ഞായറാഴ്‌ച, ജൂൺ 26, 2011

ജോപ്പന്‍‌റെ ആദ്യകുമ്പസാരം..!!

കുമ്പസാരം. കൂദാശകളില്‍ ഏറ്റവും രഹസ്യസ്വഭാവമുള്ള ഒന്ന്. വൈദികനോട് ഏറ്റ്പറഞ്ഞ് പശ്ചാത്താപിച്ച കുമ്പസാര രഹസ്യം മൂന്നാമതൊരാള്‍ അറിയാന്‍ ഇടവരുന്നതിനേക്കാള്‍ മരണമാണ് വൈദികന് കല്പിച്ചിരിക്കുന്നത്. അതിന് വേണ്ടി പീഡനം സഹിച്ച് രക്തസാക്ഷിയായ വൈദികരും ലോകത്തിന് പരിചയംതന്നെ. അങ്ങനെയൊക്കെ ആണെങ്കിലും, ജോപ്പന്‍‌ കുമ്പസാരത്തില്‍ ഏറ്റ് പറഞ്ഞ പാപം ഇന്ന് ഇടവകയില്‍ അങ്ങാടി പാട്ടാണ്. അതിനുത്തരവാദി ആരാണെന്ന് ചോദിച്ചാല്‍ അപ്പനെ നോക്കി ജോപ്പന്‍ പല്ലിറുമ്മും.

പതിവുപോലെ കഴിഞ്ഞ അവധിക്കാലത്തും ഇടവകയിലെ പ്രായമായ കുട്ടികള്‍ക്ക് കുര്‍ബാനസ്വീകരണത്തിനുള്ള ക്ലാസ്സുകള്‍ നടന്നു. ജോപ്പന്‍ അപ്പനോട് കെഞ്ചി പറഞ്ഞു നോക്കി, തന്നെയും ക്ലാസ്സില്‍ ചേര്‍ക്കാന്‍. അപ്പനൊന്ന് പരിശ്രമിക്കുകയും ചെയ്തതാണ്. പക്ഷേ..... ജോപ്പനെ കുറിച്ച് ശരിക്കും അറിയാവുന്ന വികാരിയച്ചന്‍ "അവനിപ്പഴും കൊച്ചല്യോ അന്തോണീ, തിരക്ക് പിടിച്ച് ചെയ്യാനുള്ളതൊന്നും അല്ല ഇത്, എന്തായാലും ഈ കൊല്ലം അവന്‍ കൂദാശയെ കുറിച്ചൊക്കെ പഠിക്കട്ടെ, അടുത്ത കൊല്ലം നമുക്ക് അവനേം കൂടി ചേര്‍ക്കാം" എന്നും പറഞ്ഞ് പിടിച്ച് നിര്‍ത്തി. അങ്ങനെ ഒരു കാര്യോം ഇല്ലാതെ വന്നിരുന്ന ക്ലാസ്സില്‍ നിന്ന് കുമ്പസാരത്തെകുറിച്ചും, പാപത്തെകുറിച്ചുമൊക്കെ ജോപ്പന് ഏകദേശ ധാരണ കിട്ടി.

ദിവസവും കുര്‍ബാനയില്‍ വരിവരിയായി വന്നവര്‍ക്ക് വൈദീകന്‍ വീഞ്ഞില്‍ മുക്കിയ അപ്പം നാവില്‍ വച്ചുകൊടുക്കുന്നത് മുന്‍‌നിരയില്‍ നിന്ന് എന്നും കണ്ടുകൊണ്ടിരിക്കണ ജോപ്പന് അടുത്ത വെക്കേഷന്‍ വരെ പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല. കുമ്പസാരിക്കാതെ അപ്പം സ്വീകരിക്കുന്നത് നേരെ നരകത്തിലേക്ക് പോകാനുള്ള ടിക്കറ്റെടുക്കുന്നതിന് തുല്യമാണെന്ന് കൊച്ചച്ചന്‍ പറഞ്ഞിട്ടുള്ളത് ഓര്‍മ്മയില്‍ ഉള്ളത്കൊണ്ട് മാത്രമാണ് ഇത്ര നാളും പിടിച്ച് നിന്നത്. പക്ഷേ....വിലക്കപെട്ടത് ഭക്ഷിക്കാനുള്ള ആ ഒരു ത്വര!

ഈസ്റ്റര്‍ അടുക്കുന്നതുകൊണ്ട് അന്ന് കുര്‍ബാനക്ക് ശേഷം പതിവിലും കൂടുതല്‍ പാപികള്‍ കുമ്പസാരത്തിനായി പള്ളിക്കകത്ത് അച്ഛനെ കാത്തിരിക്കുന്നു. ഈ തിരക്കിനിടയില്‍ ഒരു കുമ്പസാരം നടത്തികിട്ടിയാല്‍ തനിക്കും മറ്റുള്ളവരെപോലെ നാളത്തെ കുര്‍ബാനയില്‍ അപ്പം സ്വീകരിക്കാം. ഐഡിയ! രണ്ടും കല്പിച്ച് ആദ്യകുമ്പസാരം നടത്താന്‍ തന്നെ ജോപ്പന്‍ തീരുമാനിച്ചു. മുമ്പ് പങ്കെടുത്ത ക്ലാസ്സില്‍ നിന്ന് കിട്ടിയ പുസ്തകം തപ്പിയെടുത്ത് കുമ്പസാരത്തിന് മുമ്പ് ചൊല്ലേണ്ട പ്രാര്‍ത്ഥനകള്‍ പള്ളിക്കകത്ത് ഒരു മൂലയില്‍ വന്നിരുന്ന് ചൊല്ലിതീര്‍ത്തു. ശേഷം ചെയ്തുപോയ പാപങ്ങള്‍ ഓരോന്നായി മനസ്സില്‍ ഒരുക്കൂട്ടണം. വൈദികനോട് ഏറ്റുപറയുമ്പോള്‍ "അച്ഛോ, ഒറ്റ മിനിറ്റേ, ഒന്ന് ആലോചിക്കട്ടെട്ടാ" എന്നൊന്നും പറയാന്‍ പറ്റില്ലല്ലോ!

പാപങ്ങളോരോന്നായി ഓര്‍ത്തെടുത്തിട്ടും ജോപ്പനൊരു തൃപ്തിയാവണില്ല. ആദ്യത്തെ കുമ്പസാരമാണ്. എന്തേലും 'കിടിലന്‍' പാപം പറഞ്ഞില്ലെങ്കില്‍ ചിലപ്പൊ അച്ഛന് പുച്ഛം തോന്നിയാലോ. അല്ലേലും ജോപ്പന് വകതിരിവ് ആയിട്ടില്ല, ഇപ്പഴും കുട്ടികളി എന്നൊക്കെയാണ് അച്ഛന് തന്നെപറ്റി അഭിപ്രായം. അത് ഇതോടെ മാറ്റണം. വീണ്ടും പുസ്തകം പരതി. പാപത്തില്‍ തന്നെ മാരകപാപങ്ങള്‍ എന്നൊന്ന് ഉണ്ടെന്നും, പത്ത് കല്പനകളുടെ ലംഘനമാണ് മാരകപാപം എന്നും ജോപ്പന്‍ കണ്ടെത്തി.

