ശനിയാഴ്‌ച, നവംബർ 01, 2014

മൂന്ന് പെണ്ണുങ്ങൾ!



ശാന്തം

ജൂണിൽ സ്കൂളുകളെല്ലാം തുറന്നിട്ടും ഒഴിഞ്ഞുപോകാൻ കൂട്ടാക്കാതെ നിൽക്കുന്ന വേനൽക്കാലം

"നമ്മുടെ സ്കൂളൊക്കെ തുറക്കണ സമയത്ത് എന്തായിരുന്നൂലെ മഴ. നനയാത്ത ഒരു ദിവസം പോലൂണ്ടാവില്യ" റോഡിലൂടെ പോകുന്ന കുട്ടികളെ നോക്കി ചേച്ചി ഓർമ്മകളുടെ ഭാണ്ഡക്കെട്ടഴിച്ചു.

"കഴിഞ്ഞ വർഷത്തേക്കാൾ ഇപ്രാവശ്യം മഴ വൈകുമെന്നാണ് പറഞ്ഞേക്കണത്" പേപ്പറൊക്കെ വായിക്കാറുണ്ടെന്ന അഹങ്കാരത്തിൽ അനിയനും ചർച്ചയിൽ കയറി.

"ഓഹ്, ഇവട്യല്ലെ മഴയില്ലാതുള്ളു, അങ്ങ് ദുഫായീലും അഫുദാവീലുമൊക്കെ ഇപ്പൊ ദിവസോം മഴയാന്നെ" എൻറത്ര ലോകവിവരം നിനക്കായിട്ടില്ലെന്ന മട്ടിൽ ഞാൻ കേരളത്തിലെ കാലവർഷത്തെ അന്താരഷ്ട്ര തലത്തിലേക്ക് വലിച്ചിട്ടു.

"അതെങ്ങനാ? ഇവിടെ ഉള്ള കാടും കുന്നുമൊക്കെ വെട്ടി നിരത്തുവല്ലെ! അവ്ടെ അറബ്യോള് മരുഭൂമിയിലൊക്കെ മരങ്ങള് വച്ച് കാട് ഉണ്ടാക്കി എടുക്കേം! അപ്പൊ അവ്ടേം മഴ പെയ്തൂന്ന് വരും"

"അളിയനെ വിളിക്കുമ്പൊ ഇത് തന്ന്യാ പറയണെ. എന്നും മഴതന്നെ, എന്നും മഴ! നാട്ടിൽ വന്നത് പോലാണത്രെ അളിയനിപ്പൊ അവിടെ. രാവിലേം മഴ, രാത്രീലും മഴ. ഇടീം വെട്ടി മഴ."

"അല്ലേച്ചീ, അപ്പൊ അവിടൊക്കെ ഇത്രേം നാളില്ലാത്ത മഴ പെയ്യാൻ ശരിക്കും എന്താകും കാരണം?" വിഷയത്തിൻറെ ആഴത്തിലേക്ക് ഊളിയിടാൻ അനിയൻ തയ്യാറെടുത്തു

"ഒക്കേം അമേരിക്കേടെ കളിയാടാ"

"ന്തൂട്ട്! അമേരിക്ക്യോ?“ കളിയാക്കി പറഞ്ഞതാണെങ്കിലും ഇനിയിപ്പൊ അമേരിക്ക കളിക്കണുണ്ടോന്ന് അവനൊരു സംശയം.

ഇത്രേം നാളും ഇല്ലാത്ത ഓയലിപ്പൊ ഇന്ത്യേടെ കടലീന്ന് കിട്ടുംന്നല്ലെ പറേണെ. അങനങനെ ഓരോന്നും മാറീം മറിഞ്ഞും വരുമായിരിക്കും. ഇവിടെ എണ്ണപ്പാടം, അവ്ടെ പാടോം നദീം, കാടും അങനങ്ങനെ....

ചർച്ചകൾ കളിയായും കാര്യമായും അങ്ങനെ നടക്കുന്നതിനിടയിലാണ് അതുവരെ അടുക്കളയിലെ പണികൾക്കിടയിൽ ചർച്ചാവിഷയം കേട്ടിരുന്ന അമ്മ ശാന്തയായി ഇടയിലേക്ക് കയറി വന്നത്.

