ശനിയാഴ്‌ച, ജൂലൈ 16, 2011

മഴയിലൂടൊരു യാത്ര

കയ്യെത്തും ദൂരേ...ഒരു കുട്ടികാലം..
മഴവെള്ളം പോലെ ഒരു കുട്ടികാലം..

മഴയെകുറിച്ചും, കുട്ടികാലത്തെ കുറിച്ചും ഓര്‍ക്കുമ്പോള്‍ എപ്പോഴും ആദ്യം മനസ്സില്‍ വരുന്നത് ഈ വരികളാണ്. മഴയോര്‍മ്മകള്‍ കൂടുതല്‍ തെളിഞ്ഞു നില്‍ക്കുന്നത് ബാല്യത്തിലായതിനാലാവാം. നാട്ടില്‍ മഴ തുടങ്ങിയത് മുതല്‍ എവ്ടെ നോക്കിയാലും, മഴകവിതയും, മഴക്കാലവും, ഓര്‍മ്മകളും, ഫോട്ടോകളും അങ്ങനങ്ങനെ ആകെ മഴ മയം. അതൊക്കെ കണ്ടാല്‍ പിന്നെ ബാക്കിയുള്ളോര് അടങ്ങിയൊതുങ്ങി ഇരിക്കണതെങ്ങനെ. പെരുമഴ ആയില്ലെങ്കിലും ചെറുത് ചെറിയൊരു ചാറ്റ‌ല്‍മഴ ആവാന്‍ പറ്റുമോന്ന് നോക്കട്ടെ.

മഴയെ കുറിച്ച് പറയുമ്പോഴെല്ലാം ഓര്‍ക്കുന്നൊരു മുഖമാണിത്. വിക്ടര്‍ ജോര്‍ജ്ജ്.  മലയാള മനോരമയിലെ ഫോട്ടോ ജേര്‍ണലിസ്റ്റായ വിക്ടറിനെ കുറിച്ച് കൂടുതല്‍ അറിയുന്നതും അദ്ദേഹത്തിന്‍‌റെ മരണത്തിനു ശേഷമാണ്. കൃത്യമായി പറഞ്ഞാല്‍ അദ്ദേഹത്തിന്‍‌റെ മരണവാര്‍ത്തകളില്‍ നിന്ന്. മഴയെ ഒരുപാട് സ്നേഹിച്ച്, മഴയുടെ വ്യത്യസ്തങ്ങളായ ഭാവങ്ങള്‍ തന്‍‌റെ ക്യാമറകണ്ണിലൂടെ ഒപ്പിയെടുത്ത് സ്വന്തമാക്കിയിരുന്ന മഴയുടെ കാമുകന്‍. ഏത് നല്ല മഴചിത്രങ്ങള്‍ കണ്ടാലും ഉടനേ മനസ്സില്‍ തോന്നുക “ഇത് വിക്ടറുടെ തന്നെയാവും” എന്ന ചിന്തയായിരുന്നു. അത്രയേറെ മഴയെ അടുത്തറിഞ്ഞ് നല്‍കിയ വശ്യമനോഹരചിത്രങ്ങള്‍ ഒരു വ്യത്യസ്ത അനുഭവം കൂടിയാണ് പകര്‍ന്ന് തന്നിരുന്നത്. ഇതുപോലൊരു കര്‍ക്കിടകമാസത്തിലെ മഴയിലാണ് വിക്ടര്‍ ഓര്‍മ്മയാകുന്നത്. ഇടുക്കിയിലെ വെണ്ണിയാനിമലയിലെ ഉരുള്‍പൊട്ടലില്‍.... മഴയെ അത്രമാത്രം സ്നേഹിച്ച വിക്ടര്‍ തന്‍‌റെ കാമുകിയുടെ രൌദ്രഭാവത്തില്‍ അലിഞ്ഞില്ലാതായത് ഒരു പതിറ്റാണ്ട് മുമ്പായിരുന്നു. 2001 ജൂലൈ 9 ന്. അദ്ദേഹത്തിന്‍‌റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം!

കാലം തെറ്റാതെ പതിവായെത്തുന്ന പണ്ടത്തെ മഴക്കാലം. എല്ലാവരേയും പോലെതന്നെ ഒരു കയ്യില്‍ അമ്മയുടെ വിരലും മറുകയ്യില്‍ പുള്ളികളുള്ള കുഞ്ഞികുടയുമായി മഴയത്ത് ആദ്യത്തെ നഴ്സറി യാത്ര. അതിനും പുറകിലേക്ക് മഴയെകുറിച്ച് ഒന്നും തെളിഞ്ഞുവരുന്നില്ല.

അമ്മടീച്ചറുടെ അടുത്താക്കിയിട്ട് അമ്മ പടികടന്നു പോകുന്നത് കണ്ട് ഒരൊറ്റ ഓട്ടമായിരുന്നു മഴയിലൂടെ. ആദ്യമായി മഴനനഞ്ഞതും അന്ന് തന്നെ എന്നാണ് ഓര്‍മ്മ. ആകെ നനഞ്ഞതുകൊണ്ടാകാം ആദ്യദിവസം തന്നെ 'ക്ലാസ്സ് കട്ട്'. പിറ്റേന്ന് മുതല്‍ മിഠായിയും, ഇടവിട്ട് അമ്മടീച്ചര്‍ വായിലിട്ട് തരുന്ന വറുത്തഗോതമ്പും, നാലുമണിയിലെ പാലും, ഉപ്പുമാവും, പുതിയകൂട്ടുകാരുമൊക്കെയായി നഴ്സറി ഇഷ്ടപെട്ടുതുടങ്ങി. മഴയുണ്ടെങ്കിലെ കുടകിട്ടൂ എന്നതിനാലാവാം അന്നൊക്കെ മഴയെ ഇഷ്ടപെട്ടത്.

വേനലും വര്‍ഷവും മാറി വന്നു, ഓരോ വര്‍ഷവും പുതിയ താമസസ്ഥലം, പുതിയ വിദ്യാലയം, പുതിയ കൂട്ടുകാര്‍. വര്‍ണ്ണങ്ങള്‍ നിറഞ്ഞ പുള്ളികള്‍ മാഞ്ഞ്, ശീലകളില്‍ ഇരുട്ട്‌ വീണനാളുകള്‍. അക്കാലത്തെ ഓര്‍മ്മകളില്‍ മഴപൊഴിഞ്ഞ നാളുകള്‍ ഇല്ലായിരുന്നെന്ന് തോന്നുന്നു, അഥവാ ഓര്‍ക്കാനിഷ്ടപെടാത്ത, കുളിരനുഭവപെടാത്തൊരു പെരുമഴക്കാലം!

മഴയെ അറിയാനും, മനസ്സറിഞ്ഞ് ഇഷ്ടപെടാനും തുടങ്ങിയത് അമ്മവീട്ടിലെ പഠനക്കാലം മുതലായിരിക്കണം. വാഹനങ്ങളുടെ ഇരമ്പലില്‍ നിന്നും, തിരക്കുകളില്‍ നിന്നുമൊക്കെയകന്ന്, വയലുകളും, കുന്നുകളും, തോടും, കുളങ്ങളും നിറഞ്ഞ മറ്റൊരു ലോകം. വെയിലും, മഞ്ഞും, കാറ്റും പോലെ തന്നെയാണ് മഴയെന്നും, അതിനെ പേടിച്ച് അകത്തിരിക്കേണ്ടെന്നും പറഞ്ഞത് അമ്മയുടെ ആങ്ങളമാരാണ്. നനഞ്ഞതുണികള്‍ ഉണക്കിയെടുക്കാനുള്ള വിഷമം കാരണമാകാം, ആ സംഭവത്തോട് അമ്മക്കല്പം അലോഹ്യം ഉണ്ടായിരുന്നെങ്കിലും അമ്മാവന്മാരുടെ ധൈര്യത്തില്‍ മഴ നനയല്‍ ഒരു ശീലം ആയി. മഴയുള്ളപ്പോള്‍ കണ്ടത്തില്‍ പോയി ഏറ്പന്ത് കളിക്കല്‍, ഞവിഞ്ഞി പെറുക്കല്‍, കുളത്തില്‍ കുളി, പുതുമഴയിലെ തവളപിടുത്തം, രാത്രിമഴയിലെ നല്ലതണുപ്പിലും, കലങ്ങിമറിഞ്ഞൊഴുകുന്ന തോട്ടില്‍ അമ്മാവന്മാര്‍ക്കൊപ്പം പോയി വലവച്ച് മീന്‍പിടിക്കല്‍, എന്നിങ്ങനെയുള്ള പലതും മഴക്കാലത്തെ ആവേശമായിരുന്നു; അന്നും ഇന്നും.

