ബുധനാഴ്‌ച, ഓഗസ്റ്റ് 24, 2011

അരക്കില്ലങ്ങളില്‍ നിന്ന്...!!

രണം വിളികളുമായി റോഡിലൂടെ കടന്നുപോകുന്ന അയ്യപ്പ ഭക്തര്‍. വെളിച്ചം വീഴും മുന്നേ ഈ മഞ്ഞും തണുപ്പും  കുളിരുമൊന്നും വകവക്കാതെ അമ്പലകുളത്തിലേക്കുള്ള പോക്കാണ്. മകരം കഴിയണവരേം കാണും ഇതെല്ലാം.  ഈ മഞ്ഞത്ത് പുറത്തിറങ്ങണ്ടാന്ന് ഉമ്മ പറഞ്ഞതാണ്. ഉമ്മക്കറിയില്ലല്ലോ ഇതിന്‍‌റെ സുഖം.

കൈരണ്ടും നല്ലവണ്ണം കൂട്ടിതിരുമ്മി കക്ഷത്തില്‍ വച്ച്കെട്ടി റോഡിലിറങ്ങി. രാത്രി മഴചാറിയ നനവ്. വഴിയിലെല്ലാം വെളിച്ചം വീഴുന്നേയുള്ളൂ.  അകലെ നിന്നും മിനിമോള് വരുന്നു, ഇന്നല്പം നേരത്തേയാണ് കക്ഷി. എത്ര നേരത്തെയാണെങ്കിലും അതിരാവിലെയുള്ള ഓട്ടത്തില്‍ നിറയെ ആള്‍ക്കാരുണ്ടാവും. കൂടുതലും വാര്‍ക്കപണിക്കാര്‍. ലൈറ്റിട്ട് അതിവേഗം വന്ന് ഒരു ചാറ്റലടിപ്പിച്ച് അവള്‍ കടന്നുപോയി. ബസ്സ് പിടിക്കാനെന്നവണ്ണം ഊടുവഴിയില്‍ നിന്നും രണ്ട് നായ്ക്കലിറങ്ങി അവള്‍ പോയ ദിശയില്‍ ഓടുന്നു.

മണിചേച്ചിയുടെ ചായകടയിലെത്തിയപ്പോഴാണ് മനസ്സിലായത്, സമയം തെറ്റിയത് മിനിമോള്‍ക്കല്ല, വൈകിയത് താനാണ്. സാധാരണ സുകുവും, വറീതേട്ടനും താനുമാണ് ആദ്യം എത്താറ്. ഇതിപ്പൊ ആള് കൂടി. ഇന്നത്തെ വാര്‍ത്താവായന കുളമായത് തന്നെ.

"ആ....ഈ ചെക്കന്‍ അടുത്തൊന്നും ചാവില്ല! വറീതേട്ടന്‍ ദേ ഇപ്പൊതന്നെ ചോദിച്ചേള്ളോ, റഹീമെടുത്ത്വോന്ന്"

"തണുപ്പല്ലേ മണ്യേച്ചേ, പുതപ്പ് മേത്ത്‌ന്ന് മാറ്റാന്‍ തോന്നണില്ല"

"ഇനീം എത്രനാളാടാ നീയീ പുതപ്പിട്ട് തണുപ്പ് മാറ്റണത്, ആ കൊച്ചിനെ വീട്ടില്‍ വിളിച്ച് കൊണ്ടരരുതോ"

പെട്ടു.! ദിവാകരേട്ടന്‍ തന്നെക്കാള്‍ മുന്നേ എത്തിയ കാര്യം ഓര്‍ത്തില്ല. ആളുടെ മുന്നില്‍ സൂക്ഷിച്ച് സംസാരിച്ചില്ലെങ്കിലുള്ള പ്രശ്നം ഇതാണ്. അപ്പുറത്തിരുന്ന് സുകു തന്‍‌റെ മുഖത്ത് നോക്കി 'ഇനിയിപ്പൊ അനുഭവിച്ചോ' എന്നര്‍ത്ഥത്തില്‍ തലയാട്ടുന്നു.

