തിങ്കളാഴ്‌ച, മേയ് 16, 2011

ചെറുതിന്‍‍റെ കയ്യിലും പൂമാല - ദി കുപ്പ

അന്നൊരു ബുധനാഴ്ച. അന്നെന്ന് പറഞ്ഞാല്‍ അത്ര പുറകിലേക്കൊന്നും പോവണ്ട. കറക്റ്റായിട്ട് പറഞ്ഞാല്‍; മേയ് 11.

അന്ന് എന്തുണ്ടായീന്ന് അറിയാന്‍ നിങ്ങള്‍ക്ക് വല്യ താത്പര്യൊന്നും കാണില്ല. എന്നാലും പറയാനുള്ളത് ഞാന്‍ പറയണല്ലോ. അതായത്, അന്നാണ് ബൂലോകത്തില്‍ ബ്ലോഗേഴ്സിനെല്ലാം കടുത്ത ഭീഷണിയായി മാറിയേക്കാവുന്ന, എന്നൊക്കെ സ്വപ്നം കാണുന്ന ഈ ചവറ് ബ്ലോഗ് ‘ദി കുപ്പ’ ഒണ്ടാക്കി എടുത്തത്. എന്തിനാ...? ആ.....

സത്യായിട്ടും ഒരു പിടീം ഇല്ലിഷ്ടാ. ഓരോരോ പുലികളുടെ ബ്ലോഗൊക്കെ വായിക്കുമ്പൊ ഇടക്കൊക്കെ തോന്നീണ്ട്; “ഇങ്ങനൊക്കെ നടന്നാ മത്യാ.... സ്വന്തായിട്ടൊക്കെ വേണ്ടേ ഒരു ബ്ലോഗ്ഗ്”. പക്ഷേ അങ്ങട്ട് വരണില്ല മറ്റേ ധൈര്യംന്ന് പറഞ്ഞ സാധനം. ഓരോന്നെഴുതി സമയനഷ്ടോം, ആരേലും വായിച്ചാല്‍ ഉണ്ടായേക്കാവുന്ന മാനനഷ്ടോം... എല്ലാം ആലോചിക്കുമ്പൊ പിന്നേം ഒറപ്പിക്കും. മാണ്ട. ബ്ലോഗൊന്നും കുടുംബത്തീ പെറന്നോര്‍ക്ക് കൊള്ളൂല.

എന്നിട്ടും ഏതോ ഉള്‍പ്രേരണ. ബ്ലോഗ് തൊടങ്ങ്...ബ്ലോഗ് തൊടങ്ങ് എന്ന് ആരോ പിന്നാലെ നടന്ന് കരഞ്ഞ് പറയണ പോലെ. (ഓ..പിന്നേ) ആ.... ഏതെങ്കിലും ആത്മാവിന് എന്‍‍റെ ബ്ലോഗ് വായിച്ച് മോക്ഷം നേടണംന്ന് ഉണ്ടാവും. വിധി!

അപ്പൊ പറഞ്ഞ് വന്നത്. രണ്ടും കല്പിച്ച് ഞാനൊരു ബ്ലോഗങ്ങ് തൊടങ്ങി ഇട്ടു. ഒന്നൂലേലും വല്ലവന്‍‍റേം ബ്ലോഗ് വായിച്ച് അഭിപ്രായിക്കുമ്പൊ എന്‍‍റെ പേരെങ്കിലും കാണൂലോ അവ്ടെ. ചില ബ്ലോഗിലൊന്നും അഭിപ്രായിക്കാന്‍ പറ്റാറില്ല. സ്വന്തായി ബ്ലോഗുള്ളോര്‍ക്ക് മാത്രേ അഭിപ്രായ സ്വാതന്ത്ര്യം ഉള്ളൂന്ന് കാണിക്കും. പാവം ഞാന്‍ :(

തൊടങ്ങിയാ മാത്രം പോരല്ലോ, ആരേലുമൊക്കെ അറിയണ്ടേ ഞാനും ബ്ലോഗാന്‍ പോണൂന്ന്. വെള്ളിയാഴ്ച പതിനൊന്നിന്‍ നേരം വെളുത്തയുടന്‍ വിളിച്ച്, ആകെ മൊത്തം ഉള്ള ഒരേഒരു പെങ്ങളാ.

“ഹല ഹലോ..... ഞാനാ”

 “ടാ പൊട്ടാ” ഏഹ്.....ഞാനാണെന്ന് മനസ്സിലായില്ലെന്ന് തോന്നുന്നു.

അല്ലേച്ചി അളിയനല്ല. ഇത് ഞാനാ.

ആ, അത് മനസ്സിലായി. നീയെവ്ടെപോയി ചത്ത് കിടക്കുവാരുന്നു. ദിവസെത്രായീന്നറിയോ കുടുമ്മത്തോട്ട് നീ വിളിച്ചിട്ട്. അമ്മേനെ  വിളിക്കുമ്പൊ കേക്കാം ബാക്കി.

ഈശോയേ.....പണി പാളി. ചെക്കന്‍ വെളുക്കെ വെളുക്കെ ചാറ്റിംങ്ങാണെന്ന് അളിയന്‍‍റെ വായീന്ന് വീണേ പിന്നെ പതിവുള്ള വിളി നിന്നാല്‍.... “ ആ കുരുത്തം കെട്ടവന്‍ ഏതേലും പെണ്ണിനേം കൊണ്ട് വീട്ടീകേറി വരൂലോ പുണ്യാളാ” എന്നുള്ള ആധിയാണ്‍.

ഏ........യ്; പെണ്ണോ........ ഞാനോ! നോ നെവര്‍‍ എന്നൊക്കെ ആണയിട്ട് പറഞ്ഞാലും അമ്മക്കറിയാം, എനിക്ക് എന്നെ തന്നെ വിശ്വാസം ഇല്ലാതെയാ ആ പറയണേന്ന്.

“ആ...ഞാന്‍ വിളിക്കാന്‍ നിക്കുവാ. ഇത് കഴിഞ്ഞിട്ട് അങ്ങടും വിളിക്കണം” ഒവ്വ

 പീന്നേയ്....വേറൊരു കാര്യം. ഞാനൊരു ബ്ലോഗ് തൊടങ്ങി.

ന്തൂട്ട്!!?

ബ്ലോഗ് ബ്ലോഗേ

എന്ന്വച്ചാല്‍....??

പഷ്ട്! , ഇന്നാള്‍ കോളേജിലോട്ട് ബ്ലോഗെഴുത്തിനെ പറ്റി ഉപന്യാസം തയ്യാറാക്കാനും വേണ്ടീട്ട് എന്‍‍റെ കാശും കളഞ്ഞ് അങ്ങാട്ട് വിളിച്ച് ഒന്നൊന്നൊര മണിക്കൂറെടുത്ത് ഞാന്‍ പറഞ്ഞ് കൊടുത്തതാണ്. ബ്ലോഗെന്ന് വച്ചാലെന്തുവാ, എങ്ങനാ, എപ്പഴാ എന്നൊക്കെ. എന്നിട്ടിപ്പം.....!!

അപ്പഴേ....അളിയന്‍ വിളിച്ചാരുന്നോ? അസുഖൊന്നും ഇല്ലാലോ ലെ, വേറെ വിശേഷം വല്ലതും..... ഞാനേ രാവിലെ തന്നെ വെറുതേ ഒന്ന് വിളിച്ചതാ. വൈകീട്ട് വിളിക്കാം. അപ്പൊ ശരീട്ടാ”

ഡാ ഡാ.... നീ പറഞ്ഞ് വന്നത് മുഴോനാക്കീട്ട് പോ. എന്തോ ബ്ലോഗ് തുടങ്ങീത്....!

ഏയ്... ഒന്നൂല. എല്ലാം ഒന്നൂടെ ശര്യാക്കീട്ട് പിന്നെ പറയാം. അമ്മോട് പറഞ്ഞേക്ക് ഞാന്‍ വിളിച്ചൂന്ന്. അപ്പൊ പിന്നേം ശരീട്ടാ. ബായ്

ഹല്ലപിന്നെ. ബ്ലോഗെന്തെന്ന് അറിയാത്തോരോട് കൂടുതല്‍ വിശദീകരിച്ചെന്നാത്തിനാ. ഞാനങ്ങ് കട്ടീതു.

