വെള്ളിയാഴ്‌ച, മേയ് 27, 2011

ജോപ്പന്‍..!!

മധ്യകേരളത്തിലെ ഇടത്തരം നസ്രാണി ഫാമിലി സെറ്റപ്പിലാണ് നമ്മുടെ കഥാനായകന്‍ ജോപ്പന്‍‌റെ തിരുപിറവി‍. പള്ളി കപ്യാരായ അന്തോണ്യേട്ടന്‍‌റേം മോളിചേച്ചീടേം ഒറ്റമകന്‍‍.

കെട്ട് കഴിഞ്ഞ് നാലഞ്ച് വര്‍ഷത്തോളം ജൈവ വളവും, ഇംഗ്ലീഷ് മരുന്നുകളും മാറി മാറി പ്രയോഗിച്ചും, പറ്റാവുന്ന പള്ളീലൊക്കെ നേര്‍ന്നും, നേര്‍ച്ചയിട്ടുമൊക്കെ കിട്ടിയ പൊന്നും കുടമായിരുന്നു ജോപ്പന്‍ എന്ന ഓമനപേരില്‍ അറിയപെട്ടിരുന്ന ജോസഫ്. ഒറ്റപുത്രന്‍ എന്നപരിഗണന കാരണം, ഒലക്കക്ക് എന്നല്ല ഓലകൊണ്ട് പോലും ഒന്ന് കിട്ടാനുള്ള ഭാഗ്യം അവനില്ലാതെ പോയി.

ഇന്ന് നമ്മുടെ കഥാനായകന്‍ വളര്‍ന്നങ്ങ് മുട്ടനായി. മുട്ടനായെന്ന് വച്ചാല്‍, സ്വഭാവം കൊണ്ടൊരു മുട്ടനാട്. ഒരു കഥാനായകനാകാനുള്ള പ്രായമൊന്നും ആയിട്ടില്ല ജോപ്പന്. കഴിഞ്ഞ കുംഭത്തിലൊമ്പത് വയസ്സ്. അത്രേള്ളൂ. വയസ്സിനനുസരിച്ചുള്ള വിവരം ജോപ്പനില്ലെങ്കിലും വണ്ണത്തിന്‍‌റെ കാര്യത്തില്‍ ജോപ്പന് അപാര മൂപ്പായിരുന്നു.

ഒരു മിനി ഓര്‍മ്മ മാര്‍ബിള്‍സ് ഷോറൂം തുറന്നാല്‍ അതില്‍ മോഡലാവണം എന്നതാണ് ജോപ്പന്‍‌റെ അം‌മ്പീഷന്‍ എന്ന് തോന്നിപോകും രൂപം കണ്ടാല്‍. ഒറ്റ ചാട്ടം ചാടിയാല്‍ ജോപ്പന്‍‌റെ സിക്സിന്‍‌റെ പാക്കുകളും, ജസ്റ്റിലെ മസില്‍സും നാലോ അഞ്ചോ തവണ കുലുങ്ങി കുലുങ്ങി നില്‍ക്കണം. അതില്‍ കുറഞ്ഞാല്‍ മോളിചേച്ചിക്ക് പിന്നെ ആകെ പരവേശം. ന്‍‌റെ കുഞ്ഞിന് കൊടുക്കണതൊന്നും ദേഹത്ത് പിടിക്കണില്ലെന്നുള്ള ആധി.

അമിത വണ്ണവും, പോഴത്തരവും, വിശിഷ്യ കയ്യിലിരുപ്പും കാരണം മറ്റ്  കുട്ടികള്‍ ജോപ്പനെ കൂടെ കൂട്ടാന്‍ ധൈര്യം കാണിക്കാറില്ല.  അതുകൊണ്ട് തന്നെ ഒഴിവുസമയങ്ങളില്‍ അപ്പനൊപ്പം ജോപ്പനും പള്ളിയിലാകും.  തോട്ടത്തിലും പറമ്പിലും അടുക്കള ഭാഗത്തുമൊക്കെയായി എന്തേലും കുരുത്തകേടൊപ്പിച്ച് ജോപ്പനും കാണും.