ആളുടെ മുഖത്ത് നോക്കി ചുമ്മാ ഒന്ന് ചിരിച്ചു, "മണ്യേച്ചേ മ്മടെ ചായ"!

ചായകിട്ടാതെ ഇനി തണുപ്പ് മാറാതിരിക്കണ്ടെന്ന ഡയലോഗോടെ ഒന്നരമീറ്റര്‍ ചായ മുന്നില്‍.

ചൂട്ചായ മൊത്തികുടിച്ച് അടുത്തിരിക്കുന്ന വറീതേട്ടന്‍‌റെ കയ്യിലെ പേപ്പറിലേക്ക് ഏന്തിവലിഞ്ഞ് നോക്കുമ്പോഴാണ് അടുത്ത കമന്‍‌റ് "അവള് വന്നാല്‍ പിന്നെ ചെക്കനെ ചായകുടിക്കാനെന്നും പറഞ്ഞ് ഈ സമയത്ത് വിട്വോ, ഒരു ചായകുറയൂലോ മണീ"

അത്രേം നേരം പേപ്പറില്‍ നോക്കിയിരുന്ന വറീതേട്ടന്‍ വായനവിട്ട് സംസാരത്തിലേക്ക് തിരിഞ്ഞു.
"അല്ല റഹീമേ, നിന്‍‌റെ സമുദായക്കാര് വല്യ ബഹളൊക്കെ ഉണ്ടാക്കീട്ട് എന്തായി. അതിനെ കെട്ടണെങ്കി നിങ്ങടെ കൂട്ടത്തില് ചേരണംന്നല്ലേ പറഞ്ഞേക്കണത്"

"അതിന് അവനെവ്ട്യാ മാപ്ലേ കൂട്ടം. പള്ളീം നിസ്കാരോം ഒന്നൂലാതെ ചൊമന്ന കൊടീം കൊണ്ട് നടക്ക്വല്ലേ" മണ്യേച്ചി.

ഇനിരക്ഷയില്ല, ഇവര്‍ക്ക് ഇന്ന് സംസാരിക്കാന്‍ കിട്ടിയ വിഷയം താനാണ്. താന്‍ പോയാലും ഇല്ലെങ്കിലും ഇനിയീവിഷയം കത്തികയറും.

"ഏയ്, അല്പം ഇഷ്ടകേടുണ്ടെങ്കിലും രണ്ട്കൂട്ടരും സമ്മതിച്ചമട്ടാണ്.  അവളുടെ പഠിപ്പൊക്കെയൊന്ന് കഴിയട്ടെ, അപ്പോഴേക്കും വര്‍ക്ക്‌ഷോപ്പും ഒന്ന് വലുതാക്കിയെടുക്കണം, ആ....സമയംണ്ട്" എന്ന് പറഞ്ഞ് എണീറ്റു. സുകുവിനേയും കൂട്ടി കവലയിലെത്തുമ്പോഴേക്കും വഴിയിലെല്ലാം തിരക്ക് വീണുതുടങ്ങിയിരുന്നു.

-------------------

ല്ലാ...ഹു അക്ബര്‍ അല്ലാ.........ഹു അക്ബര്‍
അഷ്-ഹദു അന്‍..ല....ഇലാഹ ഇല്ലള്ളാ........