രംഗം 2: മേയ് 12
ആരോ....പാടുന്നു ദൂരേ....

പതിവില്ലാതെ തലക്കലിരുന്ന് മൊബൈലില്‍ അലാറം പിന്നേം അടിക്കുന്നു. പണ്ടാറം ഇതൊരിക്കെ അടിച്ചപ്പൊ ഓഫാക്കീതാരുന്നല്ലോ. വീണ്ടും ഒന്നൂടെ ഓഫാക്കി പിന്നേം കിടന്നു.

തിരിഞ്ഞ്  കിടന്നില്ല, അപ്പഴേക്കും  ആ ആരോ പിന്നേം പാടാന്‍ തുടങ്ങ്യപ്പൊ മനസ്സിലായി. അലാമല്ല, ആരോ...കോളുന്നു ദൂരെ! അതും ഈ വെളുപ്പാന്‍ കാലത്ത്... ഉറക്കച്ചടവോടെ ഫോണെടുത്ത് ഹാജര്‍ കൊടുത്തു “ആ.....എന്താ”

“ചേട്ടായ്യ്യേ..ഞാനാ, എന്തേ ഫോണ്‍ കട്ടീതത്? കുറേ ആയി വിളിക്കണു” അങ്കിളിന്‍‍റെ മോളാ.

ആ നീയാരുന്നോ, എന്നതാടീ വെളുപ്പിനേ..പതിവില്ലാതെ?

വെളുപ്പിനോ?  ഒമ്പതര്യായിട്ടും എണീറ്റില്ലായിരുന്നൊ?

ആഹ്....അതവ്ടെ. ഇന്ന് അവധ്യല്ലേ. അപ്പൊ നേരം വൈകിയേ വെളുക്കൂ. എന്നതാ കാര്യം?

“അതേയ്...അമ്മാമ പറഞ്ഞിട്ടാ വിളിക്കണത്. ഇന്നലെ അമ്മാന്‍‍റി (എന്‍‍റെ അമ്മ) വിളിച്ചിരുന്നു. അപ്പൊതൊട്ട് തുടങ്ങീതാ. എന്തോ പ്രശ്നം ഉണ്ടെന്ന് തോന്നണു. ഞാന്‍ കൊടുക്കാം”

ഏഹ്...പ്രശ്നോ?? എന്ത് പ്രശ്നം എന്ന് ചോദിക്കും മുന്നേ അവള്‍ ഫോണ്‍ കൈമാറി.

കുശലാന്വേഷണം ചോദിക്കാന്‍ പോലും അനുവദിക്കാതെ ഒരു പത്തു മിനിറ്റ്. ഞാന്‍ വെറും ശ്രോതാവ്. പരാതികള്‍.... പരിഭവങ്ങള്‍....ഞാന്‍ അന്തം വിടുന്നു, വിട്ട അന്തം തിരികെ എടുത്ത് പിന്നേം വിടുന്നു. ഹെന്‍‍റെ അന്തോണീസു പുണ്യാളാ... പ്രശ്നം എന്ന് അവള്‍ പറഞ്ഞപ്പഴും എനിക്കൊന്നും മനസ്സിലായില്ല. എന്തിന്, പത്ത് മിനിറ്റോളം അമ്മാമേടെ വര്‍ത്താനം കേട്ടിട്ടും പ്രശ്നം എന്താണെന്ന് പിടികിട്ടീല. ആകെ മൊത്തം മനസ്സിലായത് ചുരുക്കി പറഞ്ഞാല്‍....

ഞാനൊരു മനഃസാക്ഷി ഇല്ലാത്തവനാകുന്നു. വന്ന വഴികള്‍ മറന്നിരിക്കുന്നു. എന്തിനും ഏതിനും അങ്കിള്‍‍സിന്‍‍റെ സഹായവും ഉപദേശവും ഇത് വരെ എനിക്ക് ആവശ്യമായിരുന്നു. ഗള്‍ഫില്‍ കേറി പോകണവരേം എന്തിന്, ആദ്യവട്ടം നാട്ടില്‍ വന്നപ്പഴും എനിക്ക് എല്ലാവരും വേണമായിരുന്നു.  ഇപ്പൊ ഞാന്‍ വലിയ നിലയിലാണ്, കയ്യില്‍ നാല്‍ കാശുണ്ടായതിന്‍‍റെ അഹങ്കാരം. വീട്ടുകാരേം ബന്ധുക്കളേം മറന്നു. ഒറ്റക്ക് നില്‍ക്കാന്‍ പ്രാപ്തിയായി. സ്വന്തം ഇഷ്ടങ്ങളും തീരുമാനങ്ങളും.

മുകളില്‍ പറഞ്ഞ ആ ലൈനിലുള്ള കുറേ വാക്കുകള്‍, വാചകങ്ങള്‍.... എന്നാലും നീയൊന്ന് വിളിക്കുംന്ന് വിചാരിച്ചു ഇന്നലെ. നിന്‍‍റെ അമ്മ പറഞ്ഞിട്ടാണെങ്കിലും അറിഞ്ഞു. സന്തോഷം. നന്നായി വരട്ടെ എന്നും അനുഗ്രഹിച്ച് ഫോണും വച്ചു.

ഒരു കാര്യം മനസ്സിലായി. അമ്മ വഴി അറിഞ്ഞ എന്തോ ആണ്  പ്രശ്നം. അപ്പൊ ആളെ വിളിച്ചാല്‍ കറക്റ്റ് കാര്യം മനസ്സിലാവും. അങ്ങനെ വിളിച്ച്, മനസ്സിലായി....എല്ലാം മനസ്സിലായി. അതും ചുരുക്കി തന്നെ പറയാവും നല്ലത്.

ഒന്ന് പിന്നിലേക്ക് പോവാം. അതായത് ഞാന്‍ ചേച്ചിയെ വിളിച്ച് ഫോണ്‍ കട്ട് ചെയ്യുന്നു. ഞാന്‍ വിളിച്ചിരുന്ന കാര്യം ചേച്ചി അമ്മയെ വിളിച്ച് പറയുന്നു. കൂട്ടത്തില്‍ “അവന്‍ അവ്ടെ എന്തോ ബ്ലോഗോ മറ്റോ തുടങ്ങാന്‍ പോണു”  എന്ന വിവരം കൂടി സവിനയം അറിയിക്കുന്നു.

എന്തോ കാര്യത്തിന്‍ അമ്മയെ വിളിച്ച അമ്മാമ എന്നെ കുറിച്ച് അന്വേഷിക്കുന്നു.
“വിളിച്ചിരുന്നോ അവന്‍?“
രാവിലെ ചേച്ചിയെ വിളിച്ചിരുന്നെന്ന് സൂചിപ്പിക്കുന്നതിനിടയില്‍ അറിഞ്ഞ കാര്യം ചൂടാറാതെ അമ്മയും പറഞ്ഞു. “അവനവ്ടെ പുതിയതായിട്ട് എന്തൊക്യോ ഏര്‍പ്പാട് തുടങ്ങീണ്ട്”

സ്വാഭാവികമായും ഉണ്ടായേക്കാവുന്ന സംശയങ്ങള്‍ അമ്മാമയും ചോദിച്ചു. “എന്തിന്‍‍റെ, ഒറ്റക്കാണോ, അതിനുള്ള ആളൊക്കെ ആയോ അവന്‍,  അതോ അളിയനും അവനും ചേര്‍ന്നാണോ, ലാഭം ഉള്ള സംഭവാണോ തുടങ്ങി പലതും.

എന്നോടൊന്നും ഇത് വരെ പറഞ്ഞിട്ടില്ലാരുന്നു. ഞാനും ഇപ്പഴാ അറിയണത്, ഇനി ചിലപ്പൊ വൈകീട്ട് വിളിക്കും. അപ്പൊ അറിയാം കൂടുതല്‍ കാര്യങ്ങള്‍ എന്നൊക്കെ പറഞ്ഞ് അമ്മ അവസാനിപ്പിച്ചു.