കാര്യം പള്ളി കപ്യാരുടെ മകനാണെങ്കിലും, ഇടവകക്കാര് മുഴുവനും ജോപ്പനെ അറിയാന്‍ തുടങ്ങിയത് ഈ അടുത്താണ്.


രാവിലെ പള്ളിപണിയും തീര്‍ത്ത് പോകാന്‍ നേരം ജോപ്പന്‍ അന്തോണി ചേട്ടനെ വട്ടം പിടിച്ചു. പള്ളി പറമ്പിലെ പേരമരം അതില്‍ കായ്ച്ച് നില്‍ക്കുന്ന വലിയൊരു പേരക്ക. ജോപ്പനത് വേണം. അതും പറഞ്ഞ് ജോപ്പന്‍ പറമ്പിലേക്കോടി. പിന്നാലെ ചെന്ന അന്തോണ്യേട്ടന്‍ കണ്ടത് മതിലുപണിക്ക് ഇറക്കിയ ഇഷ്ടികകട്ടകള്‍ പേരമരത്തിന് ചുറ്റും തകര്‍ന്ന് കിടക്കുന്നു.‍ രാവിലേ തൊട്ടേയുള്ള ജോപ്പന്‍‌റെ അദ്ധ്വാനം. എന്നിട്ടും രക്ഷയില്ലാതെ പേരമരോം പിടിച്ച് കുലുക്കികൊണ്ട് അപ്പനേം നോക്കി നിസ്സഹായനായി നില്‍ക്കുന്ന ജോപ്പന്‍

പേരക്ക വീഴ്ത്താന്‍ ജോപ്പനെടുക്കുന്ന റിസ്ക് കണ്ടിട്ടോ, അതോ....വിട്ടാലവന്‍ ചിലപ്പൊ പേരമരം തന്നെ പിഴുതെടുക്കുമെന്ന് തോന്നിയിട്ടോ എന്നറിയില്ല, ഷെഡ്ഡീന്നൊരു പഴയ മരകസേരയും വാക്കത്തിയും എടുത്ത് അന്തോണ്യേട്ടന്‍ രംഗത്തിറങ്ങി.

കസേരയില്‍ കയറി വാക്കത്തിക്ക് ആഞ്ഞൊന്ന് വീശി.

ഇല്ല; എത്തണില്ല. അല്പം കൂടി ഉയരം വേണം.

അപ്പന്‍ സല്പുത്രനെ തന്നെ ആശ്രയിച്ചു. അപ്പനെ താങ്ങാനുള്ള ഭാരം ആ ശരീരത്തിലുണ്ടെന്നറിഞ്ഞാകാം, മുറുക്കനെ പിടിച്ചോളോട്ടാ....എഴുന്നേക്കല്ലേട്ടാ എന്ന ഉപദേശൊക്കെ കൊടുത്ത്  ജോപ്പനെ കസേരയിലിരുത്തി.

കസേരകയ്യില്‍ ചവിട്ടിനിന്ന്, ഒരുകാല്‍കൊണ്ട് പിന്നിലേക്ക് ചാരുന്ന ഭാഗത്ത് ഊന്നിയുയര്‍ന്ന് കയ്യിലെ വാക്കത്തികൊണ്ട് ഒറ്റ തട്ട്!!

ഈ..................ശോ..............യേ.............!!!!!!!!!!!!!!!

അപ്പനാരേയോ വിളിക്കുന്നത് കേട്ടെങ്കിലും  താഴെവീണ പേരക്കയുംകൊണ്ടുള്ള ഓട്ടത്തിനിടയില്‍ ജോപ്പനതൊന്നും കാര്യമാക്കി എടുത്തില്ല.


പിറ്റേന്ന് കപ്യാരെ കാണാതെ വീട്ടില്‍ ചെന്നപ്പോള്‍ മോളിചേച്ചി വാതില്‍ തുറന്നു. പുറകില്‍ രണ്ടു കയ്യും കൂപ്പിപിടിച്ച് അന്തോണിചേട്ടന്‍

സാധാരണ അച്ചന്മാര്‍ക്കാണല്ലോ സ്തുതി കൊടുക്കുന്ന ഏര്‍പ്പാട് എന്ന് മനസ്സില്‍ കരുതിയെങ്കിലും കൈകൂപ്പി നില്‍ക്കുന്ന കണ്ടപ്പൊ ഫ്രീയായി ഞങ്ങളും കൊടുത്തു:

“ഈശോമിശിഹാക്ക് സ്തുതിയായിരിക്കട്ടെ“


പതിവില്ലാത്തത് കേട്ട ഭാവത്തില്‍ അന്തോണ്യേട്ടന്‍.