മണ്‍റോഡ് നിറഞ്ഞ് താഴേക്കൊലിക്കുന്ന മഴവെള്ളത്തില്‍ കൊടികുത്തിയ വഞ്ചികളിറക്കിയുള്ള മത്സരക്കളിയില്‍ അങ്ങാടിയിലെ മിക്ക തലതെറിച്ചവന്മാരും കാണും. മഴതോര്‍ന്നാല്‍ റോഡിലെ കുഴികളിലെ വെള്ളത്തില്‍ കാലുകൊണ്ട് പ്രത്യേകതരത്തിലടിച്ച് പടക്കം പൊട്ടുന്ന പോലുള്ള ശബ്ദം ഉണ്ടാക്കല്‍, മഴതുള്ളികള്‍ നിറഞ്ഞ് നില്‍ക്കുന്ന ചില്ലകള്‍ കുലുക്കി പിന്നില്‍ വരുന്നവരെ നനപ്പിക്കല്‍, പച്ച ഈര്‍ക്കിലില്‍ കുടുക്കുണ്ടാക്കി കെട്ടികിടക്കുന്ന വെള്ളത്തില്‍ നിന്ന് തവളയെ കുടുക്കിപിടിച്ച് ചാടിച്ച് നടത്തല്‍, ഓടിനിടയിലൂടെ ചോര്‍ന്ന്  അകത്തെ തറയില്‍ കെട്ടികിടക്കുന്ന വെള്ളം വിരല്‍ കൊണ്ട് ഏറ്റവും ദൂരത്തേക്ക് ചാലിട്ടൊഴുക്കല്‍, അകലേ കുന്നിന്‍‌ചെരുവിലെ കുളത്തില്‍ നിന്നും താഴെ പാടത്തേക്ക് വീടിനുമുന്നിലൂടെ ഒഴുകിപോകുന്ന നല്ല തെളിഞ്ഞവെള്ളത്തില്‍ നിന്നും കൈകൊണ്ട് തടവച്ച് മീന്‍‌കുഞ്ഞുങ്ങളെ പിടിച്ച് കിണറ്റിലിടല്‍ തുടങ്ങിയവയായിരുന്നു അന്നത്തെ പ്രധാന നേരം‌പോക്കുകള്‍!

മഴക്കാലത്തെ മറ്റൊരു ഓര്‍മ്മയാണ് പാരിജാതപൂക്കള്‍. കുനുകുനുന്നനെ നല്ല വെളുത്ത പാരിജാതപൂക്കള്‍ നിറഞ്ഞമരം വീടിനു പുറകിലായിട്ടാണ്. അതിരില്‍ നിന്നിരുന്ന ആ മരത്തിനോടുള്ള ഇഷ്ടം കാരണമാവാം അയല്പക്കത്തെ മാഷ് മരത്തെ ഒഴിവാക്കിതന്ന് മതില്‍ വളച്ച് കെട്ടിയത്. നല്ല ഉയരത്തില്‍ വളര്‍ന്നു നില്‍ക്കുന്ന മരത്തില്‍ നിന്നും മഴക്കൊപ്പം പൊഴിയുന്ന പാരിജാതപൂക്കള്‍ക്ക് മോഹിപ്പിക്കുന്നൊരു സുഗന്ധമുണ്ട്. ഇന്നും സൗരഭ്യം പരത്തികൊണ്ട്, കൈയെത്താദൂരത്തില്‍ നിറയെ പൂക്കളുമായി അതവ്ടെ തന്നെ നില്‍ക്കുന്നു.

പള്ളിക്കൂടവും, വീടും നാടുമൊക്കെ വിട്ട് കൊച്ചിയില്‍ എത്തിപെട്ടപ്പോഴാണ് മഴയുടെ മറുമുഖം കാണുന്നത്. ഒരു മഴപെയ്താല്‍ വെള്ളം നിറയുന്ന റോഡുകളും, ഒറ്റപെട്ടുപോകുന്ന തെരുവുകളും, കിടക്കാനുള്ള കുടിലുകള്‍ നഷ്ടപെട്ട് ബസ്റ്റാന്‍‌റിലും മറ്റും കഴിയുന്ന ചേരികളിലെ കുടുംബങ്ങളുമൊക്കെയാണ് അന്നത്തെ മഴക്കാഴ്ചകള്‍. കാല്‍തുടവരെ നിറഞ്ഞ് നില്‍ക്കുന്ന അഴുക്കുകലര്‍ന്ന റോഡിലെ വെള്ളത്തിലേക്ക് മഴ നനഞ്ഞിറങ്ങിയിരുന്നത് മിക്കപ്പോഴും കാനകളില്‍ വീഴുന്ന വഴിയാത്രക്കാരേയും വാഹനങ്ങളുമൊക്കെ ഉയര്‍ത്തിയെടുക്കാനായിരുന്നു.

വീട്ടുവളപ്പിലേയും, വയലിലേയും മഴയില്‍നിന്നെല്ലാം തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നു കൊച്ചിയിലെ ജീവിതം സമ്മാനിച്ചത്. അക്കാലത്തെ തോണിയാത്രകളിലാണ് കായലിലെ മഴയുടെ സൗന്ദര്യമറിയുന്നത്. മഴനനഞ്ഞ് നില്‍ക്കുന്ന മറൈന്‍ഡ്രൈവിലെ സായാഹ്നവും, കലിതുള്ളുന്ന ഫോര്‍ട്ട്‌കൊച്ചിയിലെ കടല്‍ക്കരയും, ‍ മൂന്നാറിലെ മൊട്ടക്കുന്നുകളിലെയും, തേയിലതോട്ടങ്ങളിലേയും, കുമളിയിലെ കാടുകള്‍ക്കുള്ളില്‍ പെയ്തിറങ്ങുന്ന വര്‍ഷവും മഴയോര്‍മ്മകളില്‍ കുളിര് നിറക്കുന്ന അനുഭവമാണ്. മഴക്കാലയാത്രകളില്‍ കുടയെ പാടെ അവഗണിച്ചിരുന്നതിനാല്‍, മഴപൊഴിയുമ്പോള്‍ നെട്ടോടമോടുന്ന കൂട്ടുകാര്‍ക്കിടയില്‍ അന്നൊക്കെ ഒരു "മഴവട്ടന്‍" ഇമേജായിരുന്നു.

പ്രവാസജീവിതത്തിലേക്കെത്തിപെട്ടപ്പോള്‍ മിക്കവരുടേയും പോലെതന്നെ ഏറ്റവുമധികം നഷ്ടപെടുന്നതും ആ വര്‍ഷക്കാലം തന്നെ. സൈബര്‍ലോകത്തില്‍ കുറേ കൂട്ടുകാര്‍ ചേര്‍ന്നൊരുക്കിയ മഴഗ്രാമത്തില്‍ മഴയെകുറിച്ച് പറഞ്ഞും, പാടിയും, പങ്കുവച്ചും ഒരു മഴത്തുള്ളിയായി പൊഴിഞ്ഞ കുറേ നല്ല നാളുകളിലൂടെ ലഭിച്ചത് ഒരുപാട് മഴചിത്രങ്ങളുടേയും, മഴപ്പാട്ടുകളുടേയും നല്ലൊരു ശേഖരമായിരുന്നു. ദേഹമോ വസ്ത്രമോ നനച്ചില്ലെങ്കിലും ആ മഴക്കുമൊരു കുളിരുണ്ടായിരുന്നു. മനസ്സിനെ നനച്ച് പെയ്തിറങ്ങുന്ന സൗഹൃദത്തിന്‍‌റെ കുളിര്.