ഇത്ര നാളും അമ്മവീട്ടില്‍, നിന്ന് പഠിച്ച് വളര്‍ന്ന്, എല്ലാ കാര്യങ്ങളും അങ്കിള്‍‍സിനോടും, അമ്മാമയോടുമൊക്കെ ആലോചിച്ച് ചെയ്തിരുന്ന ഞാന്‍ ഇങ്ങനെ  സ്വന്തായിട്ട്....അതും ഗള്‍ഫില്‍ ഒരു സംഭവം തുടങ്ങീട്ട്....അതൊന്ന് അറിയിച്ചില്ലാന്ന് വച്ചാല്‍......!!! സഹിക്യോ....

ബ്ലോഗ് തുടങ്ങീത് വിളിച്ച് പറയാന്‍ തോന്നിയ ടൈം....!!!!

എന്തായാലും,  തുടങ്ങിയ ബ്ലോഗില്‍ എന്ത് പണ്ടാരം കുത്തിയിടും എന്ന് വിചാരിച്ചിരിക്കുമ്പോഴാണ്‍ ഇങ്ങനൊക്കെ നടന്നത്. എന്നാ പിന്നെ അത് തന്നെ ആവട്ടെ ആദ്യത്തെ ‘ചവറ്’.

ന്‍‌റെ ബ്ലോഗനാര്‍‍കാവിലമ്മോ...ഇതോണ്ടങ്ങ് പെരുപ്പിച്ചേക്കണേ...

57 അഭിപ്രായങ്ങള്‍:

Villagemaan പറഞ്ഞു...

ചുമ്മാ എഴുതു മാഷെ...ആള്‍ക്കാര് പെരുപ്പിചോളും!

എല്ലാ ആശംസകളും !

sreee പറഞ്ഞു...

ഇതത്ര ചെറുതൊന്നുമല്ലല്ലോ.രസമായിട്ടുണ്ട്,ഇനീം പോരട്ടെ. ആശംസകൾ.

ഹാപ്പി ബാച്ചിലേഴ്സ് പറഞ്ഞു...

ബ്ലോഗൊന്നും കുടുംബത്തീ പെറന്നോര്‍ക്ക് കൊള്ളൂല. ഹഹ, അപ്പോ ചെറുതും തീരുമാനിച്ചു കുടുംബത്തിന്റെ പേരു കളയാൻ. ഗെഡീ, എന്നാൽ ഓരോന്നായി പോരട്ടെ. ഫോളൊ ചെയ്യാൻ ഓപ്ഷൻ വെയ്ക്കാത്ത കാരണം പോസ്റ്റിട്ടാൽ അറിയൂല്ലല്ലോ ശിവനേ, ഒരു മെയിൽ അയച്ചേക്കണേ. കാണാം.

Manoraj പറഞ്ഞു...

ഹി..ഹി.. പെങ്ങള്‍ കുട്ടിയെ വിടാതെ പിടിച്ചോ.. കക്ഷി വിചാരിച്ചാല്‍ ഈ ബ്ലോഗിന് നല്ല്ല മാര്‍ക്കറ്റ് കിട്ടും. ബൂലോകത്തേക്ക് സ്വാഗതം ചെറുതേ.. ബൂലോകത്തില്‍ ഈ ചെറുത് വലുതാവട്ടെ എന്നാശംസിക്കുന്നു.

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

തുടക്കകാരനു മറ്റൊരു തുടക്കകാരന്റെ ആശംസകള്‍..പിന്നെ പെങ്ങള്‍ ഒരു സംഭവമാണല്ലോ.“ടാ പൊട്ടാ” ". ഞാന്‍ കരുതിയത്‌ ഈ വിളി എന്റെ വീട്ടില്‍ മാത്രമുള്ളതാണെന്ന്. ആശ്വാസമായി..കമ്പനിക്കാളുണ്ടല്ലോ..

Vayady പറഞ്ഞു...

"എന്നിട്ടും ഏതോ ഉള്‍പ്രേരണ. ബ്ലോഗ് തൊടങ്ങ്...ബ്ലോഗ് തൊടങ്ങ് എന്ന് ആരോ പിന്നാലെ നടന്ന് കരഞ്ഞ് പറയണ പോലെ"

അമ്മയാണേ സത്യം. ഞാന്‍ അങ്ങിനെ പറഞ്ഞിട്ടില്ല്യ. അല്ലെങ്കിലും ആരെങ്കിലും അറിഞ്ഞോണ്ട് തീക്കട്ടയെടുത്ത് കളിക്ക്യോ? :)

ഞാന്‍ പറഞ്ഞു...

എന്റമ്മേ എന്നെപ്പോല്‍ ഒരുവന്‍,

ആദ്യം ബ്ലോഗുണ്ടാക്കി.എന്തെങ്കിലുമൊക്കെ എഴുതണമെന്ന മോഹവുമായി കുറെ നാള്‍ അലഞ്ഞു (ഞാന്‍ പറയുന്നതിന് സിനിമാ ഡയലോഗ്മായുള്ള ബന്ധം തികച്ചും യാദൃശ്ചികം മാത്രമാണെന്ന് ഇതിനാല്‍ അറിയിക്കുന്നു.)എഴുതാന്‍ നോക്കിയപ്പോള്‍ എഴുത്ത് നടക്കുന്നില്ല.കുത്തിവരച്ചതിനെ അക്ഷരമായും ചിത്രമായും കൂട്ടാന്‍ പറ്റുന്നില്ല.എന്നിട്ടും ചിലത് പ്രസിദ്ധീകരിച്ചു.ഭാഗ്യത്തിന് ആരും കണ്ടില്ല.അതോ ഇവനൊന്നും നന്നാവില്ലെന്നു കരുതി മിണ്ടാതെ പോയതാണോ?പിന്നെ ബ്ലോഗുകള്‍ വായിച്ചു.കുറേ വായിച്ചപ്പോള്‍ അഭിപ്രായം പറയാമെന്ന ധൈര്യമായി.അങ്ങിനെ പറഞ്ഞു നോക്കി.അത് വായിക്കുന്നവര്‍ ശ്രദ്ധിക്കുമെന്നോന്നും കരുതിയില്ല. വായിച്ചു എന്നറിഞ്ഞത് കൊണ്ട് ഇത്രയും പറഞ്ഞു.എന്തും പറയാമെന്നു പറഞ്ഞത് കൊണ്ടും.നിങ്ങളുടെ കാര്യത്തില്‍ ഇതൊന്നും സംഭവിക്കാതിരിക്കട്ടെ.ഇനി കാര്യത്തിലേക്ക് നിങ്ങള്ക്ക് എഴുതാന്‍ സമയമുണ്ടെങ്കില്‍ എഴുത്ത് നിര്‍ത്തേണ്ടി വരില്ല.എഴുത്തിന് ഒരു ഒഴുക്കുണ്ട് സത്യസന്ധതയും.ക്രമേണ ഒഴുക്കിനു താളം കിട്ടിക്കോളും.പിന്നെ നല്ല നര്‍മ്മബോധവും...നിങ്ങള്‍ നിങ്ങളുടെ തൃപ്തിക്ക് എഴുത്ത് തുടരുക.മറ്റുള്ളവര്‍ക്ക് വരാതിരിക്കാനാവില്ല.

ഞാന്‍ അന്തം വിടുന്നു, വിട്ട അന്തം തിരികെ എടുത്ത് പിന്നേം വിടുന്നു...........
എന്റെ കാര്യമല്ല ഈ വരികള്‍ നന്നായിട്ടുണ്ടെന്ന് പറഞ്ഞതാണ്
ആശംസകള്‍..........

പട്ടേപ്പാടം റാംജി പറഞ്ഞു...

ഇതാണോ ഒന്നും എഴുതാന്‍ അറിയില്ല എന്ന് പറഞ്ഞത്‌. എഴുത്ത്‌ നന്നായിട്ടുണ്ട്. മുന്‍പും ഇത് പോലെ ബ്ലോഗ്‌ തുടങ്ങിയത് വീട്ടില്‍ അറിയിച്ചതിന്റെ പോല്ലാപ്പിനെക്കുറിച്ച് മറ്റൊരു ബ്ലോഗും വായിച്ചത് ഞാന്‍ ഓര്‍ക്കുന്നു.
സംഭവം തമാശ ആണെങ്കിലും സാധാരണ സംഭവിക്കാവുന്നത്.

ചെറുത്* പറഞ്ഞു...