“ഇന്ന് രാവിലെ കണ്ടില്ലല്ലോ പള്ളീലേക്കൊന്നും. എന്തേ സുഖല്ലാരുന്നോ?“

കൂടുതല്‍ വിനയത്തോടെ അല്പം കുനിഞ്ഞ് തൊഴുത് -“രണ്ട് മാസത്തേക്കിനി പള്ളിയിലേക്കൊന്നും ഇല്ല മക്കളെ“

“രണ്ട് മാസോ?? എന്ത് പറ്റി?“

പറ്റിയതൊന്നും പറയാണ്ടിരിക്യാ നല്ലതെന്നും പറഞ്ഞ്  നീളന്‍ കുപ്പായത്തിന്‍‌റെ കൈകള്‍ കടിച്ച് മുകളിലേക്ക് വലിച്ചപ്പൊ കാണാം...പ്ലാസ്റ്ററിട്ട് കഴുത്തില്‍ കെട്ടിതൂക്കിയ രണ്ട് കരങ്ങള്‍.

ഒരു അപ്പന്‍‌റെ ഗദ്ഗദം.....

ആ കോപ്പന്‍ ജോപ്പന്‍ ചതിച്ചുമക്കളേ....!!!

----------------------------
ഇതിലെ കഥയും പാത്രങ്ങളും സാങ്കല്പികമല്ലെന്നും, അതിനാല്‍ തന്നെ ജീവിച്ചിരിക്കുന്നവരോ, മരിച്ച്കിടക്കുന്നവരോ ആയ ആരുമായും സാമ്യം തോന്നാമെന്നും ഇതിനാല്‍ അറിയിക്കുന്നു.
--അടുത്ത കഥ: ജോപ്പന്‍‌റെ കുമ്പസാരം-- ;)
---------------------------

തിങ്കളാഴ്‌ച, മേയ് 16, 2011

ചെറുതിന്‍‍റെ കയ്യിലും പൂമാല - ദി കുപ്പ

അന്നൊരു ബുധനാഴ്ച. അന്നെന്ന് പറഞ്ഞാല്‍ അത്ര പുറകിലേക്കൊന്നും പോവണ്ട. കറക്റ്റായിട്ട് പറഞ്ഞാല്‍; മേയ് 11.

അന്ന് എന്തുണ്ടായീന്ന് അറിയാന്‍ നിങ്ങള്‍ക്ക് വല്യ താത്പര്യൊന്നും കാണില്ല. എന്നാലും പറയാനുള്ളത് ഞാന്‍ പറയണല്ലോ. അതായത്, അന്നാണ് ബൂലോകത്തില്‍ ബ്ലോഗേഴ്സിനെല്ലാം കടുത്ത ഭീഷണിയായി മാറിയേക്കാവുന്ന, എന്നൊക്കെ സ്വപ്നം കാണുന്ന ഈ ചവറ് ബ്ലോഗ് ‘ദി കുപ്പ’ ഒണ്ടാക്കി എടുത്തത്. എന്തിനാ...? ആ.....

സത്യായിട്ടും ഒരു പിടീം ഇല്ലിഷ്ടാ. ഓരോരോ പുലികളുടെ ബ്ലോഗൊക്കെ വായിക്കുമ്പൊ ഇടക്കൊക്കെ തോന്നീണ്ട്; “ഇങ്ങനൊക്കെ നടന്നാ മത്യാ.... സ്വന്തായിട്ടൊക്കെ വേണ്ടേ ഒരു ബ്ലോഗ്ഗ്”. പക്ഷേ അങ്ങട്ട് വരണില്ല മറ്റേ ധൈര്യംന്ന് പറഞ്ഞ സാധനം. ഓരോന്നെഴുതി സമയനഷ്ടോം, ആരേലും വായിച്ചാല്‍ ഉണ്ടായേക്കാവുന്ന മാനനഷ്ടോം... എല്ലാം ആലോചിക്കുമ്പൊ പിന്നേം ഒറപ്പിക്കും. മാണ്ട. ബ്ലോഗൊന്നും കുടുംബത്തീ പെറന്നോര്‍ക്ക് കൊള്ളൂല.