മൂന്നിനേം സ്കൂളിലയച്ച് പഠിപ്പിച്ചിട്ടും ഒരു കാര്യോം ഉണ്ടായില്ലല്ലൊ ഈശ്വരാ എന്ന ആവലാതിയോടെ അമ്മ,

"അപ്പൊ നിങ്ങളു തന്നല്ലെ മക്കളെ പണ്ട് ഇവിടിരുന്ന് വായിച്ച് പഠിക്കാറുള്ളത്.........ഭൂമി അച്ചുതണ്ടിൽ സ്വയം കറങ്ങികൊണ്ടിരിക്ക്യാണെന്ന്"

"അതെ, അതിന്...? മുന്ന് പേരും ആസ് കോറസ്.

"അങനെ കറങ്ങി കറങ്ങി പണ്ട് ഇവിടെ പെയ്തിരുന്ന ആകാശം ഇപ്പൊ ഗൾഫിൻറെ മുകളിൽ അയിട്ടുണ്ടാവും. ഇനീം കറങ്ങുമ്പൊ തിരിച്ച് ഇവിടെ തന്നെ വന്ന് മഴ പെയ്യും!"

ശ്ശ്യൊ..!

അടുക്കളേൽ ആണെങ്കിലും, പണ്ട് പരീക്ഷ പാസ്സാവാൻമാത്രം നമ്മ കഷ്ടപെട്ട് വായിച്ചതൊക്കെ കേട്ട് ഓർത്ത് വച്ചേക്കുവാ!

ഈ അമ്മ!

****************************

കരുണം


"അമ്മാാാാാാാാാ................. ഈ ചേച്ചി!!!"

അവൻ കുളിമുറീടെ വാതിലിൽ തട്ടാൻ തുടങ്ങീട്ട് നേരം കുറേ ആയി.

അവൻ തട്ടുന്നുണ്ടല്ലൊ എന്ന സമാധാനത്തിലാണ് ഞാൻ തട്ടാതെ നിൽക്കുന്നത്. അല്ലേലിപ്പൊ കാണാർന്ന്...

"അവളൊന്ന് കുളിച്ചിറങ്ങട്ടടാ, ന്താ നിനക്കിന്ന് പതിവില്ലാത്ത ധൃതി?"

"അകത്ത് കുളിക്ക്യൊന്ന്വല്ലമ്മാ, വെള്ളം വീഴണൊന്നൂല്യ. ഇന്ന് സ്കൂളീ പോവാൻ വൈകുംട്ടാ"

"ചേച്ച്യേ....#്(%^##്(%^# എറങ്ങണുണ്ടാ പൊറത്ത്ക്ക്!" ഞാൻ ദേഷ്യം വന്ന് അലറി വിളിച്ച് ചോദിച്ചെങ്കിലും മറുപടിക്ക് വെറും ലോ ഫ്രീക്വൻസി മാത്രമെ ഉണ്ടാരുന്നുള്ളു.

"ഇല്യ"

"രണ്ടും കിണറ്റിങ്കരേൽ പോയി കുളിക്കടാ, ഞാൻ മോട്ടറടിച്ച് തരാം"

"അമ്മെ!" ഓപ്പൺ സ്പേസിൽ കുളിക്കാനൊ, നോ.... നെവർ..... ഞങ്ങടെ മാനത്തിന് വിലയൊന്നൂലെ!

"ഞങ്ങളെന്നാല് കുളത്തിൽ പോയി കുളിച്ച് വരാം" വാട്ടേൻ ഐഡിയ!

"രണ്ടിൻറേം മുട്ടുകാലു ഞാൻ തല്ലിയൊടിക്കും. കുളത്തിൽ കുളിക്കാൻ പോണുപോലും"

കുളത്തിൽ പോകാനുള്ള വഴീം അടഞ്ഞതോടെ അനിയൻ വാതിലിൽ തട്ടുന്നത് നിർത്തി.

ചവിട്ട് തുടങ്ങി.!

ചവിട്ടുവിൻ തുറക്കപ്പെടും എന്നതുപോലെ കുളിമുറിയുടെ വാതിൽ തുറക്കപ്പെട്ടു. ചേച്ചിയുടെ മുഖത്ത് എന്തോ ഭീകര ടെൻഷൻ.

"ആരും ഇപ്പൊ അകത്ത് കേറണ്ട, നീയാ ടോർച്ചും കുറച്ച് ഈർക്കിലീം എടുത്ത് വേഗം വാ" വാതിൽ ബ്ലോക്ക് ചെയ്ത് ചേച്ചി

അകത്തെന്തോ പന്തിയല്ലാത്തത് നടക്കുന്നുണ്ടെന്ന് മനസ്സിലായ ഞാൻ സ്വകാര്യമായി അമ്മക്ക് റിപ്പോർട്ട് കൊടുത്തു.