ഇനിയിപ്പൊ സംഭവം ഈസിയാണ്. ഈ പത്തെണ്ണത്തില്‍ ഏതെങ്കിലും ഒരെണ്ണം ലംഘിച്ചാല്‍ മാരകപാപം തനിക്ക് സ്വന്തം. അത് പോയി വൈദികനോട് പറഞ്ഞാല്‍ അച്ഛന്‍ ഞെട്ടുമെന്നുള്ളകാര്യം തീര്‍ച്ച. ഏറ്റ് പറയുന്നതോടെ പാപമോചനം,  അച്ഛന്‍ പറയുന്ന പ്രാശ്ചിത്തം, തനിക്ക് നാളെതന്നെ വരിയില്‍ നില്‍ക്കാം, നെഞ്ച് വിരിച്ച് കുര്‍ബാന സ്വീകരിക്കാം. ഹോ! കുളിര് കോരി കോരി ജോപ്പന്‍ തളര്‍ന്നു.

പക്ഷേ പത്ത് കല്പനകളുടെ ലിസ്റ്റെടുത്ത ജോപ്പനൊരു ഡൗട്ട്. ഇതില്‍ ഏത് പാപമാണ് തനിക്ക് വൃത്തിയായും വെടിപ്പായും ചെയ്യാന്‍ പറ്റുക!!? ആകെ മൊത്തം ഓടിച്ച് വായിച്ച ജോപ്പന് ഒന്നൊഴിച്ച് മറ്റ് കല്പനകളൊക്കെ മനസ്സിലായി. പക്ഷേ ഏഴാമത്തെ കല്പന, 'വ്യഭിചാരം ചെയ്യരുത്' ഇത്ര നാളായിട്ടും താനറിയാതെ പോയ ആ പാപത്തെ കുറിച്ച് എത്ര ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടാതായപ്പൊ ജോപ്പന്‍ അപ്പനെ തന്നെ ആശ്രയിച്ചു.

കുര്‍ബാനയും കഴിഞ്ഞ് അള്‍ത്താര വൃത്തിയാക്കുകയായിരുന്നു അന്തോണിചേട്ടന്‍. അള്‍ത്താരയില്‍ മെഴുകുതിരി കത്തിച്ചു വക്കുന്ന പ്രത്യേകതരത്തിലുള്ള ഗ്ലാസ്‌സ്റ്റാന്‍‌റ് എടുത്ത് ഇറങ്ങിവരുന്നതിനിടയില്‍ ജോപ്പന്‍ അപ്പന്‍‌റെ വെള്ളമുണ്ടില്‍ പിടി മുറുക്കി.

"അപ്പച്ചാ, ഒരു കാര്യം ചോദിച്ചാല്‍ പറഞ്ഞര്വോ?"

ചെറുക്കന്‍‌റെ അറീയാനുള്ള ആഗ്രഹം ആദ്യമായി കണ്ട അന്തോണ്യേട്ടന്‍ വന്ന ആഗ്രഹം തിരിച്ച് പോകുന്നതിനേക്കാള്‍ മുന്നേ എന്ത് ചോദിച്ചാലും പറഞ്ഞരാം എന്നായി.

"അപ്പച്ചന്‍ വ്യഭിചാരം ചെയ്തിട്ടുണ്ടോ"

"ഫ്‌ഭ! കുരുത്തം കെട്ടവനേ" എന്ന് മനസ്സില്‍ തോന്നിയെങ്കിലും നില്‍ക്കുന്നത് അള്‍ത്താരക്ക് മുന്നില്‍ ആയതിനാലും പള്ളിക്കകത്ത് കുമ്പസാരം നടക്കുന്ന നിശബ്ദ അന്തരീക്ഷം ആയതുകൊണ്ടും ഉള്ളില്‍ വന്നത് കഠിച്ചമര്‍ത്തി അന്തോണ്യേട്ടന്‍ അകത്തേക്ക് ഓടാനൊരുങ്ങി.

ജോപ്പന്‍ വിട്വോ..! "വ്യഭിചാരം എന്ന്വച്ചാലെന്താ" എന്നും ചോദിച്ച് ജോപ്പന്‍ മുണ്ടിന്‍‌റെ മേലുള്ള പിടി കൂടുതല്‍ ശക്തിയോടെ മുറുക്കി. അരയിലെ മുണ്ടിന്‍‌റെ കെട്ടഴിയുന്നെന്ന് മനസ്സിലായ അന്തോണ്യേട്ടന്‍ ചെറുക്കനെ തണുപ്പിക്കാന്‍ നോക്കി. പക്ഷേ തന്‍‌റെ സംശയത്തിന്‍‌റെ ഉത്തരം കണ്ടെത്താനുള്ള അദമ്യമായ ഇച്ഛാശക്തിയുടെ മുന്നില്‍ അപ്പന്‍ തോറ്റു. ഒന്നുകില്‍ കയ്യിലെ ഗ്ലാസ് പാത്രങ്ങള്‍ താഴെപോകും, അല്ലെങ്കില്‍ ഈ അള്‍ത്താരക്ക് മുന്നില്‍, ഈ ജനങ്ങളുടെ മുന്നില്‍ തന്‍‌റെ സന്താനം അപ്പന്‍‌റെ തുണി ഉരിയും, ഇനിയിപ്പോ ഉത്തരം പറഞ്ഞാല്‍ ഈ കുരുത്തംകെട്ടവന്‍ പിന്നെ എന്തൊക്കെ ആരോടൊക്കെ പറഞ്ഞ് നടക്കും എന്നൊരു പിടീം ഇല്ല. ചെകുത്താനും, ജോപ്പനും, കടലിനും ഇടയില്‍ പെട്ട അന്തോണിചേട്ടന്‍ തലക്ക് മുകളിലെ ക്രൂശിതരൂപത്തെ അതിനേക്കാള്‍ നിസ്സഹായഭാവത്തില്‍ നോക്കി.

"പറയപ്പച്ചാ....എന്താ അത്....പറഞ്ഞോട്ടാ..." എന്ന് ആവര്ത്തിച്ച് ചോദിച്ച് മുണ്ടില്‍ ഊഞ്ഞാലാടുന്ന ജോപ്പനോട് പെട്ടെന്ന് രക്ഷപെടാന്‍ ഒരു ഉപായം കിട്ടിയ അന്തോണി ചേട്ടന്‍ പതുക്കെ പറഞ്ഞുകൊടുത്തു.

"വ്യഭിചാരം ചെയ്യാന്ന് വച്ചാല് 'തലകുത്തി നില്‍ക്കാ'... അതന്നെ....നീ പിടിവിട് പിടിവിട്"

ഹോ! ഇത് പറയാനായിരുന്നോ ഇത്ര നാണം എന്ന ഭാവത്തില്‍ ജോപ്പന്‍ അപ്പനെ മോചിപ്പിച്ച് പുറത്തേക്കോടി. ഇലക്കും മുള്ളിനും കേടില്ലാതെ കാര്യങ്ങള്‍ അവസാനിപ്പിച്ച സന്തോഷത്തില്‍ അന്തോണിചേട്ടന്‍ അകത്തേക്കും

പള്ളിക്കകത്ത് രണ്ട് വശത്തായി കൊച്ചച്ചനും വല്യച്ചനും കുമ്പസാരിപ്പിക്കുന്നുണ്ട്. കൊച്ചച്ചന് കച്ചവടം മോശം. മിക്കവരും വലിയച്ചന്‍‌റെ അടുത്താണ് നില്‍ക്കുന്നത്. അല്‍‌പം കേള്വികുറവുള്ള വല്യച്ചനോട് പാപികള്‍ക്ക് പണ്ട് തൊട്ടേ കുമ്പസാരകാര്യത്തില്‍ കൂടുതല്‍ താല്പര്യമാണ്. കാര്യമായി എന്തേലും പറയേണ്ടി വന്നാല്‍, അല്പം ശബ്ദം താഴ്ത്തി പറഞ്ഞാല്‍ അച്ഛന്‍ കേട്ടില്ലെങ്കിലും മറ്റ് പാപത്തിന്‍‌റെ കൂടെ അങ്ങ് അഡ്ജസ്റ്റായി പൊക്കോളും. എന്നാ പിന്നെ എല്ലാവരും പോകുന്ന വലിയച്ചനെ തന്നെ തന്‍‌റെ പാപവും കേള്‍പ്പിച്ചേക്കാം.