എന്നിട്ടും ഏതോ ഉള്‍പ്രേരണ. ബ്ലോഗ് തൊടങ്ങ്...ബ്ലോഗ് തൊടങ്ങ് എന്ന് ആരോ പിന്നാലെ നടന്ന് കരഞ്ഞ് പറയണ പോലെ. (ഓ..പിന്നേ) ആ.... ഏതെങ്കിലും ആത്മാവിന് എന്‍‍റെ ബ്ലോഗ് വായിച്ച് മോക്ഷം നേടണംന്ന് ഉണ്ടാവും. വിധി!

അപ്പൊ പറഞ്ഞ് വന്നത്. രണ്ടും കല്പിച്ച് ഞാനൊരു ബ്ലോഗങ്ങ് തൊടങ്ങി ഇട്ടു. ഒന്നൂലേലും വല്ലവന്‍‍റേം ബ്ലോഗ് വായിച്ച് അഭിപ്രായിക്കുമ്പൊ എന്‍‍റെ പേരെങ്കിലും കാണൂലോ അവ്ടെ. ചില ബ്ലോഗിലൊന്നും അഭിപ്രായിക്കാന്‍ പറ്റാറില്ല. സ്വന്തായി ബ്ലോഗുള്ളോര്‍ക്ക് മാത്രേ അഭിപ്രായ സ്വാതന്ത്ര്യം ഉള്ളൂന്ന് കാണിക്കും. പാവം ഞാന്‍ :(

തൊടങ്ങിയാ മാത്രം പോരല്ലോ, ആരേലുമൊക്കെ അറിയണ്ടേ ഞാനും ബ്ലോഗാന്‍ പോണൂന്ന്. വെള്ളിയാഴ്ച പതിനൊന്നിന്‍ നേരം വെളുത്തയുടന്‍ വിളിച്ച്, ആകെ മൊത്തം ഉള്ള ഒരേഒരു പെങ്ങളാ.

“ഹല ഹലോ..... ഞാനാ”

 “ടാ പൊട്ടാ” ഏഹ്.....ഞാനാണെന്ന് മനസ്സിലായില്ലെന്ന് തോന്നുന്നു.

അല്ലേച്ചി അളിയനല്ല. ഇത് ഞാനാ.

ആ, അത് മനസ്സിലായി. നീയെവ്ടെപോയി ചത്ത് കിടക്കുവാരുന്നു. ദിവസെത്രായീന്നറിയോ കുടുമ്മത്തോട്ട് നീ വിളിച്ചിട്ട്. അമ്മേനെ  വിളിക്കുമ്പൊ കേക്കാം ബാക്കി.

ഈശോയേ.....പണി പാളി. ചെക്കന്‍ വെളുക്കെ വെളുക്കെ ചാറ്റിംങ്ങാണെന്ന് അളിയന്‍‍റെ വായീന്ന് വീണേ പിന്നെ പതിവുള്ള വിളി നിന്നാല്‍.... “ ആ കുരുത്തം കെട്ടവന്‍ ഏതേലും പെണ്ണിനേം കൊണ്ട് വീട്ടീകേറി വരൂലോ പുണ്യാളാ” എന്നുള്ള ആധിയാണ്‍.

ഏ........യ്; പെണ്ണോ........ ഞാനോ! നോ നെവര്‍‍ എന്നൊക്കെ ആണയിട്ട് പറഞ്ഞാലും അമ്മക്കറിയാം, എനിക്ക് എന്നെ തന്നെ വിശ്വാസം ഇല്ലാതെയാ ആ പറയണേന്ന്.

