ്ച് വിരിച്ച് കുര്‍ബാന സ്വീകരിക്കാം. ഹോ! കുളിര് കോരി കോരി ജോപ്പന്‍ തളര്‍ന്നു.

പക്ഷേ പത്ത് കല്പനകളുടെ ലിസ്റ്റെടുത്ത ജോപ്പനൊരു ഡൗട്ട്. ഇതില്‍ ഏത് പാപമാണ് തനിക്ക് വൃത്തിയായും വെടിപ്പായും ചെയ്യാന്‍ പറ്റുക!!? ആകെ മൊത്തം ഓടിച്ച് വായിച്ച ജോപ്പന് ഒന്നൊഴിച്ച് മറ്റ് കല്പനകളൊക്കെ മനസ്സിലായി. പക്ഷേ ഏഴാമത്തെ കല്പന, 'വ്യഭിചാരം ചെയ്യരുത്' ഇത്ര നാളായിട്ടും താനറിയാതെ പോയ ആ പാപത്തെ കുറിച്ച് എത്ര ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടാതായപ്പൊ ജോപ്പന്‍ അപ്പനെ തന്നെ ആശ്രയിച്ചു.

കുര്‍ബാനയും കഴിഞ്ഞ് അള്‍ത്താര വൃത്തിയാക്കുകയായിരുന്നു അന്തോണിചേട്ടന്‍. അള്‍ത്താരയില്‍ മെഴുകുതിരി കത്തിച്ചു വക്കുന്ന പ്രത്യേകതരത്തിലുള്ള ഗ്ലാസ്‌സ്റ്റാന്‍‌റ് എടുത്ത് ഇറങ്ങിവരുന്നതിനിടയില്‍ ജോപ്പന്‍ അപ്പന്‍‌റെ വെള്ളമുണ്ടില്‍ പിടി മുറുക്കി.

"അപ്പച്ചാ, ഒരു കാര്യം ചോദിച്ചാല്‍ പറഞ്ഞര്വോ?"

ചെറുക്കന്‍‌റെ അറീയാനുള്ള ആഗ്രഹം ആദ്യമായി കണ്ട അന്തോണ്യേട്ടന്‍ വന്ന ആഗ്രഹം തിരിച്ച് പോകുന്നതിനേക്കാള്‍ മുന്നേ എന്ത് ചോദിച്ചാലും പറഞ്ഞരാം എന്നായി.

"അപ്പച്ചന്‍ വ്യഭിചാരം ചെയ്തിട്ടുണ്ടോ"

"ഫ്‌ഭ! കുരുത്തം കെട്ടവനേ" എന്ന് മനസ്സില്‍ തോന്നിയെങ്കിലും നില്‍ക്കുന്നത് അള്‍ത്താരക്ക് മുന്നില്‍ ആയതിനാലും പള്ളിക്കകത്ത് കുമ്പസാരം നടക്കുന്ന നിശബ്ദ അന്തരീക്ഷം ആയതുകൊണ്ടും ഉള്ളില്‍ വന്നത് കഠിച്ചമര്‍ത്തി അന്തോണ്യേട്ടന്‍ അകത്തേക്ക് ഓടാനൊരുങ്ങി.

ജോപ്പന്‍ വിട്വോ..! "വ്യഭിചാരം എന്ന്വച്ചാലെന്താ" എന്നും ചോദിച്ച് ജോപ്പന്‍ മുണ്ടിന്‍‌റെ മേലുള്ള പിടി കൂടുതല്‍ ശക്തിയോടെ മുറുക്കി. അരയിലെ മുണ്ടിന്‍‌റെ കെട്ടഴിയുന്നെന്ന് മനസ്സിലായ അന്തോണ്യേട്ടന്‍ ചെറുക്കനെ തണുപ്പിക്കാന്‍ നോക്കി. പക്ഷേ തന്‍‌റെ സംശയത്തിന്‍‌റെ ഉത്തരം കണ്ടെത്താനുള്ള അദമ്യമായ ഇച്ഛാശക്തിയുടെ മുന്നില്‍ അപ്പന്‍ തോറ്റു. ഒന്നുകില്‍ കയ്യിലെ ഗ്ലാസ് പാത്രങ്ങള്‍ താഴെപോകും, അല്ലെങ്കില്‍ ഈ അള്‍ത്താരക്ക് മുന്നില്‍, ഈ ജനങ്ങളുടെ മുന്നില്‍ തന്‍‌റെ സന്താനം അപ്പന്‍‌റെ തുണി ഉരിയും, ഇനിയിപ്പോ ഉത്തരം പറഞ്ഞാല്‍ ഈ കുരുത്തംകെട്ടവന്‍ പിന്നെ എന്തൊക്കെ ആരോടൊക്കെ പറഞ്ഞ് നടക്കും എന്നൊരു പിടീം ഇല്ല. ചെകുത്താനും, ജോപ്പനും, കടലിനും ഇടയില്‍ പെട്ട അന്തോണിചേട്ടന്‍ തലക്ക് മുകളിലെ ക്രൂശിതരൂപത്തെ അതിനേക്കാള്‍ നിസ്സഹായഭാവത്തില്‍ നോക്കി.

"പറയപ്പച്ചാ....എന്താ അത്....പറഞ്ഞോട്ടാ..." എന്ന് ആവര്ത്തിച്ച് ചോദിച്ച് മുണ്ടില്‍ ഊഞ്ഞാലാടുന്ന ജോപ്പനോട് പെട്ടെന്ന് രക്ഷപെടാന്‍ ഒരു ഉപായം കിട്ടിയ അന്തോണി ചേട്ടന്‍ പതുക്കെ പറഞ്ഞുകൊടുത്തു.

"വ്യഭിചാരം ചെയ്യാന്ന് വച്ചാല് 'തലകുത്തി നില്‍ക്കാ'... അതന്നെ....നീ പിടിവിട് പിടിവിട്"

ഹോ! ഇത് പറയാനായിരുന്നോ ഇത്ര നാണം എന്ന ഭാവത്തില്‍ ജോപ്പന്‍ അപ്പനെ മോചിപ്പിച്ച് പുറത്തേക്കോടി. ഇലക്കും മുള്ളിനും കേടില്ലാതെ കാര്യങ്ങള്‍ അവസാനിപ്പിച്ച സന്തോഷത്തില്‍ അന്തോണിചേട്ടന്‍ അകത്തേക്കും

പള്ളിക്കകത്ത് രണ്ട് വശത്തായി കൊച്ചച്ചനും വല്യച്ചനും കുമ്പസാരിപ്പിക്കുന്നുണ്ട്. കൊച്ചച്ചന് കച്ചവടം മോശം. മിക്കവരും വലിയച്ചന്‍‌റെ അടുത്താണ് നില്‍ക്കുന്നത്. അല്‍‌പം കേള്വികുറവുള്ള വല്യച്ചനോട് പാപികള്‍ക്ക് പണ്ട് തൊട്ടേ കുമ്പസാരകാര്യത്തില്‍ കൂടുതല്‍ താല്പര്യമാണ്. കാര്യമായി എന്തേലും പറയേണ്ടി വന്നാല്‍, അല്പം ശബ്ദം താഴ്ത്തി പറഞ്ഞാല്‍ അച്ഛന്‍ കേട്ടില്ലെങ്കിലും മറ്റ് പാപത്തിന്‍‌റെ കൂടെ അങ്ങ് അഡ്ജസ്റ്റായി പൊക്കോളും. എന്നാ പിന്നെ എല്ലാവരും പോകുന്ന വലിയച്ചനെ തന്നെ തന്‍‌റെ പാപവും കേള്‍പ്പിച്ചേക്കാം.

രംഗം:

അശീര്‍‌വാദം കൊടുത്ത് പാപങ്ങള്‍ കേള്‍ക്കാന്‍ തയ്യാറായി വൈദീകന്‍ കുമ്പസാരകൂട്ടില്‍

ആശീര്‍‌വാദം തലകുനിച്ച് സ്വീകരിച്ച് പാപങ്ങള്‍ പറയാന്‍ ജോപ്പനും.

"അച്ഛോ, ഇതെന്‍‌റെ ആദ്യ കുമ്പസാരമാണ്"

"ഉം. പാപങ്ങള്‍ പറഞ്ഞോളൂ"

"അച്ഛോ, ഞാന്‍ വ്യഭിചാരം ചെയ്തിട്ടുണ്ട്" ഫസ്റ്റ് ഇബ്രഷന്‍ പറ്റാവുന്ന പോലെ ബെസ്റ്റാക്കികൊണ്ട് ജോപ്പന്‍

നെറ്റിനുള്ളിലൂടെ അച്ഛനൊന്ന് നോക്കി. അഭിമാനത്തോടെ ജോപ്പന്‍.