രംഗം:

അശീര്‍‌വാദം കൊടുത്ത് പാപങ്ങള്‍ കേള്‍ക്കാന്‍ തയ്യാറായി വൈദീകന്‍ കുമ്പസാരകൂട്ടില്‍

ആശീര്‍‌വാദം തലകുനിച്ച് സ്വീകരിച്ച് പാപങ്ങള്‍ പറയാന്‍ ജോപ്പനും.

"അച്ഛോ, ഇതെന്‍‌റെ ആദ്യ കുമ്പസാരമാണ്"

"ഉം. പാപങ്ങള്‍ പറഞ്ഞോളൂ"

"അച്ഛോ, ഞാന്‍ വ്യഭിചാരം ചെയ്തിട്ടുണ്ട്" ഫസ്റ്റ് ഇബ്രഷന്‍ പറ്റാവുന്ന പോലെ ബെസ്റ്റാക്കികൊണ്ട് ജോപ്പന്‍

നെറ്റിനുള്ളിലൂടെ അച്ഛനൊന്ന് നോക്കി. അഭിമാനത്തോടെ ജോപ്പന്‍.

വിശ്വാസം വരാതെ അച്ഛന്‍ കുമ്പസാര കൂട്ടില്‍ നിന്ന് ഏന്തിവലിഞ്ഞ് തന്‍‌റെ പാപിയെ ഒന്നുകൂടെ അടിമുടി നോക്കിയിട്ട് തിരികെ ഇരുന്നു.

"കുഞ്ഞേ, ആദ്യ കുമ്പസാരം അല്ലേ ഇത്. വ്യഭിചാരം എന്നാല്‍ എന്താണെന്ന്‌പോലും നിനക്കറിയാന്‍ പ്രായമായിട്ടില്ലല്ലോ"

ഇല്ല, അച്ഛന്‍ ശരിയാവൂല. അച്ഛന് തന്നെ കുറിച്ചുള്ള മുന്‍‌വിധികളാണ് കാരണം. അത് തെറ്റാണെന്ന് തെളിയിച്ചേ പറ്റൂ.

"അല്ലച്ചോ, ഞാന്‍ ശരിക്കും ചെയ്തതാ, ദേ കുറച്ച് നേരത്തെ ഊട്ടുമുറിയില്‍ വച്ച്, വിശ്വാസായില്ലേല്‍ കാണിച്ചരാം,  ദേ നോക്കിക്കോ" എന്നും പറഞ്ഞ് കുമ്പസാരകൂടിനു മുന്നില്‍ തന്‍‌റെ തടിച്ച ശരീരവുമായി ഒന്നല്ല രണ്ടല്ല മൂന്ന് വട്ടം ജോപ്പന്‍‌റെ ഗംഭീര പ്രകടനം. ആത്മാര്ത്ഥമായ വ്യഭിചാരം! കണ്ടാലൊരു ലുക്കില്ലെന്നേയുള്ളൂ, അല്പം തടി ഉണ്ടെങ്കിലും ഇതൊക്കെ പുല്ലാണെന്ന ഭാവത്തില്‍ ജോപ്പന്‍.

കപ്യാരെ വിളിപ്പിച്ച് ചെറുക്കനെ കൂടെ പറഞ്ഞയച്ച് തിരികെ കുമ്പസാരകൂട്ടില്‍ വന്നിരുന്ന വല്യച്ചന് അന്ന് പിന്നെ ഒരാളെ പോലും കുമ്പസാരിപ്പിക്കാന്‍ കിട്ടിയില്ല. എല്ലാവരും കൊച്ചച്ചന്‍‌റെ കൂടിനു ചുറ്റും വരിയായി നില്‍ക്കുന്നു.

അല്ലാ....അവരെ പറഞ്ഞിട്ടും കാര്യമില്ല! അച്ചന് ചെവി കേള്‍ക്കില്ലാന്നൊക്കെ ശരി തന്നെ, പക്ഷേ 'ഇത്തിരി' പോന്ന ആ കൊച്ചന് വല്യച്ചന്‍ കൊടുത്ത പ്രാശ്ചിത്തം തലകുത്തിനില്‍ക്കല്‍ ആണെങ്കില്‍ മറ്റുള്ളവരുടെ കാര്യം എന്താകും!!?

അതിലും നല്ലത് കൊച്ചച്ചനാന്നേ....!!
********************************

ജോപ്പനെ കുറിച്ച് അവന്‍‌റെ കസിന്‍സ് കളിയാക്കി മാത്രം പറഞ്ഞ് കേട്ടതുകൊണ്ട് ഓര്‍മ്മ എന്നോ, അനുഭവം എന്നോ ഇടുന്നില്ല. ജോപ്പന്‍‌റെ അനുവാദത്തോടെ :)
തിരിച്ചറിവാകും മുമ്പ് കുട്ടികളെ പുസ്തകത്തില്‍ നിന്ന് കാണാതെ പഠിപ്പിച്ച് കൂദാശകള്‍ക്കൊരുക്കുന്ന മാതാപിതാക്കളോട് ഇതൊരു കഥയായി, പ്രസംഗത്തില്‍ ഒരു വൈദീകന്‍ പറഞ്ഞത് ഓര്‍ക്കുന്നു. 
അപ്പൊ എല്ലാം പറഞ്ഞപോലെ.!!

52 അഭിപ്രായങ്ങള്‍:

- സോണി - പറഞ്ഞു...

കിടിലം...ജോപ്പനും, അപ്പനും, കുമ്പസാരം കേട്ട അച്ചനും എല്ലാം.

ഇക്കാര്യത്തില്‍ തല്ലുകൊടുക്കേണ്ടത് ജോപ്പന്‍റെ അപ്പനാണ്. കുട്ടികള്‍ ചോദിക്കുന്ന സംശയങ്ങള്‍ക്ക് കുറച്ചെങ്കിലും നീതി പുലര്‍ത്തുന്ന ഒരു മറുപടി കൊടുക്കേണ്ടേ? അത് മുതിര്‍ന്നവര്‍ക്ക് മാത്രം ഉള്ളതാണ് എന്നും, പിന്നീട് പറഞ്ഞുതരാം എന്നും പറഞ്ഞിരുന്നെങ്കില്‍, പിന്നീട് മനസ്സിലാവുന്ന ഭാഷയില്‍ ആ പ്രായത്തില്‍ പറയാവുന്നത്ര കാര്യങ്ങള്‍ പറഞ്ഞു കൊടുത്തിരുന്നെങ്കില്‍ ഇങ്ങനെയൊന്നും വരില്ലായിരുന്നു. എന്തായാലും ജോപ്പന്‍റെ കഥകള്‍ കസറുന്നുണ്ട്.

ജോപ്പന്‍റെ അനുവാദത്തോടെ തന്നെയാണല്ലേ? അപ്പോള്‍ ഈ ജോപ്പന്‍ ശരിക്കും ജീവിച്ചിരിപ്പുണ്ടോ?

ajith പറഞ്ഞു...

ഈ കോപ്പന്‍ ജോപ്പന്‍ ഇന്നും കലക്കിയല്ലോ ചെറുതേ.