ഇന്ന് വര്‍ഷത്തിലൊരിക്കല്‍ ഒരു അതിഥിയെ പോലെ വന്ന് പോകുന്ന മരുഭൂമിയിലെ മഴ. ഇത്‌വരെ അനുഭവിച്ചതുപോലൊരു കുളിരുണ്ടായിരുന്നില്ല ആ മഴക്ക്. ദേഹം നനയുമ്പോഴും എന്തെല്ലാമോ നഷ്ടപെടുന്നതിന്‍‌റെ, മോഹഭംഗങ്ങളുടെ, വിരഹത്തിന്‍‌റെ കണ്ണീരിന്‍‌റെ ചൂടായിരുന്നു ആ മഴയിലാകെ പടര്‍ന്നിരുന്നത്.
-------------------------------------------------------------------------------------------------
സമര്‍പ്പണം: മഴയുടെ വ്യത്യസ്ത ഭാവങ്ങള്‍ പകര്‍ന്ന് നല്‍കിയ മഴയുടെ പ്രിയതോഴന്.
------------------------------------------------------------------------------------------------

വെറുതേ കുറേ മഴയോര്‍മ്മകള്‍.
മഴയെപറ്റി വാതോരാതെ പറയുകയും, മഴ നനയേണ്ടി വന്നാല്‍ അതേ മഴയെ പ്രാകുകയും ചെയ്യുന്ന ചിലരെങ്കിലും ഉണ്ട്. അതുകൊണ്ട് തന്നെ കുടയെ പണ്ടേക്ക് പണ്ടേ ഉപേക്ഷിക്കുകയും, ആവോളം മഴകൊള്ളുകയും ചെയ്തതിന്‍‌റെ അഹങ്കാരം ചെറുത് മറയില്ലാതെ പ്രകടിപ്പിക്കുന്നു. ഹല്ലപിന്നെ ;)

59 അഭിപ്രായങ്ങള്‍:

ajith പറഞ്ഞു...

മഴയോര്‍മ്മകള്‍...കൊച്ചിയിലെ കൊതുകോര്‍മ്മകള്‍...നന്നായിട്ടുണ്ട്ട്ടോ

(പിന്നെ വിക്ടര്‍ ജോര്‍ജിന്റെ ചിത്രം കണ്ടപ്പോള്‍ എന്തെങ്കിലും അദ്ദേഹത്തെപ്പറ്റി കാണുമെന്നും കരുതി)

രമേശ്‌ അരൂര്‍ പറഞ്ഞു...

കൊള്ളാം ഈ മഴക്കുരിപ്പും ഓര്‍മകളും

Salam പറഞ്ഞു...

മഴപ്പോസ്റ്റുകള്‍ പലതും വായിച്ചു. പല പോസ്റ്റുകളും
മികച്ചതും ആയിരുന്നു. എന്നാല്‍ ഈ പോസ്റ്റ്‌ കൂട്ടത്തില്‍
ഏറ്റവും മികച്ചതായി എന്ന് തോന്നുന്നു. അതി
ഭാവുകത്വമില്ലാതെ യഥാര്‍ത്ഥ മഴയിലൂടെ ശരിക്കും
നടക്കാന്‍ കഴിഞ്ഞു കുടയില്ലാതെ തന്നെ. മഴക്കാലത്തിന്‍റെ
ഉത്സവം കുട്ടിക്കാലം തന്നെ. അത് നല്ല തന്മയത്വത്തോടെ
ഇവിടെ അവതരിപ്പിക്കപ്പെട്ടു.

ഹാഷിക്ക് പറഞ്ഞു...

>> മഴതോര്‍ന്നാല്‍ റോഡിലെ കുഴികളിലെ വെള്ളത്തില്‍ കാലുകൊണ്ട് പ്രത്യേകതരത്തിലടിച്ച് പടക്കം പൊട്ടുന്ന പോലുള്ള ശബ്ദം ഉണ്ടാക്കല് << കുഞ്ഞുന്നാളില്‍ ഇതിന്റെ ട്രെയിനിംഗ് കാലയളവില്‍ ഞാന്‍ കുറെ തവണ വീണിട്ടുണ്ട്.

ചെറുതെ, മഴയുടെ ഭാവം മാറിയിരിക്കുന്നു നമ്മുടെ നാട്ടില്‍. പെയ്തും തോര്‍ന്നും ദിവസം മുഴുവന്‍ പെയ്തുകൊണ്ടിരുന്ന കാലവര്‍ഷം ഇന്ന് പഴി കേള്‍ക്കാതിരിക്കാന്‍ വേണ്ടി മാത്രം ദിവസം ഒന്നോ രണ്ടോ തവണ വന്നു പോകും. കഴിഞ്ഞ മഴക്കാലത്തും ഇത്തവണയും നാട്ടില്‍ പോയപ്പോള്‍ അനുഭവപ്പെട്ടതാണ് ഇത്. ഇക്കണക്കിനു പോയാല്‍ പഞ്ഞക്കര്‍കിടകം എന്ന് പറഞ്ഞ് ഇനിയാര്‍ക്കും മഴയെ ശപിക്കേണ്ടി വരില്ല എന്ന് തോന്നുന്നു.


ഒരു മഴവെള്ളപ്പാച്ചിലില്‍ ജീവന്‍ നഷ്ടപ്പെട്ട മഴയുടെ പ്രിയ തൊഴന് എന്റെയും പ്രണാമം. (ആ മുഖം പരിചയമില്ലാത്തവര്‍ക്കായി ചെറിയ ഒരു വിവരണം ആകാമായിരുന്നു)

കൊമ്പന്‍ പറഞ്ഞു...

രണ്ടു രീതിയിലുള്ള മഴ ആസ്വാദനം വ്യ്തെസ്ഥ രീതിയില്‍ ചെറുത് വലുതായി പറഞ്ഞു

വര്‍ഷിണി പറഞ്ഞു...

മഴയുടെ പ്രിയ തോഴന്‍റെ ചിത്രം സ്വന്തമാക്കി നടന്നിരുന്ന...മഴ ഓര്‍മ്മകള്‍ ഉള്ളിലൊതുക്കി പാട്ടും പാടി നടന്നിരുന്ന ചെറുതിനെ ഓര്‍മ്മിപ്പിച്ചു ആ ചിത്രം..
വേറൊന്നും പറയാന് കിട്ടണില്ലാ...ആശംസകള്‍.

sankalpangal പറഞ്ഞു...

മഴയെപറ്റി എത്ര പറഞ്ഞാലും വായിച്ചാലും മതിയാകില്ല.മഴനിരന്തരം നമ്മെ മോഹിപ്പിച്ചു കൊണ്ടേയിരിക്കുന്നു.
ഓരോ മഴക്കാലവും ഓരോ വ്യത്യസ്ത അനുഭവങ്ങളാണ്.
മഴ വിശേഷങ്ങള്‍ക്ക് ആശംസകള്‍.