ബാങ്കിന്‍‌റെ ഉച്ചത്തിലുള്ള ശബ്ദം കേട്ടാണ് ഞെട്ടിയുണര്‍ന്നത്. രാത്രിയെന്നോ പകലെന്നോ ഇല്ലാ‍തെ ഓടിതളര്‍ന്ന എ സിയുടെ മൂളലും, ബാങ്കിന്‍‌റെ ഒച്ചയും കൂടിചേര്‍ന്ന് തലച്ചോറില്‍ തുളച്ചുകയറുന്നതുപോലെ. രണ്ടുകൈകൊണ്ടും ചെവി പൊത്തിപിടിച്ചു. ഉറക്കെ മൂളിയും തലയാട്ടിയും എഴുന്നേറ്റു. ഇപ്പൊ തന്‍‌റെ ശബ്ദത്തിന്‍‌റെ മുഴക്കമല്ലാതെ പുറമെ നിന്നൊന്നും കേള്‍ക്കണ്ട.

പരിസരബോധം വന്നപ്പൊ മനസ്സിലൊരു വിങ്ങല്‍ ഉയരുന്നത് അറിഞ്ഞു. കൂടെ സുകുവില്ല,  ലോകവാര്‍ത്തകളില്‍ തുടങ്ങുന്ന പ്രഭാതമോ,  നാട്ടുവഴിയിലെ കുളിരോ തനിക്കുചുറ്റുമില്ല.

താനൊരു സ്വപ്നം കാണുകയാണ്, ഇതിനവസാനം നാട്ടിലെ പ്രഭാതത്തിലേക്കായിരിക്കും താന്‍ ഉണരുന്നത്. അങ്ങനെ ആയിരുന്നെങ്കില്‍ എന്ന് ആശിച്ചുപോയി. ഈ ചുരുങ്ങിയ കാലം കൊണ്ട് അത്രമാത്രം വെറുത്തുപോയിരിക്കുന്നു ഇവിടം.

ഒരിക്കലും താന്‍ ആഗ്രഹിച്ചതല്ല ഇത്. സാഹചര്യങ്ങള്‍ ഇവിടെ എത്തിക്കുകയായിരുന്നു എന്ന് വേണം പറയാന്‍. അപ്രതീക്ഷിതമായി ഏറ്റെടുക്കേണ്ടി വന്ന ഉത്തരവാദിത്വങ്ങള്‍. എന്നും കുടും‌ബത്തിലെ നെടുംതുണായി ഉപ്പ ഉണ്ടാകുമെന്ന് കരുതിയിരുന്നു. മതത്തിന്‍‌റെ ചട്ടകൂടിനു പുറത്ത് മനുഷ്യനായി ജീവിക്കാന്‍ ശ്രമിച്ച, ഈശ്വരന്‍ എന്ന ശക്തിയെ മതത്തിന്‍‌റെ പുറം കുപ്പായമില്ലാതെ വിശ്വസിച്ച താന്‍ കാരണം സമുദായം ഒറ്റപ്പെടുത്തിയത് കുടുംബത്തെകൂടിയായിരുന്നു.

നാടറിഞ്ഞ് കൊണ്ടുനടന്നിരുന്ന തന്‍‌റെ പ്രണയം. ഹിന്ദു കുടുംബത്തില്‍ നിന്നുമായിരുന്നിട്ടും അധികം എതിര്‍പ്പുകളൊന്നുമില്ലാതെ വിവാഹം വരെയെത്തിയ ആ ബന്ധവും അവസാനിക്കാന്‍ അധികം നാളുകള്‍ വേണ്ടി വന്നില്ല. ന്യായീകരണങ്ങളും, ക്ഷമാപണങ്ങളും കേട്ട് നില്‍ക്കാനേ കഴിഞ്ഞുള്ളൂ. തന്നോടുതന്നെ വെറുപ്പ് തോന്നിയ നാളുകള്‍. ഉമ്മയുടേയും, അടുത്ത സുഹൃത്തുക്കളുടേയും നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങേണ്ടത് ഇപ്പൊ തന്‍‌റെകൂടി ആവശ്യമാണെന്ന് തോന്നി. വര്‍ക്ക്ഷോപ്പ് കൂട്ടുകാരെ ഏല്പിച്ച് ഇവ്ടെയെത്തിയിട്ട് നാലുമാസമാകുന്നു.