(നുമ്മടെ തണല്‍ ഭാ‍യി ഇതൊന്നും അറിയേണ്ട. മൂപ്പര് ഇടയ്ക്കിടെ തലകുത്തി നില്‍ക്കണ ആളാ.)

ഞാന്‍ പറഞ്ഞു...

വിചാരിച്ചപോലെ ചെറുത്‌ വീണ്ടും ദാവീദായി ..........
കഥാലോകത്തെ ഗോലിയാത്തുകള്‍ക്കൊരു ചെറിയ ഭീഷണി....
പിന്നെ കഥയെക്കുറിച്ച് പണ്ട് പഠിച്ചിരുന്ന കാലത്ത് ഞങ്ങള്‍ക്കിടയില്‍ ആരെങ്കിലും പെണ്‍കുട്ടികളോട് സംസാരിച്ചിട്ട് തിരിച്ചു വരുമ്പോള്‍ എത്ര ബക്കറ്റ്‌ കോരി എന്നൊരു ചോദ്യമുണ്ട്.കുളിര് കോരുന്ന കാര്യമാണെന്ന്
ഞങ്ങള്‍ക്കെ അറിയൂ?
പിന്നെ കുട്ടികളോട് സംസാരിക്കുമ്പോള്‍ സത്യം പറയുന്നതാ കൂടുതല്‍ നല്ലത്. ഒരു കുട്ടി അമ്മൂമ്മയോടു അപ്പൂപ്പന്‍ എങ്ങിനെ ഉണ്ടായി എന്ന് ചോദിച്ചു പറയാനുള്ള മടി കൊണ്ട് അമ്മൂമ്മ ഒഴിവാകാന്‍ വേണ്ടി പറഞ്ഞു പുഴയില്‍ ഒഴുകി വന്നതാണെന്ന്.കുട്ടി ചോദിച്ചു അപ്പോള്‍ അച്ഛനോ? അച്ഛനെ തവിട് കൊടുത്ത് വാങ്ങിയതാണെന്നും പറഞ്ഞു. കുട്ടി മറുപടി ഒന്നും പറഞ്ഞില്ല.രാവിലെ കുട്ടിയുടെ നോട്ട് ബുക്ക്‌ കണ്ട അമ്മ അതില്‍ എഴുതിയിരിക്കുന്നത് കണ്ടു ഞെട്ടി. കുടുംബത്തില്‍ രണ്ടു തലമുറ ജനിച്ചത്‌ നേരായ രീതിയിലല്ല.കുട്ടിയുടെ assignment book ഇല്‍
കുടുംബപുരാണം ആയിരുന്നു വിഷയം........
ചെറുതിന്റെ എഴുത്തിന്റെ ഒരു ഗുണം ഇതാണ് മനസ്സില്‍ മറന്നുകിടക്കുന്ന നര്‍മ്മസംഭവങ്ങള്‍ ഓര്‍ക്കാന്‍ പ്രചോദനം കൂടിയാണ്
നന്ദി ആശംസകള്‍ പിന്നെ അതുപോലെ ഉള്ള എല്ലാം ......

നാമൂസ് പറഞ്ഞു...

സംഗതി. തമാശിച്ചതാണേലും ആ പിന്‍കുറി വായനയെ ഗൌരവപ്പെടുത്തുന്നു.
എന്തായാലും, ഒരു കാര്യം പറയാനുള്ള ചെറുതിന്‍റെ വിരുതിനെ കരുതലോടെ പറഞ്ഞ ഇക്കഥ തെളിയിക്കുന്നു. ആശംസകള്‍.

ഷമീര്‍ തളിക്കുളം പറഞ്ഞു...

ചെറുതേ...,
ഇതും കലക്കിപൊളിച്ചു..!
ജോപ്പന്‍റെ ആദ്യകുമ്പസാരം അവസാനത്തേത് കൂടിയായി അല്ലെ...?

പട്ടേപ്പാടം റാംജി പറഞ്ഞു...

ജോപ്പന്‍ വളരെ ഗംഭീരം. സംശയങ്ങള്‍ക്ക് തെറ്റായ ഉത്തരം നല്‍കുമ്പോള്‍ ഉണ്ടാകാവുന്ന പ്രശ്നങ്ങള്‍ അവതരിപ്പിക്കുക വഴി അതൊരു ഓര്‍മ്മപ്പെടുത്തല്‍ ആയി.
നല്ല അവതരണം.

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...

ആക്ഷേപഹാസ്യത്തിലൂടെ കാര്യങ്ങൾ ചൊല്ലാൻ നമ്മുടെ നാട്ടുകാരെ പോലെ വേറെ ആരും തന്നെയില്ലെന്ന് ചെറുത് ഈ ജോപ്പൻ കുമ്പസാരത്തിലൂടെ വീണ്ടും തെളിയ്ച്ചിരിക്കുന്നു...

അഭിനന്ദനങ്ങൾ കേട്ടൊ ഭായ്

ചെറുവാടി പറഞ്ഞു...

അന്ത ക്ലൈമാക്സ് സൂപ്പര്‍ തമ്പീ..
എനക്ക് റൊമ്പ പുടിച്ചിറിക്ക്
എന്ന് വെച്ചാല്‍ പോസ്റ്റ്‌ അടിപൊളി എന്ന്.
ആശംസകള്‍
ഇനി വെക്കേഷന്‍ കഴിഞ്ഞു കാണാം ചെറുതേ.
ആശംസകള്‍

സീത* പറഞ്ഞു...

ശ്ശൊ...ന്നാലും ഈ വല്യച്ചന്റെയൊരു കാര്യം...ഫാവം ആ ജോപ്പനെ ഇങ്ങനെ തല കുത്തി നിർത്തിക്കണായിരുന്നോ...ഫാവം ജോപ്പൻ ആ തടിയും വച്ച്...

വര്‍ഷിണി പറഞ്ഞു...

ജോപ്പന്‍ ഒരു മുഖം കൊടുത്തു നോക്കി, പിന്നെ ചിരി നിയന്ത്രിയ്ക്കാനായില്ലാ..
അവധിക്കാലവും, പള്ളിയും, കുര്‍ബാനയും, ഈസ്റ്ററുമെല്ലാം ഏതോ ഓര്‍മ്മപ്പെടുത്തലുകളുടെ സുഖം നല്‍കി...സന്തോഷം ട്ടൊ.

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

ചെറുതേ,

കോപ്പന്‍ ജോപ്പന്റെ കുമ്പസാരം കലക്കിട്ടോ..പിള്ളാര്‌ സംശയം ചോദിച്ചാല്‍ നേരം വഴിക്ക് ഉത്തരം പറഞ്ഞു കൊടുത്തില്ലേല്‍ ഇങ്ങനെയൊക്കെ പറ്റും...പിതാക്കന്മാരെ സൂക്ഷിച്ചോളൂ!!
ഇങ്ങനെ തെറ്റായ ഉത്തരം പറഞ്ഞു കൊടുത്ത്ച്ചു ആപ്പിലായ അപ്പന്മാരുടെ കഥകള്‍ എന്റെ കയ്യിലും ഉണ്ട്ട്ടോ ..പക്ഷെ അതൊന്നും ഇവിടെ പറയാന്‍ കൊള്ളില്ല :-)

കൊമ്പന്‍ പറഞ്ഞു...

