ശനിയാഴ്‌ച, ജൂലൈ 16, 2011

മഴയിലൂടൊരു യാത്ര

കയ്യെത്തും ദൂരേ...ഒരു കുട്ടികാലം..
മഴവെള്ളം പോലെ ഒരു കുട്ടികാലം..

മഴയെകുറിച്ചും, കുട്ടികാലത്തെ കുറിച്ചും ഓര്‍ക്കുമ്പോള്‍ എപ്പോഴും ആദ്യം മനസ്സില്‍ വരുന്നത് ഈ വരികളാണ്. മഴയോര്‍മ്മകള്‍ കൂടുതല്‍ തെളിഞ്ഞു നില്‍ക്കുന്നത് ബാല്യത്തിലായതിനാലാവാം. നാട്ടില്‍ മഴ തുടങ്ങിയത് മുതല്‍ എവ്ടെ നോക്കിയാലും, മഴകവിതയും, മഴക്കാലവും, ഓര്‍മ്മകളും, ഫോട്ടോകളും അങ്ങനങ്ങനെ ആകെ മഴ മയം. അതൊക്കെ കണ്ടാല്‍ പിന്നെ ബാക്കിയുള്ളോര് അടങ്ങിയൊതുങ്ങി ഇരിക്കണതെങ്ങനെ. പെരുമഴ ആയില്ലെങ്കിലും ചെറുത് ചെറിയൊരു ചാറ്റ‌ല്‍മഴ ആവാന്‍ പറ്റുമോന്ന് നോക്കട്ടെ.

മഴയെ കുറിച്ച് പറയുമ്പോഴെല്ലാം ഓര്‍ക്കുന്നൊരു മുഖമാണിത്. വിക്ടര്‍ ജോര്‍ജ്ജ്.  മലയാള മനോരമയിലെ ഫോട്ടോ ജേര്‍ണലിസ്റ്റായ വിക്ടറിനെ കുറിച്ച് കൂടുതല്‍ അറിയുന്നതും അദ്ദേഹത്തിന്‍‌റെ മരണത്തിനു ശേഷമാണ്. കൃത്യമായി പറഞ്ഞാല്‍ അദ്ദേഹത്തിന്‍‌റെ മരണവാര്‍ത്തകളില്‍ നിന്ന്. മഴയെ ഒരുപാട് സ്നേഹിച്ച്, മഴയുടെ വ്യത്യസ്തങ്ങളായ ഭാവങ്ങള്‍ തന്‍‌റെ ക്യാമറകണ്ണിലൂടെ ഒപ്പിയെടുത്ത് സ്വന്തമാക്കിയിരുന്ന മഴയുടെ കാമുകന്‍. ഏത് നല്ല മഴചിത്രങ്ങള്‍ കണ്ടാലും ഉടനേ മനസ്സില്‍ തോന്നുക “ഇത് വിക്ടറുടെ തന്നെയാവും” എന്ന ചിന്തയായിരുന്നു. അത്രയേറെ മഴയെ അടുത്തറിഞ്ഞ് നല്‍കിയ വശ്യമനോഹരചിത്രങ്ങള്‍ ഒരു വ്യത്യസ്ത അനുഭവം കൂടിയാണ് പകര്‍ന്ന് തന്നിരുന്നത്. ഇതുപോലൊരു കര്‍ക്കിടകമാസത്തിലെ മഴയിലാണ് വിക്ടര്‍ ഓര്‍മ്മയാകുന്നത്. ഇടുക്കിയിലെ വെണ്ണിയാനിമലയിലെ ഉരുള്‍പൊട്ടലില്‍.... മഴയെ അത്രമാത്രം സ്നേഹിച്ച വിക്ടര്‍ തന്‍‌റെ കാമുകിയുടെ രൌദ്രഭാവത്തില്‍ അലിഞ്ഞില്ലാതായത് ഒരു പതിറ്റാണ്ട് മുമ്പായിരുന്നു. 2001 ജൂലൈ 9 ന്. അദ്ദേഹത്തിന്‍‌റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം!

കാലം തെറ്റാതെ പതിവായെത്തുന്ന പണ്ടത്തെ മഴക്കാലം. എല്ലാവരേയും പോലെതന്നെ ഒരു കയ്യില്‍ അമ്മയുടെ വിരലും മറുകയ്യില്‍ പുള്ളികളുള്ള കുഞ്ഞികുടയുമായി മഴയത്ത് ആദ്യത്തെ നഴ്സറി യാത്ര. അതിനും പുറകിലേക്ക് മഴയെകുറിച്ച് ഒന്നും തെളിഞ്ഞുവരുന്നില്ല.