നാലുമാസത്തിനിടയില്‍ താമസിക്കാനിത് അഞ്ചാമത്തെ റൂമാണ്. റൂമിന്‍‌റെ കുറവ് കാരണം ലീവില്‍ പോകുന്നവരുടെ ഒഴിവിലാണ് താമസം. ചെല്ലുന്നിടത്ത് എല്ലാവരുമായി ഒന്ന് പരിചയമാകുമ്പോഴേക്കും മറ്റൊരിടത്തേക്. പല ദേശക്കാര്‍, പല ഭാഷക്കാര്‍, മനം മടുപ്പിക്കുന്ന റൂമിലെ അന്തരീക്ഷം. വല്ലാത്തൊരു അരക്ഷിതാവസ്ഥ.  അനുവാദമില്ലാതെ കടന്നുവന്നവനോടെന്ന പോലെയുള്ള പെരുമാറ്റമാണ് ഓരോറൂമിലും ലഭിക്കുന്നത്. നാടിനേക്കാള്‍ ചേരിതിരിവുകള്‍ ഇവ്ടെയാണെന്ന് തോന്നി.

ആദ്യവരവില്‍ മിക്കവര്‍ക്കും സംഭവിക്കാവുന്നതെന്ന്  കരുതി ഒതുങ്ങികഴിയാന്‍ ശ്രമിച്ചു. പക്ഷേ ഈയിടെയായി എല്ലാത്തിനോടും പ്രതികരിച്ചുപോകുന്നു. നിയന്ത്രിക്കാനാകാത്ത വിധത്തില്‍ ദേഷ്യപെടുന്നു,  കോപംകൊണ്ട് എന്തൊക്കെയോ പുലമ്പുന്നു. മെക്കാനിക്കായി തന്നെ ഇവിടേയും ജോലിയില്‍ പ്രവേശിച്ചെങ്കിലും പുതിയവനെന്ന അവഗണന സ്ഥിരമായപ്പോളാണ് ആദ്യമായി പണിസ്ഥലത്ത് ബഹളമുണ്ടാക്കിയത്. ആ ഒരു അവസ്ഥയില്‍‌ അറിയാതെ സംഭവിച്ചെങ്കിലും  അത് തനിക്കൊരു ധൈര്യമായി.

ഉണ്ണുകയും, ഉറങ്ങുകയും, വിയര്‍പ്പൊഴുക്കി പണിയെടുക്കുകയും ചെയ്യുന്നൊരു വെറും ശരീരം മാത്രമാണ് താന്‍. അതിനുള്ളിലെ മനസ്സും ചിന്തകളും തന്നോടൊപ്പം നില്‍ക്കാന്‍ കൂട്ടാക്കുന്നില്ലെന്ന് തോന്നി. പണിക്കിടയിലും, തിരികെ റൂമിലെത്തിയാലും നാട്ടിലെ ചിന്തകളിലൂടെയാകും മനസ്സിന്‍‌റെ സഞ്ചാരം. സുഹൃത്തുക്കളുമായുള്ള നിമിഷങ്ങളും, നഷ്ടപെട്ടുപോയ സൌഭാഗ്യങ്ങളും കരച്ചിലായും ചിരിയായുമൊക്കെ മുഖത്ത് പ്രകടമായികൊണ്ടിരുന്നു.  ടെലിവിഷനിലെ ക്യാമറകണ്ണുകളിലൂടെ കാണുന്ന നാടിനെ ഒരു കൊച്ചുകുട്ടിയുടെ കൌതുകത്തോടെ ആസ്വദിക്കുകയായിരുന്നു. അതിന് തടസ്സമായി വന്നവരെയെല്ലാം ചീത്തവിളിച്ചും ഭീഷണിപെടുത്തിയും അടക്കിനിര്‍ത്തുവാന്‍ തനിക്കായി. കോപം നല്ലൊരു ആയുധമാണെന്ന് തിരിച്ചറിവ് .