വിശ്വാസം വരാതെ അച്ഛന്‍ കുമ്പസാര കൂട്ടില്‍ നിന്ന് ഏന്തിവലിഞ്ഞ് തന്‍‌റെ പാപിയെ ഒന്നുകൂടെ അടിമുടി നോക്കിയിട്ട് തിരികെ ഇരുന്നു.

"കുഞ്ഞേ, ആദ്യ കുമ്പസാരം അല്ലേ ഇത്. വ്യഭിചാരം എന്നാല്‍ എന്താണെന്ന്‌പോലും നിനക്കറിയാന്‍ പ്രായമായിട്ടില്ലല്ലോ"

ഇല്ല, അച്ഛന്‍ ശരിയാവൂല. അച്ഛന് തന്നെ കുറിച്ചുള്ള മുന്‍‌വിധികളാണ് കാരണം. അത് തെറ്റാണെന്ന് തെളിയിച്ചേ പറ്റൂ.

"അല്ലച്ചോ, ഞാന്‍ ശരിക്കും ചെയ്തതാ, ദേ കുറച്ച് നേരത്തെ ഊട്ടുമുറിയില്‍ വച്ച്, വിശ്വാസായില്ലേല്‍ കാണിച്ചരാം,  ദേ നോക്കിക്കോ" എന്നും പറഞ്ഞ് കുമ്പസാരകൂടിനു മുന്നില്‍ തന്‍‌റെ തടിച്ച ശരീരവുമായി ഒന്നല്ല രണ്ടല്ല മൂന്ന് വട്ടം ജോപ്പന്‍‌റെ ഗംഭീര പ്രകടനം. ആത്മാര്ത്ഥമായ വ്യഭിചാരം! കണ്ടാലൊരു ലുക്കില്ലെന്നേയുള്ളൂ, അല്പം തടി ഉണ്ടെങ്കിലും ഇതൊക്കെ പുല്ലാണെന്ന ഭാവത്തില്‍ ജോപ്പന്‍.

കപ്യാരെ വിളിപ്പിച്ച് ചെറുക്കനെ കൂടെ പറഞ്ഞയച്ച് തിരികെ കുമ്പസാരകൂട്ടില്‍ വന്നിരുന്ന വല്യച്ചന് അന്ന് പിന്നെ ഒരാളെ പോലും കുമ്പസാരിപ്പിക്കാന്‍ കിട്ടിയില്ല. എല്ലാവരും കൊച്ചച്ചന്‍‌റെ കൂടിനു ചുറ്റും വരിയായി നില്‍ക്കുന്നു.

അല്ലാ....അവരെ പറഞ്ഞിട്ടും കാര്യമില്ല! അച്ചന് ചെവി കേള്‍ക്കില്ലാന്നൊക്കെ ശരി തന്നെ, പക്ഷേ 'ഇത്തിരി' പോന്ന ആ കൊച്ചന് വല്യച്ചന്‍ കൊടുത്ത പ്രാശ്ചിത്തം തലകുത്തിനില്‍ക്കല്‍ ആണെങ്കില്‍ മറ്റുള്ളവരുടെ കാര്യം എന്താകും!!?

അതിലും നല്ലത് കൊച്ചച്ചനാന്നേ....!!
********************************

ജോപ്പനെ കുറിച്ച് അവന്‍‌റെ കസിന്‍സ് കളിയാക്കി മാത്രം പറഞ്ഞ് കേട്ടതുകൊണ്ട് ഓര്‍മ്മ എന്നോ, അനുഭവം എന്നോ ഇടുന്നില്ല. ജോപ്പന്‍‌റെ അനുവാദത്തോടെ :)
തിരിച്ചറിവാകും മുമ്പ് കുട്ടികളെ പുസ്തകത്തില്‍ നിന്ന് കാണാതെ പഠിപ്പിച്ച് കൂദാശകള്‍ക്കൊരുക്കുന്ന മാതാപിതാക്കളോട് ഇതൊരു കഥയായി, പ്രസംഗത്തില്‍ ഒരു വൈദീകന്‍ പറഞ്ഞത് ഓര്‍ക്കുന്നു. 
അപ്പൊ എല്ലാം പറഞ്ഞപോലെ.!!

ചൊവ്വാഴ്ച, ജൂൺ 07, 2011

ഒരു കുളം കലക്കല്‍ മഹാമഹം.

ആദ്യം തന്നെ ഒരു കുഞ്ഞ്യേ......മാപ്പ്. കുന്നംകുളം ഉള്ള മാപ്പല്ലാട്ടാ, ഇത് മറ്റേ മാപ്പാ!
കഴിഞ്ഞ പോസ്റ്റില്‍ ജോപ്പനെ പരിചയപെടുത്തുന്നതിനു കൂടെ തന്നെ ലവന്‍‌റെ കുമ്പസാര കഥയും ചേര്‍‌ത്തതായിരുന്നു. ഒടുക്കത്തെ നീളം കാരണം കുമ്പസാരം പിന്നത്തേക്ക് മാറ്റി. ഇപ്പോഴാണേല്‍ കുമ്പസാരിപ്പിക്കാനുള്ളൊരു മൂഡൂല്യ. പകരം വേറൊരു സംഭവം പറയാനുള്ള ഫയങ്കര ആവേശം. ആവേശം കേറിയാ പിന്നെ നോ രക്ഷ! ഇനിയെങ്കിലും നിങ്ങളൊക്കെ ഒരു കാര്യം മനസ്സിലാക്കണം എന്താന്ന്വച്ചാല്‍..... "ചെറുതിന്‍‌റെ വാക്കും...പഴേ ചാക്കും" :(
******************************************************
എന്നാപിന്നെ സംഭവം പറയാം. നെടുമ്പാശേരീന്ന് തന്നെ ആവട്ടെ.

എമിഗ്രേഷനും തീര്‍ത്ത് ഡ്യൂട്ടിഫ്രീയില്‍ പോലും എത്തിനോക്കാതെ ഓടി. പ്രീപെയ്ഡ് ടാക്സി ബുക്ക് ചെയ്ത് നേരെ പുറത്തേക്ക്. മുന്നിലും പിന്നിലും പോകുന്നവരുടെ മുഖത്തൊക്കെ ഒരു ചിരിയുണ്ട്. പുറത്ത് കാത്തുനില്‍ക്കുന്ന പ്രിയപെട്ടവരെ കണ്ടതിലുള്ള സന്തോഷം. കൈകൊടുക്കല്‍, കെട്ടിപിടുത്തം, ഉമ്മവക്കല്‍, കണ്ണ്‌നിറക്കല്‍ അങ്ങനെ അങ്ങനെ ആവുന്ന വിധത്തിലൊക്കെ സന്തോഷം പങ്കിടുന്നു. ട്രോളിയില്‍ ലഗേജും തള്ളികൊണ്ട് ഇവരുടെയൊക്കെ ഇടയിലൂടെ ടാക്സിയും നോക്കി പോകുമ്പൊ തോന്നി; വേണ്ടാരുന്നു... ഞാനവ്ടെ എത്തിക്കോളാം, എന്നെ കൂട്ടാനായി ആരേം വിടണ്ടാന്ന് പറയേണ്ടയിരുന്നില്ലെന്ന്.

അല്ലേലും ഈ വരവ് ആരേയും അറിയിച്ചിട്ടില്ല. നാട്ടില്‍ പോയാലോ എന്ന ആലോചനയും, തീരുമാനവും, ഒരുക്കങ്ങളും എല്ലാം ഒരാഴ്ചകൊണ്ട് നടന്നതാണ്. കുറച്ച് നാളായി വിടാതെ പിന്തുടരുന്നൊരു ഏകാന്തത, ആരോടും സംസാരിക്കാന്‍ തോന്നാതെ, ഒന്നിലും താത്പര്യമില്ലാതെയിരുന്ന ദിവസങ്ങളായിരുന്നു. ഒരാഴ്ചമുന്നേ നാട്ടിലെ പള്ളിപെരുന്നാളിന് ക്ഷണിക്കാനായി അമ്മാമ വിളിച്ചത് മുതലാണ് ഈയൊരു ലഡു മനസ്സില്‍ കിടന്ന് പൊട്ടാന്‍ തുടങ്ങിയത്. അതിന് കാരണം പള്ളിപെരുന്നാള്‍ എന്നതിനേക്കാള്‍ മറ്റൊന്നായിരുന്നു.

ചൂലായ്‌കുളം പിടിക്കണു. എന്ന് വച്ചാല് ചൂലായ് കുളം കലക്കി മീന്‍‌പിടുത്തം.