“ആ...ഞാന്‍ വിളിക്കാന്‍ നിക്കുവാ. ഇത് കഴിഞ്ഞിട്ട് അങ്ങടും വിളിക്കണം” ഒവ്വ

 പീന്നേയ്....വേറൊരു കാര്യം. ഞാനൊരു ബ്ലോഗ് തൊടങ്ങി.

ന്തൂട്ട്!!?

ബ്ലോഗ് ബ്ലോഗേ

എന്ന്വച്ചാല്‍....??

പഷ്ട്! , ഇന്നാള്‍ കോളേജിലോട്ട് ബ്ലോഗെഴുത്തിനെ പറ്റി ഉപന്യാസം തയ്യാറാക്കാനും വേണ്ടീട്ട് എന്‍‍റെ കാശും കളഞ്ഞ് അങ്ങാട്ട് വിളിച്ച് ഒന്നൊന്നൊര മണിക്കൂറെടുത്ത് ഞാന്‍ പറഞ്ഞ് കൊടുത്തതാണ്. ബ്ലോഗെന്ന് വച്ചാലെന്തുവാ, എങ്ങനാ, എപ്പഴാ എന്നൊക്കെ. എന്നിട്ടിപ്പം.....!!

അപ്പഴേ....അളിയന്‍ വിളിച്ചാരുന്നോ? അസുഖൊന്നും ഇല്ലാലോ ലെ, വേറെ വിശേഷം വല്ലതും..... ഞാനേ രാവിലെ തന്നെ വെറുതേ ഒന്ന് വിളിച്ചതാ. വൈകീട്ട് വിളിക്കാം. അപ്പൊ ശരീട്ടാ”

ഡാ ഡാ.... നീ പറഞ്ഞ് വന്നത് മുഴോനാക്കീട്ട് പോ. എന്തോ ബ്ലോഗ് തുടങ്ങീത്....!

ഏയ്... ഒന്നൂല. എല്ലാം ഒന്നൂടെ ശര്യാക്കീട്ട് പിന്നെ പറയാം. അമ്മോട് പറഞ്ഞേക്ക് ഞാന്‍ വിളിച്ചൂന്ന്. അപ്പൊ പിന്നേം ശരീട്ടാ. ബായ്

ഹല്ലപിന്നെ. ബ്ലോഗെന്തെന്ന് അറിയാത്തോരോട് കൂടുതല്‍ വിശദീകരിച്ചെന്നാത്തിനാ. ഞാനങ്ങ് കട്ടീതു.

രംഗം 2: മേയ് 12
ആരോ....പാടുന്നു ദൂരേ....

പതിവില്ലാതെ തലക്കലിരുന്ന് മൊബൈലില്‍ അലാറം പിന്നേം അടിക്കുന്നു. പണ്ടാറം ഇതൊരിക്കെ അടിച്ചപ്പൊ ഓഫാക്കീതാരുന്നല്ലോ. വീണ്ടും ഒന്നൂടെ ഓഫാക്കി പിന്നേം കിടന്നു.

തിരിഞ്ഞ്  കിടന്നില്ല, അപ്പഴേക്കും  ആ ആരോ പിന്നേം പാടാന്‍ തുടങ്ങ്യപ്പൊ മനസ്സിലായി. അലാമല്ല, ആരോ...കോളുന്നു ദൂരെ! അതും ഈ വെളുപ്പാന്‍ കാലത്ത്... ഉറക്കച്ചടവോടെ ഫോണെടുത്ത് ഹാജര്‍ കൊടുത്തു “ആ.....എന്താ”

“ചേട്ടായ്യ്യേ..ഞാനാ, എന്തേ ഫോണ്‍ കട്ടീതത്? കുറേ ആയി വിളിക്കണു” അങ്കിളിന്‍‍റെ മോളാ.

ആ നീയാരുന്നോ, എന്നതാടീ വെളുപ്പിനേ..പതിവില്ലാതെ?

വെളുപ്പിനോ?  ഒമ്പതര്യായിട്ടും എണീറ്റില്ലായിരുന്നൊ?

ആഹ്....അതവ്ടെ. ഇന്ന് അവധ്യല്ലേ. അപ്പൊ നേരം വൈകിയേ വെളുക്കൂ. എന്നതാ കാര്യം?