ഇത് സംഗതി ഒരു ജോപ്പന്‍ ചരിതം ആണെങ്കിലും ഒരു പാഠം ഈ കഥയിലും ഉണ്ട് കുട്ടികള്‍ക്ക് ചെറിയ രീതിയില്‍ ഒരു ലൈഗിക വിദ്യാഭ്യാസം നല്ക്കുന്നതില്‍ തെറ്റില്ല
അത് പല സംശയങ്ങളും തെറ്റിധാരനകളും നീങ്ങാന്‍ ഉപകരിക്കും
ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞതിന് സദാചാര പ്രഗല്‍പ്പന്മാര്‍ എന്നെ ചുട്ടു തിന്നാന്‍ വരല്ലേ പ്ലീസ്

ഏപ്രില്‍ ലില്ലി. പറഞ്ഞു...

ജോപ്പന്‍ തകര്‍ത്തു കേട്ടോ... :-) .

മുല്ല പറഞ്ഞു...

ഇന്നത്തെ കുട്ടികള്‍ക്ക് കാര്യങ്ങളൊക്കെ ഭംഗിയായ് അറിയാം. നമ്മുടെ കാലമൊന്നുമല്ല. ആ അറിവുകള്‍ ശരിയായ ദിശയിലാണെന്ന് നമ്മള്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.അവരുടെ സംശയങ്ങള്‍ക്ക് സത്യസന്ധതയോടെ മറുപടി പറയുക. ഇക്കാര്യത്തില്‍ കൊമ്പന്‍ പറഞ്ഞതിനോട് യോജിക്കുന്നു.

പോസ്റ്റ് നന്നായീന്ന് പ്രത്യേകം പറയേണ്ടല്ലൊ.

ചെറുത്* പറഞ്ഞു...

- സോണി -: ജോപ്പനും ജോപ്പന്‍‍റെ അപ്പനും സാങ്കല്‍പികമല്ലാട്ടാ, ഉള്ള തടിക്ക് കേട് പറ്റാതിക്കാന്‍ പേരിലൊരു അഡ്ജസ്റ്റ്മെന്‍‍റെ ഉണ്ടെന്ന് മാത്രം, ജോപ്പനും ഇപ്പൊ ഒരു ഗള്‍‍ഫന്‍ ആയതുകൊണ്ട് ഇതൊക്കെ ഓര്‍ക്കുന്നത് അവനും ഒരു രസം ;)
-------------
ajith: ഓഹോ, അങ്ങേക്ക് അതിന്‍‍റെ അസുഖം ഉള്ളതാണോ! ഹ്ഹ് ഏതായാലും മിനിയും കവിതയും അല്ലാതെ മറ്റ് പോസ്റ്റിലൊന്നും അതിയാന്‍ വരില്ലെന്ന് വാക്ക് തന്നിട്ടുണ്ട്. രക്ഷപെട്ട്. കാണാം!
-------------
ഞാന്‍ : ദാവീദോ..!!! ചെറുതോ...!! ഹ്ഹ്ഹ് തമാശ പറഞ്ഞാല്‍ അടിച്ചുണ്ടല്ലോ....ങ്‍ഹാ!! കഥയും കവിതയുമൊന്നും അല്ലല്ലോ, ചുമ്മാ പഴേ ചില രസപെടുത്തുന്ന ഓര്‍മ്മ. അതിപ്പൊ ഏത് ചെറുതിനും പറ്റും. ഞാനിന്‍‍റെ ഇങ്ങനുള്ള കമന്‍‍റുകളുടെ ‘ഫാനാ’ണ് ചെറുത് ;) നന്ദീട്ടാ
-------------
നാമൂസ് : നന്ദി മാഷെ, അത്ര ഗൌരവായിട്ടൊന്നും എഴുതാറായിട്ടില്ലാട്ടാ ചെറുത്. കാണാവേ.
---------------
ഷമീര്‍ തളിക്കുളം: ഹേയ്...ജോപ്പന്‍ രണ്ട് വര്‍‍ഷംകൊണ്ട് ഏഴാം‍പാപത്തെകുറിച്ചൊക്കെ മനസ്സിലാക്കി ‘രണ്ടാമത്തെ‘ ആദ്യകുമ്പാസരവും വിജയകരമായി നടത്തി. അപ്പൊ നന്ദീട്ടാ :)
----------------
പട്ടേപ്പാടം റാംജി: വായനക്കും അഭിപ്രായത്തിനും നന്ദീണ്ട് റാംജി. കാണംണംട്ടാ ;)
----------------
മുരളീമുകുന്ദൻ: ആക്ഷേപഹാസ്യം എന്നൊന്നും കരുതീല്ലാരുന്നു. പിന്നെ തലമുതിര്‍‍ന്ന നിങ്ങളൊക്കെ പറയുമ്പൊ ചെറുത് ഉടക്കരുതല്ലോ ;) നന്ദിട്ടാ..
************************************

ചെറുത്* പറഞ്ഞു...

ചെറുവാടി: നല്ലവാക്കുകള്‍‍ക്ക് നന്ദി ചെറുവാടി. അപ്പൊ അവധിക്കാല ആലസ്യത്തിലാകും ഇനി ലെ. പോയ്‍വരൂട്ടാ...ആശംസോള് :)
----------------
സീത*: കണ്ട് നിന്നവരും അതാ കരുതിയത്, പക്ഷേ ജോപ്പന്‍ പാപലംഘനം നടത്തുവാരുന്നെന്ന് അച്ഛനും ജോപ്പനും മാത്രല്ലേ അറീയൂ.! കുപ്പയിലെ ‘ചവറ്‘ പെറുക്കാന്‍ വന്ന രാമന്‍‍റെ സീതക്കും നന്ദി ;)
---------------
വര്‍ഷിണി: ഹോ! ചെറുത് കൃതാര്‍ത്ഥനായി, ഒരാളേലും അന്തം വിട്ട് ചിന്തിച്ചോണ്ടിരിക്കാതെ ചിരിച്ച് കണ്ടൂലോ :) നന്ദി വര്‍‍ഷിണീ, കാണാം
--------------
ഒരു ദുബായിക്കാരന്‍: നന്ദി ഷജീര്‍‍. കയ്യിലെ കഥയൊക്കെ വേണ്ടപോലെ പ്രയോഗിക്കാന്‍ ഷജീറിന് കഴിയും എന്നതിന്‍‍റെ തെളിവല്ലേ വാജി തൈലം ;) ഹ്ഹ്ഹ്
----------------
കൊമ്പന്‍: കൊമ്പനെന്തിത്ര സംഭ്രമം കൊമ്പാ, സദാചാര പ്രഗല്പന്മാര്‍‍ക്ക് ഒരു വിഷയം ആക്കാന്‍ പറ്റുന്ന ലേഖനമൊന്നും ഇവിടില്ലെന്നേ. ഈ വരവിനും നല്ലവാക്കുകള്‍ക്കും നന്ദീണ്ട്. അത് മറക്കണ്ട! :)
---------------
ഏപ്രില്‍ ലില്ലി: നന്ദി ലില്ലീ, വരവിനും, വായനക്കും, അഭിപ്രായത്തിനും.
-----------------
മുല്ല: പറഞ്ഞത് വാസ്തവം. പക്ഷേ അപ്പന് സത്യസന്ധമായ ഉത്തരം കൊടുക്കാനൊരു ഗ്യാപ്പ് കിട്ടണ്ടേ. സാഹചര്യം അങ്ങനായിപോയി. ഇവ്ടുത്തെ അഭിപ്രായങ്ങള്‍ വായിച്ചപ്പോഴാണ് ഈ കഥ തന്നെ ഒന്ന് മിനുക്കി എടുത്താല്‍ ഇങ്ങനൊരു വിഷയത്തില്‍ എത്തിക്കാം എന്ന് തോന്നിയത്. ആ.... ഇനി പറഞ്ഞിട്ട് കാര്യല്ലാലോ. ചെറുതിനേകൊണ്ട് ആവുന്നതല്ലേ കൊത്താന്‍‍ പറ്റൂ ;)
**************************

അനൂപ്‌ .ടി.എം. പറഞ്ഞു...