പെരുന്നാള്‍ക്ക് തലേന്ന് തന്നെ ഞാനെത്തിക്കോളാം എന്ന് പതിവുപോലെ പറഞ്ഞ് സംസാരം അവസാനിപ്പിച്ചെങ്കിലും, പോകില്ലെന്ന് എനിക്കും, വരില്ലെന്ന് അമ്മാമക്കും നല്ലപോലെ അറിയാം. പക്ഷേ ഇപ്രാവശ്യം എന്തോ നാട്ടില്‍ പോകാനുള്ളൊരു വല്ലാത്ത ആഗ്രഹം. ഇടക്കിടെ വരുന്ന തലവേദന, നാട്ടിലെ ഫാമിലി പ്രോബ്ലംസ്, അത് ഇത് എന്നൊക്കെ പറഞ്ഞ് ഇന്നലെ രാവിലെയാണ് ലീവ് ഒപ്പിച്ചെടുത്തത്. ഒരു എമര്‍‌ജന്‍സി. ഒരാഴ്ച. അതിനുള്ളില്‍ പോയി വരാമെങ്കില്‍ വണ്ടിവിട്ടോളാന്‍.

ഒന്നെങ്കില്‍ ഒന്ന്, പോകാന്‍ തന്നെ തീരുമാനിച്ച് ഉച്ചക്ക്തന്നെ ടിക്കറ്റും എടുത്തു. ലീവ് ഒരു ഉറപ്പില്ലാതിരുന്നതുകൊണ്ട് വരുമെന്ന കാര്യം ആരോടും പറഞ്ഞില്ല. വീട്ടില്‍ വിളിച്ച് ചിലപ്പൊ രാവിലെ വരുമെന്നും, എയര്‍പോര്‍ട്ടില്‍ ആരും വരേണ്ടെന്നുമൊക്കെ പറഞ്ഞു. എന്താ പെട്ടെന്നൊരു വരവ് എന്ന ചോദ്യം പ്രതീക്ഷിച്ചിരുന്ന എന്നോട് ചേച്ചി പറഞ്ഞത്; ആഹാ....നീയില്ലാതെ എങ്ങനെ കുളം പിടിക്കും എന്നാലോചിച്ചിരിക്കുവാരുന്നു. വരുന്നുണ്ടേല്‍ രാവിലെ എത്തിയേക്കണം, അല്ലേല്‍ പിന്നെ വരണ്ടെന്ന്.

എല്ലാവരും ആ ഒരു ഉത്സാഹത്തിലാണെന്ന് മനസ്സിലായി. അതേ ഉത്സാഹമാണ് ഇപ്പൊ ഞാന്‍ നാട്ടിലെത്താന്‍ കാരണവും. കൈവിട്ടുപോയൊരു കുട്ടികാലം തിരിച്ച്‌പിടിക്കാനുള്ള ഉത്സാഹം.

തറവാടിനു പുറകിലെ വളപ്പ് കഴിഞ്ഞാല്‍ പിന്നെ ചൂലായ് കാരുടെ പറമ്പ്, അതിനോട് ചേര്‍ന്നൊ-ഴുകുന്നൊരു തോട്, അതിനപ്പുറം വിശാലമായ പുഞ്ചപാടം. അതിന്‍‌റെ മൂന്ന് വശങ്ങളിലായുള്ള മൂന്ന് കുളങ്ങള്‍. ഇവിടങ്ങളിലാണ് ഞങ്ങളുടെ ബാല്യത്തിന്‍‌റെ നല്ലനാളുകളുടെ ഓര്‍മ്മകളെല്ലാം ചിതറികിടക്കുന്നത്.

പാടത്തിന്റെ അപ്പുറത്ത് ചക്ക കുളമാണ്. .  പണ്ട് ചാക്കപ്പനെ ആരാണ്ടോ ആ കുളത്തില്‍ മുക്കി കൊന്നത്രേ. ചാക്കപ്പനെ മുക്കി കൊന്ന കുളം ചാക്കകുളം. പിന്നീടത് ചക്കകുളമായി മാറി. ചുറ്റും പാറക്കല്ലുകള്‍ നിറഞ്ഞ് ഭീകരാന്തരീക്ഷമാണ് ചക്കകുളത്തിന്. ചാക്കപ്പന്റെ പ്രേതം കാലുപിടിച്ച് അടിയിലേക്ക് വലിച്ചു കൊണ്ടു പോകുമെന്ന് പറഞ്ഞിട്ടുള്ളതിനാല്‍, പാറകള്‍ക്ക് മുകളില്‍ ഇരുന്ന കലാപരിപാടികള്‍ എന്നല്ലാതെ ചത്താപോലും ഒറ്റൊരെണ്ണം ആ വെള്ളത്തില്‍ തൊടില്ല. പിന്നെ മറ്റൊരു വശം മാങ്ങാകുളം. അതിന്റെ പിന്നില്‍ കഥയൊന്നുമില്ല. ഇത് ചക്ക എങ്കില്‍ അത് മാങ്ങ അത്രേ ഉള്ളൂ.

തൊട്ടടുത്ത് കിടക്കുന്ന ചൂലായി എന്ന വീട്ടുകാരുടെ കുളം. ചുറ്റും കൈതമുള്ളും, മരങ്ങളും, കുളം നിറയെ ചണ്ടിയും, പുല്ലും വളര്‍ന്ന് നിന്നിരുന്ന ചൂലായ് കുളത്തിലാണ് ചൂണ്ടയിട്ട് മീന്‍ പിടിക്കാനാദ്യം പഠിക്കണത്.വലിയ കല്ലുകള്‍ ശക്തിയായി ഏറിഞ്ഞാല്‍ മാത്രമേ ചണ്ടിയൊക്കെ നീങ്ങി അടിയിലെ വെള്ളം കാണൂ. ആ ചെറിയ ഗ്യാപ്പിലൂടെ ചൂണ്ടനൂലൊന്ന് താഴേക്കിറങ്ങിയാല്‍ മതി; ആ നിമിഷം കിട്ടും പിടക്കണ മീന്‍. അതുകൊണ്ട് തന്നെ ഒഴിവ് കിട്ടിയാലുടനെ പറമ്പില്‍ പോയി മണ്ണിരയേം സംഘടിപ്പിച്ച് പിള്ളേരെല്ലാം കൂടി ചെന്നിരിക്കും ചൂണ്ടയിടാന്‍. അങ്ങനങ്ങനെ കൈതപൂവിന്‍‌റെ മണമുള്ള ഒരുപാടോര്‍മ്മകളുണ്ട് ആ പരിസരങ്ങളില്‍‍. അതിലൊന്നാണ് കുളംകലക്കിയുള്ള മീന്‍‌പിടുത്തവും.

ഒന്നരരണ്ട് മണിക്കൂറിനുള്ളില്‍ വീട്ടിലെത്തികിട്ടി. അരമണിക്കൂറിനുള്ളിലുള്ള സ്നേഹപ്രകടനവും, വിശേഷങ്ങളും, കൂകിവിളിക്കലും, ബഹളവുമൊക്കെ കഴിഞ്ഞപ്പോഴേക്കും "ചെക്കന്‍ വന്ന്‌ണ്ടാ?? ബഹളൊക്കെ കേക്കണു, വരുന്നൂന്നൊന്നും പറഞ്ഞ് കേട്ടില്ലാലോ" ന്ന് ചോദിച്ച് അയല്പക്കങ്ങളും എത്തി. വന്നവര്‍ക്കെല്ലാം ബാഗിലുണ്ടാരുന്ന മിഠായീം കൊടുത്ത് അമ്മ വേണ്ടപോലെ ഡീല്‍ ചെയ്യണുണ്ട്. അപ്പോഴേക്കും വേഷം മാറി ഞാനും റെഡിയായി. ചേച്ചിയേയും, ചേച്ചീടെ ട്രോഫികളേയും, അനിയനേം കൂട്ടി നേരെ തറവാട്ടിലോട്ട്.

വരവും പോക്കും കണ്ടിട്ട് "ചെക്കന്‍ ഗള്‍ഫീന്ന് തന്ന്യാണോ വരണത്" എന്ന് അയല്പക്കത്തെ കാര്‍ന്നോര്‍ക്കൊരു ഡൗട്ട്. ഇത്രേം ദൂരം യാത്രചെയ്ത് വന്നിട്ട് ഒന്ന് കിടന്നെണീച്ച് പോരേഡാ ഇനീള്ള കറക്കം, എങ്ങോട്ടാ നീ ഇത്ര തിരക്ക് പിടിച്ച് ഓടണേന്ന് ചോദിച്ചതിന് ഒരു കുളംകലക്കാനുണ്ടപ്പാപ്പോ, ബാക്കി വന്നിട്ട് പറയാംന്നും പറഞ്ഞ് സ്ഥലം കാലിയാക്കി.