“അതേയ്...അമ്മാമ പറഞ്ഞിട്ടാ വിളിക്കണത്. ഇന്നലെ അമ്മാന്‍‍റി (എന്‍‍റെ അമ്മ) വിളിച്ചിരുന്നു. അപ്പൊതൊട്ട് തുടങ്ങീതാ. എന്തോ പ്രശ്നം ഉണ്ടെന്ന് തോന്നണു. ഞാന്‍ കൊടുക്കാം”

ഏഹ്...പ്രശ്നോ?? എന്ത് പ്രശ്നം എന്ന് ചോദിക്കും മുന്നേ അവള്‍ ഫോണ്‍ കൈമാറി.

കുശലാന്വേഷണം ചോദിക്കാന്‍ പോലും അനുവദിക്കാതെ ഒരു പത്തു മിനിറ്റ്. ഞാന്‍ വെറും ശ്രോതാവ്. പരാതികള്‍.... പരിഭവങ്ങള്‍....ഞാന്‍ അന്തം വിടുന്നു, വിട്ട അന്തം തിരികെ എടുത്ത് പിന്നേം വിടുന്നു. ഹെന്‍‍റെ അന്തോണീസു പുണ്യാളാ... പ്രശ്നം എന്ന് അവള്‍ പറഞ്ഞപ്പഴും എനിക്കൊന്നും മനസ്സിലായില്ല. എന്തിന്, പത്ത് മിനിറ്റോളം അമ്മാമേടെ വര്‍ത്താനം കേട്ടിട്ടും പ്രശ്നം എന്താണെന്ന് പിടികിട്ടീല. ആകെ മൊത്തം മനസ്സിലായത് ചുരുക്കി പറഞ്ഞാല്‍....

ഞാനൊരു മനഃസാക്ഷി ഇല്ലാത്തവനാകുന്നു. വന്ന വഴികള്‍ മറന്നിരിക്കുന്നു. എന്തിനും ഏതിനും അങ്കിള്‍‍സിന്‍‍റെ സഹായവും ഉപദേശവും ഇത് വരെ എനിക്ക് ആവശ്യമായിരുന്നു. ഗള്‍ഫില്‍ കേറി പോകണവരേം എന്തിന്, ആദ്യവട്ടം നാട്ടില്‍ വന്നപ്പഴും എനിക്ക് എല്ലാവരും വേണമായിരുന്നു.  ഇപ്പൊ ഞാന്‍ വലിയ നിലയിലാണ്, കയ്യില്‍ നാല്‍ കാശുണ്ടായതിന്‍‍റെ അഹങ്കാരം. വീട്ടുകാരേം ബന്ധുക്കളേം മറന്നു. ഒറ്റക്ക് നില്‍ക്കാന്‍ പ്രാപ്തിയായി. സ്വന്തം ഇഷ്ടങ്ങളും തീരുമാനങ്ങളും.

മുകളില്‍ പറഞ്ഞ ആ ലൈനിലുള്ള കുറേ വാക്കുകള്‍, വാചകങ്ങള്‍.... എന്നാലും നീയൊന്ന് വിളിക്കുംന്ന് വിചാരിച്ചു ഇന്നലെ. നിന്‍‍റെ അമ്മ പറഞ്ഞിട്ടാണെങ്കിലും അറിഞ്ഞു. സന്തോഷം. നന്നായി വരട്ടെ എന്നും അനുഗ്രഹിച്ച് ഫോണും വച്ചു.

ഒരു കാര്യം മനസ്സിലായി. അമ്മ വഴി അറിഞ്ഞ എന്തോ ആണ്  പ്രശ്നം. അപ്പൊ ആളെ വിളിച്ചാല്‍ കറക്റ്റ് കാര്യം മനസ്സിലാവും. അങ്ങനെ വിളിച്ച്, മനസ്സിലായി....എല്ലാം മനസ്സിലായി. അതും ചുരുക്കി തന്നെ പറയാവും നല്ലത്.