Villagemaan: ആദ്യബ്ലോഗിലെ ആദ്യ അഭിപ്രായത്തിന്‍ നന്ദി ഗ്രാമീണാ(!) ശകുനം എങ്ങനുണ്ടെന്ന് നോക്കട്ടെ ;)
-----------
sreee: വന്നതിലും കണ്ടതിലും സന്തോഷം. പേരും ഫോട്ടോയും കാണുമ്പൊ “ചേച്ചി” ചേര്‍ത്ത് വിളിക്കാനൊരു ത്വര. വേണ്ടി വര്വോ?
--------
ഹാപ്പി ബാച്ചിലേഴ്സ് : നന്ദിയുണ്ട് ബാച്ചി നന്ദി. കളയാന്‍ മാത്രം അല്പം പോലും പേര്‍ ഞാന്‍ ബാക്കി വച്ചിട്ടില്ലെന്നാ അനിയന്‍‍റെ പരാതി. അതൊക്കെ പണ്ടേ കളഞ്ഞ്തീര്‍ത്ത്.
--------
Manoraj: ആശംസകള്‍ക്കും അഭിപ്രായത്തിനും ഓരോ നന്ദി. ബ്ലോഗ് തുടങ്ങിയപ്പഴേ ഞാനൊരു അഹങ്കാരി ആയി, ഇനി വലുതാവേം കൂടി ചെയ്താലത്തെ അവസ്ഥ.....!!
--------
ഒരു ദുബായിക്കാരന്‍ : താങ്കളും തുടക്കക്കാരനാ അല്യോ. നന്നായി. ഇവരൊക്കെ അനുഭവിക്കട്ടെ :) ഒടുക്കത്തെ നന്ദി രേഖപെടുത്തുന്നു,
---------
Vayady: വായാടിതത്തക്കും നന്ദിയുണ്ട്, ഇതൊക്കെ വായിക്കേം, അഭിപ്രായിക്കേം ചെയ്യുന്ന നിങ്ങടെ മാനസികാവസ്ഥ... സാരല്യ! ഒക്കേം വിധിയാ തത്തേ.
---------
ഞാന്‍: താങ്ക്യു മാഷേ. ബ്ലോഗും അതിനു കിട്ടിയ മറുപടികളും മിക്കപ്പോഴും നോക്കാറുണ്ട്. ഒരു കവിതക്ക് താങ്കളിട്ട കമന്‍‍റ്... അത് കവിതയെക്കാളും ഇഷ്ടപെട്ട്. (ഏതാണെന്ന് പറയൂല) :)

“എന്റമ്മേ എന്നെപ്പോല്‍ ഒരുവന്‍“ എന്ന് കണ്ടപ്പോള്‍ പെട്ടെന്ന് മുല്ലയുടെ “അപരന്‍“ ഓര്‍ത്തുപോയി. ഹ്ഹ്

Rare Rose പറഞ്ഞു...

ചെറുതേ.,ബൂലോകത്തേക്ക് സ്വാഗതം.തുടക്കം തന്നെ ഉഷാറായീല്ലോ.ഇങ്ങനൊക്കെ ഓരോ വിശേഷങ്ങളീന്നുമല്ലേ ബ്ലോഗ് പോസ്റ്റുകളുണ്ടാവുന്നത്..ഇനീം തകര്‍ക്കാന്‍ ആശംസകള്‍.:)

ചെറുത്* പറഞ്ഞു...

പട്ടേപ്പാടം റാംജി: സാഹിത്തിക്കാനും, കവിത രചിക്കാനും കഴിയാത്ത പാവം ഞാന്‍. അനുഭവങ്ങള്‍ പലേടത്തും സാമ്യമുള്ളത് കൊണ്ട് ബ്ലോഗിലും അത് തോന്നാം. വേറെ ആരെങ്കിലും ഇങ്ങനെ എഴുതീട്ടുണ്ടെങ്കിലത് ഡിലീറ്റായി പോട്ടെ. ഹ്ഹ്ഹ്ഹ് :)
നന്ദിയുണ്ട് റാംജി. കാണാം.
-----------
Rare Rose: ഉഷാറായോ? ശരിക്കും..? താങ്ക്യു താങ്ക്യു താങ്ക്യു. ഞാന്‍ ക്ക്റ്....ക്റ്റ്ര്...ശ്ശേ ആ കീ വര്‍ക്കണില്ല. ‍‍----താര്‍ത്ഥനായി.

രമേശ്‌ അരൂര്‍ പറഞ്ഞു...

ഇത് പോലൊന്ന് ചവറ്റു കുട്ട എന്ന പേരില്‍ ഞങ്ങള്‍ പണ്ട് ഒരു നാടന്‍ പത്രം ഇറക്കിയിരുന്നു .മറ്റുള്ളവര്‍ ചവറ്റുകുട്ടയില്‍ എറിയുന്ന ചവറുകള്‍ പ്രസിദ്ധീകരിക്കാന്‍ ഒരിടം..ഈ പേരും കലക്കി.തൃശൂര്‍ ക്കാരന്‍ ആല്ലേ ബ്ലോഗില്‍ "ചെറുത്" ആവാതെ "പിഴച്ചു" പോകാം.പ്രശസ്ത ബ്ലോഗര്‍മാര്‍ എല്ലാരും തൃശൂര്‍ക്കാര്‍ ആണേ!!
(എന്നാ തോന്നണെ)ഇനി ഒരു ഫോളോവര്‍ ഗാഡ്ജെറ്റ് വേണം.അതിനുള്ള വഴി ഇവിടെയുണ്ട്

പ്രദീപ്‌ പേരശ്ശന്നൂര്‍ പറഞ്ഞു...

my present

~ex-pravasini* പറഞ്ഞു...

സ്വാഗതം ബേബീ..ബൂലോഗത്തേക്ക്..
ചപ്പായാലും ചവരായാലും പോന്നോട്ടെ..
ഒരു കുണ്ടന്‍ മുറവുമായി ഇതാ ഞാന്‍ ഇവിടെ തന്നെയുണ്ട്.
വാരി ആ കുപ്പയിലോട്ടങ്ങോട്ടു ഇടാനാ പണി!!?

നന്നായെഴുതിയിരിക്കുന്നു.
ബ്ലോഗിന്‍റെ പേരാണെങ്കില്‍ അതിലേറെ നന്ന്.
പിന്നെ എന്‍റെ നെച്ച്ചുക്കുട്ടന്റെ ചിത്രങ്ങള്‍ കാണാന്‍ പോയിരുന്നു ല്ലേ..നന്ദിയുണ്ട് ട്ടോ..
അവിടുന്നാണ് ഈ വഴിക്ക് വന്നത്.

പഞ്ചമി പറഞ്ഞു...

ഇതൊരുകുഴിയാനയല്ല....ആനയാണെ.......
ആദ്യസംരംഭതിന് ആശംസകൾ

കൊച്ചു കൊച്ചീച്ചി പറഞ്ഞു...

പേനേണ്ടോ, പേന? ണ്ടങ്ങ്യ ഒന്ന്ങ്കട് തന്നേ, ഒന്നൊപ്പിട്ടട്ട് പൂവ്വാനാ...

കുഞ്ഞൂസ് (Kunjuss) പറഞ്ഞു...

എന്റെ കുഞ്ഞാറ്റയേയും കുഞ്ഞേട്ടനെയും കാണാന്‍ വന്നതില്‍ ഒത്തിരി സതോഷം ട്ടോ... ആ ലിങ്കില്‍ കേറിയാണ് ഇവിടെ എത്തിയത്.അപ്പോഴല്ലേ അറിയുന്നത്,ഈ ചെറുത്‌ , ചെറുത്‌ എന്ന് പറയുന്ന ആള്‍ വലിയൊരു സംഭവമാണെന്ന്... എന്തു രസകരമായി എത്ര ഒഴുക്കോടെയാണ് എഴുത്ത്.... തുടരുക.ആശംസകള്‍ , ഒപ്പം ബൂലോകത്തേക്ക് സ്വാഗതവും.

(മങ്കിയാവാന്‍ ഇഷ്ടമില്ലാത്തത് കൊണ്ടാണ് മിണ്ടീട്ടു പോകുന്നത്....:))

Satheesh Haripad പറഞ്ഞു...