ആഴവും സാധ്യതയുമുള്ള എഴുത്താണ്.
നര്‍മ്മം, ജോപ്പന്‍സ് ലേബല്‍ വിട്ട് ചെറുതിന് ചെറുകഥയുടെ ഫോര്‍മാറ്റില്‍ തന്നെ എഴുതാവുന്നതേ ഉള്ളൂ .(അതിനങ്ങനെ പ്രത്യേകിച്ചൊരു ഫോര്‍മാറ്റ് ഉണ്ടോ എന്നൊന്നും ചോദിക്കരുത്.)


മിണ്ടാണ്ടെ പോയാല് മങ്കി :(
ദത് കലക്കി..:)
പിന്നെ ആ മൂസിക്ക് ഒക്കെ ഉള്ളതുകൊണ്ട് ബ്ലോഗ്‌ ലോഡായിവരാന്‍ സമയമെടുക്കുന്നു.
സ്ലോ ഇന്റര്‍ നെറ്റ് കണക്ഷന്‍ ഉള്ളവര്‍ക്ക് ബുദ്ധിമുട്ടാ..:(

ഒറ്റയാന്‍ പറഞ്ഞു...

ചെറുതേ,

സരസമായ മനസ്സുള്ളവര്‍ക്കേ ഇങ്ങിനെ സരസമായി എഴുതാന്‍ കഴിയൂ.

വളരെ അടുക്കും ചിട്ടയോടെയും എഴുതി.
കഥയുടെ അവസാനത്തെ ക്ളൈമാക്സ്‌ നന്നായി.

ആശംസകള്‍.

faisalbabu പറഞ്ഞു...

കലക്കീട്ടോ ...ജോപ്പന്‍ ചരിതം തുടരും അല്ലേ ...അപ്പൊ കാത്തിരുന്നു കാണാം ജോപ്പന്റെ പുതിയ തമാശകള്‍ ..ആരാധകര്‍ അക്ഷമരാണ്കേട്ടോ...

രമേശ്‌ അരൂര്‍ പറഞ്ഞു...

ജോപ്പന് അങ്ങനെ തന്നെ വേണം ...:)

Rare Rose പറഞ്ഞു...

പാവം വല്യച്ചന്‍..ഇങ്ങനൊരു കുട്ടിക്കുമ്പസാരം ആദ്യായിട്ട് കേട്ട ക്ഷീണത്തില്‍ ഞെട്ടിത്തരിച്ച് പോയിക്കാണും :)

ഷൈജു.എ.എച്ച് പറഞ്ഞു...

പ്രിയപ്പെട്ട ചെറുത്,
ജോപ്പന്റെ കുമ്പസാരം കസറി കേട്ടോ..നല്ല രസം ഉണ്ടായിരുന്നു വായിക്കാന്‍.നിഷ്കളങ്കനായ ജോപ്പന്‍ കഥകളുടെ ഹാസ്യ രൂപേണയുള്ള അവതരണം മനോഹരം..
ഈ ചെറുതിന് വലിയ അഭിനന്ദനങ്ങള്‍ നേരുന്നു...

********
ചെറുതിന്റെ വാക്ക് ചെവിയില്‍ കൊണ്ടു കേട്ടോ.. ഞാന്‍ വേര്‍ഡ്‌ വേരിഫികെഷനെ കുറിച്ച് അശ്രദ്ധന്‍ ആയിരുന്നു. വളരെ നന്ദി. ഭാവുകങ്ങള്‍ നേരുന്നു...

www.ettavattam.blogspot.com

Salam പറഞ്ഞു...

വായിച്ചു ചിരിച്ചു പിന്നെയും വായിച്ചു. നല്ല ഹാസ്യാത്മകമായ അവതരണം. ഒരു ചെറിയ തമാശ സംഭവം, നടന്നതായാലും അല്ലെങ്കിലും അതീവ രസകരമായി അവതരിപ്പിച്ചു. അഭിനന്ദനങ്ങള്‍.

mayflowers പറഞ്ഞു...

ജോപ്പന്‍ വല്ലാതെ ചിരിപ്പിച്ചു..
ആ അച്ഛന്റെ അവസ്ഥ ദയനീയം!

anupama പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
anupama പറഞ്ഞു...

പ്രിയപ്പെട്ടചെറിയ വലിയ സുഹൃത്തേ,
ഈ കുമ്പസാരം വലിയ ഒരു സംഭവം ആണെന്ന് കുറച്ചു നാള്‍ കണ്ട ഒരു കൂട്ടുകാരി പറഞ്ഞു തന്നിരുന്നു.[അവര്‍ ഒരു അച്ചന്റെ വാമഭാഗമാണ്!]
ഇപ്പോള്‍ ജോപ്പന്‍ സംഭവവും പഠിപ്പിച്ചു തന്നു...അപ്പോള്‍ മനസ്സിലായി...അനുവിന് ഒരിക്കലും കുമ്പസാരിക്കാന്‍ പറ്റില്ല എന്ന്!
പണ്ട് വിചാരിച്ചിരുന്നു...ഈ ക്രിസ്ത്യന്‍ കൂട്ടുകാര്‍ക്ക് നല്ല സുഖം...തെറ്റ് ചെയ്യുക,പള്ളിയില്‍ പോയി കുമ്പസാരിക്കുക....സ്വര്‍ഗരാജ്യം അവരുടേത്!:)
നര്‍മം നന്നായി വഴങ്ങുന്നു!
രാത്രിമഴയില്ലാത്ത ഈ നിമിഷങ്ങളില്‍,
സസ്നേഹം,
അനു

അലീന പറഞ്ഞു...

ദേ..ചെറുതേ..അന്റെ ബ്ലോഗില്‍ ഇതെന്റെ മൂന്നാമത്തെ trial ആണ് കമന്റ്‌ ഇടാന്‍..ഇനിയും ശരിയായില്ലെങ്കില്‍..എന്റെ വിലയേറിയ അഭിപ്രായം നിനക്ക് നഷ്ട്ടമാവുമേ..( ഇതിനു മുന്‍പ് കംമെന്റിയപ്പോ ഒരു പ്രശ്നവും ഇല്ലായിരുന്നു ന്നെ ..)

അലീന പറഞ്ഞു...

ആ ശരിയായി..ഒന്ന് ഞെട്ടിച്ചപ്പോ പേടിച്ചു പോയി..മം ...കുറെ എഴുതി കംമെന്റിയപ്പോ നമ്മളെ മൈന്‍ഡ് ചെയ്തില്ല അന്റെ "കുപ്പ"--അതുകൊണ്ട് കുറച്ചു ഗൌരവത്തില്‍ ഇത്രെയേ ഉള്ളു..."superrrrrrrrrrrr ..!"

അനശ്വര പറഞ്ഞു...

ചെറുതേ..എത്റ രസകരമായി നറ്മ്മം അവതരിപ്പിച്ചു.! ശരിക്കും ചരിച്ചു ട്ടൊ..ചില നറ്മ്മം കേട്ടാല്‍ ചിരിയേ വരില്ല..അത് എന്റെ കുഴപ്പമാകും..പക്ഷെ,..ഇത് ചിരിച്ചു...മനസ്സ് തുറന്ന് തന്നെ..

ചെറുത്* പറഞ്ഞു...