((((("അമ്മാ, ചേച്ചി ഇത് വരേം കുളിച്ചിട്ടില്യ, ഇപ്പൊ ദേ ടോർച്ചും ഈർക്കിലീം ഒക്കെ എടുത്ത് പിന്നേം കുളിമുറീൽ കേറി. )))))))

വാട്ട് ദ ഹെൽ എന്ന മട്ടിൽ അമ്മേടെ നെറ്റീൽ ചുളിവുകൾ വീണു. യെസ്! ഇപ്പൊ അമ്മക്കും അതേ സംശയം.... അകത്തെന്തോ നടക്കുന്നുണ്ട്!

"ടീ, നീയിത് വരെ കുളിച്ചില്ലെ! നീയെന്തിനാ ടോർച്ചും ഈർക്കിലീം എടുത്ത് അകത്ത് കേറീരിക്കണെ? നീയെന്താ അവിടെ കാട്ടണെ" ഒന്നിനു പുറകെ ഒന്നൊന്നായി ചോദ്യശരങ്ങളെയ്ത് അമ്മ.

അകത്ത് പതിഞ്ഞ സംസാരം. ബട്ട്...........ആരോട്........!?

"വാതിലു തുറന്നെ. മതി നിൻറെ കുളി" അമ്മക്ക് ദേഷ്യം കേറി വരുന്നുണ്ട്. നന്നായി.

ഇനീപ്പൊ ഞങ്ങൾക്ക് കാര്യായ റോളൊന്നും ഇല്ലാത്തതിനാൽ ഞാനും അനിയനും ഗ്യാലറിയിൽ കേറി. അമ്മിപ്പുറത്ത് ഇരുപ്പുറപ്പിച്ചു.

"ആ കത്തിയിങ്ങെടുത്തേടാ"

വാട്ട്? നോ അമ്മ, കടുംകയ്യൊന്നും കാണിക്കല്ലെ, ഒന്നൂലേലും മ്മടെ ചേച്ച്യല്ലെ. എന്നൊക്കെ പറയണമെന്ന് ഞാൻ ആലോചിക്കുമ്പോഴേക്കും കത്തിയെടുത്തോണ്ട് അനിയൻ ഓടിയെത്തി.

"ഡോൺ ഡൂ അമ്മാ, ഡോണ്ടൂ ദിസ്" പക്ഷെ വൈകിപോയിരിന്നു.

കതകിനിടയിലൂടെ കത്തി കടത്തി അമ്മ വാതിലിൻറെ കൊളുത്ത് തട്ടിയൂരി. "ശോ! ഇതിനായിരുന്നൊ..... ഞാനെന്തൊക്യോ കരുതി.

അകത്ത്..........

ക്ലോസറ്റിൽ കുത്തി നിർത്തിയിരിക്കുന്ന മൂന്ന് ഈർക്കിലികൾ, അതിനുള്ളിലേക്ക് ടോർച്ചടിച്ച് എന്തോ സംഭവിക്കാൻ കാത്തു നിൽക്കുന്ന ചേച്ചി. സോപ്പ് യഥാസ്ഥാനത്ത് ഇരിക്കുന്നുണ്ട്, അപ്പൊ പിന്നെ ഇവളിതിനകത്ത് എന്തോന്നാണ് നോക്കുന്നതെന്നറിയാതെ അമ്മ.

"ഹാവൂ...കിട്ടി!" ചേച്ചി ഈർക്കിലികൾ മൂന്നും കൂടി പൊക്കിയെടുത്തു. മുഖത്ത് ആദ്യം കണ്ട ടെൻഷൻ മാറി സന്തോഷം കളിയാടി നിൽക്കുന്നു.

"നീയെന്തോന്നാടി ഈ കാണിക്കണത്"

ദേ ഇത് കണ്ടൊ? ഉയർത്തി പിടിച്ച ഈർക്കിലികളിൽ ഒരിടത്ത് ചേച്ചി ചൂണ്ടി കാണിച്ചു.

ഏകദേശം ഒരു മണിക്കൂറോളം കഷ്ട്ടപെട്ട്.....ബുദ്ധിമുട്ടി....ചേച്ചി രക്ഷിച്ചെടുത്തിട്ടും ഒരു നന്ദി പോലും കാണിക്കാതെ എങ്ങോട്ടോ തിരക്കിട്ട് എത്താനുള്ളത് പോലെ പാഞ്ഞുപോകുന്ന.............ഒരു കുഞ്ഞ്യേ.........ഉറുമ്പ്..!