അരമണിക്കൂറിനുള്ളില്‍ തറവാട്ടില്‍ ലാന്‍ഡ് ചെയ്തു. ഒട്ടും പ്രതീക്ഷിക്കാതെ മുന്നില്‍ കണ്ടപ്പൊ സന്തോഷം കൊണ്ട് തന്നെയാവണം കെട്ടിപിടിച്ചൊരുപാട് മുത്തവും, കരച്ചിലും ഒക്കെയായി ആകെ സെന്‍‌റി. വേറെവിടെനിന്നും കിട്ടാത്തൊരു കരുതലും സ്നേഹവും കിട്ടുന്നതുകൊണ്ടാവണം അമ്മാമ ചെറുതിന് മറ്റെന്തിനെക്കാളും പ്രിയപെട്ടതാകുന്നതും. ഞങ്ങളുടെ റോള്‍മോഡലായ അമ്മാമയെപറ്റി പിന്നീടൊരിക്കല്‍ പറയാം. ശ്ശോ, ചെറുതും സെന്‍‌റി ആയി.

ഞാന്‍ വന്നിട്ടുണ്ടെന്ന് തറവാട്ടിലും, ചുറ്റുമുള്ള അങ്കിള്‍സിന്‍‌റെ വീട്ടിലും അറിയിച്ചേക്ക്, കുളത്തില്‍ മീറ്റ് ചെയ്യാം എന്നും പറഞ്ഞ് ചേച്ചിയേം അനിയനേം പറഞ്ഞ്‌വിട്ട് ഇടവഴിയിലൂടെ നേരെ കുളത്തിനവിടേക്ക്. കുളത്തോടടുക്കുംതോറും വല്ലാത്തൊരു സന്തോഷം. ഓടാന്‍ തോന്നണു, മരത്തില്‍ കേറി താഴേക്ക് ചാടാന്‍ തോന്നണു, ഹോ തലകുത്തിമറിയാന്‍ തോന്നണു..ആകപ്പാടെ പറഞ്ഞറിയിക്കാന്‍ പറ്റാത്തൊരു വികാരം.

ഒരു നഴ്സറിക്ലാസ്സിലെന്നതുപോലെ കുളത്തിനുള്ളില്‍ നിന്നും കലപില ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ട്. പതുക്കെ കൈതയുടെ മറവുപറ്റി ഉച്ചത്തിലൊരു വിസിലടിച് അടുത്ത് നില്‍ക്കുന്ന പൊടിഞ്ഞിമരത്തില്‍ വളര്‍ന്ന് കയറിയ വള്ളിയില്‍ പിടിച്ച് ആആആആ.... ആആആ.....ആ.....ന്ന് കൂവികൊണ്ട് ടാര്‍സന്‍ സ്റ്റൈലില്‍ കുളത്തിലേക്ക്, ആഹ്...വള്ളി ചതിച്ചു. മൂഡുംകുത്തി താഴെ വീണെങ്കിലും വേദനിച്ചില്ല! :( സത്യം!

താഴെവീണ് നിമിഷങ്ങള്‍ക്കകം തന്നെ പെറ്റതള്ള കണ്ടാ പോലും മനസ്സിലാവാത്ത പരുവത്തില്‍ ചേറും ചളിയും, ചണ്ടിയുമൊക്കെ വാരിയെറിഞ്ഞ് പിള്ളേര് അവരുടെ സന്തോഷം പ്രകടിപ്പിച്ചു. വെക്കേഷനായതുകൊണ്ട്തന്നെ തറവാട്ടില്‍ അമ്മാമയുടെ എട്ട് മക്കളുടേയും, രണ്ട് പേരകുട്ടികളുടേയും  പിള്ളേരടക്കം മൂന്ന് വയസ്സുള്ള ഡിനു മുതല്‍ അനു, അമ്മു, ചിന്നു, മിന്നു, ചിഞ്ചു, മിഞ്ചു, ആച്ചി, ടുട്ടു, ടോം, മോമി, തൊമ്മി, ആമി, എന്നിങ്ങനെ ഇരുപത്തിയൊന്നോളം പിള്ളേര് ടീം തന്നെ ഉണ്ട്.  രണ്ടെണ്ണം നടക്കാറാകാത്തത് കൊണ്ട് ഇറക്കേണ്ടെന്ന് വച്ച് കരയില്‍ കിടത്തിയിരിക്ക്യാണ്. പത്ത് വര്‍ഷം മുന്നേയാണ് ഇതുപോലെ കുളം വറ്റിയത്. അന്ന് കരയില്‍ കിടന്നിരുന്ന പലരും ഇന്ന് കുളത്തില്‍ ചുവരിലെറിഞ്ഞ പന്ത്‌പോലെ പാഞ്ഞ് നടക്കുന്നുണ്ട്.

‌ഒരുമണിയോടെ വറ്റിക്കാവുന്നത്രയും വെള്ളം വറ്റിച്ച് മോട്ടറുകള്‍ കരക്ക് കയറ്റി അങ്കിള്‍‌സും തയ്യാറായി. ചെളിയും ചേറും ചണ്ടിയും കലര്‍ന്ന് കുഴകുഴാ പരുവത്തിലുള്ള ബാക്കി വെള്ളത്തിലിനിയൊരു യുദ്ധം തന്നെ നടത്തണം. അപ്പോഴേക്കും ടാ *പ. തെ. നാ.. നീയെപ്ലാടാ വന്നേന്ന് ചോദിച്ച് മേമാസും, എന്ത്രാ കോരപ്പാ വീട്ടീകേറാതെ പോന്നേന്നും ചോദിച്ച് ആന്‍‌റീസും അമ്മാമേം എല്ലാം എത്തി.  മേമാസിനേം പിടിച്ച് കുളത്തിലിട്ടു ബാക്കിയുള്ളവരെല്ലാം വട്ടകേം ചെമ്പും കുട്ടകളുമൊക്കെയായി കുളത്തിനു ചുറ്റും ഫീല്‍‌ഡിംങ്ങ് ലൈനില്‍ നിരന്നു. ഇനി ഏത് നിമിഷവും ഏത് ദിശയിലേക്കും മീനുകള്‍ സിക്സറും ഫോറുമൊക്കെയായി പറക്കും.

എല്ലാവരേം വട്ടത്തില്‍ നിരത്തി നിര്‍ത്തി. ശേഷം....
കുട്ടനാടന്‍ പുഞ്ചയിലെ.......തിത്തെയ് തകതെയ്‌തെയ്‌തെയ്തോം....
പോരാ പോരാ..... കലങ്ങട്ടേ.....കൊച്ചുപെണ്ണേ കുയിലാളേ.....തിത്തെയ് തക തകതക തെയ്‌തെയ്...
അഞ്ചാറ് മിനിറ്റ് കഴിഞ്ഞപ്പൊ നാല് വയസ്സ് കാരി അനു വെള്ളത്തില്‍ കിടന്ന് അയ്യോ അയ്യോന്ന് നിലവിളി. വീണതാന്ന് കരുതി പൊക്കിയെടത്തപ്പോ രണ്ട് കൈകൊണ്ടും ഇറുക്കി പിടിച്ചിരിക്കുന്നൊരു വരാല്. ഹെന്‍‌റമ്മച്ചീ...

ട്ടട്ടടട്ടാ ട്ട ട്ട ട്ടാ...... ഹീയ്യാ ഹൂവാ അന്നുകുട്ടീ
ട്ടട്ടടട്ടാ ട്ട ട്ട ട്ടാ...... കിട്ടീ കിട്ടീ മീന്‍‌കിട്ടീ.. എന്ന് വിളിച്ച് തീര്‍ന്നതും കയ്യിലിരുന്ന മീന്‍ തിരികെ കുളത്തിലേക്ക്. അയ്യോ......അയ്യോ......പാവംട്ടാ...അയ്യോ.... ന്ന് എല്ലാവരും കൂടി കളിയാക്കിയപ്പൊ ആറരകട്ടക്ക് അവരോഹണക്രമത്തില്‍ പാട്ട് പെട്ടിതുറന്ന് കരയാന്‍ തുടങ്ങി.

അപ്പോഴേക്കും അപ്രത്ത് വീണ്ടും അയ്യോ........!! കാലും പൊക്കി പിടിച്ച് ജാക്കി. വിരലില്‍ തൂങ്ങി നില്‍ക്കുന്നൊരു കൂരിമീന്‍. നല്ലപോലെ ചോരയും വരുന്നു. അങ്കിളോടിവന്ന് കൊമ്പ് പൊട്ടിയിരിക്കാതെ വിരലില്‍ നിന്ന് മീനെനെ മാറ്റി. കടച്ചിലും വേദനയും കാരണം കാല് കുത്താനും വയ്യ. അപ്പോഴേക്കും അമ്മാമ ഒറ്റമൂലി വിളിച്ചുപറഞ്ഞു. മുള്ളി ഒഴിക്കടാ വേഗം, ഇല്ലേല്‍ വേദന മാറില്ലെന്ന്. അയ്യേ.....ഇത്രേം ആള്‍ക്കാര് നിക്കുമ്പൊ മുള്ളാനോ! ച്ഛെ ച്ഛെ. പക്ഷേ ഒരു രക്ഷേം ഇല്ല. വേദന വേദന. ഉടനേ അവന്‍ കൂട്ടത്തില്‍ ചെറുതായ തൊമ്മിയെ വിളിച്ചു. ക്ക് മുള്ളാന്‍ മുട്ടണില്ലെന്ന് പറഞ്ഞ തൊമ്മിയെകൊണ്ട്, അതൊന്നും പറഞ്ഞാ പറ്റില്ല, നിനക്ക് മുള്ളാന്‍ മുട്ടണുണ്ട്, വെക്കം മുള്ളടാ,  ഇല്ലേല്‍ ഇനി കുളത്തിലിറക്കില്ലെന്ന് പറഞ്ഞ് ഭീഷണിപെടുത്തി മുള്ളിപ്പിച്ച്, ഒറ്റമൂലി ഒപ്പിച്ചെടുത്തു.