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

ചെറുതിന്റെ തനതു കോമഡി ട്രാക്കില്‍ നിന്നും മാറിയുള്ള ഒരു പോസ്റ്റ്‌..മഴയുടെ വിത്യസ്തമായ മുഖങ്ങള്‍, ഭാവങ്ങള്‍..കൊള്ളാം ...ഏറ്റവും മനോഹരവും പ്രിയപ്പെട്ടതും കുഞ്ഞുന്നാളിലെ മഴയെ കുറിച്ചുള്ള ഓര്‍മ്മകള്‍ തന്നെ..വിക്ടര്‍ ജോര്‍ജിന്റെ പടം വച്ചിട്ട് പുള്ളിയെ കുറിച്ച് ഒരു പരാമര്‍ശം പോലും നടത്തിയില്ല എന്നൊരു പരിഭവം ഉണ്ട്ട്ടോ..അപ്പോള്‍ വീണ്ടും കാണാട്ടോ ..

mayflowers പറഞ്ഞു...

ഒരു തീരാ മഴയിലേക്ക്‌ നടന്ന്‌ പോയ വിക്ടര്‍ ജോര്‍ജ് ന്റെ ഫോട്ടോ കൊടുത്തത് അവസരോചിതമായി..
പക്ഷെ,അദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും എഴുതാമായിരുന്നു.

സീത* പറഞ്ഞു...

മഴ മനസ്സിന്റെ കുളിർമ്മ...ഇവിടെ ഈ ഓർമ്മകൾ‌ ആ കുളിരു തന്നു...മഴയുടെ കാമുകന്റെ ചിത്രം മനസ്സിൽ ഒരു നൊമ്പരപ്പാടുണർത്തി...ആശംസകൾ‌ ചെറുതേ

ഞാന്‍ പറഞ്ഞു...

മഴ കാണുമ്പോള്‍ കൊള്ളാനും കരയാനും കണ്ടുനില്‍ക്കാനും പ്രണയിക്കാനും തോന്നുന്ന വികാരം
നല്ല വരികള്‍ ചെറുതിന്റെ അഹങ്കാരം കുറെയൊക്കെ എനിക്കും ഉണ്ടായിരുന്നു.
ഇപ്പോള്‍ കുറഞ്ഞു വരുന്നു. വ്യത്യസ്തമായ പ്രമേയവും എഴുത്തുമായി വീണ്ടും വരിക ......

നാമൂസ് പറഞ്ഞു...

ഈ മഴ ഞാന്‍ ശരിക്കുമാസ്വദിക്കുന്നു.
വായനയില്‍ അനുഭവമാകുന്ന മഴയുടെ സ്വാഭാവിക താളം എന്‍റെ ബാല്യത്തെയും ഓര്‍മ്മപ്പെടുത്തുന്നു. മഴയുടെ കൂട്ടുകാരനെ ഒരു ചിത്രം വഴിയെങ്കിലും അനുസ്മരിച്ചതിനു ചെറുതിന് അഭിനന്ദനം.

ചെറുത്* പറഞ്ഞു...

ajith : നന്ദി അജിഭായ്. വിക്ടറിനെ കുറിച്ച് അറിയാത്തവര്‍ ഉണ്ടാകില്ലെന്ന് തോന്നിയതുകൊണ്ടാണ് പറയാതിരുന്നത്. ഒരു ചെറിയ കുറിപ്പ് ആകാമായിരുന്നെന്ന് ഇപ്പൊ തോന്നുന്നു.
---- ----
രമേശ്‌ അരൂര്‍ : വായനക്കും അഭിപ്രായത്തിനും നന്ദി രമേശേട്ടാ :)
--------
Salam : ഈ നല്ലവാക്കുകള്‍ക്ക് നന്ദി മാഷേ. ഏറ്റവും മികച്ചതെന്ന് എന്നൊക്കെ കേക്കുമ്പൊ എന്തോ ഒരു ഒരു ഒരിത് ;)
-------
ഹാഷിക്ക് : മഴയുടെ ആ ഭാവമാറ്റം അറിയുന്നത് കൊണ്ടാണിക്കാ “പണ്ടത്തെ മഴക്കാലം“ എന്ന് എടുത്തെഴുതിയത് :) പിന്നേ ആ ട്രൈനിംങ്ങ്..... അതില് ചെറുതും വീണിട്ടുണ്ട്. രണ്ട് കാലുകൊണ്ടുമുള്ള പണിയല്ല്യോ. അടിതെറ്റി വീഴും ഹ്ഹ്. വിക്ടറിനെ പറ്റി ഇവ്ടെ തന്നെ രണ്ട് വരി പറയാം എന്ന് കരുതണു. അപ്പൊ നന്ദീട്ടാ. കാണാം.
---------
കൊമ്പന്‍ : നന്ദീണ്ട് കൊമ്പാ നന്ദി :)
-------
വര്‍ഷിണി: എന്തോ ഓര്‍മ്മ വന്നു വര്‍ഷിണിക്ക് എന്ന് മനസ്സിലായി. നല്ല ഓര്‍മ്മകളാണെങ്കില്‍ ചെറുത് കൃതാര്‍ത്ഥനായി :) നന്ദി വര്‍ഷിണി.
--------
sankalpangal: അതുകൊണ്ടല്ലേ ചെറുതിനും മഴയെപറ്റി തന്നെ എഴുതാന്‍ മോഹം തോന്നിയത്. നന്ദി മാഷേ. കാണാം :)
---------
ഒരു ദുബായിക്കാരന്‍ : നന്ദി ഷജീര്‍. മിക്കവര്‍ക്കും ഇതുപോലെ മഴയെ പറ്റി പറയാന്‍ വ്യത്യസ്ത അനുഭവങ്ങള്‍ ഉണ്ടാകും. മനോഹരമായതും അല്ലാത്തതുമായി. പക്ഷേ വിക്ടറിനെ മിക്കവരും ഒരുപോലെയാകും ഉള്‍കൊണ്ടിട്ടുണ്ടാകുക. അദ്ദേഹത്തെ കുറിച്ച് അധികം പറയാതിരുന്നതും അതുകൊണ്ടായിരുന്നു. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ജൂലൈ മാസത്തില്‍ തന്നെ ആയിരുന്നു ആ ദുരന്തവും.
-------------
mayflowers : വായനക്കും അഭിപ്രായത്തിനും നന്ദി. വിക്ടറെകുറിച്ച് താഴെ എഴുതിയിടാമെന്ന് കരുതുന്നു.
---------
സീത* : നല്ലവാക്കുകള്‍ക്ക് നന്ദി സീത. മഴ കാണുമ്പോഴൊക്കെ അതിനെ മനോഹരമായി പകര്‍ത്തിനല്‍കിയ മഴയുടെ കാമുകനെ ഓര്‍ക്കാതിരിക്കുന്നതെങ്ങനെയാ ലെ.
--------
ഞാന്‍ : ഒരു പക്ഷേ വയസും പ്രായോം ആകുമ്പൊ (:P) പോകെ പോകെ ചെറുതിനും അഹങ്കാരം കുറയുമായിരിക്കും ;) വായനക്കും അഭിപ്രായത്തിനും നന്ദി ഞാന്‍
-------
നാമൂസ് : നന്ദി മാഷേ. എഴുത്തിന്‍‌റെ ഗുണം കൊണ്ടല്ല, മറിച്ച് മഴ ആയതുകൊണ്ടാണ് ആസ്വദിക്കാന്‍ കഴിയുന്നതെന്ന് ശരിക്കും അറിയാം :) കാണാവേ
**********

ചെറുത്* പറഞ്ഞു...

വിക്ടറിനെ കുറിച്ച് ചെറിയൊരു പരാമര്‍ശം കൂട്ടിചേര്‍ത്തിട്ടുണ്ട്.

- സോണി - പറഞ്ഞു...

വ്യത്യസ്തമായ പോസ്റ്റ്. ചെറുതിന്റെ മഴക്കാലം വായിച്ചിട്ട് അസൂയ തോന്നുന്നു. കുട്ടിക്കാലത്ത് ഞാന്‍ മഴ അധികം നനഞ്ഞിട്ടില്ല. കൂട്ടുകാര്‍ കുറവായിരുന്നു. അതിന്റെ ഒരു വിഷമം ഇപ്പോഴും ഉണ്ട്. ഇപ്പോള്‍ നനയാന്‍ തോന്നുന്നുമില്ല. പിന്നെ വഞ്ചി ഉണ്ടാക്കലും മീന്‍ പിടിത്തവും ഒക്കെയുണ്ടായിരുന്നു. ഈ പോസ്റ്റ് വായിച്ചപ്പോള്‍ അതുവഴിയൊക്കെ ഒന്നുകൂടി പോയ ഒരു പ്രതീതി.