"ഉടുപ്പേല് ഇരുന്നതാ ഇവൻ, ഞാൻ തട്ടിയപ്പൊ ക്ലോസറ്റിലേക്കാ വീണെ. ശ്ശൊ!"

വന്ന കലി കടിച്ചിറക്കി അമ്മ അകത്തോട്ട് പോയി, അനിയൻ അപ്പോഴും അകത്ത് കുളിമുറിയിൽ എന്തോ തിരഞ്ഞുകൊണ്ടിരുന്നു.

അല്ലാ.....ഇനിയിപ്പൊ പിരി വല്ലതും ലൂസായി......!!!

*************************

വീരം


"യു നൊ ചേട്ടായി? അനിയത്തി കൂടെയുള്ള ആണുങ്ങളെ മറ്റു പെങ്കുട്ട്യോള് കൂടുതൽ ശ്രദ്ധിക്കും. തിരിച്ച് ചേട്ടായി അവരെ വായ് നോക്കി നടന്നാലും നെഗറ്റീവായി ഫീലില്യ. ഐ മീൻ, ചേട്ടായീടെ തനി സൊവാവം അവർക്ക് മനസ്സിലാവില്യാന്ന്!"

ഉപദേശാണ്. തികച്ചും സൗജന്യം, ഐ എസ് ഐ ഹോൾ മാർക്ക്, ണൈൻ വൺ സിസ്ക്, ആവശ്യം വന്നാൽ റീ പ്ലെയ്സ്മെൻറ് ഗ്യാരണ്ടിയും. എന്ന്വച്ചാൽ, അവളുടെ ഉപദേശം കേട്ട് എവിടുന്നേലും തല്ല് കിട്ട്യാൽ ഉടനെ തന്നെ പഴേ ഉപദേശം തിരിച്ചെടുത്ത് പുത്യേത് തരും. സത്യം!

സംഭവം അത്യാവശ്യം തല്ലുകൊള്ളിത്തരവും, തൊട്ടാൽ മുറിയുന്ന നാക്കിലെ വാക്കും ഒക്കെ ഉണ്ടായിരുന്നെങ്കിലും ഞെട്ടിക്കുന്ന വാർത്തകളാണ് അവളുടെ ഭർത്തൃഗ്രഹത്തിൽ നിന്നും അറിഞ്ഞുകൊണ്ടിരുന്നത്.

നല്ല സ്വഭാവശുദ്ധിയുള്ള കുട്ടി. നല്ല അടക്കം, ഒതുക്കം. ദിവസോം ആറിനെണീക്കും, രണ്ടു നേരോം കുളിക്കും, അമ്മായിഅമ്മേടൊപ്പം പള്ളീൽ പോകും, ഇതൊക്കെ പോരാഞ്ഞ് അടുക്കളേൽ കേറാറും ഉണ്ടത്രെ.......പാചകം ചെയ്യാൻ!!

അൺവിശ്വസിക്കബിൾ!

കഴിഞ്ഞ ദിവസം കയറിവന്നൊരു പാസ്റ്റർ പ്രസംഗിച്ചത് അമ്മാമേടെ ഓർമ്മയിൽ വന്നു. "ഇതു വരെ കാണാത്ത പലതും ഭൂമിയിൽ സംഭവിക്കുമ്പോൾ മനസ്സിലാക്കികൊൾക...അന്ത്യനാളുകൾ അടുക്കാറായെന്ന്!!

പക്ഷെ....ആരുടെ അന്ത്യനാളുകൾ എന്നതായിരുന്നു ഞങ്ങൾടെ സംശയം. അത്ര വിളഞ്ഞ വിത്താണത്.

എന്തൊക്കെ പറഞ്ഞാലും, ഇത്രേം പാവം മരുമോളെ കിട്ടിയത് ഏതൊക്കെയോ ജന്മത്തിലെ സുകൃതമാണെന്ന് അവർ.

അങ്ങനൊരു ദിവസം കെട്ട്യോനോടൊപ്പം പർച്ചേസിങ്ങും കഴിഞ്ഞ് വീട്ടിൽൽ വന്ന് കേറുന്നൊരു ശുഭസായാഹ്നം.