എഴുതാനൊന്നുമില്ല എന്നു പറഞ്ഞ് ഒരിടത്ത് മാറിയിരിക്കണ്ട, വരാനുള്ളത് നമ്മളെത്തേടിയിങ്ങ് വന്നോളുമെന്ന് ഇപ്പോൾ മനസ്സിലായില്ലേ മാഷേ?
അനുഭത്തിൽനിന്ന് എഴുതിയതിന്റെ ഒരു ഊർജ്ജം ഈ പോസ്റ്റിൽ അറിയാൻ കഴിയുന്നുണ്ട്.

ഇനി ആക്സിലറേറ്ററിൽ ഒന്ന് തൊട്ടുകൊടുത്താൽ മതി വണ്ടി അങ്ങനെയങ്ങ് പൊയ്ക്കോളും. ആശംസകൾ.

satheeshharipad.blogspot.com

Blogimon പറഞ്ഞു...

ഹ....ഹ.....ചെറുതേട്ടാ..അമ്മയും,അങ്കലും,പെങ്ങളും കൊള്ളാം,ബെസ്റ്റ്‌ ഫാമിലി.....ഹ...ഹ....നന്നായിട്ടുണ്ട് ഇഷ്ടപ്പെട്ടു,ഇടക്കൊക്കെ അങ്ങോട്ടും വരണേ....

ചെറുത്* പറഞ്ഞു...

രമേശ്‌ അരൂര്‍: ഗാഡ്‍ജറ്റ് കിട്ടീട്ടാ. സൈഡില്‍ ഒട്ടിച്ചിട്ടുണ്ട്. അഭിപ്രായത്തിനും ആശീര്‍വാദത്തിനും നന്ദി. കാണാം :)
----------
പ്രദീപ്‌ പേരശ്ശന്നൂര്‍: നന്ദി. വീണ്ടും കാണാം
----------
~ex-pravasini*: വന്നതിലും കണ്ടതിലും നന്ദിയുണ്ട്. (ആന എന്ന വര്‍‍ണ്യത്തിലെനിക്കുള്ള ആശങ്ക രേഖപെടുത്തുന്നു)
----------
കൊച്ചു കൊച്ചീച്ചി: തിരക്കിനെടേലും ഓടിവന്നേല്‍ സന്തോഷംണ്ട്ട്ടാ. (സര്‍ക്കാരുദ്യോഗസ്ഥനാണോ? വരവും പോക്കും കണ്ട് ചോയ്ച്ചതാ ;)
---------
കുഞ്ഞൂസ് (Kunjuss): അപ്പൊ എന്താ വേണ്ടത്, ചായോ കാപ്പ്യോ? പബ്ലിക്കായി പൊക്കി പറഞ്ഞതല്ലേ ;) ഹ്ഹ്, നല്ല വാക്കുകള്‍ക്ക് നന്ദി കുഞ്ഞൂസേ. വീണ്ടും കാണാം
---------
Satheesh Haripad: നന്ദി മാഷേ, ഇത്രേം പേര് വന്നതില്‍ തന്നെ വളരെ സന്തോഷം. ഇപ്പൊ പേടി പോയി. ഇടക്ക് കാണാം
(ആക്സിലേറ്ററോ? ഇതിനോ..? കാളവണ്ടിക്കെബ്ട്യാ പഹയാ ആക്സിലേറ്ററ് ) ;പ്
----------
Blogimon: ചേട്ടനോ....ഞാനോ....ശ്ശോ! കോരിതരിപ്പ് കോരിതരിപ്പ്... ബ്ലോഗിമോനെ ഞാനെവ്ട്യോ കണ്ടതാണ്. മിസ്സായി. വീണ്ടും കാണാവേ. ഇവ്ടം വരെ വന്നതല്ലേ രണ്ട് നന്ദി ഇരിക്കട്ടെ. (ഫ്രീ)
***********************

Typist | എഴുത്തുകാരി പറഞ്ഞു...

സ്വാഗതം ബൂലോഗത്തേക്കു്. തുടക്കം ഗംഭീരം.

പ്രശസ്ത ബ്ലോഗർമാരെല്ലാം തൃശ്ശൂർക്കാരാണെന്നല്ലേ രമേശ് പറഞ്ഞതു്. ഞാനും ഒരു തൃശ്ശൂർക്കാരനല്ല, കാരി.

ഞാന്‍ പറഞ്ഞു...

സുഹൃത്തേ, ചെറുതേ,
ബ്ലോഗിലെ ടെമ്പ്ലേറ്റില്‍ മുകളിലുള്ള navbar ഇല്ലാതിരിക്കുന്നത് പൊറുക്കാന്‍ പറ്റാത്ത തെറ്റായിട്ടാണ് ബ്ലോഗര്‍ കാണുന്നത്. നിര്‍ഭാഗ്യവശാല്‍ അത് നിങ്ങളുടെ ബ്ലോഗില്‍ കാണുന്നില്ല (പങ്കിടുക ദുരുപയോഗം റിപ്പോര്‍ട്ടുചെയ്യുക അടുത്ത ബ്ലോഗ് ബ്ലോഗ് സൃഷ്ടിക്കൂ പ്രവേശിക്കൂ എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങള്‍. അതില്ലെങ്കില്‍ സ്പാം റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള വായനക്കാരുടെ അവസരം നിങ്ങള്‍ നിഷേധിക്കുകയാണ്.അതാണ്‌ ബ്ലോഗ്ഗെരുടെ കണ്ണില്‍ നിങ്ങള്‍ ചെയ്യുന്ന തെറ്റ്. നിങ്ങള്‍ അത് ബ്ലോഗിന്റെ ഭംഗി കൂട്ടാന്‍ ചെയ്തതാണെന്നും മനപ്പൂര്‍വം ചെയ്തതല്ലെന്നും ബ്ലോഗ്ഗെര്‍ക്ക് അറിയില്ല . നിങ്ങളുടെ നിര്‍ഭാഗ്യം കൊണ്ട് അത് blogger ന്റെ ശ്രദ്ധയില്‍ പെട്ടാല്‍ നിങ്ങളുടെ കുപ്പയെ ബ്ലോഗ്ഗര്‍ പൊക്കിയെടുത്തു അമ്മച്ചിയാണേ കുപ്പയില്‍ തള്ളും ) അതൊഴിവാക്കാന്‍ Edit HTML ഇല്‍ ചെന്ന് find കൊടുത്ത്‌ navbar none display not important അങ്ങനെ എന്തെങ്കിലും കാണുന്ന ആ ഒരു ലൈന്‍ ഡിലീറ്റ് ചെയ്യുക. പ്രിവ്യു കണ്ടു പോകേണ്ടത് തന്നെയാണ് പോയത് എന്നും ബ്ലോഗ്ഗെര്‍ക്ക് വേണ്ടത് വന്നിട്ടുണ്ടെന്നും ഉറപ്പു വരുത്തിയ ശേഷം സേവ് ചെയ്യുക. അതിനു ശേഷം ഈ കമന്റ് ഡിലീറ്റ് ചെയ്യുക. ദൈവം ദി കുപ്പയെ കാക്കട്ടെ നിങ്ങളെയും....

ചെറുത്* പറഞ്ഞു...

തൃശ്ശൂര്‍‍കാരനല്ല, കാരിക്കുള്ള നന്ദി ഇവ്ടെ വക്കുന്നു. കാണാം
-------------
ഞാന്‍: കമന്‍‍റില്‍ ബ്ലോഗ് മുതലാളിയുടെ സ്വന്തം കമന്‍‍റുകള്‍ കാണുന്നത് അത്ര സുഖമല്ലെന്നറിയാം. എങ്കിലും......... താങ്കള്‍ക്ക് ഉടനെ ഒരു നന്ദി പറഞ്ഞില്ലെങ്കില്‍ ശരിയാവില്ലെന്ന് തോന്നി.

നവ് ബാറിനകത്ത് ഇങ്ങനൊരു കുരുക്കുണ്ടെന്ന് അറിയില്ലായിരുന്നു. ഡാഷ് ബോര്‍ഡ് കിട്ടാനായി വേറെ ആരുടേയെങ്കിലും പ്രോഫൈല്‍ വഴി പോകേണ്ട അവസ്ഥ ആയിരുന്നു ഇത് വരെ. ല് സൈറ്റുകളില്‍ പോയി പഠിച്ചിട്ടാണ്‍ ഇത്രയെങ്കിലും ആക്കി എടുത്തത്. എന്നിട്ടും നവ് ബാറിനു മുന്നില്‍ തോറ്റു. പിന്നെ അത് വല്യ കാര്യമാക്കി എടുത്തതും ഇല്ല.