അമ്മടീച്ചറുടെ അടുത്താക്കിയിട്ട് അമ്മ പടികടന്നു പോകുന്നത് കണ്ട് ഒരൊറ്റ ഓട്ടമായിരുന്നു മഴയിലൂടെ. ആദ്യമായി മഴനനഞ്ഞതും അന്ന് തന്നെ എന്നാണ് ഓര്‍മ്മ. ആകെ നനഞ്ഞതുകൊണ്ടാകാം ആദ്യദിവസം തന്നെ 'ക്ലാസ്സ് കട്ട്'. പിറ്റേന്ന് മുതല്‍ മിഠായിയും, ഇടവിട്ട് അമ്മടീച്ചര്‍ വായിലിട്ട് തരുന്ന വറുത്തഗോതമ്പും, നാലുമണിയിലെ പാലും, ഉപ്പുമാവും, പുതിയകൂട്ടുകാരുമൊക്കെയായി നഴ്സറി ഇഷ്ടപെട്ടുതുടങ്ങി. മഴയുണ്ടെങ്കിലെ കുടകിട്ടൂ എന്നതിനാലാവാം അന്നൊക്കെ മഴയെ ഇഷ്ടപെട്ടത്.

വേനലും വര്‍ഷവും മാറി വന്നു, ഓരോ വര്‍ഷവും പുതിയ താമസസ്ഥലം, പുതിയ വിദ്യാലയം, പുതിയ കൂട്ടുകാര്‍. വര്‍ണ്ണങ്ങള്‍ നിറഞ്ഞ പുള്ളികള്‍ മാഞ്ഞ്, ശീലകളില്‍ ഇരുട്ട്‌ വീണനാളുകള്‍. അക്കാലത്തെ ഓര്‍മ്മകളില്‍ മഴപൊഴിഞ്ഞ നാളുകള്‍ ഇല്ലായിരുന്നെന്ന് തോന്നുന്നു, അഥവാ ഓര്‍ക്കാനിഷ്ടപെടാത്ത, കുളിരനുഭവപെടാത്തൊരു പെരുമഴക്കാലം!

മഴയെ അറിയാനും, മനസ്സറിഞ്ഞ് ഇഷ്ടപെടാനും തുടങ്ങിയത് അമ്മവീട്ടിലെ പഠനക്കാലം മുതലായിരിക്കണം. വാഹനങ്ങളുടെ ഇരമ്പലില്‍ നിന്നും, തിരക്കുകളില്‍ നിന്നുമൊക്കെയകന്ന്, വയലുകളും, കുന്നുകളും, തോടും, കുളങ്ങളും നിറഞ്ഞ മറ്റൊരു ലോകം. വെയിലും, മഞ്ഞും, കാറ്റും പോലെ തന്നെയാണ് മഴയെന്നും, അതിനെ പേടിച്ച് അകത്തിരിക്കേണ്ടെന്നും പറഞ്ഞത് അമ്മയുടെ ആങ്ങളമാരാണ്. നനഞ്ഞതുണികള്‍ ഉണക്കിയെടുക്കാനുള്ള വിഷമം കാരണമാകാം, ആ സംഭവത്തോട് അമ്മക്കല്പം അലോഹ്യം ഉണ്ടായിരുന്നെങ്കിലും അമ്മാവന്മാരുടെ ധൈര്യത്തില്‍ മഴ നനയല്‍ ഒരു ശീലം ആയി. മഴയുള്ളപ്പോള്‍ കണ്ടത്തില്‍ പോയി ഏറ്പന്ത് കളിക്കല്‍, ഞവിഞ്ഞി പെറുക്കല്‍, കുളത്തില്‍ കുളി, പുതുമഴയിലെ തവളപിടുത്തം, രാത്രിമഴയിലെ നല്ലതണുപ്പിലും, കലങ്ങിമറിഞ്ഞൊഴുകുന്ന തോട്ടില്‍ അമ്മാവന്മാര്‍ക്കൊപ്പം പോയി വലവച്ച് മീന്‍പിടിക്കല്‍, എന്നിങ്ങനെയുള്ള പലതും മഴക്കാലത്തെ ആവേശമായിരുന്നു; അന്നും ഇന്നും.