അമ്മായമ്മേം മൂന്ന് നാലു അയൽവാസി പെണ്ണുങ്ങളും പുറത്ത് കൂട്ടം കൂടി നിൽക്കുന്നു.

"വല്യൊരു പാമ്പ്........അകത്ത്............ കോണീടെ ചോട്ടില്........." അമ്മായമ്മ ഓടി വന്ന് വിവരം ധരിപ്പിച്ചു.

യ്യോ, ന്നിട്ട്...?

"നീ പോയി ആരേലും വിളിച്ചോണ്ട് വാ. അപ്പനുണ്ട് അകത്ത്, പാമ്പ് എങ്ങോട്ടേലും പോണുണ്ടോന്ന് നോക്കി നിക്ക്വാ. വേഗം ചെല്ലെടാ"

ദേ വരണൂന്ന് പറഞ്ഞ് കെട്ട്യോൻ ആളെ വിളിക്കാൻ പാഞ്ഞു.

"ന്തൂട്ട് പാമ്പാ അമ്മെ?" കയ്യിലൊരു വടീം പിടിച്ച് മരുമോള്

"എന്ത് പാമ്പാന്നൊന്നും അറീല്യ, കണ്ടതും ഞാനോടി പുറത്തിറങ്ങി. നീയാ വടി താ, അപ്പനു കൊടുക്കാം."

ഞാൻ കൊടുത്തോളാം എന്നും പറഞ്ഞ് അവൾ വടിയുമായി അകത്ത് കേറി. ആളെ വിളിക്കാൻ പോയ മോനെ നോക്കി അമ്മായിയമ്മ റോഡിലേക്കും.

പിന്നെ കേട്ടത് അകത്ത് അടിയുടെ പൂരമായിരുന്നു. ഒക്കെ കണ്ട് ഞെട്ടി നിന്ന അപ്പനു മുന്നിലൂടെ പാമ്പിനെ വടിയിൽ തൂക്കിയെടുത്ത് പുറത്ത് കൊണ്ടുവന്നിട്ടു.

"ഓ, അണലിയാന്നെ. വിചാരിച്ച പോലെ അവൻ ഓടിയൊന്നൂല്യ. കൊല്ലണ്ടായിരുന്നു." മരുമോൾ റോക്ക്‌സ്!

കെട്ട്യോനോടൊപ്പം ഓടി വന്ന നാട്ടുകാരുടേയും മറ്റും മുന്നിലൂടെ സ്ലോമോഷനിൽ നടക്കാൻ അവൾക്ക് തോന്നിയെങ്കിലും....ചെയ്തില്യ അവളങ്ങ് കണ്ട്രോളി.

വൈകീട്ട് വീട്ടിൽ പാമ്പ് കയറിയതും മരുമോൾ ധീരമായി ഇടപ്പെട്ടതും ഞങ്ങളെ ഫോൺ വിളിച്ച് വിസ്തരിച്ച് പറഞ്ഞ് കേൾപ്പിക്കുന്ന തിരക്കിലായിരുന്നു അമ്മായമ്മ.

ഓഹ്, പാമ്പിനെ കണ്ടപ്പോൾ അവളതിനെ അമ്മായിഅമ്മയായി സങ്കൽപ്പിച്ചുകാണും എന്ന് പറയാൻ തോന്നി.

യ്യോ....അമ്മാാാാാാാാാ........... ന്നൊരു നിലവിളി കേട്ടതോടെയാണ് അമ്മായമ്മയുടെ ഫോൺ വിളി നിന്നത്.

കുളിക്കാൻ കയറിയ മരുമോള് പേടിച്ച് വിറച്ച് പുറത്ത് നിൽക്കുന്നു.

"എന്താ....എന്താ മോളെ??"

"അകത്ത്........"

അകത്തേക്ക് ചൂണ്ടി കാണിച്ച് നിൽക്കുന്ന മരുമോൾടെ മുഖത്തെ പേടി കണ്ടപ്പോൾ അമ്മായമ്മ ഉറപ്പിച്ചു. പാമ്പ്.!

നേരത്തെ ഒരെണ്ണത്തിനെ കൊന്നതാ, പക്ഷെ പെട്ടെന്ന് കണ്ടപ്പൊ മോള് പേടിച്ചു കാണും എന്ന് കരുതി അമ്മ പിന്നേം വടിയെടുക്കാൻ പാഞ്ഞു.