എന്തായാലും വളരെ നന്ദിയുണ്ട്. ഈ സഹായത്തിനും കെയറിംങ്ങിനും :)
(കമന്‍‍റ് ഡിലീറ്റണില്ല. നല്ല മനസ്സിനെ കുപ്പയില്‍ കളയരുതല്ലോ)

- സോണി - പറഞ്ഞു...

ആരാന്റെ വീട്ടീക്കേറി 'വായില്‍ തോന്നീത് പറഞ്ഞേച്ചും' പോണത്‌ എങ്ങനെ? ന്നാലും

'ഒന്നും മിണ്ടാണ്ട് പോയതു കണ്ട്
ചെറുത്‌ വിളിച്ചൂ...മങ്കീ...'
- ന്ന് നാളെ ഞാന്‍ കരയേണ്ടി വരരുതല്ലോ...
അതോണ്ടാ...
എഴുത്ത് നന്നായി. ചാരം മൂടി കിടക്കുന്ന കനല്‍ത്തരികള്‍ ഊതിത്തിളക്കി ആളുന്ന തീയുണ്ടാക്കാന്‍ കഴിയട്ടെ എന്ന് ആശംസ.

jayarajmurukkumpuzha പറഞ്ഞു...

valare nannayi paranjirikkunnu..... aashamsakal.....

suma പറഞ്ഞു...

ഇതെന്താ ഇഷ്ടാ ഈ കാണണെ... കലക്കീട്ടൊ.. മാഷെ...
ഇനിയും എഴുതി പെരുപ്പിക്കുട്ടൊ...

ajith പറഞ്ഞു...

ബ്ലോഗ് തുടക്ക വിവരണം നന്നായിട്ടുണ്ട്ട്ടോ!!!
ഒരു വെടിക്കുള്ള മരുന്നുണ്ടല്ലോ കയ്യില്.

ശങ്കരനാരായണന്‍ മലപ്പുറം പറഞ്ഞു...

ബൂലോകത്തേക്ക് സ്വാഗതം ചെറുതേ!

വി കെ ബാലകൃഷ്ണന്‍ പറഞ്ഞു...

ഞാനും പുതിയ ആളാ!

faisalbabu പറഞ്ഞു...

അപ്പോള്‍ "ചെറുത്ന്‍റെ" കാര്യത്തില്‍ ഒരു തീരുമാനമായി ....."നിദ്രാ വിഹീനങ്ങളല്ലോ എന്നും ഇനി "കുപ്പ" യുടെ രാവുകള്‍". ......
എല്ലാ ആശംസകളും

നാമൂസ് പറഞ്ഞു...

ഇങ്ങനെ കറങ്ങി തിരിയുമ്പോഴാ പലയിടത്തായി 'ചെറുതിനെ' കാണുന്നത്.. എങ്കില്‍, ചെറുതിനെ ഒന്ന് കാര്യായിട്ട് കാണാം എന്ന് കരുതി വന്നപ്പോഴോ.. ദേ... കിടക്കുന്നു ഒരു കിടിലന്‍ സദ്യ. എങ്കില്‍, ഇനി അത് കഴിച്ചേച്ചും പോകാം. കൂടെ, ഒരു അഭിപ്രായവും ചൊല്ലാം.. 'ഇമ്മിണി ബല്യ ഒന്നായി' ഈ ചെറുതും വളരട്ടെ എന്നാശംസിക്കുന്നു. എഴുത്തിലെ നര്‍മ്മം ചിരിക്ക് വക നല്‍കുന്നുണ്ട്. അപ്പോള്‍, വീണ്ടും കാണാം.

*സൂര്യകണം.. പറഞ്ഞു...

ഇഞ്ചാദി പോസ്റ്റ് മ്മ് ള് എയ്തണോന്നും ബെച്ച് മനസ്സീ പെര്ക്കീരിക്കേനു, പഹയാ, ജ്ജ് മ്മ് ള തോപ്പിച്ചല്ലോ.. ഹ് മം..!

ന്നാലും നന്നായ്ട്ട്ണ്ട് കോയാ..

ബൂലോകത്തേക്ക് സ്വാഗതം, ആശംസകള്‍

anupama പറഞ്ഞു...

പ്രിയപ്പെട്ട സുഹൃത്തേ,

സുപ്രഭാതം!

ഭൂലോകത്തിലേക്കു സ്വാഗതം!:)

പിന്നെ കുടംബത്തില്‍ പിറന്നോര്‍ക്ക് പറ്റിയതല്ല ബ്ലോഗിങ്ങ് എന്ന് മാത്രം പറഞ്ഞേക്കരുത്!അത് ഏതു ത്രിശുര്‍ക്കാരനായാലും ഞാന്‍ സഹിക്കില്ല!

സംഭവം രസകരമായി എഴുതിയിട്ടുണ്ട്!എഴുതികൊന്ടെയിരിക്കുക....

പെങ്ങളോട് ഇനിയും ഭംഗിയായി പ്രവാസിയുടെ ഫോണ്‍ കാള്‍ വിശദീകരിക്കാന്‍ പറയണം...

ഒരു മനോഹര ദിവസം ആശംസിച്ചു കൊണ്ട്,

സസ്നേഹം,

അനു

ചെറുത്* പറഞ്ഞു...

-സോണി-: മനസ്സാവാചാകര്‍‍ണ്ണാടകാ ഞാനങ്ങനെ വിളിച്ചില്ല.
വന്ന് കണ്ട് ‘തോന്നീത് പറഞ്ഞേച്ചും' പോയതിനും ആശംസക്കും നന്ദി. മഴകൊണ്ട് കറങ്ങാനിഷ്ടപെടണ ചെറുത് തീക്കട്ട ആയാല്‍ ശര്യാവോ!? അവസാനം പൊഹേം ചാരോം മാത്രേ കാണൂ ;)
----------
jayarajmurukkumpuzha: നന്ദിയുണ്ട് മാഷേ; കാണാം
----------
suma: വന്നതില്‍ സന്തോഷം സുമേച്ചി, (പത്തിരുന്നൂറോളം കവിതകള്‍ പൂട്ടിവച്ചിരിക്കുന്നത് കണ്ടു. ബൂലോകര്‍ക്കൊക്കെ വായിക്കാന്‍ കൊടുത്തൂടെ) :)
-----------
ajith: നല്ലവാക്കിന് വീണ്ടും നന്ദി അജിയേട്ടാ, (മരുന്നൊക്കെ നനഞ്ഞിരിക്കുവാ, പൊട്ടൂല :)
-----------
ശങ്കരനാരായണന്‍ മലപ്പുറം: ഡേങ്ക്യൂ ഡേങ്ക്യൂ
-----------
വി കെ ബാലകൃഷ്ണന്‍: പുതിയ ആള്‍‍ക്ക് സുസ്വാഗതം. ഇതൊക്കെ കണ്ട് ജീവിതം വെറുത്ത്പോയേക്കാം, ബട്ട് തരളരുത് പറതരുത്. കണ്‍‍ട്രോളണംട്ടാ.
-----------
faisalbabu: ആശംസകള്‍ക്ക് നന്ദിയുണ്ടേ. രാവുകള്‍ അങ്ങനായാലും പ്രശ്നല്ല, കമ്പനീലിപ്പഴത്തെ മാനേജറ് മാറണവരെ നിദ്ര ഭദ്രാ ;)
-------------
നാമൂസ്: നല്ലവാക്കുകള്‍ക്ക് ഒരുപറ നന്ദിയുണ്ട് നാമൂസേട്ടോ, വേറൊന്നും തരാനില്ല. വീണ്ടും കാണാം :)
-------------
*സൂര്യകണം: ങ്ങള് ബന്നല്ലാ, ബായിച്ചല്ലാ..റാഹ്ത്തായി, ഖല്‍ബ് നെര്‍‍ഞ്ഞ് . യ്യ് തലകുത്തീട്ട് നിന്നാലും ഇ‘ജാതി‘ സാധനം എയ്താന്‍ കയ്യൂല കോയ കയ്യൂല.
കാണാം സൂര്യകണം
--------------
anupama: വന്ന് കണ്ട് മിണ്ടിയതില്‍ സന്തോഷം. നല്ലവാക്കുകള്‍ക്ക് നന്ദി.
അനുപമ മാത്രല്ല ആരായാലും അതിനി സഹിക്കില്ല. കാരണം വെല്ലുവിളി പോലെ ചെറുത്* എഴുതിതുടങ്ങീലെ ;)
വീണ്ടും കാണാം; സുന്ദരമായ നല്ല നാളുകള്‍ ആശംസിച്ചുകൊണ്ട് പ്രാര്‍ത്ഥനയോടെ...
------

jayaraj പറഞ്ഞു...

ente mashe, ennalum blog thudangiya kaaryam parayan kanda samayam.

enthayalum nalla kidu saadhnanam.

ennalum ningal puthiya sambhavam thudangiya kaaryam vendapettavare (ankilsineyum ammamayeyum) vilichu ariyikkathirunnathu moshamayi poyi....ketto.


iniyum poratte. aashamsakal.

mayflowers പറഞ്ഞു...