വീണ്ടും കലക്കല്‍ തന്നെ. തലേന്ന് ഫ്ലൈറ്റില്‍ കയറിയപ്പൊ എന്തേലും കഴിച്ച എനിക്കെന്നല്ല, അവ്ടെ നിക്കണ ഒറ്റൊരെണ്ണത്തിനുപോലും വിശപ്പോ ഏപ്രിലെ ആ ചൂടിന്‍‌റെ ക്ഷീണമോ ഒന്നും പ്രശ്നല്ല. വര്‍ഷത്തിലൊരിക്കല്‍ അപ്പാപ്പന്‍‌റെ ഓര്‍മ്മദിനത്തിന് പോലും ഇങ്ങനെ എല്ലാവരേം ഒന്നിച്ച് കിട്ടുക പ്രയാസം. മീന്‍‌പിടിക്കല്‍ എന്നതിനേക്കാള്‍ അതിന്‍‌റെ പേരിലുള്ള ഈ ഒത്തുചേരലിന്‍‌റെ ആഹ്ലാദതിമിര്‍പ്പിലായിരുന്നു എല്ലാവരും.

അപ്പോഴേക്കും പുതിയ മാസ്റ്റര്‍ പീസുമായി കുട്ടീസ് ‌ടീം വരിയും നിരയുമായി നില്‍‌പ്പായി.
ഇത് അവരുടെ ഐറ്റം. ഒരേ താളത്തില്‍ ചാടിയും ഓടിയും തകര്‍ക്കുന്ന ശിങ്കാരി മേളം

പ്ലയ്യം പ്ലയ്യക്കം പ്ലയ്യക്കം പ്ലയ്യക്കം
പ്ലയ്യം പ്ലയ്യക്കം പ്ലയ്യക്കം പ്ലയ്യക്കം
പ്ലയ്യം പ്ലയ്യം പ്ലയ്യം പ്ലയ്യക്കം പ്ലയ്യക്കം ;)

കാലിനടിയില്‍ മീന്‍ ഇളകുമ്പൊ ചിലര്‍ പേടിച്ച് ചാടുന്നു, മുകളില്‍ പൊങ്ങി നില്‍ക്കുന്ന വരാലിനെ തൊട്ട് നോക്കിയിട്ട് ചിലര്‍ പേടിക്കുന്നു, ഇടക്ക് പൊത്തുകളില്‍ നിന്ന് തലപുറത്തിടുന്ന നീര്‍ക്കോലിയെ നോക്കി "അകത്ത് കേറിപോടാര്‍ക്കാ" ന്ന് ദേഷ്യപെടുന്നു. ചളിയില്‍ കാല് പുതഞ്ഞ് മുഖവും കുത്തി വീണിടത്ത് നിന്നേണീറ്റിട്ട്  "നാനിപ്പൊതന്നെ  മീണേനെ" ന്ന് പറഞ്ഞ് ചമ്മി നില്‍ക്കുന്നു. മീന്‍ കിട്ടുമ്പോഴെല്ലാം അതിനെ പിടിച്ചവര്‍ക്ക് ജയ് വിളിച്ചും, കളിയാക്കിയും, കരയിപ്പിച്ചും സന്ധ്യക്ക് മുന്നേ കിട്ടാവുന്നിടത്തോളം മീനിനേം പിടിച്ച്, കിണറ്റിന്‍‌കരയിലെ മോട്ടറടിച്ച് ഒരു കൂട്ടകുളിയും കഴിഞ്ഞ് എല്ലാവരും കളമൊഴിഞ്ഞു.

ക്ഷീണത്തേക്കാള്‍ എല്ലാവര്‍ക്കും ഇനി ഇങ്ങനെന്നാണ് എല്ലാവരുമൊന്ന് കൂടിചേരുക എന്നുള്ള വിഷമാണെന്ന് തോന്നി. "അവധിക്കാലം" എന്ന് പേരിട്ട് സ്കൂളില്‍ നിന്ന് കൊടുത്ത് വിട്ടിരിക്കുന്ന പ്രത്യേകബുക്കില്‍ വിവരിക്കാനുള്ളൊരു ദിവസം കിട്ടിയ സന്തോഷത്തിലും എങ്ങനെയൊക്കെ എഴുതണം എന്നുമുള്ള ചര്‍ച്ചയിലായിരുന്നു കുട്ടിസ് പലരും. ആ സന്തോഷത്തില്‍ പങ്ക്‌ചേരാന്‍ പറ്റിയ സന്തോഷത്തില്‍ ഞാനും.

വൈകുന്നേരത്തോടെ വിശേഷങ്ങളും പറഞ്ഞ് എല്ലാവരും പിരിഞ്ഞു. പോകുന്നവരോടെല്ലാം അമ്മാമക്ക് ഓര്‍‌മിപ്പിക്കാനുണ്ടായിരുന്നത് ഒരു കാര്യം മാത്രം. തലേന്ന് അമ്പ് എടുക്കണേന് മുന്നേ തന്നെ എല്ലാവരും എത്താന്‍ മറക്കല്ലേന്ന്, പള്ളിപെരുന്നാളിന് :)
ശുഭം! ഇത്രേം മതി.
********************************


സൊഹാര്യം: *പ. തെ. ന = ഷോര്‍ട്ട് ഫോം ഓഫ് പട്ടി, തെണ്ടി, നായ  (( എന്താന്നറിഞ്ഞൂട സ്നേഹോം ദേഷ്യോം ഒന്നിച്ച് വന്നാല്‍ ഈ ഒരു പ്രയോഗം പതിവാ. ഷോര്‍ട്ട് ഫോമില്‍ മാത്രം.))

വായനക്കാര്‍ എന്തേലുമൊക്കെ പ്രതീക്ഷിച്ചാണ് ഇവ്ടെ വന്നത് എങ്കില്‍..... പ്രതീക്ഷിച്ചതൊന്നും ഇവ്ടെ കണ്ടില്ല എങ്കില്‍, അതിന്‍‌റെ പൂര്‍ണ്ണ ഉത്തരവാദിത്വം നിങ്ങള്‍ക്ക്  മാത്രമാണെന്ന് ഇതിനാല്‍ വിനിതമായി അറിയിച്ചുകൊള്ളൂന്നു.  നന്ദി നമസ്കാരം.

ഫോട്ടോക്ക് കട : സ്വന്തം കട

വെള്ളിയാഴ്‌ച, മേയ് 27, 2011

ജോപ്പന്‍..!!

മധ്യകേരളത്തിലെ ഇടത്തരം നസ്രാണി ഫാമിലി സെറ്റപ്പിലാണ് നമ്മുടെ കഥാനായകന്‍ ജോപ്പന്‍‌റെ തിരുപിറവി‍. പള്ളി കപ്യാരായ അന്തോണ്യേട്ടന്‍‌റേം മോളിചേച്ചീടേം ഒറ്റമകന്‍‍.

കെട്ട് കഴിഞ്ഞ് നാലഞ്ച് വര്‍ഷത്തോളം ജൈവ വളവും, ഇംഗ്ലീഷ് മരുന്നുകളും മാറി മാറി പ്രയോഗിച്ചും, പറ്റാവുന്ന പള്ളീലൊക്കെ നേര്‍ന്നും, നേര്‍ച്ചയിട്ടുമൊക്കെ കിട്ടിയ പൊന്നും കുടമായിരുന്നു ജോപ്പന്‍ എന്ന ഓമനപേരില്‍ അറിയപെട്ടിരുന്ന ജോസഫ്. ഒറ്റപുത്രന്‍ എന്നപരിഗണന കാരണം, ഒലക്കക്ക് എന്നല്ല ഓലകൊണ്ട് പോലും ഒന്ന് കിട്ടാനുള്ള ഭാഗ്യം അവനില്ലാതെ പോയി.