അപ്പനും കെട്ട്യോനും വടീം കൊണ്ട് അകത്ത് കേറീട്ടും പാമ്പ് പോയിട്ട് പല്ലിയെ പോലും കാണാനില്യ അവടൊന്നും.

അപ്പൊ പിന്നെ എന്തിനാ മോള് കരഞ്ഞെ? എന്താ മോളെ? ഇനി ആരേലും ജനലിലൂടെ......................??

അല്ല, വാ എന്നും പറഞ്ഞ് ചുമരിനോട് ചേർന്ന് കിടന്ന വാതിൽ പതുക്കെ മാറ്റി ചൂണ്ടി കാണിച്ചു.

ദേ.......ആ പാറ്റ!!

*******************************************



വെർതെ ചില ഓർമ്മകൾ.

23 അഭിപ്രായങ്ങള്‍:

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

നല്ല ‘ശാന്ത‘മുള്ള അമ്മ
‘കരുണാ‘മയയായ ചേച്ചി
തനി ‘വീര’ത്തിയായ കുഞ്ഞിപെങ്ങൾ
ഹാസ്യമെഴുതുന്ന സോദരൻ...എല്ലാം ബെസ്റ്റ്
കോമ്പിനേഷനാണല്ലോ ഗെഡീ...കലക്കീട്ട്ണ്ട്ട്ടാ ചെറുതേ

© Mubi പറഞ്ഞു...

ചെറുതേ, നല്ല രസായിട്ട് അവതരിപ്പിച്ചുട്ടോ.

അജ്ഞാതന്‍ പറഞ്ഞു...

അമ്മേടൊരു ബുദ്ധിയേ..... ഞങ്ങളുടെ അമ്മയും ഇതുപോലെയുള്ള ചില പ്രസ്താവനകളൊക്കെ ഇറക്കാറുണ്ട്. :-)
കരുണം വായിക്കുമ്പോള്‍ ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.. ഞങ്ങടെ വീട്ടില്‍ രാവിലെ കുളിമുറിക്കു മുന്നിൽ സ്ഥിരമായി അരങ്ങേറുന്ന യുദ്ധം. എപ്പോഴും അകത്തുള്ളവര്‍ ജയിക്കുകയും പുറത്തുള്ളവര്‍ വെറും വെല്ലുവിളികള്‍ ഉയര്‍ത്തുന്നവരായി മാറുകയും ചെയ്യുന്ന യുദ്ധം.!
അടുത്തത് പാമ്പിനെ പേടിയില്ലാതിരിക്കുകയും പുഴുവിനെ അതി ഭയങ്കരമായി പേടിക്കുകയും.... കടിക്കുന്ന ഉറുമ്പിനെയെടുത്ത് വേഗം രക്ഷപ്പെട്ടോ എന്നു പറയുന്ന ഞാൻ തന്നെ. പക്ഷേ പാമ്പിനെ ഞാൻ കൊല്ലാറൊന്നൂല്ല്യാട്ടോ... ആ പരിപാടിയൊക്കെ അനിയനു സ്പോണ്‍സര്‍ ചെയ്യും.!!

Salim kulukkallur പറഞ്ഞു...

പൊളിച്ചു ട്ടോ ചെറുതേ ...ചെറുത്‌ ഇങ്ങനെ എഴുതുമ്പോ തോന്നും വിഷയങ്ങള്‍ക്ക്‌ ഒരു പഞ്ഞവുമില്ല എന്ന് ...നന്നായി ട്ടോ ചെറുതേ ...കാണുന്ന ഏതു വിഷയത്തില്‍ നിന്നും എഴുതാനുള്ള വകയുണ്ടാക്കുക എന്നാല്‍ അത്ര എളുപ്പമുള്ള കാര്യല്ല ...

ajith പറഞ്ഞു...

ചെറുതേ, കൊള്ളാട്ടോ
രണ്ടാഴ്ച്ച അവധിയായതിനാല്‍ പോസ്റ്റ് ചൂ‍ൂടോടെ വായിക്കാന്‍ കഴിഞ്ഞില്ല. എന്നാലെന്താ, ലേറ്റായാലും വന്തിടുവേന്‍

ശ്രീ പറഞ്ഞു...

ഹഹ, അടിപൊളി.

"ഇതു വരെ കാണാത്ത പലതും ഭൂമിയിൽ സംഭവിക്കുമ്പോൾ മനസ്സിലാക്കികൊൾക...അന്ത്യനാളുകൾ അടുക്കാറായെന്ന്!!