വിക്ടറിനെ എല്ലാവര്‍ക്കും അറിയാം. വിശദീകരണം ആയല്ല, എങ്കിലും അദ്ദേഹത്തിന്‍റെ ചിത്രം കൊടുത്തതുകൊണ്ട് മാത്രം എന്തെങ്കിലും രണ്ടുവാക്ക് എഴുതും എന്ന് ഞാനും കരുതി.

Lipi Ranju പറഞ്ഞു...

നല്ല പോസ്റ്റ്‌ ... ഒത്തിരി ഇഷ്ടായി ...

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

ആ സമര്‍പ്പണം നന്നായി.

തൃശൂര്‍കാരന്‍..... പറഞ്ഞു...

എഴുത്ത് ഇഷ്ടായി ട്ടോ.

shaina.... പറഞ്ഞു...

ഈ മരുഭൂമീലിരുന്നു.. മഴ നനഞ്ഞൊരു സുഖം...!

മുത്തുമണി പറഞ്ഞു...

ഗൃഹാതുരമായ ചില ഓര്‍മകളെ ഉണര്‍ത്തുന്ന വരികള്‍.ഗ്രാമ്യ സുന്ദരമായ കാഴ്ചകള്‍ ഇന്നു വിരളമാണ്..ഇടക്കൊരു മഴയുന്ടെങ്ങില്‍ മാത്രമേ ആ കാഴ്ചകള്‍ ഹൃദ്യമാകൂ.
വിക്ടര്‍ എന്ന മലയാള മനോരമയിലെ ഫോട്ടോ ജേര്‍ണലിസ്റ്റിനെ കുറിച്ചും ഈ വരികളിലൂടെ അറിയാന്‍ സാധിച്ചു.
ഒരു നെരിപ്പോട് മനസ്സില്‍ സൂക്ഷിച്ചെഴുതിയ ഈ മഴക്കാലം കൊള്ളാം.. ആശംസകള്‍.

faisalbabu പറഞ്ഞു...

ആ മരത്തിനോടുള്ള ഇഷ്ടം കാരണമാവാം അയല്പക്കത്തെ മാഷ് മരത്തെ ഒഴിവാക്കിതന്ന് മതില്‍ വളച്ച് കെട്ടിയത്
.....ആ മാഷിനു എന്റെ നല്ലൊരു കയ്യടി ..ഒരിഞ്ചു ഭൂമിക്ക് വേണ്ടി മനുഷ്യന്‍ കൊലപാതകം വരെ നടത്തുന്ന ഈ കാലമാ ഇത് .
----------------------

moideen angadimugar പറഞ്ഞു...

മഴയെക്കുറിച്ചും,ഉരുൾപ്പൊട്ടലിനെക്കുറിച്ചുമുള്ള വാർത്തകൾ കേൾക്കുമ്പോൾ പലപ്പോഴും ഓര്‍ക്കുന്നൊരു മുഖമാണ് വിക്ടര്‍ ജോര്‍ജ്ജിന്റെത്..
എഴുത്ത് വളരെ ഇഷ്ടമായി.അഭിനന്ദനങ്ങൾ..

yiam പറഞ്ഞു...

ചിലർ പരിസ്ഥിതിയെ കുറിച്ചു എഴുതും, പ്രസംഗിക്കും...എന്നാലോ നമ്മൾ ആസ്വദിക്കും.....അഭിനന്ദനങ്ങൾ

വിധു ചോപ്ര പറഞ്ഞു...

കുപ്പയിലെ മാണിക്യം. തൽക്കാലം ഇത്രമാത്രം. ബാക്കി രണ്ടാം വായനക്ക് ശേഷം ......ചെറുതിനെ അങ്ങനെയങ്ങ് വിട്ടാൽ പറ്റില്ലല്ലോ. രണ്ട് തെറി പറയാതെന്ത് സ്നേഹം ചക്കരേ. ശരിക്കൊന്നു കൂടി വായിക്കട്ടെ. വച്ചിട്ടുണ്ട് ഞാൻ

ഷിബു തോവാള പറഞ്ഞു...

ചെറുതേ...പറയാതെ വയ്യ....അതിമനോഹരം...പിന്നെ ഒന്നു രണ്ട് മഴചിത്രങ്ങൾ കൂടി ഉണ്ടായിരുന്നെങ്കിൽ..

മുല്ല പറഞ്ഞു...

നന്നായി. വിക്ടറിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം.

ചെറുത്* പറഞ്ഞു...

- സോണി -: വിക്ടറിനെ മനഃപൂര്‍‍വ്വം ഒഴിവാക്കിയത് ശരിയായില്ല എന്ന് മനസ്സിലായതുകൊണ്ട് ചെറിയൊരു പരിചയപെടുത്തല്‍‍ കൂട്ടി ചേര്‍‍ത്തു. നന്ദി സോണി. യു.എ.ഇ യിലെ കഴിഞ്ഞ മഴക്ക് ഓഫീസിനു മുന്നിലാകെ വെള്ളം നിറഞ്ഞപ്പൊ പെട്ടെന്ന് കുട്ടിത്തം കേറി വന്നു. ഉടനേ നാലഞ്ച് വഞ്ചിയുണ്ടാക്കി കമ്പനിയുടെ ഷിപ്പിന്‍‍റെ പേരും വച്ച് നീറ്റിലിറക്കി. ചില അറബീസിനത് കൌതുകം ആയിരുന്നു. അവര്‍‍ക്ക് വഞ്ചിയുണ്ടാക്കാനറിയില്ല. വീമാനം ഉണ്ടാക്കി അവരും കൂടെ കൂടി ;)
-----------------
Lipi Ranju : നന്ദി വക്കീലേ
ഒരു ദുബായിക്കാരന്‍ : നന്ദീണ്ടിഷ്ടാ ;)
തൃശൂര്‍കാരന്‍...: നാട്ടാരാ താങ്ക്യൂട്ടാ
shaina...: നല്ല വാക്കിന്‍ നന്ദി :)
--------------
മുത്തുമണി: വിക്ടറിനെ അറിയാത്തവരുണ്ടാകുമെന്ന് ചെറുത് കരുതിയില്ലാരുന്നു. ഒരാള്‍‍ക്കെങ്കിലും അദ്ദേഹത്തെ പരിചയപെടുത്താന്‍ കഴിഞ്ഞതിലുള്ള സന്തോഷം :) നന്ദി മുത്തുമണി.
--------------
faisalbabu: ആ മതില്‍‍ കാണുന്നവരെല്ലാം ഇത് തന്നെ പറയുന്നു. ആ മരം കൊണ്ട് മാഷിനൊരു ഗുണവുമില്ലെന്ന് മാത്രമല്ല, ഭൂമിനഷ്ടവും. മാഷിന്‍‍റെ വീട് അവിടന്നും അല്പമകന്നാണ്‍. നന്ദി മാഷേ, കാണാംട്ടാ:)
----------------
moideen angadimugar: വിക്ടറിനെ സ്നേഹിക്കുന്നവരെ ഇവ്ടെ കാണാനായതില്‍‍ സന്തോഷവും നന്ദിയും:)
----------------
yiam : നമ്മളെകൊണ്ട് ആവുന്നതല്ലേ ചെയ്യാന്‍ പറ്റൂ, അതുകൊണ്ട് ആസ്വദിക്കാംന്ന് വച്ചു. നന്ദീട്ടാ :)
-------------
വിധു ചോപ്ര: പറഞ്ഞ് പറഞ്ഞ് മാണിക്യത്തിന്‍‍റെ വില കളയരുത് വിധുമാഷേ :), മിക്ക ബ്ലോഗിലും “രണ്ടാം വായന” എന്ന നംബറും കൊണ്ട് കറക്കം ആണല്ലേ, ഉം ഉം. തിരക്കുകളൊഴിഞ്ഞ് ഇവ്ടെ സജീവമാകുമെന്ന് കരുതുന്നു. കാണാംട്ടാ :)
--------------
ഷിബു തോവാള: നല്ല വാക്കുകള്‍ക്ക് നന്ദി ഷിബു. ചിത്രമിട്ട് ഓവറാക്കേണ്ടെന്ന് കരുതി :)
--------------
മുല്ല :നന്ദി മുല്ല. വീണ്ടും കാണാം.
**************

അനില്‍ഫില്‍ (തോമാ) പറഞ്ഞു...