മണ്‍റോഡ് നിറഞ്ഞ് താഴേക്കൊലിക്കുന്ന മഴവെള്ളത്തില്‍ കൊടികുത്തിയ വഞ്ചികളിറക്കിയുള്ള മത്സരക്കളിയില്‍ അങ്ങാടിയിലെ മിക്ക തലതെറിച്ചവന്മാരും കാണും. മഴതോര്‍ന്നാല്‍ റോഡിലെ കുഴികളിലെ വെള്ളത്തില്‍ കാലുകൊണ്ട് പ്രത്യേകതരത്തിലടിച്ച് പടക്കം പൊട്ടുന്ന പോലുള്ള ശബ്ദം ഉണ്ടാക്കല്‍, മഴതുള്ളികള്‍ നിറഞ്ഞ് നില്‍ക്കുന്ന ചില്ലകള്‍ കുലുക്കി പിന്നില്‍ വരുന്നവരെ നനപ്പിക്കല്‍, പച്ച ഈര്‍ക്കിലില്‍ കുടുക്കുണ്ടാക്കി കെട്ടികിടക്കുന്ന വെള്ളത്തില്‍ നിന്ന് തവളയെ കുടുക്കിപിടിച്ച് ചാടിച്ച് നടത്തല്‍, ഓടിനിടയിലൂടെ ചോര്‍ന്ന്  അകത്തെ തറയില്‍ കെട്ടികിടക്കുന്ന വെള്ളം വിരല്‍ കൊണ്ട് ഏറ്റവും ദൂരത്തേക്ക് ചാലിട്ടൊഴുക്കല്‍, അകലേ കുന്നിന്‍‌ചെരുവിലെ കുളത്തില്‍ നിന്നും താഴെ പാടത്തേക്ക് വീടിനുമുന്നിലൂടെ ഒഴുകിപോകുന്ന നല്ല തെളിഞ്ഞവെള്ളത്തില്‍ നിന്നും കൈകൊണ്ട് തടവച്ച് മീന്‍‌കുഞ്ഞുങ്ങളെ പിടിച്ച് കിണറ്റിലിടല്‍ തുടങ്ങിയവയായിരുന്നു അന്നത്തെ പ്രധാന നേരം‌പോക്കുകള്‍!

മഴക്കാലത്തെ മറ്റൊരു ഓര്‍മ്മയാണ് പാരിജാതപൂക്കള്‍. കുനുകുനുന്നനെ നല്ല വെളുത്ത പാരിജാതപൂക്കള്‍ നിറഞ്ഞമരം വീടിനു പുറകിലായിട്ടാണ്. അതിരില്‍ നിന്നിരുന്ന ആ മരത്തിനോടുള്ള ഇഷ്ടം കാരണമാവാം അയല്പക്കത്തെ മാഷ് മരത്തെ ഒഴിവാക്കിതന്ന് മതില്‍ വളച്ച് കെട്ടിയത്. നല്ല ഉയരത്തില്‍ വളര്‍ന്നു നില്‍ക്കുന്ന മരത്തില്‍ നിന്നും മഴക്കൊപ്പം പൊഴിയുന്ന പാരിജാതപൂക്കള്‍ക്ക് മോഹിപ്പിക്കുന്നൊരു സുഗന്ധമുണ്ട്. ഇന്നും സൗരഭ്യം പരത്തികൊണ്ട്, കൈയെത്താദൂരത്തില്‍ നിറയെ പൂക്കളുമായി അതവ്ടെ തന്നെ നില്‍ക്കുന്നു.

പള്ളിക്കൂടവും, വീടും നാടുമൊക്കെ വിട്ട് കൊച്ചിയില്‍ എത്തിപെട്ടപ്പോഴാണ് മഴയുടെ മറുമുഖം കാണുന്നത്. ഒരു മഴപെയ്താല്‍ വെള്ളം നിറയുന്ന റോഡുകളും, ഒറ്റപെട്ടുപോകുന്ന തെരുവുകളും, കിടക്കാനുള്ള കുടിലുകള്‍ നഷ്ടപെട്ട് ബസ്റ്റാന്‍‌റിലും മറ്റും കഴിയുന്ന ചേരികളിലെ കുടുംബങ്ങളുമൊക്കെയാണ് അന്നത്തെ മഴക്കാഴ്ചകള്‍. കാല്‍തുടവരെ നിറഞ്ഞ് നില്‍ക്കുന്ന അഴുക്കുകലര്‍ന്ന റോഡിലെ വെള്ളത്തിലേക്ക് മഴ നനഞ്ഞിറങ്ങിയിരുന്നത് മിക്കപ്പോഴും കാനകളില്‍ വീഴുന്ന വഴിയാത്രക്കാരേയും വാഹനങ്ങളുമൊക്കെ ഉയര്‍ത്തിയെടുക്കാനായിരുന്നു.