പക്ഷെ....ആരുടെ അന്ത്യനാളുകൾ എന്നതായിരുന്നു ഞങ്ങൾടെ സംശയം
"

കലക്കി

Unknown പറഞ്ഞു...

എവിട്യായിരുന്നു ചെറുതേ ???? ങ്ങൾക്ക് മെയിൽ അയച്ചിട്ടൊന്നും അങ്ങോട്ട്‌ എത്തണത് കണ്ടില്ല ..ഇങ്ങോട്ട് തിരിച്ചു തന്നെ വരണൂ

Unknown പറഞ്ഞു...

കലക്കിട്ടോ... കുറെ ചിരിച്ചു .. ഇനിയും ഇടയ്കിടെ ഇതുപോലുള്ളവ പ്രതീക്ഷിക്കുന്നു

Bipin പറഞ്ഞു...

രസകരമായ സംഭവങ്ങൾ അതിലും രസകരമായി അവതരിപ്പിച്ചിരിയ്ക്കുന്നു.നല്ല എഴുത്ത്. തുടരുക. ആൾ ദി ബെസ്റ്റ് ചെറുത്

ചെറുത്* പറഞ്ഞു...

ബിലാത്തിപട്ടണം Muralee Mukundan: ആദ്യവരവിനും വായനക്കും അഭിപ്രായത്തിനും എന്നത്തേയും പോലെ ഇന്നും നന്ദി മാത്രംട്ടാ!

Mubi: നല്ല രസംണ്ട്‌ല്ലെ, ശ്ശൊ....വയ്യ! താങ്ക്യു താങ്ക്യു!

ഋതു: വീടിനും പറമ്പിനും മൂന്നുവശോം പാടോം, തോടും, കുളോം ഒക്കെ ആയതോണ്ട് പാമ്പിനെ കൊല്ലൽ പതിവ് കലാപരിപാടിയ, അതോണ്ട് തന്നെ നുമ്മക്കെല്ലാർക്കും പാമ്പ് ഫുല്ലാ ഫുല്ല്! പക്ഷേ പാറ്റ :(

സലീം കുലുക്കല്ലുര്‍: പൊളിച്ചോ? ങ്ഹേ....യെപ്പാ.....ചെറുതറിഞ്ഞില്യാട്ടാ :( കുറെ നാളായിട്ട് വായനേം എഴുത്തും ഒന്നും ഇല്ലാത്തോണ്ട് ന്തൊക്ക്യോ ടൈപ്പി ഇട്ടൂന്നെ ള്ളു. പിന്നെ കുപ്പ ആവുമ്പം എന്ത് ചവറിട്ടാലും ആരും ഒന്നും ചോയ്ക്കില്യാലൊ. പാവം ചെറുത് :(

ajith: ആരൊക്കെ വന്നില്ലേലും ചെറുതിനറിയാം, അജ്യേട്ടൻ വരുംന്ന്. അല്ലേലും ങള് സർവ്വ വ്യാപിയല്ലെ മൻസ്യാ. നന്ദീണ്ട്ട്ടാ. ഇവ്ടൊക്കെ കാണൂലൊ ലെ ;)

ശ്രീ: ശ്രീടെ ബ്ലോഗിൽ ഫോളോ ഓപ്ഷനില്ലാത്തതോണ്ട് ആ വഴി മിക്കപ്പോഴും മറക്കണുണ്ട് ട്ടാ. ന്നാലും ഇങ്ങോട്ടുള്ള വഴി മറക്കാതെ സ്ഥിരം വരണുണ്ടല്ലൊ. നന്ദീണ്ട് ശ്രീ, പെരുത്ത നന്ദി :)

മുത്തുമണി: ശ്ശൊ, ന്താ ദ് മുത്തുമണ്യെ. വിലാസോം കൊണ്ടോയി കളഞ്ഞൊ? ഹും! അല്ലേൽ ചിലപ്പൊ വിലാസം മാറിക്കാണും. ലതാവും. ന്തായാലും അന്വേഷിച്ചൂലൊ, വന്നൂലൊ, വായിച്ചൂലൊ, സന്തോഷായി ചെറുതിന്. രണ്ട് നന്ദി കൂടുതൽ വച്ചൊട്ടാ  

Bipin: തുടരണമെന്ന് ആഗ്രഹിച്ചിട്ട് കാര്യം ഇല്യാലൊ, എഴുതാനുള്ള മരുന്ന് വേണ്ടെ കയ്യിൽ.... പിന്നേം പാവം ചെറുത് :( വായനക്കും പ്രോത്സാഹനത്തിനും നന്ദീണ്ടേ. കാണാം :)

പി. വിജയകുമാർ പറഞ്ഞു...