ഇന്ന് നമ്മുടെ കഥാനായകന്‍ വളര്‍ന്നങ്ങ് മുട്ടനായി. മുട്ടനായെന്ന് വച്ചാല്‍, സ്വഭാവം കൊണ്ടൊരു മുട്ടനാട്. ഒരു കഥാനായകനാകാനുള്ള പ്രായമൊന്നും ആയിട്ടില്ല ജോപ്പന്. കഴിഞ്ഞ കുംഭത്തിലൊമ്പത് വയസ്സ്. അത്രേള്ളൂ. വയസ്സിനനുസരിച്ചുള്ള വിവരം ജോപ്പനില്ലെങ്കിലും വണ്ണത്തിന്‍‌റെ കാര്യത്തില്‍ ജോപ്പന് അപാര മൂപ്പായിരുന്നു.

ഒരു മിനി ഓര്‍മ്മ മാര്‍ബിള്‍സ് ഷോറൂം തുറന്നാല്‍ അതില്‍ മോഡലാവണം എന്നതാണ് ജോപ്പന്‍‌റെ അം‌മ്പീഷന്‍ എന്ന് തോന്നിപോകും രൂപം കണ്ടാല്‍. ഒറ്റ ചാട്ടം ചാടിയാല്‍ ജോപ്പന്‍‌റെ സിക്സിന്‍‌റെ പാക്കുകളും, ജസ്റ്റിലെ മസില്‍സും നാലോ അഞ്ചോ തവണ കുലുങ്ങി കുലുങ്ങി നില്‍ക്കണം. അതില്‍ കുറഞ്ഞാല്‍ മോളിചേച്ചിക്ക് പിന്നെ ആകെ പരവേശം. ന്‍‌റെ കുഞ്ഞിന് കൊടുക്കണതൊന്നും ദേഹത്ത് പിടിക്കണില്ലെന്നുള്ള ആധി.

അമിത വണ്ണവും, പോഴത്തരവും, വിശിഷ്യ കയ്യിലിരുപ്പും കാരണം മറ്റ്  കുട്ടികള്‍ ജോപ്പനെ കൂടെ കൂട്ടാന്‍ ധൈര്യം കാണിക്കാറില്ല.  അതുകൊണ്ട് തന്നെ ഒഴിവുസമയങ്ങളില്‍ അപ്പനൊപ്പം ജോപ്പനും പള്ളിയിലാകും.  തോട്ടത്തിലും പറമ്പിലും അടുക്കള ഭാഗത്തുമൊക്കെയായി എന്തേലും കുരുത്തകേടൊപ്പിച്ച് ജോപ്പനും കാണും.

കാര്യം പള്ളി കപ്യാരുടെ മകനാണെങ്കിലും, ഇടവകക്കാര് മുഴുവനും ജോപ്പനെ അറിയാന്‍ തുടങ്ങിയത് ഈ അടുത്താണ്.


രാവിലെ പള്ളിപണിയും തീര്‍ത്ത് പോകാന്‍ നേരം ജോപ്പന്‍ അന്തോണി ചേട്ടനെ വട്ടം പിടിച്ചു. പള്ളി പറമ്പിലെ പേരമരം അതില്‍ കായ്ച്ച് നില്‍ക്കുന്ന വലിയൊരു പേരക്ക. ജോപ്പനത് വേണം. അതും പറഞ്ഞ് ജോപ്പന്‍ പറമ്പിലേക്കോടി. പിന്നാലെ ചെന്ന അന്തോണ്യേട്ടന്‍ കണ്ടത് മതിലുപണിക്ക് ഇറക്കിയ ഇഷ്ടികകട്ടകള്‍ പേരമരത്തിന് ചുറ്റും തകര്‍ന്ന് കിടക്കുന്നു.‍ രാവിലേ തൊട്ടേയുള്ള ജോപ്പന്‍‌റെ അദ്ധ്വാനം. എന്നിട്ടും രക്ഷയില്ലാതെ പേരമരോം പിടിച്ച് കുലുക്കികൊണ്ട് അപ്പനേം നോക്കി നിസ്സഹായനായി നില്‍ക്കുന്ന ജോപ്പന്‍

പേരക്ക വീഴ്ത്താന്‍ ജോപ്പനെടുക്കുന്ന റിസ്ക് കണ്ടിട്ടോ, അതോ....വിട്ടാലവന്‍ ചിലപ്പൊ പേരമരം തന്നെ പിഴുതെടുക്കുമെന്ന് തോന്നിയിട്ടോ എന്നറിയില്ല, ഷെഡ്ഡീന്നൊരു പഴയ മരകസേരയും വാക്കത്തിയും എടുത്ത് അന്തോണ്യേട്ടന്‍ രംഗത്തിറങ്ങി.

കസേരയില്‍ കയറി വാക്കത്തിക്ക് ആഞ്ഞൊന്ന് വീശി.

ഇല്ല; എത്തണില്ല. അല്പം കൂടി ഉയരം വേണം.

അപ്പന്‍ സല്പുത്രനെ തന്നെ ആശ്രയിച്ചു. അപ്പനെ താങ്ങാനുള്ള ഭാരം ആ ശരീരത്തിലുണ്ടെന്നറിഞ്ഞാകാം, മുറുക്കനെ പിടിച്ചോളോട്ടാ....എഴുന്നേക്കല്ലേട്ടാ എന്ന ഉപദേശൊക്കെ കൊടുത്ത്  ജോപ്പനെ കസേരയിലിരുത്തി.

കസേരകയ്യില്‍ ചവിട്ടിനിന്ന്, ഒരുകാല്‍കൊണ്ട് പിന്നിലേക്ക് ചാരുന്ന ഭാഗത്ത് ഊന്നിയുയര്‍ന്ന് കയ്യിലെ വാക്കത്തികൊണ്ട് ഒറ്റ തട്ട്!!

ഈ..................ശോ..............യേ.............!!!!!!!!!!!!!!!

അപ്പനാരേയോ വിളിക്കുന്നത് കേട്ടെങ്കിലും  താഴെവീണ പേരക്കയുംകൊണ്ടുള്ള ഓട്ടത്തിനിടയില്‍ ജോപ്പനതൊന്നും കാര്യമാക്കി എടുത്തില്ല.


പിറ്റേന്ന് കപ്യാരെ കാണാതെ വീട്ടില്‍ ചെന്നപ്പോള്‍ മോളിചേച്ചി വാതില്‍ തുറന്നു. പുറകില്‍ രണ്ടു കയ്യും കൂപ്പിപിടിച്ച് അന്തോണിചേട്ടന്‍

സാധാരണ അച്ചന്മാര്‍ക്കാണല്ലോ സ്തുതി കൊടുക്കുന്ന ഏര്‍പ്പാട് എന്ന് മനസ്സില്‍ കരുതിയെങ്കിലും കൈകൂപ്പി നില്‍ക്കുന്ന കണ്ടപ്പൊ ഫ്രീയായി ഞങ്ങളും കൊടുത്തു:

“ഈശോമിശിഹാക്ക് സ്തുതിയായിരിക്കട്ടെ“


പതിവില്ലാത്തത് കേട്ട ഭാവത്തില്‍ അന്തോണ്യേട്ടന്‍.

“ഇന്ന് രാവിലെ കണ്ടില്ലല്ലോ പള്ളീലേക്കൊന്നും. എന്തേ സുഖല്ലാരുന്നോ?“

കൂടുതല്‍ വിനയത്തോടെ അല്പം കുനിഞ്ഞ് തൊഴുത് -“രണ്ട് മാസത്തേക്കിനി പള്ളിയിലേക്കൊന്നും ഇല്ല മക്കളെ“

“രണ്ട് മാസോ?? എന്ത് പറ്റി?“

പറ്റിയതൊന്നും പറയാണ്ടിരിക്യാ നല്ലതെന്നും പറഞ്ഞ്  നീളന്‍ കുപ്പായത്തിന്‍‌റെ കൈകള്‍ കടിച്ച് മുകളിലേക്ക് വലിച്ചപ്പൊ കാണാം...പ്ലാസ്റ്ററിട്ട് കഴുത്തില്‍ കെട്ടിതൂക്കിയ രണ്ട് കരങ്ങള്‍.

ഒരു അപ്പന്‍‌റെ ഗദ്ഗദം.....

ആ കോപ്പന്‍ ജോപ്പന്‍ ചതിച്ചുമക്കളേ....!!!

----------------------------
ഇതിലെ കഥയും പാത്രങ്ങളും സാങ്കല്പികമല്ലെന്നും, അതിനാല്‍ തന്നെ ജീവിച്ചിരിക്കുന്നവരോ, മരിച്ച്കിടക്കുന്നവരോ ആയ ആരുമായും സാമ്യം തോന്നാമെന്നും ഇതിനാല്‍ അറിയിക്കുന്നു.
--അടുത്ത കഥ: ജോപ്പന്‍‌റെ കുമ്പസാരം-- ;)
---------------------------

തിങ്കളാഴ്‌ച, മേയ് 16, 2011

ചെറുതിന്‍‍റെ കയ്യിലും പൂമാല - ദി കുപ്പ

അന്നൊരു ബുധനാഴ്ച. അന്നെന്ന് പറഞ്ഞാല്‍ അത്ര പുറകിലേക്കൊന്നും പോവണ്ട. കറക്റ്റായിട്ട് പറഞ്ഞാല്‍; മേയ് 11.