റൂമില്‍ നിന്ന് ഒഴിഞ്ഞുകൊടുക്കണം എന്ന ആവശ്യവുമായി വന്ന അറബിയും തന്‍‌റെ വാക്കിന്‍‌റെ മൂര്‍ച്ചയറിഞ്ഞു. താനില്ലാത്ത സമയം നോക്കി അനുവാദമില്ലാതെ തന്‍‌റെ സാധനങ്ങള്‍ പുറത്തിറക്കി വക്കുന്നതുകണ്ടപ്പോളാണ് ആദ്യമായി ഒരാളുടെ ദേഹത്ത് കരുത്ത് കാണിച്ചത്. തിരികെ എല്ലാം റുമില്‍‌ വച്ച്  ജോലിസ്ഥലത്ത് പോലും പോകാതെ കാവലിരുന്നു. കൂട്ടം കൂടി തന്നെ പരിഹസിക്കുന്ന കുറേ മുഖങ്ങള്‍. ഒരുമുറിയില്‍ കഴിയുന്ന മറ്റുള്ളവരെല്ലാം തന്നെ പുറത്താക്കാന്‍ നോക്കുന്ന ശത്രുക്കളാണെന്ന തോന്നല്‍. ഉറക്കത്തില്‍‌ പോലും ഇടക്കെഴുന്നേറ്റ് എല്ലാം ഭദ്രമാണെന്നുറപ്പിച്ച് പിന്നേം കിടക്കും. സ്വയരക്ഷക്കായി ഒളിപ്പിച്ച് വച്ചിരുന്ന ആയുധം ഇന്നലെ കാണാനില്ലായിരുന്നു. അതുകൊണ്ട് തന്നെ എല്ലാവരും ഉറക്കമാകുന്നത് വരെയും കാത്തിരിക്കുകയായിരുന്നു. പിന്നെയെപ്പോഴാണ് താന്‍ ഉറങ്ങിയത്. അബദ്ധം സംഭവിച്ചെന്ന തോന്നലില്‍‌ ചാടിയെഴുന്നേറ്റു.

റൂമില്‍ പതിവിലും കൂടുതല്‍ പ്രകാശമുണ്ട്. ചുമരിലെ ക്ലോക്കില്‍ നോക്കിയപ്പോഴാണ്,  എത്രമാത്രം വൈകിയാണ് ഉണര്‍‌ന്നതെന്ന ബോധമുണ്ടായത്. ഇത് പ്രഭാതമല്ല. ളു‌ഹ്‌ര്‍ നമസ്കാരത്തിനുള്ള ബാങ്കായിരുന്നു താന്‍ കേട്ടത്. ഇതിനുമുമ്പൊരിക്കലും നട്ടുച്ചവരെയൊന്നും ഇങ്ങനെ ബോധം കെട്ട് ഉറങ്ങിയിട്ടില്ല. എന്നിട്ടും നല്ല ക്ഷീണം . തലക്കുള്ളിലൊക്കെ ആകെയൊരു തരിപ്പനുഭവപ്പെടുന്നു. റൂമില്‍ മറ്റാരെയും കാണുന്നില്ല. ആരെങ്കിലും വരുന്നതിനുമുമ്പേ മെസ്സില്‍ പോയി അല്പം ഭക്ഷണം കൊണ്ടുവരാം. മുഖം കഴുകി, സാധനങ്ങളെല്ലാം തലേന്ന് വച്ചത്പോലെ തന്നെയുണ്ട് എന്ന് ഉറപ്പുവരുത്തി.