വീട്ടുവളപ്പിലേയും, വയലിലേയും മഴയില്‍നിന്നെല്ലാം തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നു കൊച്ചിയിലെ ജീവിതം സമ്മാനിച്ചത്. അക്കാലത്തെ തോണിയാത്രകളിലാണ് കായലിലെ മഴയുടെ സൗന്ദര്യമറിയുന്നത്. മഴനനഞ്ഞ് നില്‍ക്കുന്ന മറൈന്‍ഡ്രൈവിലെ സായാഹ്നവും, കലിതുള്ളുന്ന ഫോര്‍ട്ട്‌കൊച്ചിയിലെ കടല്‍ക്കരയും, ‍ മൂന്നാറിലെ മൊട്ടക്കുന്നുകളിലെയും, തേയിലതോട്ടങ്ങളിലേയും, കുമളിയിലെ കാടുകള്‍ക്കുള്ളില്‍ പെയ്തിറങ്ങുന്ന വര്‍ഷവും മഴയോര്‍മ്മകളില്‍ കുളിര് നിറക്കുന്ന അനുഭവമാണ്. മഴക്കാലയാത്രകളില്‍ കുടയെ പാടെ അവഗണിച്ചിരുന്നതിനാല്‍, മഴപൊഴിയുമ്പോള്‍ നെട്ടോടമോടുന്ന കൂട്ടുകാര്‍ക്കിടയില്‍ അന്നൊക്കെ ഒരു "മഴവട്ടന്‍" ഇമേജായിരുന്നു.

പ്രവാസജീവിതത്തിലേക്കെത്തിപെട്ടപ്പോള്‍ മിക്കവരുടേയും പോലെതന്നെ ഏറ്റവുമധികം നഷ്ടപെടുന്നതും ആ വര്‍ഷക്കാലം തന്നെ. സൈബര്‍ലോകത്തില്‍ കുറേ കൂട്ടുകാര്‍ ചേര്‍ന്നൊരുക്കിയ മഴഗ്രാമത്തില്‍ മഴയെകുറിച്ച് പറഞ്ഞും, പാടിയും, പങ്കുവച്ചും ഒരു മഴത്തുള്ളിയായി പൊഴിഞ്ഞ കുറേ നല്ല നാളുകളിലൂടെ ലഭിച്ചത് ഒരുപാട് മഴചിത്രങ്ങളുടേയും, മഴപ്പാട്ടുകളുടേയും നല്ലൊരു ശേഖരമായിരുന്നു. ദേഹമോ വസ്ത്രമോ നനച്ചില്ലെങ്കിലും ആ മഴക്കുമൊരു കുളിരുണ്ടായിരുന്നു. മനസ്സിനെ നനച്ച് പെയ്തിറങ്ങുന്ന സൗഹൃദത്തിന്‍‌റെ കുളിര്.

ഇന്ന് വര്‍ഷത്തിലൊരിക്കല്‍ ഒരു അതിഥിയെ പോലെ വന്ന് പോകുന്ന മരുഭൂമിയിലെ മഴ. ഇത്‌വരെ അനുഭവിച്ചതുപോലൊരു കുളിരുണ്ടായിരുന്നില്ല ആ മഴക്ക്. ദേഹം നനയുമ്പോഴും എന്തെല്ലാമോ നഷ്ടപെടുന്നതിന്‍‌റെ, മോഹഭംഗങ്ങളുടെ, വിരഹത്തിന്‍‌റെ കണ്ണീരിന്‍‌റെ ചൂടായിരുന്നു ആ മഴയിലാകെ പടര്‍ന്നിരുന്നത്.
-------------------------------------------------------------------------------------------------
സമര്‍പ്പണം: മഴയുടെ വ്യത്യസ്ത ഭാവങ്ങള്‍ പകര്‍ന്ന് നല്‍കിയ മഴയുടെ പ്രിയതോഴന്.
------------------------------------------------------------------------------------------------

വെറുതേ കുറേ മഴയോര്‍മ്മകള്‍.
മഴയെപറ്റി വാതോരാതെ പറയുകയും, മഴ നനയേണ്ടി വന്നാല്‍ അതേ മഴയെ പ്രാകുകയും ചെയ്യുന്ന ചിലരെങ്കിലും ഉണ്ട്. അതുകൊണ്ട് തന്നെ കുടയെ പണ്ടേക്ക് പണ്ടേ ഉപേക്ഷിക്കുകയും, ആവോളം മഴകൊള്ളുകയും ചെയ്തതിന്‍‌റെ അഹങ്കാരം ചെറുത് മറയില്ലാതെ പ്രകടിപ്പിക്കുന്നു. ഹല്ലപിന്നെ ;)