ഇതിപ്പോ ഒരു ചെറിയ വല്യ കാര്യാണെന്ന് മനസ്സിലായി..
തുടക്കം തന്നെ ഇങ്ങിനെയാണെങ്കില്‍ ഇനിയങ്ങോട്ടെന്തായിരിക്കും..?
എല്ലാ ആശംസകളും നേരുന്നു..

ശ്രീദേവി പറഞ്ഞു...

മിണ്ടാണ്ട്‌ പോയാല്‍ മങ്കിയോ..ആള് കൊള്ളാല്ലോ.ഒന്ന് നാട്ടില്‍ പോയി വന്നു നോക്കുമ്പോള്‍ ഒരു ചെറുത്‌ പലയിടത്തും.എന്നാല്‍ ആരാന്നു നോക്കാമെന്ന് വച്ചു :) ..പെങ്ങള്‍ക്ക് വിവരമുണ്ട് ട്ടോ.അത് ആ വിളിയില്‍നിന്നു തന്നെ അറിയാം..

പ്രഭന്‍ ക്യഷ്ണന്‍ പറഞ്ഞു...

എന്റെ പോസ്റ്റില്‍ വന്ന് ‘ചെറുത്” എന്നുപറഞ്ഞ് വലിയ ഒരു കമന്റിട്ടതല്ലേ, ഇത്രടം വന്നില്ലങ്കി..മോശമല്ലേ..എന്നൊക്കെക്കരുതിയാ വന്നത്...
’ചെറുത്’ എന്ന് പള്ളീപ്പറഞ്ഞാമതീട്ടോ...
ഇത് ‘വലുത്’തന്ന്യാ..സംശ്യല്ല...(സത്യായിട്ടും എഴുത്തിന്റെ കാര്യാ പറഞ്ഞത്..!)
അസ്സലായിരിക്കണൂ...
ഒത്തിരിയാശംസകള്‍...!!
നീം..കാണാട്ടോ.

Ashraf Ambalathu പറഞ്ഞു...

ഗഡീ, കലക്കീന്നു പറഞ്ഞാപോര തകര്‍ത്തു കളഞ്ഞു.
എന്തുട്ടാ ഇഷ്ടാ ഈ എഴുതി വെചേക്കണ്? വായിച്ചിട്ട് മനുഷ്യന്‍ ചിരിച്ചു ഒരു വഴിക്കായി.
തുടര്‍ന്നും എഴുതികൊണ്ടിരിക്കണേ.
മംഗളം നേരുന്നു ഞാന്‍, മനസ്സില്‍....

ഷമീര്‍ തളിക്കുളം പറഞ്ഞു...

ഊം...ചെറുത്‌...!
കയ്യിലിരിപ്പ് ഇത്തിരി വലുതന്നെ..., വളരെ നന്നായി തുടക്കം. എല്ലാ ആശംസകളും നേരുന്നു....

Lipi Ranju പറഞ്ഞു...

കലക്കീട്ടാ... തുടക്കം ഇതാണെങ്കില്‍ ഇനിയെന്താവും !!!
എല്ലാ ആശംസകളും സുഹൃത്തേ..... :)

priyag പറഞ്ഞു...

തുടക്കം തന്നെ കലക്കീട്ടോ മാഷേ ! തകര്‍ക്കെടോ. ഞങ്ങളൊക്കെ കമന്റിട്ടു സായൂജ്യമടയട്ടെ. ബെസ്റ്റ് ഓഫ് ലക്ക്

ബ്ലാക്ക്‌ മെമ്മറീസ് പറഞ്ഞു...

ഉണ്ട 'കപ്പക്കു' നന്ദി ഇല്ലാത്തവന്‍ ....ഹും .....ഇതൊക്കെ കാര്‍നോമാരോടു പറഞ്ഞിട്ട് വേണ്ടേ തുടങ്ങാന്‍ ...

My......C..R..A..C..K........Words പറഞ്ഞു...

thodangiyathu nannnaayi ... aasamsakal....

അലീന പറഞ്ഞു...

കൊള്ളലോ മാഷേ..കലക്കിട്ട...ഇതാണോ തുടക്കകാരനാന്നു പറഞ്ഞെ..അപ്പൊ കുറച്ചു കഴിന്നാൽ എങ്ങനെയാവും..കാത്തിരിക്കുന്നു..(ഒരു രഹസ്യം പറയട്ടെ..ഞാൻ ബ്ലോഗ്‌ തുടങ്ങിയകാര്യം ആരൊദും പറഞ്ഞിട്ടില്ല..തല്ലികൊല്ലുമോ എന്നു പേടിച്ചിട്ടല്ല..സത്യം..)

ponmalakkaran | പൊന്മളക്കാരന്‍ പറഞ്ഞു...

ആരാ പറഞ്ഞെ ചെറുതാന്ന്.....

ഇതു വലുതെന്നെ... വലുത്ച്ചാ... ഒരു മുട്ടൻ.!!!

anju nair പറഞ്ഞു...

എഴുതി തകര്‍ക്ക് മാഷേ.....ഇത് കണ്ടു ആരേലും മോളെ കെട്ടിച്ചു തന്നാലോ???എഴുതി തകര്‍ക്ക് മാഷേ.....ഇത് കണ്ടു ആരേലും മോളെ കെട്ടിച്ചു തന്നാലോ???

MyDreams പറഞ്ഞു...

:)
All the best

ചെറുത്* പറഞ്ഞു...