അന്ന് എന്തുണ്ടായീന്ന് അറിയാന്‍ നിങ്ങള്‍ക്ക് വല്യ താത്പര്യൊന്നും കാണില്ല. എന്നാലും പറയാനുള്ളത് ഞാന്‍ പറയണല്ലോ. അതായത്, അന്നാണ് ബൂലോകത്തില്‍ ബ്ലോഗേഴ്സിനെല്ലാം കടുത്ത ഭീഷണിയായി മാറിയേക്കാവുന്ന, എന്നൊക്കെ സ്വപ്നം കാണുന്ന ഈ ചവറ് ബ്ലോഗ് ‘ദി കുപ്പ’ ഒണ്ടാക്കി എടുത്തത്. എന്തിനാ...? ആ.....

സത്യായിട്ടും ഒരു പിടീം ഇല്ലിഷ്ടാ. ഓരോരോ പുലികളുടെ ബ്ലോഗൊക്കെ വായിക്കുമ്പൊ ഇടക്കൊക്കെ തോന്നീണ്ട്; “ഇങ്ങനൊക്കെ നടന്നാ മത്യാ.... സ്വന്തായിട്ടൊക്കെ വേണ്ടേ ഒരു ബ്ലോഗ്ഗ്”. പക്ഷേ അങ്ങട്ട് വരണില്ല മറ്റേ ധൈര്യംന്ന് പറഞ്ഞ സാധനം. ഓരോന്നെഴുതി സമയനഷ്ടോം, ആരേലും വായിച്ചാല്‍ ഉണ്ടായേക്കാവുന്ന മാനനഷ്ടോം... എല്ലാം ആലോചിക്കുമ്പൊ പിന്നേം ഒറപ്പിക്കും. മാണ്ട. ബ്ലോഗൊന്നും കുടുംബത്തീ പെറന്നോര്‍ക്ക് കൊള്ളൂല.

എന്നിട്ടും ഏതോ ഉള്‍പ്രേരണ. ബ്ലോഗ് തൊടങ്ങ്...ബ്ലോഗ് തൊടങ്ങ് എന്ന് ആരോ പിന്നാലെ നടന്ന് കരഞ്ഞ് പറയണ പോലെ. (ഓ..പിന്നേ) ആ.... ഏതെങ്കിലും ആത്മാവിന് എന്‍‍റെ ബ്ലോഗ് വായിച്ച് മോക്ഷം നേടണംന്ന് ഉണ്ടാവും. വിധി!

അപ്പൊ പറഞ്ഞ് വന്നത്. രണ്ടും കല്പിച്ച് ഞാനൊരു ബ്ലോഗങ്ങ് തൊടങ്ങി ഇട്ടു. ഒന്നൂലേലും വല്ലവന്‍‍റേം ബ്ലോഗ് വായിച്ച് അഭിപ്രായിക്കുമ്പൊ എന്‍‍റെ പേരെങ്കിലും കാണൂലോ അവ്ടെ. ചില ബ്ലോഗിലൊന്നും അഭിപ്രായിക്കാന്‍ പറ്റാറില്ല. സ്വന്തായി ബ്ലോഗുള്ളോര്‍ക്ക് മാത്രേ അഭിപ്രായ സ്വാതന്ത്ര്യം ഉള്ളൂന്ന് കാണിക്കും. പാവം ഞാന്‍ :(

തൊടങ്ങിയാ മാത്രം പോരല്ലോ, ആരേലുമൊക്കെ അറിയണ്ടേ ഞാനും ബ്ലോഗാന്‍ പോണൂന്ന്. വെള്ളിയാഴ്ച പതിനൊന്നിന്‍ നേരം വെളുത്തയുടന്‍ വിളിച്ച്, ആകെ മൊത്തം ഉള്ള ഒരേഒരു പെങ്ങളാ.

“ഹല ഹലോ..... ഞാനാ”

 “ടാ പൊട്ടാ” ഏഹ്.....ഞാനാണെന്ന് മനസ്സിലായില്ലെന്ന് തോന്നുന്നു.

അല്ലേച്ചി അളിയനല്ല. ഇത് ഞാനാ.

ആ, അത് മനസ്സിലായി. നീയെവ്ടെപോയി ചത്ത് കിടക്കുവാരുന്നു. ദിവസെത്രായീന്നറിയോ കുടുമ്മത്തോട്ട് നീ വിളിച്ചിട്ട്. അമ്മേനെ  വിളിക്കുമ്പൊ കേക്കാം ബാക്കി.

ഈശോയേ.....പണി പാളി. ചെക്കന്‍ വെളുക്കെ വെളുക്കെ ചാറ്റിംങ്ങാണെന്ന് അളിയന്‍‍റെ വായീന്ന് വീണേ പിന്നെ പതിവുള്ള വിളി നിന്നാല്‍.... “ ആ കുരുത്തം കെട്ടവന്‍ ഏതേലും പെണ്ണിനേം കൊണ്ട് വീട്ടീകേറി വരൂലോ പുണ്യാളാ” എന്നുള്ള ആധിയാണ്‍.

ഏ........യ്; പെണ്ണോ........ ഞാനോ! നോ നെവര്‍‍ എന്നൊക്കെ ആണയിട്ട് പറഞ്ഞാലും അമ്മക്കറിയാം, എനിക്ക് എന്നെ തന്നെ വിശ്വാസം ഇല്ലാതെയാ ആ പറയണേന്ന്.

“ആ...ഞാന്‍ വിളിക്കാന്‍ നിക്കുവാ. ഇത് കഴിഞ്ഞിട്ട് അങ്ങടും വിളിക്കണം” ഒവ്വ

 പീന്നേയ്....വേറൊരു കാര്യം. ഞാനൊരു ബ്ലോഗ് തൊടങ്ങി.

ന്തൂട്ട്!!?

ബ്ലോഗ് ബ്ലോഗേ

എന്ന്വച്ചാല്‍....??

പഷ്ട്! , ഇന്നാള്‍ കോളേജിലോട്ട് ബ്ലോഗെഴുത്തിനെ പറ്റി ഉപന്യാസം തയ്യാറാക്കാനും വേണ്ടീട്ട് എന്‍‍റെ കാശും കളഞ്ഞ് അങ്ങാട്ട് വിളിച്ച് ഒന്നൊന്നൊര മണിക്കൂറെടുത്ത് ഞാന്‍ പറഞ്ഞ് കൊടുത്തതാണ്. ബ്ലോഗെന്ന് വച്ചാലെന്തുവാ, എങ്ങനാ, എപ്പഴാ എന്നൊക്കെ. എന്നിട്ടിപ്പം.....!!

അപ്പഴേ....അളിയന്‍ വിളിച്ചാരുന്നോ? അസുഖൊന്നും ഇല്ലാലോ ലെ, വേറെ വിശേഷം വല്ലതും..... ഞാനേ രാവിലെ തന്നെ വെറുതേ ഒന്ന് വിളിച്ചതാ. വൈകീട്ട് വിളിക്കാം. അപ്പൊ ശരീട്ടാ”

ഡാ ഡാ.... നീ പറഞ്ഞ് വന്നത് മുഴോനാക്കീട്ട് പോ. എന്തോ ബ്ലോഗ് തുടങ്ങീത്....!

ഏയ്... ഒന്നൂല. എല്ലാം ഒന്നൂടെ ശര്യാക്കീട്ട് പിന്നെ പറയാം. അമ്മോട് പറഞ്ഞേക്ക് ഞാന്‍ വിളിച്ചൂന്ന്. അപ്പൊ പിന്നേം ശരീട്ടാ. ബായ്

ഹല്ലപിന്നെ. ബ്ലോഗെന്തെന്ന് അറിയാത്തോരോട് കൂടുതല്‍ വിശദീകരിച്ചെന്നാത്തിനാ. ഞാനങ്ങ് കട്ടീതു.

രംഗം 2: മേയ് 12
ആരോ....പാടുന്നു ദൂരേ....

പതിവില്ലാതെ തലക്കലിരുന്ന് മൊബൈലില്‍ അലാറം പിന്നേം അടിക്കുന്നു. പണ്ടാറം ഇതൊരിക്കെ അടിച്ചപ്പൊ ഓഫാക്കീതാരുന്നല്ലോ. വീണ്ടും ഒന്നൂടെ ഓഫാക്കി പിന്നേം കിടന്നു.