അനൂപ്‌ : കഥയും കവിതയും എഴുതാന്‍ കഴിവുള്ളവരുള്ളപ്പൊ ചെറുത് അവര്‍ക്കൊരു ഭീഷണി ആവണ്ടെന്ന് കരുതി ;) മൂസിക്ക് എടുത്ത് പുറത്തിട്ടു. ((ഗദ്ഗദിക്കുന്ന സ്മൈലി)) അഭിപ്രായത്തിന് നന്ദി അനൂപ്.
-----------
ഒറ്റയാന്‍: നല്ലവാക്കുകള്‍ക്ക് നന്ദിയുണ്ട്മാഷേ. ഒറ്റയാനെ ആദ്യായാ കാണണത് :)
-----------
faisalbabu: ജോപ്പനും ആരാധകരോ. ന്‍‌റെ ശിവനേ.... നന്ദീട്ടാ
----------
രമേശ്‌ അരൂര്‍: പ്രാകീതാണോ! ഏഹ് :)
----------
Rare Rose: അതിന് ശേഷം വല്യച്ചന്‍ ആദ്യം ആളാരെന്ന് നോക്കിയേ കുമ്പസാരിപ്പീക്കൂന്നായി :) നന്ദി റോസ്
---------
ഷൈജു.എ.എച്ച്: വലിയ അഭിനന്ദങ്ങള്‍ക്ക് ചെറുതല്ലാത്ത നന്ദീണ്ട്. ഒരാളേലും ചെറുതിന്‍‌റെ വാക്ക് കേട്ടല്ലോ. ഇനീപ്പൊ കണ്ണട(വ)ച്ചാലും വേണ്ടില്ല!
---------
Salam : നന്ദി സലാം. ഈ സംഭവത്തിന്‍‌റെ യാഥാര്‍ത്ഥ്യത്തെപറ്റി ഉറപ്പ് പോര. പക്ഷേ ജോപ്പന്‍ എതിര്‍ക്കുന്നും ഇല്ല എന്നതാണ് സത്യം :)
-----------
mayflowers: വായനക്കും അഭിപ്രായത്തിനും നന്ദി ഫ്ലവര്‍, കാണാം
---------
anupama: യാഥാര്‍ത്ഥ്യത്തോടടുക്കുമ്പോള്‍ നല്ല സുഖമെന്ന് കരുതുന്നത് പലതും അല്പം കഠിനമാണെന്ന് മനസ്സിലാവും. ചില തെറ്റിദ്ധാരണകള്‍ ചെറുതിനും ഉണ്ടായിരുന്നു. പാപം ചെയ്താലും കുമ്പസാരിച്ചാല്‍ മതീലോ എന്ന പോലെ തന്നെ എന്ത് ചെയ്താലും കുമ്പസാരിക്കുക പോലും വേണ്ടാത്ത ഹിന്ദു ആചാരങ്ങളും അങ്ങനങ്ങനെ പലതും. ഇവ്ടൊക്കെ വന്ന് കാണുന്നതില്‍ സന്തോഷം അറിയിക്കുന്നു :)
----------
അലീന: എന്നാലും......ആ കുറെ എഴുതീത് മിസ്സായി. ശ്ശോ! എന്താരുന്നെന്ന് അറിയാനുള്ള ആകാംഷ ;) അല്പം കഷ്ടപെട്ടിട്ടാണേലും അഭിപ്രായിച്ച അലിനക്ക് കാര്യമായി തന്നെ നന്ദി രേഖപെടുത്തുന്നു :)
-------------
അനശ്വര: ചിരിയധികം വരാത്ത അനശ്വരയെ ചിരിപ്പിക്കാന്‍ കഴിഞ്ഞതിന്‍‌റെ അഹങ്കാരം പ്രകടിപ്പിക്കുന്നു ;) നന്ദി അനശ്വര. കാണാവേ!
*************

jayanEvoor പറഞ്ഞു...

ടെറിഫിക് റൈറ്റിംഗ്!
ഇഷ്ടപ്പെട്ടു!

mrk പറഞ്ഞു...

നന്നായിട്ടുണ്ട് ഇഷ്ട്ടായി എന്റെ ആശംസകള്‍

ബൈ എം ആര്‍ കെ http://apnaapnamrk.blogspot.com/

പ്രഭന്‍ ക്യഷ്ണന്‍ പറഞ്ഞു...

ചെറുതേ..കലക്കി..!
പാവം ഈ അച്ചന്മാരെ സമ്മദിക്കണം..!എന്തെല്ലാം കേള്‍ക്കണം..!ഞങ്ങടെ തോട്ടറപ്പള്ളീലച്ചന്റെ കാര്യം
ഓര്‍ത്തുപോയി..! ആളൊരു സംഭവായിരുന്നു..!

ഒത്തിരിയാശംസകള്‍..!
കാണാം.

ഇസ്മായില്‍ കുറുമ്പടി (തണല്‍) പറഞ്ഞു...

ഇതെന്തോ മഹാപാതകം പോലെയാ തലകുത്തിനില്‍ക്കുന്നതിനെ ചെറുതും അജിത്ത്‌ ഭായിയും വലിയ വായില്‍ പറയുന്നത്!
വളരെ ചെറുതായ കാരണം ചെറുതിനു തലകുത്തിനില്‍ക്കാന്‍ പറ്റില്ലല്ലോ. പക്ഷെ അജിത് ഭായിക്ക് ഒരു കൈനോക്കാം.
ഇതിന്റെ ഗുണങ്ങള്‍ നിങ്ങള്‍ക്കറിയില്ല. ഞാന്‍ പഠിപ്പിക്കാം എന്ന് പറഞ്ഞപ്പോള്‍ ഒട്ടുകേട്ടതുമില്ല.
ഇനി അഥവാ ഇത് വായിച്ചു തലകുത്തിനില്ക്കാന്‍ ആര്‍ക്കെങ്കിലും താല്പര്യമുണ്ടെങ്കില്‍ ഇവിടെ വന്നു ഫ്രീ ആയി പഠിക്കാവുന്നതാണ്.

ഇസ്മായില്‍ കുറുമ്പടി (തണല്‍) പറഞ്ഞു...

ചെറിയ ഒരു ത്രെഡിനെ ഇത്ര നന്നായി അവതരിപ്പിച്ച ചെറുതിനു ചെറുതല്ലാത്ത ആശംസകള്‍ ...

ഹാഷിക്ക് പറഞ്ഞു...

ചെറുതേ, പള്ളിക്കഥകള്‍ ഒരുപാട് കേട്ടിട്ടുണ്ട്. അതിലേക്ക് രസകരമായ മറ്റൊന്ന് കൂടി. ഇനി മൂതല്‍ വ്യഭിചാരം ചെയ്തിട്ട് കുമ്പസാരിക്കാന്‍ വരുന്നവര്‍ തലകുത്തി നിന്നിട്ടുണ്ട് എന്ന് പറഞ്ഞാല്‍ മതിയല്ലോ? :-)
(ത്രിസ്സൂര്കാര്‍ തമാശയില്‍ തകര്‍ക്കുന്നു... അസൂയ അസൂയ!!!!!!!)

Fousia R പറഞ്ഞു...

ഉഷാര്‍ എന്ന ഒറ്റ വാക്ക് മതി

Kalavallabhan പറഞ്ഞു...

ഒരു കാര്യം ചോദിച്ചാല്‍ പറഞ്ഞര്വോ?"

AFRICAN MALLU പറഞ്ഞു...

ഇത് മിസ്സായാല്‍ വലിയ നഷ്ടമായേനെ.... അപ്പൊ പിന്നെ ഞാനും പിന്തുടരാന്‍ തുടങ്ങി

AFRICAN MALLU പറഞ്ഞു...