പുറത്തിറങ്ങാന്‍ വാതില്‍‌ ലോക്കാണ്. സാധാരണ രാത്രി മാത്രമേ അത് പൂട്ടാറുള്ളൂ. തന്‍‌റെ കൈവശമുള്ള താക്കോല്‍‌കൂട്ടമെടുത്തു. വാതിലിന്‍‌റെ താക്കോല്‍‌ മാത്രം ആ കൂട്ടത്തില്‍ കാണുന്നില്ല. ഇനിയിപ്പൊ പുറത്തിറങ്ങാന്‍‌ അവരാരെങ്കിലും വരണം. അല്ലാതെ വേറെ വഴിയില്ല. പക്ഷേ തന്‍‌റെ താക്കോല്‍‌കൂട്ടത്തിലെ താക്കോലെവ്ടെ! അത് മാത്രമായി ആരെടുക്കാന്‍. ഇനിയിപ്പൊ  ഇതിനുള്ളില്‍ മനഃപൂര്‍വ്വം പൂട്ടിയിട്ട് പ്രതികാരം തീര്‍ത്തതായിരിക്കുമോ.  വീണ്ടും വീണ്ടും ലോക്കില്‍ പിടിച്ച് തിരിച്ചു നോക്കി. വാതിലില്‍ ആഞ്ഞ് മുട്ടിയാല്‍ ആരെങ്കിലും കേട്ട് വരുമെന്ന് തോന്നി. നേരം വൈകുംതോറും ദേഷ്യവും വിഷമവും കൂടി വരുന്നു. സ്വയം നിയന്ത്രിക്കാന്‍ കഴിയുന്നില്ല. എല്ലാവരോടുമുള്ള പ്രതികാരം ചെയ്യാനുള്ളൊരു ആവേശം. കണ്ണില്‍‌ കണ്ടതും കയ്യില്‍‌ കിട്ടിയതുമെല്ലാം തല്ലിയുടച്ച് കലിയടക്കാന്‍ നോക്കി. സമയം ഒരുപാട് കടന്നുപോയിട്ടും ഒന്നും സംഭവിച്ചില്ല. വിശപ്പുകൊണ്ട് വീണ്ടും തളര്‍ന്നുകിടക്കുമ്പോഴും ആരോടൊക്കെയോ ഉള്ള അടങ്ങാത്ത പകയായിരുന്നു ഉള്ളില്‍.
----------------

(ഒരു സൌഹൃദസംഭാഷണം)

അസലാമലൈക്കും....

വ അലൈക്കുമുസ്സലാം.... എന്തുവാടേയ് രാവിലെ  ഒരു അളിഞ്ഞ ചിരി.

ഹ, നീയൊന്നും അറിഞ്ഞില്ലേ? നിന്‍‌റെ കൂട്ടുകാരനെ പോലീസ് പൊക്കീലോ!

ഏത് കൂട്ടുകാരന്‍? എന്താ സംഭവം

നിന്‍‌റെ പഴയ സഹമുറിയന്‍ ആയിരുന്നില്ലേ ആ പുതീത് വന്ന മെക്കാനിക്ക്. എന്‍‌റെതൊട്ടടുത്ത മുറിയിലെ ലീവ് വേക്കന്‍സിയില്‍ ആയിരുന്നു ഇത്ര നാളും. അവനെ തന്നെ

ആ... അവനോ, പോലീസ് പൊക്കാന്‍ മാത്രം എന്ത് കുരുത്തക്കേടാ അങ്ങേരൊപ്പിച്ചത്?

അവന് വട്ടായിരുന്നെടാ. നല്ല മുഴുത്ത വട്ട്. ആ അതെങ്ങിനാ...... നിന്‍‌റെയൊക്കെ കൂടെയല്ലേ ആദ്യം തന്നെ വന്ന് പെട്ടത്.