തിരിഞ്ഞ്  കിടന്നില്ല, അപ്പഴേക്കും  ആ ആരോ പിന്നേം പാടാന്‍ തുടങ്ങ്യപ്പൊ മനസ്സിലായി. അലാമല്ല, ആരോ...കോളുന്നു ദൂരെ! അതും ഈ വെളുപ്പാന്‍ കാലത്ത്... ഉറക്കച്ചടവോടെ ഫോണെടുത്ത് ഹാജര്‍ കൊടുത്തു “ആ.....എന്താ”

“ചേട്ടായ്യ്യേ..ഞാനാ, എന്തേ ഫോണ്‍ കട്ടീതത്? കുറേ ആയി വിളിക്കണു” അങ്കിളിന്‍‍റെ മോളാ.

ആ നീയാരുന്നോ, എന്നതാടീ വെളുപ്പിനേ..പതിവില്ലാതെ?

വെളുപ്പിനോ?  ഒമ്പതര്യായിട്ടും എണീറ്റില്ലായിരുന്നൊ?

ആഹ്....അതവ്ടെ. ഇന്ന് അവധ്യല്ലേ. അപ്പൊ നേരം വൈകിയേ വെളുക്കൂ. എന്നതാ കാര്യം?

“അതേയ്...അമ്മാമ പറഞ്ഞിട്ടാ വിളിക്കണത്. ഇന്നലെ അമ്മാന്‍‍റി (എന്‍‍റെ അമ്മ) വിളിച്ചിരുന്നു. അപ്പൊതൊട്ട് തുടങ്ങീതാ. എന്തോ പ്രശ്നം ഉണ്ടെന്ന് തോന്നണു. ഞാന്‍ കൊടുക്കാം”

ഏഹ്...പ്രശ്നോ?? എന്ത് പ്രശ്നം എന്ന് ചോദിക്കും മുന്നേ അവള്‍ ഫോണ്‍ കൈമാറി.

കുശലാന്വേഷണം ചോദിക്കാന്‍ പോലും അനുവദിക്കാതെ ഒരു പത്തു മിനിറ്റ്. ഞാന്‍ വെറും ശ്രോതാവ്. പരാതികള്‍.... പരിഭവങ്ങള്‍....ഞാന്‍ അന്തം വിടുന്നു, വിട്ട അന്തം തിരികെ എടുത്ത് പിന്നേം വിടുന്നു. ഹെന്‍‍റെ അന്തോണീസു പുണ്യാളാ... പ്രശ്നം എന്ന് അവള്‍ പറഞ്ഞപ്പഴും എനിക്കൊന്നും മനസ്സിലായില്ല. എന്തിന്, പത്ത് മിനിറ്റോളം അമ്മാമേടെ വര്‍ത്താനം കേട്ടിട്ടും പ്രശ്നം എന്താണെന്ന് പിടികിട്ടീല. ആകെ മൊത്തം മനസ്സിലായത് ചുരുക്കി പറഞ്ഞാല്‍....

ഞാനൊരു മനഃസാക്ഷി ഇല്ലാത്തവനാകുന്നു. വന്ന വഴികള്‍ മറന്നിരിക്കുന്നു. എന്തിനും ഏതിനും അങ്കിള്‍‍സിന്‍‍റെ സഹായവും ഉപദേശവും ഇത് വരെ എനിക്ക് ആവശ്യമായിരുന്നു. ഗള്‍ഫില്‍ കേറി പോകണവരേം എന്തിന്, ആദ്യവട്ടം നാട്ടില്‍ വന്നപ്പഴും എനിക്ക് എല്ലാവരും വേണമായിരുന്നു.  ഇപ്പൊ ഞാന്‍ വലിയ നിലയിലാണ്, കയ്യില്‍ നാല്‍ കാശുണ്ടായതിന്‍‍റെ അഹങ്കാരം. വീട്ടുകാരേം ബന്ധുക്കളേം മറന്നു. ഒറ്റക്ക് നില്‍ക്കാന്‍ പ്രാപ്തിയായി. സ്വന്തം ഇഷ്ടങ്ങളും തീരുമാനങ്ങളും.

മുകളില്‍ പറഞ്ഞ ആ ലൈനിലുള്ള കുറേ വാക്കുകള്‍, വാചകങ്ങള്‍.... എന്നാലും നീയൊന്ന് വിളിക്കുംന്ന് വിചാരിച്ചു ഇന്നലെ. നിന്‍‍റെ അമ്മ പറഞ്ഞിട്ടാണെങ്കിലും അറിഞ്ഞു. സന്തോഷം. നന്നായി വരട്ടെ എന്നും അനുഗ്രഹിച്ച് ഫോണും വച്ചു.

ഒരു കാര്യം മനസ്സിലായി. അമ്മ വഴി അറിഞ്ഞ എന്തോ ആണ്  പ്രശ്നം. അപ്പൊ ആളെ വിളിച്ചാല്‍ കറക്റ്റ് കാര്യം മനസ്സിലാവും. അങ്ങനെ വിളിച്ച്, മനസ്സിലായി....എല്ലാം മനസ്സിലായി. അതും ചുരുക്കി തന്നെ പറയാവും നല്ലത്.

ഒന്ന് പിന്നിലേക്ക് പോവാം. അതായത് ഞാന്‍ ചേച്ചിയെ വിളിച്ച് ഫോണ്‍ കട്ട് ചെയ്യുന്നു. ഞാന്‍ വിളിച്ചിരുന്ന കാര്യം ചേച്ചി അമ്മയെ വിളിച്ച് പറയുന്നു. കൂട്ടത്തില്‍ “അവന്‍ അവ്ടെ എന്തോ ബ്ലോഗോ മറ്റോ തുടങ്ങാന്‍ പോണു”  എന്ന വിവരം കൂടി സവിനയം അറിയിക്കുന്നു.

എന്തോ കാര്യത്തിന്‍ അമ്മയെ വിളിച്ച അമ്മാമ എന്നെ കുറിച്ച് അന്വേഷിക്കുന്നു.
“വിളിച്ചിരുന്നോ അവന്‍?“
രാവിലെ ചേച്ചിയെ വിളിച്ചിരുന്നെന്ന് സൂചിപ്പിക്കുന്നതിനിടയില്‍ അറിഞ്ഞ കാര്യം ചൂടാറാതെ അമ്മയും പറഞ്ഞു. “അവനവ്ടെ പുതിയതായിട്ട് എന്തൊക്യോ ഏര്‍പ്പാട് തുടങ്ങീണ്ട്”

സ്വാഭാവികമായും ഉണ്ടായേക്കാവുന്ന സംശയങ്ങള്‍ അമ്മാമയും ചോദിച്ചു. “എന്തിന്‍‍റെ, ഒറ്റക്കാണോ, അതിനുള്ള ആളൊക്കെ ആയോ അവന്‍,  അതോ അളിയനും അവനും ചേര്‍ന്നാണോ, ലാഭം ഉള്ള സംഭവാണോ തുടങ്ങി പലതും.

എന്നോടൊന്നും ഇത് വരെ പറഞ്ഞിട്ടില്ലാരുന്നു. ഞാനും ഇപ്പഴാ അറിയണത്, ഇനി ചിലപ്പൊ വൈകീട്ട് വിളിക്കും. അപ്പൊ അറിയാം കൂടുതല്‍ കാര്യങ്ങള്‍ എന്നൊക്കെ പറഞ്ഞ് അമ്മ അവസാനിപ്പിച്ചു.

ഇത്ര നാളും അമ്മവീട്ടില്‍, നിന്ന് പഠിച്ച് വളര്‍ന്ന്, എല്ലാ കാര്യങ്ങളും അങ്കിള്‍‍സിനോടും, അമ്മാമയോടുമൊക്കെ ആലോചിച്ച് ചെയ്തിരുന്ന ഞാന്‍ ഇങ്ങനെ  സ്വന്തായിട്ട്....അതും ഗള്‍ഫില്‍ ഒരു സംഭവം തുടങ്ങീട്ട്....അതൊന്ന് അറിയിച്ചില്ലാന്ന് വച്ചാല്‍......!!! സഹിക്യോ....

ബ്ലോഗ് തുടങ്ങീത് വിളിച്ച് പറയാന്‍ തോന്നിയ ടൈം....!!!!

എന്തായാലും,  തുടങ്ങിയ ബ്ലോഗില്‍ എന്ത് പണ്ടാരം കുത്തിയിടും എന്ന് വിചാരിച്ചിരിക്കുമ്പോഴാണ്‍ ഇങ്ങനൊക്കെ നടന്നത്. എന്നാ പിന്നെ അത് തന്നെ ആവട്ടെ ആദ്യത്തെ ‘ചവറ്’.

ന്‍‌റെ ബ്ലോഗനാര്‍‍കാവിലമ്മോ...ഇതോണ്ടങ്ങ് പെരുപ്പിച്ചേക്കണേ...