രസിച്ചു വായിച്ചു പോയി. "അൺ വിശ്വസിക്കബിൾ". നന്ദി.

Harinath പറഞ്ഞു...

വളരെക്കാലത്തിനു ശേഷം എഴുതിയ പോസ്റ്റാണല്ലേ.....
ഓർമ്മകൾ എല്ലാം നന്നായിട്ടുണ്ട്. എഴുത്തും രസകരമാണ്‌.
ഉറുമ്പിനെ രക്ഷപെടുത്താനുള്ള സന്മനസ്സിന്‌ പ്രത്യേക അഭിനന്ദനങ്ങൾ :)

എഴുത്ത് തുടരൂ. ആശംസകൾ...

ബഷീർ പറഞ്ഞു...

ദിസീസ് വിശ്വസിക്കബിൾ ആൻഡ് ചിരിക്കബിൾ.... സൂപ്പറായി. ആശംസകൾ

സുധി അറയ്ക്കൽ പറഞ്ഞു...

എല്ലാ കഥകളും വായിച്ചു.
ഇതെനിക്ക്‌ നല്ല ഇഷ്ടമായി.ചിരിപ്പിച്ചു ട്ടാ.

കല്ലോലിനി പറഞ്ഞു...

വളരെ ചെറുതായതു കൊണ്ടാണോ മഷിയിട്ടുനോക്കിയാല്‍ പോലും കാണാത്തത്..???

സുധി അറയ്ക്കൽ പറഞ്ഞു...

അടുത്ത കഥ പോരട്ടേ!!!

aswathi പറഞ്ഞു...

ചെറുതേ ...ഒരുപാടിഷ്ടായി ഈ എഴുത്ത് ...ആശംസകൾ..

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ദെവട്യാ..ചെറുതേ....
ഇടക്ക് ഇതുപോലെ എന്തെങ്കിലും കാച്ചെന്റെഷ്ട്ടാ‍ാ

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

ഈ പോസ്റ്റ്‌ വായിച്ചപ്പോ പണ്ട് കണ്ട "മൂക്കില്ലാ രാജ്യത്ത്" എന്ന സിനിമയാ ഓര്‍മ്മ വന്നത് :) ഒക്കേത്തിനും പ്രാന്താ അല്ലെ !!
ഏതായാലും വായന അശേഷം മടുപ്പുണ്ടാക്കാത്ത വിധം രസകരമായിരുന്നു
ആശംസകള്‍ !!
("യു നൊ ചേട്ടായി? അനിയത്തി കൂടെയുള്ള ആണുങ്ങളെ മറ്റു പെങ്കുട്ട്യോള് കൂടുതൽ ശ്രദ്ധിക്കും. തിരിച്ച് ചേട്ടായി അവരെ വായ് നോക്കി നടന്നാലും നെഗറ്റീവായി ഫീലില്യ. ഐ മീൻ, ചേട്ടായീടെ തനി സൊവാവം അവർക്ക് മനസ്സിലാവില്യാന്ന്!")
ഈ ഐഡിയ ഒക്കെ കുറച്ചു മുന്‍പേ പറയണ്ടേ ചേട്ടാ ....

വിനോദ് കുട്ടത്ത് പറഞ്ഞു...

എന്തായാലും കഥ ജോറായി..... യുദ്ധം ജയിക്കാം നോ പ്രോബ്ലം..... പക്ഷേ പാറ്റ അത് നമ്മക്ക് പറ്റൂല....... ഒരു സംശയവും വേണ്ട ഓടും...... നല്ല എഴുത്ത് ആശംസകൾ.....

അന്നൂസ് പറഞ്ഞു...

ഇഷ്ട്ടായി --ഇനിയും വരും ആശംസകള്‍ ന്റെ വക-

Unknown പറഞ്ഞു...

ഹഹഹ... നന്നായിട്ടുണ്ട് ..ഒരുപാട് ഇഷ്ടായി...അനിയത്തി റോക്ക്സ് ..!! :D

സുധി അറയ്ക്കൽ പറഞ്ഞു...

ഉം.ഉം.വരും വരും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹ! നില്‍‍ നില്‍‍ മിണ്ടീം പറഞ്ഞും പോ ന്നേ.
മിണ്ടാണ്ടെ പോയാല് മങ്കി :(