ഞാനും നാട്ടില്‍ പോയിരുന്നു ജൂണ്‍ രണ്ടാം വാരം മഴ നനയാന്‍, ഭാവം മാറിയ, കുളിരില്ലാത്ത മഴയോടോപ്പം എവിടുന്നൊക്കെയോ ഒലിച്ച് വരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍, ലോകത്തിന്റെ പലഭാഗങ്ങളിലേക്ക് ചിതറിപ്പോയ സൗഹൃദങ്ങള്‍, പുഴവെള്ളത്തിലും ഒലിച്ചിറങ്ങിയ ഓയിലിന്റെ പാട, ഒളിച്ച് കളിക്കുന്ന മഴമേഘങ്ങള്‍, മോഹഭംഗത്തിന്റെ വീടണയലായി മാത്രമവശേഷിച്ച ഒരു യാത്ര

പുന്നക്കാടൻ പറഞ്ഞു...

മഴ എന്റെ വീക്നെസ്‌ ആണു.ഒപ്പം കച്ചവടം നഷ്ട്ടപെടുമോ എന്ന ഭീതിയും. എങ്കിലും ശാന്തമായ മഴയെ ഞാനെന്നും ഇഷ്ട്ടപെടുന്നു.

Pradeep Kumar പറഞ്ഞു...

തന്റെ തൊഴിലില്‍ ആവേശകരമായ ആനന്ദം അനുഭവിച്ചിരുന്ന വിക്ടര്‍ ജോര്‍ജിനെ കുറിച്ചുള്ള ഓര്‍മപ്പെടുത്തല്‍ കൂടിയായി ഈ പോസ്റ്റ്

നന്നായി എഴുതി.ഭാവുകങ്ങള്‍.

മുകിൽ പറഞ്ഞു...

victor geogine orkunnu. urulpotalinte chithram etavum aduthu ninnedukkan sramichathethudarnnundaya durantham.

mazhayude cherupakala kusruthikal nannayi vyathysthamayi paranju.

Reji Puthenpurackal പറഞ്ഞു...

വിക്ടര്‍ ജോര്‍ജ് .....മഴയെ സ്നേഹിച്ചു തീരാതെ നമ്മളെ വിട്ടു പോയ പ്രതിഭ. ഒരു പക്ഷെ പുതു തലമുറ മഴയെ ഇഷ്ടപെടാന്‍ തുടങ്ങിയത് വിക്ടര്‍ ജോര്‍ജ് ന്‍റെ മരണത്തോടെയാണന്നു എനിക്ക് തോന്നുന്നു. " ചെറുതിന്റെ " വലിയ മഴാനുഭവങ്ങള്‍ ഇഷ്ടപ്പെട്ടു.

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...

ഈ ഓർമ്മപ്പെടുത്തലുകൾ നന്നായി പകർത്തിവെച്ചിരിക്കുന്നൂ

മനോജ്‌ വെങ്ങോല പറഞ്ഞു...

എത്ര മനോഹരമായ എഴുത്ത്.

Veejyots പറഞ്ഞു...

ചെളിവെള്ളത്തിലൂടെ ചേമ്പില തണലില്‍
കളിവഞ്ചി ഇറക്കി കുളിരുകോരുന്ന യാത്ര ചെയ്ത ഓര്‍മകള്‍ ...

ഉള്ളു കീറുന്ന നൊമ്പരമായി വിക്ടര്‍.. അഭിനന്ദനങ്ങള്‍

s menon പറഞ്ഞു...

ചൂടിൽ ഉരുകുമ്പോൾ ഒരു ചെറിയ മഴ പെയ്താൽ . പനിനീർ മഴ,കുളിർ മഴ..... മൂന്നാലുദിവസം അടുപ്പിചു പെയ്താൽ എന്തൊരു നശിച്ച മഴ, എന്നു പറയുന്നവരാണൂ പകുതി മലയാളികൾ .ചെറുതു അതിൽ പെടില്ല എന്നു മനസ്സിലയി. ഏങ്കിലും പെട്ടെന്നു എനിക്ക് ഓർമ്മ വന്നതു kerala cafe ലെ dileep ന്റെ film ആണു. ചെറുതിനെ ആക്കിയതല്ല. പെട്ട്ന്നു തോന്നിയപ്പൊ പറഞു എന്നു മാത്രം.മഴയെ സ്നെഹിക്കുന്ന ഒരു മലയാളി അണു ഞാനും.പക്ഷെ ഇത്ര മനോഹരമായി മഴയെ വർണിക്കാൻ എനിക്കു കഴിയില്ല. ചെറുതിന്റ ബാല്യകാല സ്മരണകൾ മനോഹരം.

AFRICAN MALLU പറഞ്ഞു...

ചെറുപ്പത്തില്‍ ഞാനും കൂട്ടുകാരും മഴയത് ഒലിച്ചു വരുന്ന വെള്ളത്തില്‍ മണ്ണ് കുഴച്ചു കുഞ്ഞു ബണ്ടുകള്‍ നിര്‍മിച്ചതും.പിന്നെ അതിനു നടുക്ക് ഓമ (പപ്പായ) തണ്ടിട്ടു പൈപുണ്ടാക്കി ജലസേചനം നടത്തിയതും ,ചളിയില്‍ കളിച്ചതിനു വീട്ടില്‍ നിന്നും നല്ല തല്ലു കിട്ടിയതും ഒക്കെ ഓര്‍മിപ്പിച്ചു ... നല്ല വിവരണം .

INTIMATE STRANGER പറഞ്ഞു...

മഴ..മഴ..പുറത്തു ദേ മഴപെയ്യാണ് ...

anupama പറഞ്ഞു...

പ്രിയപ്പെട്ട ചെറിയ വലിയ സുഹൃത്തേ,
ഒരു പെരുമഴക്കാലം ഓര്‍മ മാത്രമാക്കിയ വിക്ടര്‍ ജോര്‍ജിനെ അനുസ്മരിച്ചതിനു ഒരായിരം നന്ദി!മഴയുടെ പ്രിയപ്പെട്ട തോഴന് ആദരാഞ്ജലികള്‍!
മഴ മനസ്സില്‍ പെയ്യുമ്പോള്‍,ഈ ലോകം എത്ര മനോഹരം!ഭീകരത എല്ലാവരും അറിയുന്നില്ല!
ശ്രീ ജോര്‍ജിന്റെ മഴ ഫോട്ടോസ് കൊടുക്കാമായിരുന്നു!
മഴനൂലുകള്‍ മയില്‍‌പീലി വിടര്തിയാടിയ ഈ പോസ്റ്റിന്റെ ചിത്രങ്ങള്‍ക്ക് മഴതുള്ളി കിലുക്കം കേള്‍പ്പിക്കാന്‍ പറ്റില്ല!കഷ്ടമായി!
പാരിജാത മരം വിട്ടു തന്ന നല്ല ശമരിയക്കാരനോട് അനുവിന്റെ അഭിനന്ദനങ്ങള്‍ പറയു!അപൂര്‍വ്വം,ഈ വ്യക്തിത്വം!
സുഹൃത്തേ,ഈ മഴ പോസ്റ്റ്‌ വളരെ നന്നായി!അഭിനന്ദനങ്ങള്‍!
രാത്രിമഴ ആശംസിച്ചു കൊണ്ടു,
സസ്നേഹം,
അനു

നിശാസുരഭി പറഞ്ഞു...