ഈ ബ്ലോഗ്ഗിന്റെ ഫോള്ലോവര്‍ ഓപ്ഷന്‍ കാണുന്നില്ലല്ലോ .

പള്ളിക്കരയില്‍ പറഞ്ഞു...

ആദ്യമായാണിവിടെ. പ്രസന്നമായിരുന്നു വായന.പ്രമേയം രസച്ചരട് മുറിയാതെ ഭംഗിയായി അവതരിപ്പിച്ചു. ചെറിയ അച്ഛന്റെ കുമ്പസാരക്കൂടിലേക്ക് കൂറുമാറിയ പാപികളുടെ മനോഗതം കൂടി വന്നതോടെ വായനക്കാരന്റെ ചുണ്ടിലുണർന്ന പുഞ്ചിരി പൊട്ടിച്ചിരിയായി മാറി. നന്ദി.

Raveena Raveendran പറഞ്ഞു...

ശരിക്കും ചിരിപ്പിച്ചു . നന്നായിട്ടുണ്ട്

sankalpangal പറഞ്ഞു...

ഹ...ഹ...സൂപ്പര്‍. നിഷ്കളങ്കമായ ജീവിതം ,വരച്ചിട്ടപ്പോള്‍ കൂടുതല്‍ മനോഹരം.

പുന്നക്കാടൻ പറഞ്ഞു...

good........thanks......

K@nn(())raan*കണ്ണൂരാന്‍! പറഞ്ഞു...

ചെറുതെന്ന പേര് മാറ്റി ഇനി മുതല്‍ 'വലുത്' എന്നാക്കൂ.

ഇത് കുപ്പയല്ല. കുപ്പത്തൊട്ടിയിലെ മാണിക്യമാണ്

**

ഋതുസഞ്ജന പറഞ്ഞു...

ക്ളൈമാക്സ്‌ നന്നായി. ചെറുതല്ലാത്ത ആശംസകള്‍ .

*സൂര്യകണം.. പറഞ്ഞു...

..
;)
ആശംസകള്‍ മാത്രം :)
..

ചെറുത്* പറഞ്ഞു...

jayanEvoor: വൈദ്യരേ...ഇമ്മാതിരി വാക്കുകള് പറഞ്ഞ് പ്യാടിപ്പിക്കല്ലേ ;) നന്ദി.
---------
mrk: താങ്ക്യൂ മാഷേ.
---------
പ്രഭന്‍ ക്യഷ്ണന്‍: തോട്ടറപള്ളീലച്ഛന്‍‍റെ കാര്യം എന്താന്നൂടെ പറഞ്ഞേച്ചും പോന്നേയ് ;) നന്ദീണ്ട്ട്ടാ
----------
ഇസ്മായില്‍ കുറുമ്പടി (തണല്‍): സത്യായും ചെറുതൊന്നും ഉദ്ദേശിച്ചില്ലാട്ടാ, ആ അജിയേട്ടന്‍ ചുമ്മാ ഓരോ സത്യങ്ങള് വിളിച്ച് പറയുവാ ;) ഇങ്ങളപ്പൊ യോഹാഹുരു ആയിരുന്നാ! ഫീകരാ.....! ഹ്മം... അപ്പൊ വായനക്ക് നന്ദീട്ടാ :)
----------
ഹാഷിക്ക്: അസൂയ തോന്നാന്‍‍മാത്രം ഉണ്ടോ ഇത്! ഏയ്, ന്തായാലും ഹാഷിക്ക പറഞ്ഞ ആ സംഭവത്തെപറ്റി ഇപ്പഴാ ആലോചിക്കണേ. ഇഷ്ടപെട്ടു ;) അഭിപ്രായത്തിന് നന്ദീണ്ട്. കാണാവേ.
-----------
Fousia R: ഉഷാറെന്ന നല്ലവാക്കിന് തരാനും ഒറ്റ വാക്കേള്ളൂ....നന്ദി! :)
-----------
Kalavallabhan: എന്നതാ കലാവല്ലഭാ, ചോദീര് ചോദീര്‍
----------
AFRICAN MALLU: വരവിന് നന്ദി മല്ലു. ആ ഓപ്ഷന് കുഴപ്പൊന്നും ഇല്ലല്ലോ. എന്ത് പറ്റി?
---------

ചെറുത്* പറഞ്ഞു...

പള്ളിക്കരയില്‍ : വരവിനും വായനക്കും, നല്ലവാക്കുകള്‍ക്കും പകരം തരാന്‍ നന്ദി മാത്രേള്ളൂട്ടാ. കാണാവേ :)
----------
Raveena Raveendran: ചിരിപ്പിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തോടെ നന്ദി
---------
sankalpangal: നന്ദി മാഷേ, ഇടക്കൊക്കെ കാണണംട്ടാ
----------
പുന്നക്കാടൻ: പുന്നക്കാടോ അഭിപ്രായത്തിന് താങ്ക്‌സ്.
-----------
K@nn(())raan*കണ്ണൂരാന്‍!: വരവിനും വായനക്കും നന്ദീണ്ട്. പക്ഷേ കണ്ണൂരാന്‍ പറഞ്ഞ രണ്ട് കാര്യവും നിറവേറ്റാന്‍ കഴിയാത്തതിലുള്ള സന്തോഷം പ്രകടിപ്പിക്കുന്നു ;)
-----------
ഋതുസഞ്ജന: ചെറുതല്ലാത്ത ആശംസകള്‍ക്കും അഭിപ്രായത്തിനും ചെറുതിന്‍‍റെ അകമഴിഞ്ഞ നന്ദി
------------
*സൂര്യകണം..: ഇങ്ങേര്‍ക്ക് നന്ദീല്യ. നന്ദി പറഞ്ഞാപിന്നെ അതിന്‍‍റെ പേരില് ചെറുത് വേറെ വല്ലോം കേക്കേണ്ടി വരും. വന്നേല് സന്തോഷം കോയ. (( സൈറ്റടിക്കണ്ട, നുമ്മ ആ ടൈപ്പല്ല))) ;)
------------------------

അജ്ഞാതന്‍ പറഞ്ഞു...

കൊള്ളാമല്ലോ അപ്പൊ ഇതില്‍ എതാ തെറ്റ് തല കുത്തി നില്‍ക്കാലോ ........ അതോ ...........
രസകരമായി അവതരിപ്പിച്ചു ...
--

മഴപ്പക്ഷി..... പറഞ്ഞു...

പക്ഷേ 'ഇത്തിരി' പോന്ന ആ കൊച്ചന് വല്യച്ചന്‍ കൊടുത്ത പ്രാശ്ചിത്തം തലകുത്തിനില്‍ക്കല്‍ ആണെങ്കില്‍ മറ്റുള്ളവരുടെ കാര്യം എന്താകും!!?"

അവിടെ ചിരിപ്പിച്ചു ട്ടോ .... എഴുത്തിന്റെ ശൈലി ഇഷ്ടമായി .. വരികള്‍ വായിക്കുമ്പോള്‍ തന്നെ രംഗങ്ങളും തെളിഞ്ഞു വരുന്നു മനസ്സില്‍ ..

ഇവിടെ വരാന്‍ താമസിച്ചു എന്ന് തോന്നുന്നു ....

സുധി അറയ്ക്കൽ പറഞ്ഞു...

ദി കുപ്പയല്ല.ദി കുളിർ.
ചിരിപ്പിച്ചു പണ്ടാരടക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹ! നില്‍‍ നില്‍‍ മിണ്ടീം പറഞ്ഞും പോ ന്നേ.
മിണ്ടാണ്ടെ പോയാല് മങ്കി :(