ഒന്ന് പിന്നിലേക്ക് പോവാം. അതായത് ഞാന്‍ ചേച്ചിയെ വിളിച്ച് ഫോണ്‍ കട്ട് ചെയ്യുന്നു. ഞാന്‍ വിളിച്ചിരുന്ന കാര്യം ചേച്ചി അമ്മയെ വിളിച്ച് പറയുന്നു. കൂട്ടത്തില്‍ “അവന്‍ അവ്ടെ എന്തോ ബ്ലോഗോ മറ്റോ തുടങ്ങാന്‍ പോണു”  എന്ന വിവരം കൂടി സവിനയം അറിയിക്കുന്നു.

എന്തോ കാര്യത്തിന്‍ അമ്മയെ വിളിച്ച അമ്മാമ എന്നെ കുറിച്ച് അന്വേഷിക്കുന്നു.
“വിളിച്ചിരുന്നോ അവന്‍?“
രാവിലെ ചേച്ചിയെ വിളിച്ചിരുന്നെന്ന് സൂചിപ്പിക്കുന്നതിനിടയില്‍ അറിഞ്ഞ കാര്യം ചൂടാറാതെ അമ്മയും പറഞ്ഞു. “അവനവ്ടെ പുതിയതായിട്ട് എന്തൊക്യോ ഏര്‍പ്പാട് തുടങ്ങീണ്ട്”

സ്വാഭാവികമായും ഉണ്ടായേക്കാവുന്ന സംശയങ്ങള്‍ അമ്മാമയും ചോദിച്ചു. “എന്തിന്‍‍റെ, ഒറ്റക്കാണോ, അതിനുള്ള ആളൊക്കെ ആയോ അവന്‍,  അതോ അളിയനും അവനും ചേര്‍ന്നാണോ, ലാഭം ഉള്ള സംഭവാണോ തുടങ്ങി പലതും.

എന്നോടൊന്നും ഇത് വരെ പറഞ്ഞിട്ടില്ലാരുന്നു. ഞാനും ഇപ്പഴാ അറിയണത്, ഇനി ചിലപ്പൊ വൈകീട്ട് വിളിക്കും. അപ്പൊ അറിയാം കൂടുതല്‍ കാര്യങ്ങള്‍ എന്നൊക്കെ പറഞ്ഞ് അമ്മ അവസാനിപ്പിച്ചു.

ഇത്ര നാളും അമ്മവീട്ടില്‍, നിന്ന് പഠിച്ച് വളര്‍ന്ന്, എല്ലാ കാര്യങ്ങളും അങ്കിള്‍‍സിനോടും, അമ്മാമയോടുമൊക്കെ ആലോചിച്ച് ചെയ്തിരുന്ന ഞാന്‍ ഇങ്ങനെ  സ്വന്തായിട്ട്....അതും ഗള്‍ഫില്‍ ഒരു സംഭവം തുടങ്ങീട്ട്....അതൊന്ന് അറിയിച്ചില്ലാന്ന് വച്ചാല്‍......!!! സഹിക്യോ....

ബ്ലോഗ് തുടങ്ങീത് വിളിച്ച് പറയാന്‍ തോന്നിയ ടൈം....!!!!

എന്തായാലും,  തുടങ്ങിയ ബ്ലോഗില്‍ എന്ത് പണ്ടാരം കുത്തിയിടും എന്ന് വിചാരിച്ചിരിക്കുമ്പോഴാണ്‍ ഇങ്ങനൊക്കെ നടന്നത്. എന്നാ പിന്നെ അത് തന്നെ ആവട്ടെ ആദ്യത്തെ ‘ചവറ്’.

ന്‍‌റെ ബ്ലോഗനാര്‍‍കാവിലമ്മോ...ഇതോണ്ടങ്ങ് പെരുപ്പിച്ചേക്കണേ...

ബുധനാഴ്‌ച, മേയ് 11, 2011

ബൂലോകത്തുള്ള യാത്ര കുറേ ആയെങ്കിലും ഇപ്പഴാണ്‍ ഒരു ബ്ലോഗായാലെന്താന്ന് തോന്നീത്. ഒടനേ കേറിയങ്ങ് ഉണ്ടാക്കീന്നേള്ളൂ. ഇതിലെന്ത് വാരിനിറക്കണം എന്നൊന്നും ഒരു പിടീം‍ല്യ. പാവം ഞാന്‍.!