എന്റെ മുറ്റത്ത്
(എന്റെ മനസ്സിലും)
പെയ്ത മഴയായ്
നനവായ് കുളിരായ്

നിറഞ്ഞിരുന്നു
ഇന്നലെ നീ..

പൊട്ടിച്ചിരിച്ച
നീര്‍ത്തുള്ളികളായ്,
ചിന്നിച്ചിതറി-
യെന്നിലൂടൊഴുകി

മറയുന്നു
വിടയോതി ഇന്ന്..

കോമൺ സെൻസ് പറഞ്ഞു...

ബുദ്ധിമുട്ടി.. കഷ്ടപെട്ട്..., എന്താ ഏട്ടാ ഈ കളറ്..
വായിക്കാൻ വിഷമം.

priyag പറഞ്ഞു...

മഴ നനഞ്ഞു! . കേറി കിടക്കാന്‍ കൂര ഉള്ളവന്റെ അഹങ്കാരമാണ് മഴ സാഹിത്യം എന്ന് എവിടെയോ വായിച്ചിട്ടുണ്ട്.

അനശ്വര പറഞ്ഞു...

മഴ അനുഭവവും, കുട്ടിക്കാലവും , വീടും പരിസരവും ഒക്കെയുള്ള ഈ പോസ്റ്റ് നന്നായി ഇഷ്ടപ്പെട്ടു..
നല്ലൊരു കുട്ടിക്കാലം ഉണ്ടായിരുന്നു ല്ലെ? ഭാഗ്യവാന്‍..!!!! കുട്ടിക്കാല കളികളൊക്കെ വിവരിച്ചപ്പൊ വെറുതെ കണ്ണ് നിറഞ്ഞു...എന്തൊക്കെയോ നഷ്ടമായി എന്നൊരു തോന്നല്‍....ആസ്വദിക്കാന്‍ കഴിഞ്ഞ ഭാഗ്യവാന്‌ ആശംസകള്‍....
priyag പറഞ്ഞത് പോലെ മഴ എന്ന് കേള്‍ക്കുമ്പൊ ചോരുന്ന കൂരയെ കുറിച്ച് ആദി കാണിച്ചിരുന്നവരെ അടുത്ത് കണ്ടിട്ടുണ്ട്...എങ്കിലും മഴ വരുംബൊ ചോരുന്നിടത്തൊക്കെ അവര്‍ പാത്റം വെച്ചും ചാക്ക് വെച്ചുമൊക്കെ ഒരുങ്ങി കഴിഞ്ഞാല്‍ പിന്നെ ശാന്തയായി മഴ കാണും പോലെ എനിക്ക് തോന്നിപോയിട്ടുണ്ട്...
പ്റക്റ്തിയുടെ അനുഗ്രഹമായത് കൊണ്ടാവാം എത്ര കഷ്ടനഷ്ടങ്ങള്‍ ഉണ്ടാക്കിയാലും മഴയെ തീറ്ത്തും വെറുക്കാന്‍ ആവാത്തത്...!!

ചെറുത്* പറഞ്ഞു...

പുന്നക്കാടൻ: നഷ്ടപെടലുകളില്ലാത്തൊരു മഴക്കാലം ആശംസിക്കുന്നു. നന്ദി പുന്നക്കാടാ
-------------
Pradeep Kumar: അഭിപ്രായത്തിനും നല്ല വാക്കുകള്‍ക്കും നന്ദി മാഷേ.
-----------
മുകിൽ: വീണ്ടും ഈ വഴി കണ്ടതിലെ സന്തോഷം അറിയിക്കുന്നു. നന്ദീം :)
-----------
Reji Puthenpurackal: പുതിയ തലമുറക്കാണ് വിക്ടറിനെ കുറിച്ചുള്ള അറിവുകള്‍ കൂടുതല്‍ എന്നാണ് തോന്നുന്നത്. അഭിപ്രായത്തിന് നന്ദി റെജി. കാണാം :)
-----------
മുരളീമുകുന്ദൻ: ബിലാത്തിക്കാരനെ കണ്ടതിലും അഭിപ്രായം അറിഞ്ഞതിലും സന്തോഷംട്ടാ :)
----------
മനോജ്‌ വെങ്ങോല: സത്യം??? വിശ്വസിക്കട്ടെ. ;) നന്ദി മനോജ്
----------
Veejyots: നന്ദീണ്ട് മാഷേ. കാണാം ഇടക്കൊക്കെ
-------
s menon: കേരള കഫേ കണാ‍ഞ്ഞത് നന്നായെന്ന് ഇപ്പൊ മനസ്സിലായി :) വിശദമായ അഭിപ്രായത്തിന് നന്ദി മാഷേ. മഴയെ വര്‍ണ്ണിച്ചതൊന്നും അല്ല, ഓര്‍മ്മകള്‍ പകര്‍ത്തി എന്ന് മാത്രം :)
--------

ചെറുത്* പറഞ്ഞു...

AFRICAN MALLU: ഹ്ഹ് അത്തരമൊരു ജലസേചനം അന്നൊന്നും അറിയില്ലായിരുന്നു. ഓര്‍മ്മകള്‍ക്കും അഭിപ്രായത്തിനും നന്ദീട്ടാ
-------------
INTIMATE STRANGER : ഹ്മം....പുറത്തെ മഴയെ ഓര്‍ക്കാനേ പറ്റു. പാവം ചെറുത്. നന്ദിണ്ട് :)
-------------
anupama : ഈ വരവിനും വിശദമായ അഭിപ്രായത്തിനും നന്ദി അനുപമ. ചിത്രങ്ങള്‍ ചെറുതാക്കിയപ്പൊ അത് തോന്നിയിരുന്നു. കഷ്ടായി ലെ! വിക്ടറിന്‍‌റെ ചിത്രങ്ങള്‍ കാണാത്തവരുണ്ടാകുമോ? വെബില്‍ സുലഭമാണ് അതൊക്കെ. പിന്നെ മാഷ്. അദ്ദേഹം ഓര്‍മ്മയായിട്ട് വര്‍ഷങ്ങളായിരിക്കണു. അപ്പൊ വീണ്ടും കാണാം. രാത്രിമഴ!
---------
നിശാസുരഭി : വരവിനും വരികള്‍ക്ക് നന്ദി സുരഭി, കാണാവേ
-----------
priyag : നനഞ്ഞൂലോ നല്ലോണം. സന്തോഷം. നന്ദി. തല തുവര്‍ത്തിക്കോളൂ. എവ്ടെയാ വായിച്ചത് പ്രിയാ. ആ ബ്ലോഗിന്‍‌റെ ലിങ്ക് തന്നാല്‍ പോയി നാല് ഡയലോഗ് പറയാരുന്നു ;)
-----------
അനശ്വര: ഓര്‍ക്കാനിഷ്ടപെടുന്നതും അല്ലാത്തതും മിക്കവരുടേയും ബാല്യത്തില്‍ കാണും അനശ്വര. അവയോടുള്ള നമ്മുടെ സമീപനം പോലിരിക്കും. വിശക്കുന്നവരെ ഓര്‍ത്ത് പട്ടിണി വരിക്കണം, കണ്ണില്ലാത്തവരെ ഓര്‍ത്ത് കാഴ്ചകള് ആസ്വദിക്കരുത്, എന്നൊന്നും പറയാന്‍ പറ്റില്ലല്ലൊ. മഴയില്‍ കൂര മാത്രമല്ല, ജിവന്‍ പോലും പോകുമെന്ന് പേടിച്ചിരിക്കേണ്ടവരെ കണ്ടിട്ടുണ്ട്. എന്ന് വച്ച് മഴ പാടില്ലെന്നോ, ആസ്വദിക്കരുതെന്നോ!? അഭിപ്രായത്തിന് നന്ദീണ്ടേ :) കാണാം.!
------------

പരിണീത മേനോന്‍ പറഞ്ഞു...

heart touching..