കര്‍ത്താവേ, വട്ടോ!! നീ കാര്യായിട്ടാണോ

പിന്നല്ലാതെ, കുറേ നാളായിട്ട് പണിക്ക്യൊന്നും പോണില്ലായിരുന്നൂന്നേ. റൂമില്‍ എല്ലാവന്മാരായും സ്ഥിരം വഴക്കും വക്കാണവും. ആദ്യൊക്കെ നല്ല കോമഡി ആയിരുന്നു. ടീവീലൊക്കെ നോക്കിയിരുന്ന് ചുമ്മാതങ്ങ് ചിരിക്കണത് കാണാം. പിന്നെ കുറേ നേരം ചത്ത പോലെയാവും.  രാത്രിയൊക്കെ ഇരുട്ടത്ത് ഒറ്റക്ക് കിടന്ന് ചിരിതന്നെ ചിരി. പിന്നെ ചിലപ്പോ കരച്ചിലും. നേരത്തെ കിടന്നുറങ്ങും. മറ്റുള്ളോര് കിടന്നാല്‍ പിന്നെ ലൈറ്റിട്ട് ഇരിക്കുവാണത്രെ.

ഇതൊക്കെ വട്ടാണോഡേ!  

ആ..... നിനക്കങ്ങനെ തോന്നില്ല. നീയും ആ കൂട്ടത്തില്‍ പെട്ടതല്ലേ

പോഡേയ് പോഡേയ്

മാത്രല്ല. അവന്‍‌റെ ബെഡ്ഡേലോ സാധങ്ങളിലോ തൊട്ടാല്‍‌ കൊന്ന് കളയും എന്ന് പറഞ്ഞ് കത്തിയും തലയണക്കടില്‍ വച്ചാണത്രേ കുറച്ചായിട്ട് ഉറക്കം. എല്ലാവരും കൂടി ക്യാം‌ബോസിന് കംബ്ലൈന്‍‌റ് കൊടുത്തു. ക്യാം ബോസ് വന്നപ്പൊ ആള്‍ക്കും കിട്ടി നല്ല മുട്ടന്‍‌തെറി. അതോടെ കാര്യത്തിനൊരു തീരുമാനമായി.
ഇന്നലെ മറ്റുള്ളോരൊക്കെ പല റൂമിലാ രാത്രി ഉറങ്ങീത്. അവനെ അകത്തിട്ട് പൂട്ടി, പുറത്ത് സെക്യൂരിറ്റിയേം നിര്‍ത്തീരുന്നു. എന്ത് ബഹളായിരുന്നു അകത്ത്. ഉച്ച കഴിഞ്ഞ് പോലീസ് വന്നപ്പൊ റൂമിലുള്ള സകല സാധങ്ങളും വാരി വലിച്ചിട്ടിരിക്കണു. രണ്ട് കമ്പ്യൂട്ടറും ടീവീം ഒക്കേം പോയി. എന്തായാലും ആളെ ക്യാന്‍സല്‍ ചെയ്യാന്‍ പറഞ്ഞു കമ്പനിയോട്. രണ്ട് ദിവസത്തിനുള്ളില്‍ കേറ്റി വിടുമായിരിക്കും.

അപ്പൊ ഒരാത്മാവുകൂടി ഇവ്ടുന്ന് രക്ഷപെട്ടു. 

ഹ്മം.....അതെയതെ, ഒടുക്കത്തെ രക്ഷപെടലായിപോയി. 

അള്ളാ കാക്കട്ടെ. കാണാം ബായ്!
****************************

സിന്ദഗീമേം യെ ഫസ്റ്റാമത്തെ കഥാശ്രമം. 
ഉള്ള മരുന്നൊക്ക് നിറച്ച് തിരി കൊളുത്തുന്നു.  
ഒന്ന്  ചീറ്റുവെങ്കിലും ചെയ്താല്‍, അല്പം പുകയെങ്കിലും കണ്ടാല്‍ നോം കൃതാര്‍ത്ഥനായി.  

 ലേലുഅല്ലു, ലേലുഅല്ലു, ലേലുഅല്ലൂ...കൊല്ലരുത്! :(