jayaraj: സമയം മോശാണെന്ന് അറിയാരുന്നെങ്കിലും, ഇത്രകണ്ട് മോശമാവാന്‍ സമയത്തിന്‍ കഴിയുംന്ന് കരുതീലാരുന്നു. വന്ന് കണ്ടതില്‍ സന്തോഷമുണ്ടേ :)
------------
mayflowers: മെയ്മാസപൂവിന്‍ നന്ദി! എനിക്കും അതാ ഡൌട്ട്, ഇനിയങ്ങോട്ടെന്തായിരിക്കും??? :(
------------
ശ്രീദേവി: നാട്ടിലാരുന്നല്ലേ, ഞാനിവ്ടൊക്കെ അന്വേഷിച്ചു. ;) എന്തായാലും വന്നല്ലോ, കണ്ടല്ലോ, സന്തോഷായി. മിണ്ടാതെ പോവാന്‍ തോന്നാത്തതിന്‍ ഉപകാരംട്ടാ :) കാണാം
------------
പ്രഭന്‍ ക്യഷ്ണന്‍: നല്ലവാക്കുകള്‍ക്ക് നന്ദി, ഇമ്മാതിരി നല്ല കഥകളൊക്കെ എഴുതുന്നവരെ ഇവ്ടെ കാണുമ്പൊ സന്തോഷംണ്ട്.
------------
Ashraf Ambalathu: അഭിപ്രായത്തിന് നന്ദിയുണ്ടേ. ന്നാലും.... ( ചിരീടെ കാര്യം പറഞ്ഞത് ഒന്ന് ആക്കീതല്ലേ...എ ഏ!!)
------------
ഷമീര്‍ തളിക്കുളം: ആശംസകള്‍ക്ക് നന്ദി ഷമീര്‍‍.
------------
Lipi Ranju: വന്ന് മിണ്ടിയതില്‍ സന്തോഷം. വീണ്ടും അതേ ചോദ്യത്തിനു മുന്നിലാ ഞാനും....ഇനിയെന്ത്???????? ആ....
-----------
priyag: അഭിപ്രായത്തിന്‍ നന്ദി. തകര്‍ക്കലും കലക്കലും എല്ലാം തീര്‍ന്ന്, ഇനിയൊന്ന് പൊരിച്ചെടുത്താ മതി. കാണാവേ
-----------
ബ്ലാക്ക്‌ മെമ്മറീസ് : കപ്പയോ? ഒരു കുനിപ്പുണ്ടേ... ക്+ഉ ;) അപ്രത്ത് ഞാനിട്ട കമന്‍‍റ് മുക്കി ലെ. ഹ്മം...വീണ്ടും കാണാം :)
------------
My..C..R.A.C.K..Words: തുടക്കം മാത്രേ നന്നായുള്ളൂ ലെ :( പാവം ഞാന്‍. എന്തായാലും ഇച്ചിരി നന്ദി വച്ചോട്ടാ. പാക്കലാം.
------------
അലീന: ഹൊ; അങ്ങനെ കാത്തിരിക്കാന്‍‍ ചെറുതിനും ആളായി :) നന്ദിയുണ്ട് മാഷേ നന്ദി
(((((((സൊഹാര്യം: ആരോടും പറഞ്ഞിട്ടില്ലേലിനി പറയണ്ട. പുലിവാലാ....സത്യം!!!!))))))
------------
ponmalakkaran | പൊന്മളക്കാരന്‍: ഹെന്‍‍റെ മനസ്സിന്‍‍റെ വലുപ്പത്തെയാണ്‍ ഉദ്ദേശിച്ചതെന്ന് മനസ്സിലായി, താങ്ക്യു താങ്ക്യു
---------------
anju nair: പ്രാകീതാണോ :-o ?? അല്ലാ കെട്ടിക്കണ്ട കാര്യൊക്കെ പറേണു. അതും രണ്ട് വട്ടം. വന്നതിലൊത്തിരി സന്തോഷംട്ടാ
------------
MyDreams: ഡേങ്ക്യൂ :)
------------

ബെഞ്ചാലി പറഞ്ഞു...

congrats & all the best :)

ഹാഷിക്ക് പറഞ്ഞു...

തൃശൂര്‍കാരോ, ശ്രീ പറഞ്ഞത് പോലെ ഞാനും കപ്പയാണെന്ന് കരുതി ഓടി വന്നതാ.... ഏതായാലും നന്നായിട്ടുണ്ട് ട്ടോ.................... അടുത്ത തവണ വരുമ്പോള്‍ ക നല്ലോണം കു എന്ന് എഴുതിക്കോ...അല്ലേല്‍ ഒരു ചവിട്ടാ ചവിട്ടും.. :-)

കൊമ്പന്‍ പറഞ്ഞു...

ന്‍റെ പഹയാ ഇജ്ജ് ഒരു ഒന്ന് ഒന്നര സംഭവമാ

ഞാന്‍ പറഞ്ഞു...

കുപ്പമുതലാളി(ചെറുത്‌) അറിയുന്നതിന്,
ഞങ്ങള്‍ കുപ്പ തപ്പാന്‍ തുടങ്ങിയിട്ട് കുറച്ചു ദിവസമായി ഇതിപ്പോള്‍ പോസ്ടറില്‍ കണ്ടതൊന്നും സിനിമയില്‍ ഇല്ലെന്നു ബൈജു ഒരു സിനിമയില്‍ പറഞ്ഞത് പോലെയായി.എവിടെ അടുത്ത വികൃതി? നാടകം തുടങ്ങുന്നത് വരെ റെക്കോര്‍ഡ്‌ കേള്‍പ്പിച്ചു ഞങ്ങളെ ഒതുക്കാം എന്ന് മുതലാളി കരുതേണ്ട.(സംഭവം കിടിലം പാട്ടാണെങ്കിലും)ഫാന്‍സ്‌ അസോസിയേഷന്‍ (followers)പിരിച്ചു വിടാന്‍ നീക്കം നടക്കുന്നതായി അറിയാന്‍ കഴിഞ്ഞു. അവരെ സമാധാനിപ്പിക്കാനെന്കിലും എന്തെങ്കിലും ചെയ്തേ പറ്റൂ.മിണ്ടാതെ പോകുന്നവരെ വിശേഷിപ്പിക്കുന്ന പദം തിരക്കഥയില്‍ നിന്നും ഒഴിവാക്കിയില്ലെങ്കില്‍ അത്തരം ആള്‍ക്കാര്‍ ഇനി തിയേറ്ററില്‍ കയറാതെ തന്നെ പോകാനും സാധ്യത കാണുന്നുണ്ട്.അടിയന്തിരമായി എന്തെങ്കിലും ചെയ്തില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന് ഇതിനാല്‍ അറിയിച്ചു കൊണ്ട് കത്ത് ചുരുക്കുന്നു.
എന്ന്
ഒരു അഭ്യുദയ കാംക്ഷി
NB: അടുത്ത ചിത്രം പ്രദര്‍ശനത്തിന് എത്തുന്നതിനു മുന്‍പായി
ജാലകം,ചിന്ത എന്നീ പരസ്യ ഏജന്‍സികളെ സമീപിക്കുകയാനെന്കില്‍ കൂടുതല്‍ പ്രേക്ഷകരെ കിട്ടാന്‍ അവര്‍ സഹായിക്കും എന്നുള്ള വിവരം കൂടി അറിയിക്കുന്നു.

ചെറുത്* പറഞ്ഞു...

ബെഞ്ചാലി: നന്ദി ബെഞ്ചാലി നന്ദി
--------
ഹാഷിക്ക്: എന്നാ പിന്നെ കുപ്പ മാറ്റി കപ്പ എന്നന്നെ ആക്കിയാലോ? അല്ലാതെ ആ കുനിപ്പ് മാറ്റി ഇടാന്‍ പറ്റണില്ല :(
വന്നതിനും അഭിപ്രായത്തിനും എല്ലാവരും കൊടുക്കണതന്ന്യാ ഇവ്ടേം കൊടുക്കണേ.....നന്ദി :)
--------
കൊമ്പന്‍: എല്ലാരും പറയുന്നു അങ്ങനെ ;) 916
നന്ദിണ്ട് ട്ടാ
-------
ഞാന്‍: ഹ്ഹ്ഹ്ഹ് ഈ കമന്‍‌റെഴുതിയ ശൈലി ക്ക് ഷ്ടപെട്ട്. എഴുതാന് എന്തൊക്കെയോ മനസ്സിലുണ്ടാരുന്നു. നിങ്ങളിങ്ങനെ പേടിപ്പിച്ചപ്പൊ എല്ലാം പോയി. ന്‍‌റെ ഫോളോവേഴ്സിനെ ആരേം ആ പെട്ടീല്‍ കാണാനും ഇല്ല. ഇനി ബ്ലോഗിടാത്തോണ്ടാണോ ന്ന് കരുതീട്ട് പെട്ടെന്നൊരു ഗഥ എഴുതി പോസ്റ്റീട്ടുണ്ട്. പാവം ഞാന്‍ :(
ജാലകം..ചിന്ത....ഇതൊക്കെ എന്താ സംഭവം???

അനശ്വര പറഞ്ഞു...

മിണ്ടാതെ പോയി മങ്കി ആവാൻ ഞാനില്ലെന്ന് ഞാൻ നേരത്തെ കമന്റിയതാ..അതിവിടെ കാണുന്നില്ല..മങ്കി ആവാൻ വയ്യാത്തത് കൊണ്ട് വീണ്ടും വന്നു..ബൂലോകത്തേക്ക് സ്വാഗതം..

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...

ഒടുക്കത്തെ തുടക്കാട്ടാ ഗെഡി...!
കത്തിച്ചു വിട്ടോ ..ഇമ്മള് പിന്നാലിണ്ട്

സുധി അറയ്ക്കൽ പറഞ്ഞു...

ചിരിപ്പിച്ചു.ട്ടാ.ചെറുതേ!!!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹ! നില്‍‍ നില്‍‍ മിണ്ടീം പറഞ്ഞും പോ ന്നേ.
മിണ്ടാണ്ടെ പോയാല് മങ്കി :(