കുമാരന്‍ | kumaran പറഞ്ഞു...

മഴയെപ്പറ്റി നല്ലോരു കുറിപ്പ്.

അനൂപ്‌ .ടി.എം. പറഞ്ഞു...

മഴയെ പറ്റി, എവിടെ എഴുതിയാലും വായിക്കാന്‍ ഇഷ്ട്ടമാണ്.
അണമുറിയാതെ ഒഴുക്കോടെ എഴുതിയ ഈ കുറിപ്പിന് നന്ദി.
ഓര്‍മ്മകളില്‍ വിക്ടര്‍...:)

ഒരു റീൽ ഫ്കിലിം കൊണ്ടൊരു മുഴുനീള പ്രണയ സിനിമ കാണിക്കുന്ന ഓപറേറ്ററാണ് മഴ! - ടി. പി. അനില്‍കുമാര്‍

ഓർമ്മകൾ പറഞ്ഞു...

ഇപ്പോഴും പെയ്യുന്നുണ്ട് ഒരു മഴ......
വളരെ ശക്തിയോടെ തോരാതെ തുടരുന്നു....

നന്നായി ആശംസകൾ...

ജീവി കരിവെള്ളൂര്‍ പറഞ്ഞു...

മഴയെ ഏറെ ഇഷ്ടമാണെങ്കിലും പ്രാകിയിട്ടുമുണ്ട് പലപ്പോഴും . എന്നാലത് മഴയോടുള്ള ഇഷ്ടം കുറഞ്ഞതുകോണ്ടല്ല എന്നു മാത്രം .

ഒരുമഴപെയ്താൽ കായലേതാ കരയേതാ എന്നറിയാതാകുന്ന കൊച്ചി ഇപ്പോ അനുഭവിച്ചുകൊണ്ടിരിക്കുന്നു .

siya പറഞ്ഞു...

ചെറുതിന്റെ ഓരോ പോസ്റ്റുകള്‍ വായിച്ചു നോക്കി .മഴയെ ഇഷ്ട്ടം ആയതുകൊണ്ടാവും ഈ പോസ്റ്റില്‍കണ്ട വരികള്‍ ആണ് മനസ്സില് ..‍


മഴക്കാലത്തെ മറ്റൊരു ഓര്‍മ്മയാണ് പാരിജാതപൂക്കള്‍. കുനുകുനുന്നനെ നല്ല വെളുത്ത പാരിജാതപൂക്കള്‍ നിറഞ്ഞമരം വീടിനു പുറകിലായിട്ടാണ്. അതിരില്‍ നിന്നിരുന്ന ആ മരത്തിനോടുള്ള ഇഷ്ടം കാരണമാവാം അയല്പക്കത്തെ മാഷ് മരത്തെ ഒഴിവാക്കിതന്ന് മതില്‍ വളച്ച് കെട്ടിയത്...

അതൊക്കെ വായിക്കുമ്പോള്‍ തന്നെഎന്തൊരു സന്തോഷം!!!ഈനല്ല മഴ ഓര്‍മകളും ,.മനസ്സിനെ നനച്ച് പെയ്തിറങ്ങുന്ന സൗഹൃദത്തിന്‍‌റെ കുളിര്.എല്ലാം എന്നും കൂടെ ഉണ്ടാവട്ടെ.

dha blueizh fiZzzZh...!!!! പറഞ്ഞു...

Mazha nanayunna pole :)

ajith പറഞ്ഞു...

ഹലോ ചെറുതേ,
നമസ്കാരം, പുതുവര്‍ഷാശംസകള്‍
റാംജിയുടെ കഥയ്ക്ക് അഭിപ്രായമിട്ടത് കണ്ടപ്പോള്‍ ചെറുതിന്റെ ബ്ലോഗില്‍ ഒന്നുവന്ന് ഹായ് പറയാമെന്ന് കരുതി. പിന്നെ കഴിഞ്ഞ രണ്ടുമൂന്ന് മാസം അവധിയുമൊക്കെയായി പല പോസ്റ്റുകളും മിസ് ആയിട്ടുണ്ട്. ചെറുത് വല്ലതും പോസ്റ്റ് ചെയ്തോന്ന് നോക്കാമല്ലോ എന്നും കരുതി

അജ്ഞാതന്‍ പറഞ്ഞു...

ഒത്തിരി ഇഷ്ടായി ...

അജ്ഞാതന്‍ പറഞ്ഞു...

അവിടെ വന്നയാളിനെ തിരഞ്ഞ് വന്നതാണ്... അപ്പോള്‍ കണ്ടു മഴ.... മഴയുമല്ല... അതിനേക്കാള്‍ ഇഷ്ടപ്പെട്ടത് വിക്ടർ ജോര്‍ജ്ജിനെപ്പറ്റി പറഞ്ഞത്.. മരണവാര്‍ത്തയിലാണ് ആ പ്രതിഭയെക്കുറിച്ചറിഞ്ഞത്.. അന്നൊരു വേദനയായി മനസ്സിലെവിടെയോ കയറിപ്പറ്റിയതാണു വിക്ടർ...
പിന്നെയൊരു ചോദ്യം കൂടി.. കുപ്പയൊഴിച്ചിട്ടിരിക്കുന്നത് എന്താണ്???

ചെറുത്* പറഞ്ഞു...

പരീണിത മേനോൻ, കുമാരൻ, അനൂപ്, ഓർമ്മകൾ, ജീവി, സിയ, dha blueizh fiZzzZh, അജ്യേട്ടൻ, പ്രതീക്ഷ, ഋതു……..നിങൾക്കും ഉണ്ട് നന്ദീട്ടാ. എല്ലാവരുടേം അഭിപ്രായങൾ അപ്പപ്പോൾ മെയിലിൽ കാണാറുണ്ട്. പക്ഷെ ബ്ലോഗിലേക്ക് കടക്കാറില്ലാത്തതോണ്ട് റിപ്ലിക്കാൻ കഴിഞ്ഞില്യ. ഇന്യാവട്ടെ……ശര്യാക്കാം ;)

ഋതു: വിക്ടറിനെ പറ്റി ചെറുതും അന്നേരമാണ് അറിയുന്നത്. ഒരു പുത്യേ അറിവ്. പിന്നെ കുപ്പയല്ലെ…….അതെപ്പഴും ഒഴിഞ്ഞിരിക്കണതല്ലെ കാണാൻ വൃത്തി? ങെ! ;)

അജ്ഞാതന്‍ പറഞ്ഞു...

കണ്ണുകള്‍ക്ക് ഇമ്പമാര്‍ന്ന അക്ഷരങ്ങള്‍ കുത്തിനിറക്കുമ്പോള്‍ അത് ഒഴിഞ്ഞ കുപ്പയില്‍ മാറാല കെട്ടിക്കിടക്കുന്നതിനേക്കാള്‍ നല്ലതായിരിക്കും....

UNAIS K പറഞ്ഞു...

മഴ വല്ലാത്ത അനുഭവം തന്നെ. കുട്ടിക്കാല ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ട് പോയി.

ആശംസകൾ

UNAIS K പറഞ്ഞു...

മഴ വല്ലാത്ത അനുഭവം തന്നെ. കുട്ടിക്കാല ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ട് പോയി.

ആശംസകൾ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹ! നില്‍‍ നില്‍‍ മിണ്ടീം പറഞ്ഞും പോ ന്നേ.
മിണ്ടാണ്ടെ പോയാല് മങ്കി :(